മൂന്നാർ രാജമലയിലെ സുന്ദരക്കാഴ്ചകൾ: വിഡിയോ

SHARE

കണ്ണെത്താ ദൂരത്തോളം നീലവർണത്തിൽ നീരാടിനിൽക്കുന്ന മലനിരകൾ. പുലർമഞ്ഞിൽ തിളങ്ങുന്ന മൂന്നാർ വിളിക്കുന്നത് പ്രകൃതിയുടെ വസന്തോത്സവമായ കുറിഞ്ഞിപ്പൂക്കാലത്തിലേക്കാണ്. പ്രളയം ഭീഷണിയുയർത്തി വന്നുപോയെങ്കിലും മൂന്നാറിന്റെ സൗന്ദര്യം തെല്ലും കുറയുന്നില്ല. മൂന്നാറിലേക്ക് വണ്ടി കയറുന്ന ഓരോ മനസ്സുകളിലും തെളിയുന്നത് ഈ മനോഹരദൃശ്യങ്ങൾ തന്നെയാണ്.

munnar-3
മൂന്നാർ. ചിത്രങ്ങൾ, വിഡിയോ: അരവിന്ദ് ബാല

ഇടുക്കിക്ക് കരകയറുന്നതിനുള്ള വസസന്തകാലം കൂടിയായി ഇത്തവണ വിരുന്നെത്തിയിരിക്കുന്ന കുറിഞ്ഞി വസന്തം. മൂന്നാറിനടുത്തുള്ള രാജമല സഞ്ചാരികളുടെ പ്രിയയിടമാണ്. കാഴ്ചയുടെ വർണവിസ്മയം ഒരുക്കി നീലപുതച്ചു സുന്ദരിയായി നിൽക്കുകയാണ് രാജമല. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന നീലവസന്തം ആസ്വദിക്കാനായി സഞ്ചാരികളുടെ ഒഴുക്കാണ്.

munnar-1
മൂന്നാർ. ചിത്രങ്ങൾ: അരവിന്ദ് ബാല

മൂന്നാർ ടൗണിൽനിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് രാജമല ഉൾപ്പെടുന്ന ഇരവികുളം നാഷനൽ പാർക്കിന്റെ കവാടം. ഇവിടെനിന്ന് വേണം സന്ദർശകർ പ്രവേശന ടിക്കറ്റ് വാങ്ങാൻ. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യവുമുണ്ടാകും. ടിക്കറ്റെടുത്താലുടനെ കയറിയങ്ങ് പോകാൻ പറ്റില്ല. വനംവകുപ്പിന്റെ മിനിബസിലാണ് സന്ദർശകരെ ഉദ്യാനത്തിനുള്ളിലേക്കു കൊണ്ടുപോകുന്നത്. പച്ചപ്പിൽ മുങ്ങിക്കുളിച്ച തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള യാത്ര. വണ്ടി പാതിവഴിയെത്തുമ്പോഴേ കാണാം, കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കുറിഞ്ഞിപ്പൂന്തോട്ടവും  ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടക്കുന്ന വരയാടിൻകൂട്ടവും. ആദ്യകാഴ്ചയിലേ ആരെയും മോഹിപ്പിക്കുന്ന പ്രകൃതി.

munnar
മൂന്നാർ. ചിത്രങ്ങൾ: അരവിന്ദ് ബാല

നീലക്കുറിഞ്ഞിയുടെ വർണകാഴ്ചയ്ക്ക് ഇനിഅധിക നാളില്ല. രാജമലയിലെ നീലവസന്തം 20 ദിവസം കൂടി മാത്രം. മഴ മാറി മാനം തെളിഞ്ഞതോടെ അവശേഷിച്ച മൊട്ടുകൾ പൂവിട്ടു. നവരാത്രി അവധിക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണു മൂന്നാർ പ്രതീക്ഷിക്കുന്നത്. ഇത്തവണ ആഴ്ചകളോളം  കോടമഞ്ഞിൽ കുളിച്ചു നിന്നതും പൂക്കളുടെ ആയുസിനെ ബാധിച്ചു. 20 ദിവസം കഴിഞ്ഞാൽ പൂക്കൾ  ഉണങ്ങി വിത്തുകൾ പൊഴിഞ്ഞ് 12 വർഷത്തെ നീണ്ട നിദ്രക്കായി മണ്ണോടു ചേരും. പ്രകൃതിയുടെ ഈ അദ്ഭുത വരദാനം കാണാൻ ഒരു വ്യാഴവട്ടം കാത്തിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA