കേരളം പോലെ യുഗാണ്ട; നടി ദേവിചന്ദന

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദേവിചന്ദന. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം അഭിനേത്രി മാത്രമല്ല നർത്തകി കൂടിയാണ്. സീരിയലുകളിലും സിനിമകളിലും പൊസറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടി‌യ ഇൗ കലാകാരി യാത്രാപ്രേമി കൂടിയാണ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചും ഇനി കാണാനുള്ള കാഴ്ചകളെകുറിച്ചും മനോരമ ഒാൺലൈനിനോടു മനസ്സു തുറക്കുന്നു.

'യാത്രകൾ പുസ്തകം പോലെയാണ്. ഒാരോ പുസ്തകത്തിനും വായനാനുഭവം വ്യത്യസ്തമാണ്. അതുപോലെയാണ് യാത്രകളും. ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ്. യാത്രയെ പ്രണയിക്കാത്തവരായി ആരുമില്ല.  ഇത്രയും കാലത്തെ അഭിനയ ജീവിതത്തിനിടെ ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെയാണ് യാത്രകളെ ഇത്രയധികം സ്നേഹിക്കാൻ തുടങ്ങിയത്' – ദേവിചന്ദന പറയുന്നു. 

കുട്ടിക്കാലത്ത് യാത്ര പോയിട്ടുണ്ടെങ്കിലും നെഞ്ചിൽ തറച്ച യാത്രയും കാഴ്ചകളുമൊന്നും ഒാർമയിലില്ല. മറിച്ച് ഇന്ന്, ഷോയുടെ ഭാഗമായും അല്ലാതെയും നടത്തിയ യാത്രകളുടെ ലിസ്റ്റിൽ,  സുന്ദരമായ കാഴ്ചകൾ സമ്മാനിച്ച ഒരുപാട് ഇടങ്ങളുണ്ട്. സ്വപ്നത്തിൽ കാണാത്തയിടങ്ങൾ വരെ സന്ദർശിക്കാൻ അവസരം ലഭിച്ച ഭാഗ്യവതിയാണ് ഞാൻ. തിരക്കിൽനിന്നു തിരക്കിലേക്ക് സഞ്ചരിക്കുമ്പോഴും യാത്രയ്ക്കായി ഒരു ദിവസം മാറ്റിവയ്ക്കുകയാണെങ്കിൽ കൂടുതലും ക്ഷേത്രത്തിലേക്കാവും. കുടുംബവുമൊത്തുള്ള മിക്കയാത്രകളും ക്ഷേത്രദർശനത്തിലാണ് തുടക്കം കുറിക്കുന്നത്. മുരഡേശ്വരവും മൂകാംബിക ക്ഷേത്രവും രാമേശ്വരവും തഞ്ചാവൂരുമൊക്കെ സന്ദർശിച്ചിട്ടുണ്ട്.  ക്ഷേത്രങ്ങളിലേക്കുള്ള യാത്ര സമ്മാനിക്കുന്ന അനുഭൂതിയൊന്നു വേറെയാണ്. 

ഞാൻ കണ്ട യുഗാണ്ട

ചെറുപ്പത്തിൽ എല്ലാവരും പരിഹസിച്ചു കേട്ടിട്ടുള്ളതാണ് യുഗാണ്ട എന്ന സ്ഥലം. യുഗാണ്ട എന്നു കേൾക്കുമ്പോൾ ഏതു ശരാശരി മലയാളിയുടെ മുഖത്തും  ഒരു രസഭാവം മിന്നിമറയാറുണ്ട്. അന്നൊന്നും ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്നു കരുതിയതേയില്ല. ശരിക്കും യുഗാണ്ട ഒരു വിസ്മയമാണെന്നറിഞ്ഞത് അവിടേക്കുള്ള എന്റെ യാത്രയിലായിരുന്നു. കുറച്ചു മലയാളികള്‍ മാത്രമുള്ളയിടം. ഷോയുടെ ഭാഗമായാണ് യുഗാണ്ടയിൽ പോകാനുള്ള അവസരം വീണുകിട്ടിയത്. അടിപൊളിയാത്രയായിരുന്നു. ഏതു രാജ്യത്തേക്കുള്ള യാത്രയായാലും ഷോ കഴിഞ്ഞുള്ള സമയം അവിടുത്തെ കാഴ്ചകൾ തേടിയിറങ്ങുക എനിക്ക് നിർബന്ധമാണ്. യുഗാണ്ടയിലെത്തിയപ്പോഴും യാത്രകൾക്കും കാഴ്ചകൾക്കും യാതൊരു മാറ്റവും വരുത്തിയില്ല.

നഗരകാഴ്ചകളിൽനിന്നു മാറി ഗ്രാമത്തിലേക്കു കടന്നപ്പോൾ ശരിക്കും അതിശയം തോന്നി. ഒറ്റവാക്യത്തിൽ പറഞ്ഞാൽ തനി നാട്ടിൻപുറം.  കേരളത്തിനോട് സാദൃശ്യം തോന്നുന്ന നാട്. കപ്പയും വാഴയും ചേമ്പും മുരിങ്ങയും വിളഞ്ഞു നിൽക്കുന്നു. നിഷ്കളങ്കരായ ജനസമൂഹമാണ് അവിടുത്തേത്. യുഗാണ്ടയിലെ ഭക്ഷണവിഭവങ്ങൾ കേട്ട് ‍‍‍ഞെട്ടിയെങ്കിലും അതു ഗുണമായത് സസ്യാഹാരപ്രേമിയായ എനിക്കു തന്നെയായിരുന്നു. നാട്ടിൽ കിട്ടുന്ന കപ്പയും ചക്കയും പഴങ്ങളുമൊക്കെയായിരുന്നു വിഭവങ്ങളായി തീൻമേശയിൽ നിരന്നത്. ഭക്ഷണകാര്യത്തിൽ ഞാൻ ഹാപ്പിയായിരുന്നു.

യുഗാണ്ടയിലെ കാഴ്ചകളിൽ എന്നെ ഏറെ ആകർഷിച്ചത് വൈൽഡ് സഫാരിയായിരുന്നു. മടക്കയാത്രയ്ക്കു മുമ്പ് സഫാരിക്കുള്ള അവസരവും ഒത്തുകിട്ടി. മുർച്ചിഷൻ ഫാൾസ് നാഷനൽ പാർക്കിലേക്കായിരുന്നു സഫാരി. മിനി ബസ്സിലായിരുന്നു യാത്ര. സിംഹത്തെയും പുള്ളിപ്പുലിയെയും ജിറാഫിനെയുമൊക്കെ തൊട്ടടുത്തു കാണാൻ സാധിച്ചു. കൂട്ടിലടയ്ക്കാതെ സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞുമുള്ള യാത്ര ഏറെ രസകരമായിരുന്നു.

കാഴ്ചകളിലൂടെ

യൂറോപ്യൻ രാജ്യങ്ങളിൽ മിക്കയിടവും ‌സന്ദർശിച്ചിട്ടുണ്ട്. ഇറ്റലി, റോം എന്നിവിടങ്ങളിലെ കാഴ്ചകളും അതിസുന്ദരമാണ്. നിരവധി വലുതും ചെറുതുമായ ദ്വീപുസമൂഹങ്ങൾ കൂടിച്ചേർന്ന ഇന്തൊനീഷ്യയിലെ യാത്രയിൽ തലസ്ഥാനനഗരിയായ ജക്കാർത്തയിലെ കാഴ്ചകള്‍ ഒരുപാട് ഇഷ്ടമായി. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം മനോഹരദൃശ്യങ്ങളുടെ കലവറ കൂടിയാണ് ഇന്തൊനീഷ്യ.  അതിമനോഹരങ്ങളായ ഭൂപ്രദേശങ്ങളും ചരിത്രസ്മാരകങ്ങളും അഗ്നിപർവത തടാകങ്ങളുമൊക്കെ ഇന്തൊനീഷ്യയിലെ സുന്ദരകാഴ്ചകളാണ്. ജക്കാർത്തയിലെ ജംഗിൾ സഫാരി നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്.  

ന്യൂസീലൻഡ് യാത്രയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഷോയുടെ ഭാഗമായാണ് പോയതെങ്കിലും പരിപാടി കഴിഞ്ഞുള്ള സമയം ന്യൂസീലൻഡിലെ കാഴ്ചകളുടെ ലോകത്തേക്കായിരുന്നു യാത്ര. മനോഹരമായ മലകളും താഴ്‌വരകളും നിറഞ്ഞ ന്യൂസീലൻഡ് ലോകത്തിലെ മികച്ച അഡ്വെഞ്ചര്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ്. ഞങ്ങൾ വില്ലിങ്ടനിലായിരുന്നു എത്തിയത്. സമയപരിധിമൂലം കുറച്ചിടങ്ങളേ സന്ദർശിക്കാനായുള്ളൂ. മേക്കപ്പ് സ്റ്റു‍ഡിയോകളും ലോകനിലവാരമുള്ള സിനിമകളുെട സാങ്കേതിക മികവുറ്റ വെറ്റ വർക്ക്ഷോപ്പും കാണാൻ സാധിച്ചു.

ഇനിയുള്ള യാത്ര ഇങ്ങോട്ടേക്കാകണം

ഇന്ത്യയിൽ ഭൂരിഭാഗം ഇടങ്ങളിലും ചുറ്റിയടിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലെ കാഴ്ചകൾ ആസ്വദിക്കാൻ അവസരം കിട്ടിയിട്ടില്ല. ഡല്‍ഹിയില്‍ പോയിട്ടുണ്ടെങ്കിലും താജ്മഹൽ കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെ ജയ്പുർ യാത്രയിൽ പിങ്ക്സിറ്റിയുടെ കാഴ്ച മുഴുവനായും ആസ്വദിക്കാനായില്ല. നയനസുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങൾ ഇനിയുമുണ്ട്. എന്റെ സ്വപ്നയാത്ര ഏതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ, ചരിത്രവിസ്മയമായ അജന്ത എല്ലോറ ഗുഹാക്ഷേത്രങ്ങള്‍. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ മനസ്സിൽ ചേക്കേറിയ ഇടങ്ങളിൽ പ്രമുഖ സ്ഥാനമാണ് അജന്ത എല്ലോറ ഗുഹകൾക്കും. അജന്ത എല്ലോറയിലെ ക്ഷേത്ര സമുച്ചയങ്ങള്‍ കല്ലിൽ കൊത്തിയ കവിതപോലെയാണ്. ചരിത്രമുറങ്ങുന്ന അജന്ത ഗുഹകൾ കാണണം. അതാണ് എന്റെ സ്വപ്നയാത്ര.