ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുങ്കണ്ടം കഴിയ്ക്കുന്ന മലയാളി പക്ഷേ, രണ്ട് ദിവസം കഴിഞ്ഞാൽ ചോദിക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ നാട്ടിലെ ചോറോ കഞ്ഞിയോ കിട്ടുമോ എന്ന്. അച്ചിയെ വരെ മറക്കുന്ന കൊച്ചിയിലെ കറക്കത്തിനിടയിൽ ഞാനും ആ ഭീകര ചോദ്യം ചോദിച്ചു. അല്ല, ഭായ്... ഇവിടെ എവിടേലും നല്ല കഞ്ഞി കിട്ടോ? കൊച്ചിയിലെ തട്ടുകടകൾ വരെ മന:പാഠമാക്കിയ ചങ്ക് ബ്രോസ് സഹായത്തിനെത്തി. അവർ തന്ന റൂട്ട് മാപ്പ് സ്കെച്ച് ചെയ്ത് ഞാൻ എത്തിപ്പെട്ടത് കലൂർ ദേശാഭിമാനി ജംഗ്ഷനിലെ തവി എന്ന നാടൻ ഭക്ഷണശാലയിൽ.
തവി അഥവാ ന്യൂജെൻ കഞ്ഞിക്കട
കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ബസിറങ്ങിയാൽ തവിയുടെ ബോർഡ് കാണാം. മെയിൻ റോഡിൽ നിന്ന് അൽപം മാറിയാണ് കട. പോണോത്ത് ലൈനിലേക്ക് തിരിയുന്ന വഴിയിലൂടെ രണ്ടടി നടന്നാൽ ഇടതുവശത്തായി എത്തിനിക് ലുക്കിൽ കൂളായി തലയുയർത്തി നിൽക്കുന്ന തവി കാണാം. മുളയും ചാക്കും ഉപയോഗിച്ച് പഴമയും പുതുമയും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന തവി ആദ്യകാഴ്ചയിൽ തന്നെ മനസ് നിറക്കും. ചൂടോടെ കഞ്ഞി കുടിയ്ക്കാൻ ഒരു കൂൾ സ്പേസ്.
കഞ്ഞിയ്ക്കും മേക്കോവർ
സാധാരണക്കാർക്ക് മേക്കോവർ ക്യാംപെയിനുമായി ശ്രദ്ധ നേടിയ ജസീന കടവിലാണ് തവി എന്ന നാടൻ ഭക്ഷണശാലയ്ക്ക് പിന്നിൽ. മേക്കോവർ തന്ത്രം കഞ്ഞിയിലും ജസീന പരീക്ഷിച്ചിട്ടുണ്ട്. കാഴ്ചയിലും രുചിയിലും ആരെയും കൊതിപ്പിക്കുന്ന കഞ്ഞികളാണ് തവിയെ വ്യത്യസ്തമാക്കുന്നത്. ചുമ്മാ ഒരു പാത്രത്തിൽ കഞ്ഞി വിളമ്പുകയല്ല ഇവിടെ. കൂട്ടുകറികളും പച്ചക്കറികളും തൈരും ഉപയോഗിച്ച് അണിയിച്ചൊരുക്കിയ കഞ്ഞി ടേബിളിൽ എത്തുമ്പോൾ 'ആക്രമണം' നടത്തുന്നതിന് മുൻപ് ആരും ഒരു ഫോട്ടോ എടുത്തു പോകും. നിമിഷങ്ങൾക്കുള്ളിൽ കഞ്ഞി അപ്രത്യക്ഷമാകുന്നതുകൊണ്ട് ആദ്യം തന്നെ ഫോട്ടോ എടുക്കുന്നതാണല്ലോ അതിന്റെ ഒരു കീഴ്‍വഴക്കം. രാവിലെ പത്തര മുതൽ രാത്രി പത്തര വരെ ഇവിടെ കഞ്ഞി ലഭിക്കും. നാടൻ പച്ചക്കറികൾ ഉപയോഗിച്ചുള്ള മെഴുക്കുവരട്ടിയും വൈവിധ്യമാർന്ന ചമ്മന്തികളുമാണ് കഞ്ഞിയ്ക്കൊപ്പം നൽകുന്നത്. ഓരോ ദിവസവും ഈ വിഭവങ്ങൾ മാറിക്കൊണ്ടിരിക്കും.
മോഹക്കഞ്ഞിയും ജീരകക്കഞ്ഞിയും
തവിയിലെ എല്ലാ തരം കഞ്ഞികൾക്കും ആരാധകരുണ്ടെങ്കിലും ഇവയിൽ മോഹകഞ്ഞിയും ജീരകക്കഞ്ഞിയുമാണ് സൂപ്പർതാരങ്ങൾ. കപ്പ, തൈര്, ഇഞ്ചി, പച്ചമുളക് എന്നിവ പ്രത്യേക തരത്തിൽ ചേർത്ത് തയ്യാറാക്കുന്ന ഒരു ഒന്നൊന്നര വിഭവം. നാവിൽ നാടൻ സ്വാദിന്റെ വെടിക്കെട്ടാണ് മോഹക്കഞ്ഞി സമ്മാനിക്കുന്നത്. തൈരിന്റെ പുളിയും പച്ച മുളകിന്റെ എരിവും നല്ല കുത്തരിയുടെയും കപ്പയുടെയും സ്വാദും ചേരുമ്പോൾ കഞ്ഞിപാത്രം കാലിയാകുന്ന വഴി അറിയില്ല. രുചിയുടെ വെടിക്കെട്ട് അനുഭവമാണ് മോഹക്കഞ്ഞിയെങ്കിൽ ജീരകക്കഞ്ഞി ആളൽപം സാത്വികനാണ്. അരച്ചെടുത്ത തേങ്ങാക്കൂട്ടും ആശാളിയും ഉലുവയും ജീരകവും ചേർത്തു തയ്യാറാക്കുന്ന ഔഷധഗുണമുള്ള ഐറ്റമാണ് ജീരകക്കഞ്ഞി. വിശപ്പ് മാറ്റുന്നതിനൊപ്പം ആരോഗ്യത്തിനും ഈ കഞ്ഞി ബെസ്റ്റാണെന്ന് തവിയുടെ ഉടമയും മേക്കപ്പ് ആർട്ടിസ്റ്റുമായ ജസീന കടവിൽ പറയുന്നു.
ചീരക്കഞ്ഞി അഥവാ ഷോ സ്റ്റോപ്പർ
ഓരോ ദിവസവും തവിയിൽ കഞ്ഞികളുടെ രുചികൾ മാറിക്കൊണ്ടിരിക്കും. ഞങ്ങളെത്തിയ ദിവസത്തെ സ്പെഷൽ വിഭവമായിരുന്നു ചീരക്കഞ്ഞി. നാടൻ രീതിയിൽ പച്ചമുളകും ഉണക്കമുളകും ചെറിയുള്ളിയും തേങ്ങ ചിരകിയതും ചേർത്ത് കടുകു പൊട്ടിച്ച് തയ്യാറാക്കുന്ന ചീരത്തോരൻ കഞ്ഞിയിൽ ഒഴിച്ച് ഒരുക്കുന്നതാണ് ചീരക്കഞ്ഞി. പുഴുങ്ങിയ കോഴിമുട്ട നാലു കഷണങ്ങളാക്കി കഞ്ഞിക്ക് മുകളിൽ വച്ച് അതിനൊപ്പം അൽപം ക്യാരറ്റും തക്കാളിയും ചെറുതായി അരിഞ്ഞതും ചേർക്കും. കഞ്ഞിയുടെ ന്യൂജെൻ അവതാരങ്ങളിൽ ഏറ്റവും സ്റ്റൈലിഷാണ് ചീരക്കഞ്ഞി. രുചിയിലും ചീരക്കഞ്ഞി സൂപ്പർ തന്നെ.
മധുരത്തിന് തേൻനിലാവ്
കഞ്ഞി കഴിച്ച് വയറും മനസും നിറഞ്ഞ് പോകാനൊരുങ്ങുമ്പോൾ ഒരൽപം മധുരത്തിനെന്തെന്ന് തിരഞ്ഞാൽ നല്ല നാടൻ മിഠായികളുണ്ട് തവിയിൽ. തേൻ നിലാവ്, എള്ളുണ്ട, കപ്പലണ്ടി മിഠായി, നാരാങ്ങാ മിഠായി.... ഇവയിൽ ഏത് വേണമെങ്കിലും എടുക്കാം. പക്ഷേ, ഒന്നുണ്ട്. ചില്ലറ ബാക്കി തരാതിരിക്കാനുള്ള അടവല്ല ഈ കുപ്പികളിലെ മിഠായി മധുരങ്ങൾ. ഓർമ്മകളുടെ പഴമയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ഒരു മധുരക്ഷണം മാത്രം.
കഞ്ഞി കുടിച്ച് മധുരനിലാവും നുണഞ്ഞ് തവിയിൽ നിന്ന് ഇറങ്ങുമ്പോൾ സ്വന്തം വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് പോരുന്ന അനുഭവമാണ്. അതുകൊണ്ടാവണം കൊച്ചിയിലെ ഫ്രീക്കൻമാർ പോലും നേരം കിട്ടിയാൽ ഇവിടേക്ക് ഓടിയെത്തുന്നത്.