കൊണ്ടോട്ടിയിൽ താമസിക്കാൻ ബജറ്റ് ഹോട്ടൽ

കേരളത്തിൽ എത്ര പട്ടണങ്ങൾക്കു സ്വന്തമായി വിമാനത്താവളം ഉണ്ട്? വിരലിൽ എണ്ണിയാൽ തീരുന്ന ആ പട്ടണങ്ങൾക്കിടയിൽ നെഞ്ചു വിരിച്ചു നിൽക്കുന്ന ചെറുപട്ടണമാണ് കൊണ്ടോട്ടി. അറബിനാട്ടിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും യാത്രകൾ നടത്തുന്ന മലബാറുകാരുടെ കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പട്ടണം.

KTDC TAMARIND KONDOTTY

കൊണ്ടോട്ടി കാണാനായെത്തുന്ന യാത്രികർ കുറവാണെങ്കിലും വിമാനയാത്രകളിലെ ഇടത്താവളമായി കൊണ്ടോട്ടിയിലെത്തുന്നവർ നിരവധിയാണ്. ഇവർക്കു താമസിക്കാൻ സൗകര്യമൊരുക്കുന്ന ബജറ്റ് ഹോട്ടലാണ് കെടിഡിസിയുടെ കൊണ്ടോട്ടിയിലെ ടാമറിൻഡ് ഈസി ഹോട്ടൽ. 

കുന്നു കയറി പോകാം

എയർപോർട്ട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ മാറി മനോഹരമായ ഒരു കുന്നിന് മുകളിലാണ് ഈ ഹോട്ടൽ. വിമാനങ്ങൾ പറന്നിറങ്ങുന്ന കരിപ്പൂരിന്റെ ആകാശക്കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണ് ഇത്.

കൊണ്ടോട്ടി ടൗണിൽ നിന്ന് കോഴിക്കോട്–പാലക്കാട് ഹൈവേയിലൂടെ ഏകദേശം രണ്ട ്കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. പച്ച വിരിച്ച മലബാറിന്റെ ആകാശത്തേക്ക് വിമാനങ്ങൾ പറന്നുയരുന്നതും കുന്നിന് മുകളിലെ നീണ്ട റൺവേയിലേക്ക് വിമാനങ്ങൾ പറന്നിറങ്ങുന്നതും രസകരമായ കാഴ്ചകളാണ്. 

ചൂടൻ നാലുമണി പലഹാരങ്ങൾ

വിമാനക്കാഴ്ചകൾ കാണാൻ മാത്രമായി നിരവധി പേർ ഇവിടെയെത്താറുണ്ടെന്ന് കൊണ്ടോട്ടി ടാമറിൻഡ് ഈസി ഹോട്ടൽ മാനേജർ പ്രകാശ് പറയുന്നു. വൈകുന്നേരങ്ങളിലാണ് വിമാനക്കാഴ്ചകൾ കാണാൻ നിരവധി പേർ കുന്നു കയറി എത്തുന്നത്. മറ്റെങ്ങും ലഭിക്കാത്ത നാലുമണി പലഹാരങ്ങൾ കഴിയ്ക്കാമെന്ന അധിക സന്തോഷം കൂടിയുണ്ട് ഈ കുന്നു കയറലിനു പിന്നിൽ.

മധുരപ്രിയർക്കു പൊരിച്ച അടയും, എരിവിനോടു പ്രിയമുള്ളവർക്കു ചൂടൻ ഒനിയൻ പക്കോഡയും പരീക്ഷിക്കാം. അതിഥികളുടെ ആവശ്യമനുസരിച്ചു മാത്രമാണ് ഇവ തയ്യാറാക്കുന്നത്. അതിനാൽ സംഭവം 'ഫ്രഷ്' ആണെന്നുറപ്പ്. 

പൊരിച്ച അട കണ്ട്ക്കാ?

യാത്രികരിൽ കൗതുകമുണർത്തുന്ന പലഹാരമാണ് പൊരിച്ച അട. ഇലയടകളിൽ വൈവിധ്യം കാണാറുണ്ടെങ്കിലും അട 'പൊരിച്ചെടുക്കുന്ന' പരിപാടി ആദ്യമായിട്ടാണ്. വിഭവം ഓർഡർ നൽകിയിട്ടു സംഗതി എന്താണെന്നു അറിയാൻ ഷെഫിനൊപ്പം കൂടി. സാധാരണ അട തയാറാക്കാനുള്ള ഒരുക്കങ്ങൾ തന്നെയാണ് ആദ്യം. നാളികേരവും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും അടയ്ക്കുള്ളിൽ കയറാൻ തയാറായി പാത്രത്തിൽ ഇരിക്കുന്നു.

വട്ടത്തിൽ കനം കുറച്ച് ചപ്പാത്തി പോലെ ഗോതമ്പു മാവ് പരത്തിയെടുത്തു. അതിൽ മധുരക്കൂട്ട് നിറച്ചു ഞൊറികളിട്ട് മടക്കിയെടുത്താണ് അട തയാറാക്കുന്നത്. ഇത് എണ്ണയിലിട്ട് പൊരിച്ചെടുക്കും. വൈകീട്ട് ചായയ്ക്കൊപ്പം സംഗതി പൊരിക്കുമെന്ന് പുഞ്ചിരിയോടെ ഷെഫ് കൂട്ടിച്ചേർത്തു.   

ബജറ്റിലൊതുങ്ങുന്ന താമസം

ഒൻപത് എസി ഡീലക്സ് മുറികളും ഒരു എസി പ്രീമിയം മുറിയും അടക്കം 10 മുറികളാണ് ഇവിടെയുള്ളത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഡീലക്സ് മുറികളിലുണ്ട്. എസി, ടിവി, ഡ്രെസിങ്ങ് ടേബിൾ, വൃത്തിയുള്ള വാഷ്റൂം എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. 1,600 രൂപയാണ് ഡീലക്സ് മുറികൾക്ക് നൽകേണ്ടത്.

വിശാലമായ മുറിയാണ് എസി പ്രീമിയം റൂമിന്റെ പ്രത്യേകത. ടിവിയും സോഫയും വലിയ കബോർഡുകളും മുറിയിലുണ്ട്. പ്രീമിയം റൂമിന് 2500 രൂപയാണ്.

എല്ലാ മുറികളിലും വൈഫൈ ലഭ്യമാണ്. ഏകദേശം 50 പേർക്ക് ഇരിക്കാവുന്ന ഒരു കോൺഫറൻസ് ഹാളും കൊണ്ടോട്ടിയിലെ ടാമറിൻഡ് ഈസി ഹോട്ടലിലുണ്ട്. 24 മണിക്കൂർ ചെക്ക്–ഇൻ/ചെക്ക് ഔട്ട് സൗകര്യവുമുണ്ട്. 

കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് എയർപോർട്ട് ആവശ്യങ്ങൾക്കായി എത്തുന്ന നിരവധി പേർ ഇവിടെ തങ്ങാറുണ്ട്. കൂടാതെ ഗവർണർ, മന്ത്രിമാർ തുടങ്ങി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന വിഐപികളുടെ സേഫ് ഹൗസ് കൂടിയാണ് കെടിഡിസിയുടെ ഈ ഹോട്ടൽ. സ്വച്ഛമായ താമസവും രുചികരമായ ഭക്ഷണവും മാത്രമല്ല കരിപ്പൂരിന്റെ ആകാശക്കാഴ്ചകൾ കൂടിയാണ് കൊണ്ടോട്ടി ടാമറിൻഡ് ഈസി ഹോട്ടൽ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.