വേറിട്ട കാഴ്ച്ചകൾ തേടിയാണ് യാത്രയെങ്കിൽ വണ്ടി നേരെ പത്തനംതിട്ടയിലേക്ക് വിടാം. അരുവികളും അടവികളും താണ്ടിയുള്ള ആ യാത്രയിൽ, കടുവകളും ആനകളും മാനുകളുമൊക്കെ കൂട്ടുവരും. കാടിന്റെ സൗന്ദര്യത്തിനൊപ്പം വന്യതയും വെളിപ്പെടുത്തി തരും ഈ യാത്ര. സഞ്ചാരികളെ ഏറെ ആകർഷിക്കാൻ തക്ക നിരവധി സ്ഥലങ്ങളുണ്ട് പത്തനംതിട്ടയിൽ. ഗവിയും ആലുവാംകുടിയും അടവിയുമൊക്കെ അതിൽ ചിലതുമാത്രം. മോഹിപ്പിക്കുന്ന പച്ചനിറമണിഞ്ഞ ഈ മണ്ണിലൂടെ...ആ കാനനപാതകളുടെ സൗന്ദര്യം കണ്ടുകൊണ്ടു യാത്ര തിരിക്കാം.
ഗവി
അതിപ്രശസ്തമല്ലാതിരുന്ന ഗവി എന്ന സ്വർഗഭൂമിയിലേക്കു സഞ്ചാരികളെ എത്തിച്ചതിൽ ഓർഡിനറി എന്ന ചിത്രത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. കാടിനു നടുവിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര. ആ യാത്ര ഓരോ യാത്രികനും പുത്തനനുഭവങ്ങൾ സമ്മാനിക്കുമെന്നതിനു തർക്കമില്ല. ധാരാളം സഞ്ചാരികൾ കാട് കാണാനിറങ്ങുന്നതു കൊണ്ട് തന്നെ നിരവധി സൗകര്യങ്ങളാണ് ഗവണ്മെന്റ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ട്രെക്കിങും വനംവകുപ്പിന്റെ സംരക്ഷണയിൽ ടെന്റിൽ താമസവുമൊക്കെ അതിൽ ചിലതുമാത്രം.
നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി മുകളിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ കടുത്തവേനലിൽ പോലും കുളിർമയാണ്. വിവിധ തരം പക്ഷികളും വന്യ മൃഗങ്ങളും നിറഞ്ഞ ഈ കാനന സൗന്ദര്യം സഞ്ചാരികളുടെ മനസിളക്കുക തന്നെ ചെയ്യും. മലമുഴക്കി വേഴാമ്പലടക്കമുള്ള മുന്നൂറിലധികം പക്ഷികൾ ഈ കാടുകളിൽ അധിവസിക്കുന്നുണ്ട്. മാത്രമല്ല, നമുക്ക് ഒട്ടും തന്നെ പരിചിതമല്ലാത്ത പല വൃക്ഷങ്ങളും ചെടികളും പൂക്കളും ഈ ഹരിതഭൂവിന് സ്വന്തമാണ്. ആനയും കടുവയും കരടിയും പുലിയുമടക്കം അറുപതിനു മുകളിൽ മൃഗങ്ങളും 45 തരത്തിലുള്ള ഉരഗങ്ങളും ഈ കാടിനുള്ളിൽ വസിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. മനോഹരമായ തടാകവും ഗവിയുടെ മാറ്റുകൂട്ടുന്നു.
സഞ്ചാരികളുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം വനത്തിന്റെയും വന്യ ജീവികളുടെയും സ്വാഭാവിക ജീവിത താളത്തിനു കോട്ടം വരുത്തുന്നു എന്ന അവസ്ഥ വന്നതോടെ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുകയും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി സന്ദര്‍ശനാനുമതി നൽകുന്ന രീതിയും വനംവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്.
അടവി
ഒറ്റദിന യാത്രയ്ക്ക് ഏറ്റവുമുചിതമായൊരിടമാണ് അടവി. കോന്നിയിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അടവിയിപ്പോൾ സഞ്ചാരികളുടെ പ്രിയ താവളമാണ്. കോന്നിയിലെ ആനക്കൊട്ടിൽ കണ്ടുകൊണ്ട് ഉല്ലാസയാത്രയിലെ കാഴ്ചകൾ ആരംഭിക്കാം. കാടിനുനടുവിലൂടെയും മലഞ്ചെരിവുകളിലൂടെയുമുള്ള യാത്ര, യാത്രാപ്രേമികളെ ഉത്സാഹഭരിതരാക്കും. കുരങ്ങന്മാരും പക്ഷികളും വഴിയിലുടനീളം കൗതുകം പകർന്നുകൊണ്ട് സഞ്ചാരികളെ അനുഗമിക്കും. അടവിയിലെ പ്രധാനാകർഷണം തണ്ണിത്തോട്ടിലെ കുട്ടസവാരിയാണ്. പുഴയുടെ തണുപ്പറിഞ്ഞുള്ള യാത്ര സഞ്ചാരികളുടെയും ഉള്ള് കുളിർപ്പിക്കും. മണിക്കൂറിനു 800 രൂപയാണ് കുട്ടയാത്രയ്ക്ക് ഈടാക്കുന്നത്.
ആലുവാംകുടി
അതിസാഹസികയിടങ്ങൾ തേടി പോകുന്നവർക്ക് ആലുവാംകുടി യാത്ര ഏറെയിഷ്ടപ്പെടും. ഇടതൂർന്നു നിൽക്കുന്ന നിബിഢവനത്തിലൂടെയുള്ള യാത്ര രസകരമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുവാംകുടി ശിവക്ഷേത്രം, വിശ്വാസികൾക്ക് വിസ്മയം ജനിപ്പിക്കത്തക്കതാണ്. പൊളിഞ്ഞു വീഴാറായ ക്ഷേത്രം ഈയിടെ നവീകരിച്ചിട്ടുണ്ട്.
പുരാതന കാലത്ത് മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായാണ് ആലുവാംകുടി ക്ഷേത്രത്തിനെ കണക്കാക്കുന്നത്. ഇരട്ട കല്ലാർ പദ്ധതിയുടെ ഭാഗമായ രണ്ടാട്ടുമുഴി, കോട്ടപ്പാറ മലകൾ, നാനാട്ടുപാറ മല, അണ്ണൻ തമ്പി മേട് തുടങ്ങി നിരവധി കാഴ്ച്ചകൾ ഈ സ്ഥലത്തിന് വശ്യതയേറ്റുന്നു. കോന്നിയിൽ നിന്നും അധികം അകലെയല്ല ആലുവാംകുടി. മഞ്ഞും കോടയും കാടും വൃക്ഷലതാദികളും മലയും അരുവിയും ചെറുവെള്ളച്ചാട്ടങ്ങളുമൊക്കെയുള്ള ആലുവാംകുടി യാത്ര യാത്രികർക്ക് നനുത്ത ഓർമ്മകൾ സമ്മാനിക്കുക തന്നെ ചെയ്യും.
കോന്നി
മലയാളികൾക്ക് എക്കാലത്തും കൗതുകം ജനിപ്പിക്കുന്ന ഒരു ജീവി വർഗമാണ് ആന. അതുകൊണ്ടു തന്നെ കോന്നിയിലെ ആനവളർത്തൽ കേന്ദ്രത്തിൽ എക്കാലത്തും സഞ്ചാരികളുടെ തിരക്കാണ്. ഒമ്പത് ഏക്കറിലാണ് ഈ ആനക്കൂട് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ ആനക്കൊട്ടിലിനെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ വരെ പരാമർശമുണ്ട്.
പെരുന്തേനരുവി
സഞ്ചാരികളുടെ മനം നിറയ്ക്കുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. റാന്നി, വെച്ചൂച്ചിറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാടിന്റെ പശ്ചാത്തലവും, കുത്തിയൊഴുകുന്ന പാൽപുഴയും ആദ്യ കാഴ്ച്ചയിൽ തന്നെ മോഹിപ്പിക്കും. അതിസുന്ദരമായതു കൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് പെരുന്തേനരുവി കാണാനായി എത്തുന്നത്.
പശ്ചിമഘട്ട മലനിരകളിൽ നിന്നും വളരെ ശാന്തമായി ഒഴുകിയെത്തുന്ന നദിയ്ക്ക് ഇവിടെയെത്തുമ്പോൾ രൗദ്രഭാവം കൈവരുന്നു. നൂറടിയിൽ നിന്നും മുകളിലേക്ക് പതിക്കുന്നതുകൊണ്ടു തന്നെ പെരുന്തേനരുവിയ്ക്ക് മനോഹാരിത കൂടുതലാണ്.