അതിരുകളേതുമില്ലാതെ കോടമഞ്ഞ്. അതിനുകീഴെ കണ്ണെത്താ ദൂരത്തോളം നീലവർണത്തിൽ നീരാടിനിൽക്കുന്ന മലനിരകൾ. പുലർമഞ്ഞിൽ തിളങ്ങുന്ന മൂന്നാർ വിളിക്കുന്നത് പ്രകൃതിയുടെ വസന്തോത്സവമായ കുറിഞ്ഞിപ്പൂക്കാലത്തിലേക്ക്. ഇനിയങ്ങോട്ട് മൂന്നു മാസക്കാലം മൂന്നാറിലേക്ക് വണ്ടി കയറുന്ന ഓരോ മനസ്സുകളിലും തെളിയുന്നത് ഈയൊരു ദൃശ്യമാകും.
മൂന്നാറിലെ സൂര്യൻ ആളൊരു കുഴിമടിയനാണ്. ക്ലോക്കിന്റെ കണക്കിനൊത്ത് കൃത്യമായി എഴുന്നേറ്റു ജോലി തുടങ്ങാനൊന്നും മൂപ്പരെ കിട്ടില്ല. ഇനിയഥവാ നേരത്തെ എഴുന്നേൽക്കണമെന്ന് വിചാരിച്ചാലും മേഘങ്ങൾ വിടാതെ പിടിച്ചുവയ്ക്കും. മഞ്ഞിന്റെ മുഖപടം മാറ്റി സൂര്യൻ പുറത്തു വരുമ്പോൾ നേരം ഏഴര കഴിയും.
‘മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കും ഇതേ സ്വഭാവം പിടിപെടാറുണ്ട്. നേരം പുലർന്ന് വെട്ടം വീണാൽ പോരാ, തെളിഞ്ഞ വെയില്‍ വന്ന് മുഖത്തടിച്ച് വിളിച്ചാലേ കിടക്കയിൽനിന്ന് നടുവുയർത്താൻ തോന്നൂ. പിന്നെയും കമ്പിളിയോട് കൂട്ടു കൂടി കുറച്ചു നേരം. അങ്ങനെ പതിയെ തുടങ്ങും, ഓരോ ദിവസവും. ഏഴുന്നേറ്റാൽ പിന്നൊരോട്ടമാണ്. മാട്ടുപ്പെട്ടി, ടോപ് സ്‌റ്റേഷൻ, ദേവികുളം, ഗ്യാപ് റോഡ്, കൊളുക്കുമല, കുണ്ടള, വട്ടവട, കണ്ണിനു കുളിരേകുന്ന ഇടങ്ങളൊരുപാട് കറങ്ങണം. ഹൈറേഞ്ചിനോടു വിട പറയും മുൻപേ എല്ലാം കണ്ടു തീർക്കണം.’ വെയിലു വീഴാത്ത വഴിയരികിലെ കടയിലിരുന്ന് ചൂടൻചായ മോന്തുന്നതിനിടെ നാട്ടുകാരനായ രാജേന്ദ്രൻ പറഞ്ഞു.
‘തേയില നുള്ളാനിറങ്ങുന്ന പെമ്പിളമാർക്കും ഉറക്കം തൂങ്ങി സ്കൂളിലേക്ക് നടക്കുന്ന കുരുന്നുകൾക്കും പിന്നിൽ മൂന്നാം സ്ഥാനമാണെപ്പോഴും ഇവിടെ സൂര്യന്.’ പഞ്ച് ഡയലോഗോടെ രാജേന്ദ്രൻ സൂര്യപുരാണത്തിനു കർട്ടനിട്ടു.
എന്നാൽ 12 വർഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ഈ കുറിഞ്ഞിക്കാലത്താണ് യാത്രയെങ്കിൽ മടിയെ മറന്ന് മലമുകളിലോടിയെത്തണം. കഴിയുമെങ്കിൽ പുലർകാല സൂര്യനു മുൻപേ കുറിഞ്ഞിയുടെ ദർശനം തേടണം. വെയിൽ തെളിഞ്ഞു വന്നിട്ട് മൂന്നാർ ചുറ്റാനിറങ്ങുന്നത് മണ്ടത്തരമാണ്. ഇവിടത്തെ ഭംഗി കാണണമെങ്കിൽ വെളുപ്പിനെ, വെട്ടം വീഴുന്നതിനും മുൻപേ എണീക്കണം. വെളുപ്പാൻകാലത്ത് കോടമഞ്ഞിനെ വകവയ്ക്കാതെ തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ നടക്കണം. തടാകങ്ങൾക്കു നടുവിൽ വെയിൽ തിളങ്ങുന്നതു കാണണം. മൂന്ന് ആറുകൾ ചേർന്നൊഴുകുന്ന മുതിരപ്പുഴയാറ്റിൽ കാൽ നനയ്ക്കണം. ഇലത്തുമ്പുകളിൽ പറ്റിപ്പിടിച്ച മ ഞ്ഞുതുള്ളികളെ തട്ടിയകറ്റണം.
മൂന്നാറിന്റെ അടയാളം
രണ്ടു വ്യാഴവട്ടം പുറകോട്ടു പോയാൽ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തിലെങ്ങും മൂന്നാർ ഉണ്ടായിരുന്നില്ല. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ അവശേഷിപ്പുകൾ സൂക്ഷിക്കുന്ന ചെറുപ്രദേശം. കുടിയേറ്റത്തൊഴിലാളികളുടെ വിയർപ്പിൽ തളിരിട്ട തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മൂന്നാറിനെ ലോകം അറിഞ്ഞിട്ട് ഇരുപത്തിനാലു വർഷമേ ആയിട്ടുള്ളൂ. കൃത്യമായി പറഞ്ഞാൽ 1994ലെ കുറിഞ്ഞിക്കാലത്താണ് ഇവിടെ സഞ്ചാരികളുടെ കാൽപാദം പതിയുന്നത്.
മൂന്നാറിനെ ഇന്നുള്ള അവസ്ഥയിൽ പ്രശസ്തമാക്കിയത് മലമുകളിൽ മൊട്ടിടുന്ന നീലപ്പൂക്കളാണ്. പശ്ചിമഘട്ട മലനി രകളിൽ 1838 മുതൽക്കേ നീലക്കുറിഞ്ഞിയുടെ പുഷ്പകാലം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ ഖ്യാതി പുറംലോകത്തേക്ക് എത്താൻ ഒന്നര നൂറ്റാണ്ട് വേണ്ടി വന്നു. അന്നു മുതലിങ്ങോട്ട് കിഴക്കിന്റെ കാശ്മീരായി സ്ഥാനക്കയറ്റം നേടി ഇവിടം വളരാൻ തുടങ്ങി. വീതിയേറി വളർന്ന റോഡുകളും നക്ഷത്രമുദ്ര ചാർത്തിയ ഹോട്ടലുകളുമായി. വീണ്ടും 12 വർഷങ്ങൾക്കു ശേഷം 2006ൽ മലനിരകൾ നീലക്കുപ്പായം അണിഞ്ഞപ്പോൾ ലോകത്തെമ്പാടുനിന്നും ലക്ഷക്കണക്കിനാളുകൾ വിരുന്നെത്തി. മൂന്നാറിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തിരക്കനുഭവപ്പെട്ട സമയം. പ്രകൃതി ഒരുക്കിയ പുഷ്പോത്സവം നാടിന്റെ ഉത്സവമായി മാറി.
ഇത്തവണത്തെ പൂക്കാലത്തിന് പ്രത്യേകതകളേറെ. ഇന്റർനെറ്റ് വ്യാപകമായതിനു ശേഷം, സോഷ്യൽ മീഡിയ വന്നതിനു ശേഷം, മൊബൈൽ ഫോണും സെൽഫിയുമെല്ലാം സജീവമായതിനു ശേഷമുള്ള കുറിഞ്ഞിക്കാലം. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ പതിൻമടങ്ങ് സഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. നീലക്കമ്പളം പുതച്ച രാജമല കാണാൻ ഇത്തവണ എട്ടു ലക്ഷം സഞ്ചാരികളെങ്കിലും എത്തിച്ചേരും.
ഗ്യാപ് റോഡ് ഉൾപ്പെടെ മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ ചെറിയ തോതിൽ കുറിഞ്ഞിപ്പൂക്കൾ വിരിയാറുണ്ടെങ്കിലും ഇത്രയധികം അളവിൽ പൂക്കുന്നത് ഇരവികുളത്തു മാത്രം. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിക്കു താഴെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്കു പ്രിയങ്കരമാക്കിയത് ഇവിടുത്തെ മാത്രം പ്രത്യേകതയായ വരയാടുകൾ.
‘മല നിറയെ പൂത്തുലഞ്ഞ കുറിഞ്ഞിചെടികൾക്കിടയിൽ വരയാടുകളുടെ തലയുയർത്തിയുള്ള നിൽപും കൊമ്പുകോർക്കലുമെല്ലാം കാണാൻ നല്ല ചേലാണ്. കുത്തനെയുള്ള പാ റക്കെട്ടുകളിൽ ഓടിക്കയറാനും ചാടിയിറങ്ങാനും വരയാടുകൾക്ക് നിമിഷങ്ങൾ മതി. വർഷങ്ങളായി മനുഷ്യനെ കാണുന്നതു കൊണ്ട് നമ്മൾ അടുത്തു ചെന്നാലും അവ പേടിക്കാതെ നിൽക്കും. പക്ഷേ, തൊടാൻ നിൽക്കേണ്ട. വരയാടിന്റെ ക്ഷമയും സ്നേഹവും ഫോറസ്റ്റ് വാച്ചർമാർ കാണിക്കില്ല. കേസെടുത്ത് പിഴയടപ്പിക്കും.’ ക്യാമറയും തോളിൽ തൂക്കി രാജമല കയറാൻ സ്ഥിരമെത്തുന്ന ജിബു ജേക്കബ് പറയുന്നു.
ഐശ്വരത്തിന്റെ പുഷ്പവർഷം
രാജമലയിലും പരിസരത്തും ജീവിക്കുന്ന ആദിവാസികൾ ദിവ്യപുഷ്പമായിട്ടാണ് നീലക്കുറിഞ്ഞിയെ കാണുന്നത്. മലദൈവമായ മുരുകന്റെ അനുഗ്രഹമാണ് അവർക്കീ പുഷ്പോത്സവം. കുറിഞ്ഞിപ്പൂക്കൾ കോർത്തെടുത്ത വരണമാല്യമാണത്രേ മുരുകൻ വള്ളിയുടെ കഴുത്തിൽ ചാർത്തിയത്. രാജമലയും പരിസരവും പൂക്കളാൽ നിറയുമ്പോൾ അവർ പ്രത്യേക പൂജകളും പ്രാർഥനകളും നടത്താറുണ്ട്. മൂന്നു മാസത്തോളം നീളുന്ന പൂക്കാലം കഴിഞ്ഞാൽ പൂക്കൾ കൊഴിഞ്ഞ്, ചെടികൾ ഉണങ്ങിപ്പോകുന്നതോടൊപ്പം ഐശ്വര്യമാണ് മറയുന്നത്. നല്ല കാലത്തിന്റെ തിരിച്ചുവരവിനായി വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പ്. രാജമലയാകമാനം നീലപ്പീലി വിടർത്തുന്ന നേരത്ത് മലയിൽനിന്നെടുക്കുന്ന തേനിനും പ്രത്യേകതകളുണ്ട്. കുറിഞ്ഞിയിൽനിന്ന് പൂന്തേന്‍ ഉണ്ണുന്ന തേനീച്ചകൾ സമ്മാനിക്കുന്ന കുറിഞ്ഞിത്തേനിന് നീല നിറമാണ്.
നല്ല കാലത്തിന്റെ അടയാളമായ കുറിഞ്ഞിക്കാലം ആദിവാസിജീവിതത്തിന്റെ ഭാഗമാണെന്ന് മുതുവാൻ വിഭാഗത്തിൽ പെട്ട മുത്തുരാജ് പറയുന്നു. ‘ഞങ്ങളുടെ കാരണവൻമാരുടെ കാലത്ത് ആൾക്കാരുടെ പ്രായം കണക്കു കൂട്ടിയിരുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിനനുസരിച്ചാണ്. ഒരാൾ എത്ര വർഷം ജീവിക്കുന്നു എന്നല്ല, എത്ര കുറിഞ്ഞിക്കാലം ജീവിച്ചു എന്നതാണ് അന്നത്തെ കണക്ക്. ‘നാലു കുറിഞ്ഞിക്കാലം കണ്ടെ’ന്ന് പറഞ്ഞാൽ അതിന്റെ അർഥം അയാൾക്ക് 48 വയസ്സുണ്ടെന്നാണ്.’
രാജമലയിലേക്ക്
മൂന്നാർ ടൗണിൽനിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് രാജമല ഉൾപ്പെടുന്ന ഇരവികുളം നാഷനൽ പാർക്കിന്റെ കവാടം. ഇവിടെനിന്ന് വേണം സന്ദർശകർ പ്രവേശന ടിക്കറ്റ് വാങ്ങാൻ. ജൂലൈ ആദ്യവാരം മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യവുമുണ്ടാകും. ടിക്കറ്റെടുത്താലുടനെ കയറിയങ്ങ് പോകാൻ പറ്റില്ല. വനംവകുപ്പിന്റെ മിനിബസിലാണ് സന്ദർശകരെ ഉദ്യാനത്തിനുള്ളിലേക്കു കൊണ്ടുപോകുന്നത്. പച്ചപ്പിൽ മുങ്ങിക്കുളിച്ച തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള യാത്ര. വണ്ടി പാതിവഴിയെത്തുമ്പോഴേ കാണാം, കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കുറിഞ്ഞിപ്പൂന്തോട്ടവും ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടക്കുന്ന വരയാടിൻകൂട്ടവും. ആദ്യകാഴ്ചയിലേ ആരെയും മോഹിപ്പിക്കുന്ന പ്രകൃതി. മലമുകളിലെ ചെക്പോസ്റ്റിലിറങ്ങി വീണ്ടും മുകളിലേക്കുള്ള വഴിയിലൂടെ രണ്ടു കിലോമീറ്ററോളം നടക്കാം, വിശ്രമിക്കാം. ആവശ്യത്തിനു ഫോട്ടോയെടുത്ത് ക്യാമറയുടെ കുംഭ നിറയ്ക്കാം. തിരികെ വണ്ടിയിൽ കയറാനൊരുങ്ങവേ തിരിഞ്ഞുനോക്കിയാൽ കാണാം, അടുത്ത പൂക്കാലത്തിന് സാക്ഷിയാകാൻ എത്തുമെന്ന പ്രതീക്ഷയിൽ തലയാട്ടി യാത്രയാക്കുന്ന കുറിഞ്ഞിക്കുറുമ്പ്.
കുറിഞ്ഞിയുടെ വശ്യത മനസ്സിൽ നിറച്ച് മടങ്ങുമ്പോള്‍ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് കൗതുകത്തിന്റെ പേരിൽ പൂക്കളും ചെടികളും പറിച്ചുകൊണ്ട് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, അതുകൊണ്ട് നിങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. പറിച്ചെടുക്കുന്ന പൂക്കൾ അര മണിക്കൂറിനുള്ളിൽ വാടിപ്പോകും. ചെടികൾ വേരോടെ പിഴുത് മറ്റൊരു സ്ഥലത്ത് നട്ടാലും വളരില്ല. ‘ഈ പൂക്കളെ കൊള്ളയടിച്ചോളൂ, കണ്ണുകൾ കൊണ്ട് മാത്രം. മടക്കയാത്രയിൽ ഒരുപിടി മധുരസ്മരണകൾ മാത്രം ഒപ്പം കൂട്ടുക’ ഓർമിപ്പിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ.
നീലക്കുറിഞ്ഞി പൂക്കളുടെ ശരാശരി ആയുസ്സ് 45 ദിവസം മാത്രമാണ്. അക്കാലമത്രയും പൂമ്പാറ്റകൾക്കും തേനീച്ചകൾക്കും മധുരമൂട്ടി, പൂക്കൾ പതിയെ കൊഴിഞ്ഞു വീഴും. പൂക്കാലം അവസാനിച്ചാലുടൻ കുറിഞ്ഞിചെടികൾ കരിഞ്ഞുണങ്ങും. ഉണങ്ങിവീഴുന്ന വിത്തുകൾ കിളികൾക്കും കാട്ടുകോഴിക്കും ഭക്ഷണമാണ്. പിന്നീട്, പന്ത്രണ്ടു വർഷം നീളുന്ന തപസ്സിലാണ് കുറിഞ്ഞി. ഒരു വ്യാഴവട്ടം കടന്ന് ശലഭങ്ങളെയും തേൻവണ്ടുകളെയും ഒപ്പം സഞ്ചാരികളെയും തന്നിലേക്ക് ആകർഷിക്കാൻ ശക്തിക്കായുള്ള ഘോരതപസ്സ്. ആ കാത്തിരിപ്പിനൊടുവിലാണ് വീണ്ടും പച്ചിലകളിൽ വിതറിയ ഇന്ദ്രനീലക്കല്ലുക ൾ പോലെ വിസ്മയപ്പൂക്കാലം വരവാകുന്നത്.