പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ഇതു നീലിമയുടെ വസന്തകാലമാണ്. ഒരു വ്യാഴവട്ടത്തിനു ശേഷം വിരുന്നെത്തിയ നീലക്കുറിഞ്ഞിക്കാലം അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. സീസണിന്റെ തുടക്കത്തിലും ഇടയിലും കനത്ത മഴയും പ്രളയവും തടസങ്ങൾ സൃഷ്ടിച്ചെങ്കിലും കൗതുകക്കാഴ്ചകൾ തേടിയുള്ള സഞ്ചാരികളുടെ ഒഴുക്കിനെ ഇതൊന്നും ബാധിച്ചില്ല. ഉയരത്തിലെ ഗുണമേറിയ ചൂടുചായ കുടിച്ച ശേഷം തിരക്കേറും മുന്‍പെ ടിക്കറ്റിനായുള്ള വരിയിൽ ഇടം പിടിക്കാം. ഇരവികുളം നാഷനൽ പാർക്കിലെ തിരക്കൊഴിവാക്കാൻ മൂന്നാർ കെഎസ്ആർടിസി ബസ്‍സ്റ്റാൻഡിന് എതിർവശത്തുള്ള മൈതാനത്താണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവിടെത്തന്നെയുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നു ഇരവികുളം രാജമലയിലേക്കു സഫാരി പോകാനുള്ള ടിക്കറ്റ് ലഭിക്കും. മുതിർന്നവർക്ക് 120 രൂപ, കുട്ടികൾക്ക് 90 ക്യാമറയ്ക്ക് 40 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ക്യാമറയ്ക്ക് ചാർജ് 40 രൂപയാണ്. സർവീസ് ജീപ്പിലോ ബസിലോ കയറി ഇരവികുളത്തെത്താം. എനിക്ക് പോകേണ്ടത് ട്രെക്കിങ്ങിനായിരുന്നു. അതിന്റെ ടിക്കറ്റ് ഇരവികുളത്ത് നിന്നുമാണ് ലഭിക്കുക. ഒരാൾക്ക് 750 രൂപ. മൂന്നാറിൽ നിന്നു സഫാരിക്കായി ടിക്കറ്റ് എടുത്തവർക്ക് പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ പോകാം.
രാവിലെ 8.30–9 ആകുമ്പോഴാണ് ട്രെക്കിങ്ങിനായി ആദ്യസംഘം പുറപ്പെടുക. ഒരു സംഘത്തിൽ 5 പേർ വേണമെന്നാണു പറയുന്നതെങ്കിലും അത്ര കർശനമായി നടപ്പാക്കാറില്ല. രാജമലയുടെ സ്പന്ദനങ്ങൾ നന്നായറിയുന്ന വനംവകുപ്പിലെ വാച്ചർ നമുക്ക് വഴികാട്ടിയായുണ്ടാകും. പശ്ചിമ ഘട്ടത്തിന്റെ വശ്യതയാർന്ന ഭൂപ്രകൃതി ഓരോ ചുവടിലും നമുക്കനുഭവിച്ചറിയാം. തേയിലത്തോട്ടങ്ങൾ കടന്നു ചോലവനങ്ങൾ താണ്ടി കാട്ടാറിന്റെ കുളിരിലലിഞ്ഞ് നടക്കാം. അട്ടശല്യം പൊതുവെ കുറവാണ്. എങ്കിലും മുൻകരുതൽ എടുക്കുന്നത് നല്ലതാണ്.
ട്രെക്കിങ് പാതയക്കരികിൽ കുറിഞ്ഞിയുടെ വകഭേദങ്ങൾ ഇടയ്ക്കിടെ കാണാം. പ്രധാനമായും കാട്ടുകുറിഞ്ഞിയാണ് കാണുന്നത്. തേയിലത്തോട്ടത്തിന്റെ വശങ്ങളിലൂടെയും മധ്യത്തിലൂടെയും പാത വളഞ്ഞു തിരിഞ്ഞു കിടക്കുന്നു. മുന്നോട്ടു നോക്കിയാൽ നമുക്കു മുന്നിൽ ആനമുടി. ഇടയ്ക്ക് മഞ്ഞിന്റെ വലയത്തിൽ ശിരസുമറച്ച് കാറ്റിൽ മാനം തെളിയുമ്പോൾ ദർശനം തന്ന് സഹ്യൻ തലയുയർത്തി നിൽക്കുന്നതു കാണാം. ഭാഗ്യമുണ്ടെങ്കിൽ വരയാടുകളെ അതിന്റെ സ്വഭാവിക പരിതസ്ഥിതിയിൽ തന്നെ കാണാൻ കഴിയും.
ചെറിയ കയറ്റങ്ങൾ പിന്നിട്ടെത്തുന്നത് ഒരു വെള്ളച്ചാട്ടത്തിനു മുന്നിലേക്കാണ്. അവിടെ കാട്ടരുവിയുടെ സംഗീതം കേട്ട് പാറപ്പുറത്ത് സുഖമായി വിശ്രമിക്കാം. അരുവി കടന്ന് വീണ്ടും മുന്നോട്ട്. ചെറിയ പാറക്കെട്ടുകൾ, വള്ളിപ്പടർപ്പുകൾ. ഇടയ്ക്ക് മഴ പെയ്യുന്നതിനാൽ ഓരോ ചുവടും ശ്രദ്ധയോടെ വേണം. പാറകളിൽ പായലുള്ളതിനാൽ തെന്നാൻ സാധ്യതയുണ്ട്. 2-3 മണിക്കൂർ ദൈർഘ്യമുള്ള ട്രെക്കിങ് അത്ര കഠിനമായ ഒന്നല്ല.
കാടിനുള്ളിലൂടെ 5 കിലോമീറ്ററോളം നീളുന്ന ട്രെക്കിങ്ങിനു ശേഷം നമ്മൾ രാജമലയിലേക്കു വനംവകുപ്പിന്റെ ബസുകൾ പോകുന്ന വഴിയിലേക്കെത്തും. ഇതിനു തൊട്ടുമുൻപായി ആനമലയുടെ പശ്ചാത്തലത്തിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നു കാണാം. പാതയുടെ വശത്തായുള്ള പുൽമേടുകൾ ചിതറി നിൽക്കുന്ന നീലക്കുറിഞ്ഞികൾ. മലയുടെ മുകിലേക്കെത്തുമ്പോൾ കോടമഞ്ഞിൽ ലയിക്കുന്ന കാഴ്ച. ഓഫിസർമാരുടെ ക്വാർട്ടേഴ്സുകൾ ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രെക്കിങ്ങിനെത്തുന്നവർക്ക് സഫാരി വാഹനത്തിൽ കയറി രാജമലയുടെ മുകളിലെത്താം. സീറ്റുകൾ നിറഞ്ഞിരിക്കുമെന്നതിനാൽ നിൽക്കേണ്ടി വരുമെന്നു മാത്രം. വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിലെ കാഴ്ചകളും മനോഹരമാണ്. എന്നാൽ പണ്ടത്തെ കുറിഞ്ഞിക്കാലത്തെ നീലക്കടൽ ദൃശ്യങ്ങൾ ഇത്തവണയില്ലെന്നാണ് വനംവകുപ്പ് ജീവനക്കാർ പറയുന്നത്. പൂക്കൾ പലയിടത്തായി നിൽക്കുന്നു.
വാഹനം എത്തുന്ന സ്ഥലത്ത് നിന്ന് 2 കിലോമീറ്റർ നടന്നാണ് ഏറ്റവും മുകളിലെത്തേണ്ടത്. നടന്നു മുകളിലെത്തുമ്പോഴേക്കും വരയാടിനെ കാണാൻ കഴിയും. ഇവിടുത്തെ വരയാടുകൾ മിക്കവയും സഞ്ചാരികളോട് ഇണങ്ങിയവയാണ്. തിരക്കിനിടയിലൂടെയും അവ വലിയ പരിഭ്രമങ്ങളില്ലാതെ നടക്കുന്നതു കാണാം. ക്ഷമയോടെ കാത്തിരുന്നാൽ ക്യാമറയ്ക്കു നന്നായി പോസ് ചെയ്തും തരും. വഴിയിൽ ഇറങ്ങിയ വരയാടിനൊപ്പം കുറിഞ്ഞിക്കാല സെൽഫിക്കായി സഞ്ചാരികളുടെ തിരക്കാണ്. എന്നാൽ വരയാടിനെ തൊട്ടാൽ കൈപൊള്ളും. വന്യജീവി സംരക്ഷണ നിയമപ്രകാരം കനത്ത പിഴയാണ് ഈടാക്കുക. നമ്മൾ നോക്കി നിൽക്കെ കോടമഞ്ഞു വന്നുപൊതിയും. രാജമലയിൽ നിന്നുള്ള ദൂരക്കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ രാവിലെ തന്നെ എത്തണമെന്നു ചുരുക്കം. മഞ്ഞിറങ്ങിയാൽ പിന്നെ മാറാൻ പ്രാസമാണ്.
രാജമല കഴിഞ്ഞാൽ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ കൂടുതലെത്തുന്നത് സൂര്യനെല്ലിക്കു സമീപമുള്ള കൊളുക്കുമലയിലാണ്. ഇത്തവണ പതിവിലധികമായി ഈ മേഖലയിലും നീലക്കുറിഞ്ഞി കൂടുതലായി പൂത്തിരുന്നു. സൂര്യനെല്ലിയിൽ നിന്നു ജീപ്പിലാണ് കൊളുക്കുമലയിലേക്കു പ്രവേശനം അനുവദിക്കുന്നത്.