500 രൂപയ്ക്ക് കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്കൊരു യാത്ര. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു ഉല്ലാസ യാത്ര. ഏറ്റവും ചിലവു കുറച്ച് വളരെ രസകരമായി നമുക്ക് ബസിൽ മൂന്നാറിലേക്കും മൂന്നാറിന് വളരെ അടുത്തുള്ള കോവിലൂർ എന്ന സ്ഥലത്തേക്കും പോകാം. ഈ മൂന്നാർ യാത്ര ആരംഭിക്കുന്നത് എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ നിന്നുമാണ്.

നോർത്ത് പറവൂരിൽ നിന്നും രാവിലെ 6.50 നാണ് മൂന്നാറിലേക്കുള്ള ബസ്. ഇവിടെ നിന്നും മൂന്നാറിലേക്ക് ബസിന് ഒരാൾക്ക് 97 രൂപയാണ്. മൂന്നാറില്‍ പതിനൊന്ന് പത്തൊടു കൂടി ബസ് എത്തിച്ചേരും.

പറവൂർ നിന്നു പുറപ്പെടുന്ന ബസ് ആലുവ, പെരുമ്പാവൂർ, കോതമംഗലം, അടിമാലി വഴിയാണ് മൂന്നാർ എത്തുക. അടിമാലി കഴിഞ്ഞാൽ ഇരട്ടുഖാനം എന്നു പറയുന്ന സ്റ്റോപ്പിൽ നിന്നും വലത്തേക്കു തിരിഞ്ഞ് ആനച്ചാല് വഴി 12 കിലോമീറ്റർ മറ്റൊരു റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. സാധാരണ സഞ്ചാരികൾ ഈ റൂട്ടിലൂടെ അങ്ങനെ പോയിട്ടുണ്ടാകില്ല.

ബസിൽ യാത്ര ചെയ്യുന്നവർ മാത്രമാണ് ഈ റൂട്ടിലൂടെ പോകുന്നത്. വളരെ മനോഹരമായ പാതയാണിത്. രണ്ടാം മൈൽ എന്ന സ്ഥലത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും മനോഹരമായ തേയിലത്തോട്ടങ്ങള്‍ കൂടുതലും കാണാൻ കഴിയുക. വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്തത്ര സൗന്ദര്യമുള്ള തേയിലത്തോട്ടങ്ങൾ കെഎസ്ആർടിസി ബസിലിരുന്ന് ആസ്വദിച്ച് യാത്ര തുടരാം. 

കൂടുതലും വിദേശികളാണ് കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്ക് യാത്ര ചെയ്യുന്നത്. അതിന് പ്രധാനമായി രണ്ട് കാരണങ്ങളുണ്ട്. ഒന്ന്: ചിലവ് വളരെ കുറവാണ്. രണ്ട്: ആനച്ചാലിലൂടെയുള്ള ബസ് യാത്ര അത്ര മനോഹരമാണ്.

മൂന്നാർ ബസ് സ്റ്റാന്റിലാണ് എത്തുക. മൂന്നാർ ടൗണിലും ബസിന് സ്റ്റോപ്പുണ്ട്. അതിനാൽ യാത്ര ആദ്യം തന്നെ പ്ലാൻ ചെയ്യാം. മൂന്നാർ ടൗണിലാണ് ഇറങ്ങുന്നതെങ്കിൽ, ടൗണിൽ നിന്ന് പോകാൻ സാധിക്കുന്ന ധാരാളം സ്ഥലങ്ങളുണ്ട്. 

ടൗണിൽ ഇറങ്ങിയാൽ എക്കൊ പൊയിന്റ്, മാട്ടുപെട്ടി, മാട്ടുപെട്ടിയിലെ ഡാം, ബോട്ടിങ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. അവിടെ ഹൈവെയിൽ ഒരു പാർക്കുണ്ട്. ടൗണിൽ തന്നെ മനോഹരമായ ഒരു ഹൈഡൽ പാർക്കുണ്ട്.

ജനുവരിയിലാണ് യാത്രയെങ്കിൽ ആകർഷകമായ ഫ്ലവർ ഷോയും ആസ്വദിക്കാം. ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ കാണാൻ ഓട്ടോ പിടിച്ചാൽ 80 രൂപ മുതൽ 100 രൂപ വരെ ചാർജ് ചെയ്യും. മാട്ടുപെട്ടിയിലേക്ക് പോകണമെങ്കിൽ അവിടെ നിന്ന് ജീപ്പ് സർവീസ് ഉണ്ട്. ചില സമയത്ത് ബസ് സർവീസുമുണ്ട്. 25 രൂപയാണ് ബസിന്റെ ടിക്കറ്റ് നിരക്ക്, ജീപ്പിൽ 30 രൂപയും.

ഇവിടെ നിന്നും ഇരവികുളം നാഷണൽ പാർക്കിലേക്ക് പോകാൻ ഓട്ടോറിക്ഷക്ക് 150 രൂപയാകും.

വേണമെങ്കിൽ വളരെ മനോഹരമായ ഓർഗാനിക് പച്ചക്കറി തോട്ടങ്ങളുള്ള, ധാരാളം സ്റ്റോബറി തോട്ടങ്ങളുള്ള കോവിലൂർ എന്ന സ്ഥലത്തേക്ക് ബസിൽ യാത്ര ചെയ്യാം.

എന്റെ യാത്ര മൂന്നാറിൽ നിന്ന് കോവിലൂർക്കായിരുന്നു. പന്ത്രണ്ട് അഞ്ചിന് കോവിലൂർക്ക് ഒരു പ്രൈവറ്റ് ബസ് പുറപ്പെടുന്നുണ്ട്. ഇവിടെ നിന്നും ടോപ്പ് സ്റ്റേഷനിലേക്കോ പാമ്പാടുംശോലയിലേക്കോ യാത്ര ചെയ്യാം. ഏറ്റവും അവസാനത്തെ സ്റ്റോപ്പാണ് കോവിലൂർ.

കോവിലൂർ പോയാൽ ഭാഗ്യമുണ്ടെങ്കിൽ  സഞ്ചാരികൾ നിൽക്കുന്നതിന്റെ മറുഭാഗത്ത് വനത്തിൽ ആനകളെ കാണാം. നാട്ടിലൊക്കെ ആയിരം രൂപയും ആയിരത്തി ഇരുനൂറ് രൂപയും ഒക്കെ വിലമതിക്കുന്ന ഓർഗാനിക് വെജിറ്റബിൾസ് ധാരാളം കൃഷി ചെയ്യുന്ന സ്ഥലമാണ് കോവിലൂർ.

ഇവിടെ ഈ ഓർഗാനിക് വെജിറ്റബിള്‍സിന് സാധാരണ 100 രൂപ മുതൽ 150 രൂപ വരെ മാത്രമേ വിലയുള്ളൂ. വെജിറ്റബിളുകളിൽ പ്രധാനയിനം ബട്ടർ ബീൻസാണ്. നമ്മുടെ നാട്ടിൽ അധികം കാണാത്ത ബീൻസാണ് ബട്ടർ ബീൻസ്. വളരെ സ്വാദിഷ്ടമായിട്ടുള്ള ഒരു വെജിറ്റബിൾ. വെറും 100 രൂപയ്ക്ക് (കിലോയ്ക്ക്) ബട്ടർ ബീൻസ് ഇവിടെ നിന്നും സ്വന്തമാക്കാം. 

മൂന്നാറിൽ നിന്ന് 45 കിലോമീറ്ററാണ് കോവിലൂർ. പോകുന്ന വഴി മാട്ടുപെട്ടി ഡാമിന്റെ മുകൾ ഭാഗത്തിലൂടെയാണ് ബസ് വരുന്നത്. ബോട്ട് ക്ലബും എക്കോ പോയിന്റും ഇരുവശത്തും കിലോമീറ്ററുകളോളം നീണ്ടു നിവർന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും കാണാം.

ഈ അഭൗമ്യ സൗന്ദര്യം ആസ്വദിച്ച് എല്ലപ്പെട്ടി വഴി പാമ്പാടുംശോല നാഷണൽ പാർക്കിന്റെ ഒരു ചെക്ക്പോസ്റ്റിലെത്താം. ഇവിടെ നിന്നും 9 കിലോമീറ്ററാണ് കോവിലൂർ. മനോഹരമായ ചെറിയൊരു പട്ടണമാണ്. തമിഴ് നാട്ടിൽ എത്തിയ പ്രതീതി. കോവിലൂരിന്റെ മറുഭാഗത്ത് കൊടൈക്കനാലാണ്.

ചെറിയ ചിലവിൽ സ്വകാര്യ ഹോട്ടലിൽ നമുക്കു തന്നെ ഭക്ഷണം സ്വന്തമായി പാചകം ചെയ്ത് കഴിക്കാൻ സൗകര്യമുണ്ട്.

കോവിലൂരിൽ നിന്നും തിരികെ പോകാൻ ബസ് സർവീസുകൾ വളരെ കുറവാണ്. എങ്കിലും എല്ലാ അരമണിക്കൂറിലും തുച്ഛമായ പൈസയിൽ ജീപ്പ് സർവീസ് ഉണ്ട്.

ഏകദേശം ഒന്നര മണിക്കൂർ ദൈർഘ്യമുണ്ടാവും ഈ കോവിലൂർ നിന്ന് മൂന്നാർ വരെയുള്ള ജീപ്പ് യാത്ര. കോവിലൂർ ഒന്നോ രണ്ടോ മണിക്കൂർ സമയം ചെലവഴിച്ച് നേരത്തെ തിരികെയെത്തിയാൽ ഹൈ‍ഡൽ പാർക്ക് സന്ദർശിക്കാം.

തിരുവനന്തപുരത്തേ്ക് പോകുന്ന അവസാന ബസ് ഒൻപത് മണിക്കാണ്. ഇതാണ് മലയിറങ്ങുന്ന ലാസ്റ്റ് ബസ്. എറണാകുളം ഭാഗത്തേക്കുള്ള ആളുകൾക്ക് ഇതിൽ കയറി കോതമംഗലത്തിറങ്ങാം. അവിടെ നിന്നും വേറെ ബസ് കയറാം. 

കോവിലൂർ ആകെ മൂന്നു ഹോട്ടലുകളേ ഉള്ളൂ. ഭക്ഷണങ്ങൾക്കും ഒരു തമിഴ് ടെസ്റ്റ് ഉണ്ടാകും പക്ഷെ വില തുച്ഛമാണ്. നാട്ടിൽ 800 രൂപ മുതൽ 1000 രൂപ വരെ വിലയുള്ള സ്റ്റോബറി ഇവിടെ ഒരു കിലോ 250 രൂപയ്ക്ക് വാങ്ങാം. അതും ഓർഗാനിക് സ്റ്റോബറി.

380 രൂപയ്ക്ക് സ്റ്റോബറി വൈനും കിട്ടും. ഇത്രയും ഫ്രഷ് വൈൻ കേരളത്തിൽ വിരളമാണ്.

അറിയേണ്ട മറ്റ് ചില കാര്യങ്ങൾ

നിലവിൽ ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നിങ്ങനെ 7 ജില്ലകളിൽ നിന്ന് മൂന്നാർ ഭാഗത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഉണ്ട്. ബസ് സർവീസുകളെക്കുറിച്ച് കൂടുതലറിയാൻ മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 04865230201

മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് അവസാന ബസ് പുറപ്പെടുന്നത് രാത്രി ഏഴുമണിക്കാണ്.

കൊടുങ്കല്ലൂരിൽ നിന്നും ബസ് ചാർജ് 111 രൂപയാണ്. പറവൂര്‍ നിന്നും 97 രൂപ, ആലുവ-മൂന്നാർ 86 രൂപ, പെരുമ്പാവൂരിൽ നിന്നും 76 രൂപ, കോതമംഗലത്തു നിന്നും 64 രൂപ ഇങ്ങനെയാണ് മറ്റ് നിരക്കുകൾ.