കൊല്ലത്തിന്റെ പ്രിയ രുചികൾ

"കൊല്ലംകണ്ടാലൊരുവനവിടെത്തന്നെപാർക്കാൻ കൊതിച്ചി- 

ട്ടില്ലംവേണ്ടെന്നുള്ള ചൊല്ലുള്ളതത്രേ 

കൊല്ലംതോറും പലപല പരിഷ്കാരമേറ്റിട്ട്"

മയൂര സന്ദേശത്തിൽ നിന്നാണ് വരികൾ. കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ കൊല്ലം ജില്ലയുടെ വാഴ്ത്തലുകളാണിത്. കൊല്ലം കണ്ടാൽ ഇല്ലം വേണ്ടുന്ന ചൊല്ല് പോലും എത്രയോ കാലങ്ങൾക്കു മുമ്പുണ്ടായതാണ്. അപ്പോൾ അത്രയും കാലങ്ങൾക്കു മുൻപ് തന്നെ സാമൂഹികമായി ഏറെ ഉയർന്ന ഒരിടം തന്നെയായിരുന്നു കൊല്ലം എന്ന് നിസംശയം പറയാം.

ഭക്ഷണത്തിന്റെ കാര്യത്തിൽ കോഴിക്കോടിനോളം ഇല്ലെങ്കിലും എല്ലാ നഗരങ്ങൾക്കുമുണ്ട് അവരുടേതായ ചില പ്രത്യേകതകൾ. കൊല്ലം കായലിനും കടൽ തീരങ്ങൾക്കും മത്സ്യങ്ങൾക്കും പേരുകേട്ട നഗരമായതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും രുചിയുടെ കാര്യത്തിലും ഏറെ മുന്നില‌ാണ്. കൊല്ലത്തുള്ള ചില ഭക്ഷണ ശാലകൾ പരിചയപ്പെട്ടാലോ!

ഓൾ സ്‌പൈസ് റെസ്റ്ററന്റ്

കൊല്ലം ചിന്നക്കടയിൽ മുസലിയാർ ബിൽഡിങ്ങിലാണ് ഈ ഭക്ഷണശാലയുള്ളത്. വ്യത്യസ്തമായ ഭക്ഷണങ്ങൾ ഇവിടെ ആസ്വാദകർക്ക് ലഭിക്കും, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, അറബിക് തുടങ്ങി എല്ലാ രീതിയിലുമുള്ള ഭക്ഷണവും ഇവിടെയുണ്ട്.

വിവിധ ഫ്ലേവറിലുള്ള പിസ്സകൾ, സ്പാനിഷ് ബാർബി ക്യൂ, കാശ്മീരി മർഗ്, നാൻ എന്നിവ ഇവിടെ വരുന്ന ഭക്ഷണപ്രിയർക്ക് ഏറെ താല്പര്യമുള്ളവയാണ്. മാത്രമല്ല വ്യത്യസ്ത രുചി പകരുന്ന ഐസ്ക്രീമുകളും ഈ റെസ്റ്റോറന്റിൽ  കിട്ടും.

ഫയൽവാൻ ഹോട്ടൽ

കൊല്ലത്ത് വന്നിട്ട് ഫയൽവാനിലെ ബിരിയാണി കഴിക്കാതെ പോകാനോ? ചിന്നക്കടയിൽ പ്രധാന റോഡിൽ തന്നെയാണ് പ്രശസ്തമായ ഫയൽവാൻ ഹോട്ടൽ. നീണ്ട അഞ്ചു ദശാബ്ദങ്ങളുടെ രുചികളുടെ ചരിത്രം വിളമ്പാനുണ്ട് ഈ ഹോട്ടലിന്.

അപ്പമാണ് ഇവിടുത്തെ മറ്റൊരു രുചികരമായ വിഭവം, അതിനൊപ്പം വ്യത്യസ്തമായ മട്ടൻ കറികളും ലഭിക്കും. മട്ടൻ ബിരിയാണി, മട്ടൻ ഇഷ്ട്ടൂ, മട്ടൻ റോസ്‌റ്റ് എന്നിവ അവയിൽ ചിലതാണ്.

ശ്രീ സുപ്രഭാതം

സസ്യാഹാരപ്രേമികളെയും കാത്ത് കൊല്ലത്ത് നിരവധി ഹോട്ടലുകളുണ്ട്.  മിനി കപ്പിത്താൻസ് ജംഗ്ഷനിലുള്ള ശ്രീ സുപ്രഭാതം ഹോട്ടൽ ഇത്തരത്തിൽ രുചികരമായ വെജ് ഭക്ഷണത്തിനു പേരു കേട്ടതാണ്. മസാല ദോശ, നെയ് റോസ്റ്റ്, പൂരി മസാല മുതലായവ ഇവിടെ നിന്നും ലഭിക്കും. വലിയ വിലയും ഇവർ ഈടാക്കാറില്ല. അതുകൊണ്ട് ഉറപ്പായും ശ്രീ സുപ്രഭാതത്തെ എങ്ങനെ ഉള്ളവർക്കും ആശ്രയിക്കാം.

ദ റിവർ സൈഡ്

റാവിസ് അഷ്ടമുടി റിസോർട്ടിലുള്ള റിവർ സൈഡ് റെസ്റ്റോറന്റ് രുചിയ്ക്ക് പ്രശസ്തമാണ്. കൊല്ലം തേവള്ളിയിലാണ് ഇത്. അഷ്ടമുടിക്കായലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന് കൊല്ലത്തിന്റെ പരമ്പരാഗത രുചികൾ അറിയാനുള്ള മാർഗമാണ് റിവർ സൈഡ്.

നാളികേര പാലിൽ ഉണ്ടാകാവുന്ന കരിമീൻ പൊള്ളിച്ചതാണ് ഇവിടുത്തെ സ്റ്റാർ ഡിഷ്. അതും ആവശ്യം അനുസരിച്ചു മാത്രമേ ഇത് ഉണ്ടാക്കി കൊടുക്കാറുമുള്ളൂ. ഇവിടെ അകത്തിരുന്നു മാത്രമല്ല അഷ്ടമുടിയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് പുറത്തെവിടെയെങ്കിലും ഭക്ഷണം കൊണ്ടു പോയി കഴിക്കാനുള്ള സൗകര്യവും ഹോട്ടലിൽ ഉണ്ട്. ഭക്ഷണം കഴിക്കാറുള്ളത് മാത്രമല്ല അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണെന്ന് ഈ റെസ്റ്റോറന്റ് മനസ്സിലാക്കി തരും.

ഫ്രാങ്ക്സ്ട്രീറ്റ് 

ആർ പി മാളിൽ ഉള്ള ഭക്ഷണ ശാലയാണ് ഫ്രാങ്ക്സ്ട്രീറ്റ് .വിവിധ തരം ബർഗറുകൾ, മോക്ടെയിൽസ്, എന്നിവ ഇവിടെ നിന്ന് കഴിക്കാം. മെക്സിക്കൻ, അമേരിക്കൻ രാജ്യങ്ങളിലെ ഭക്ഷണങ്ങളായ ടാക്കോസ്, ഹോട്ട് ഡോഗ് എന്നിവ ഇവിടുത്തെ സ്റ്റാർ ഐറ്റം ആണ്.

മാത്രമല്ല നിങ്ങൾക്കിഷ്ടപ്പെട്ട ചില കോംബോ ഓഫറുകളും ഫ്രാങ്ക്സ്ട്രീറ്റ് നൽകുന്നുണ്ട്, മിക്കതും ഉപഭോക്താക്കളുടെ പോക്കറ്റിനെ അധികം ബുദ്ധിമുട്ടിക്കാത്ത ഓഫറുകളും. അതുകൊണ്ട് തന്നെ ന്യൂജൻ കുട്ടികളുടെ ഫേവറിറ്റ് ഹാങ് ഔട്ട് ആണ് ഫ്രാങ്ക്സ്ട്രീറ്റ് റെസ്റ്റോറന്റ്.