ഈ വില്ലത്തിക്കിഷ്ടം സാഹസിക യാത്രകൾ
മലയാള ടെലിവിഷൻ പരമ്പരകളിൽ വില്ലത്തിയായി അഭിനയിച്ച് ജനശ്രദ്ധയാകർഷിച്ച സീരിയൽ താരമാണ് പ്രതീക്ഷ ജി പ്രതീപ്. റോളുകളിൽ വില്ലത്തിയാണെങ്കിലും സത്യത്തിൽ കൊച്ചുകുട്ടികളെ പോലെ നിഷകളങ്കയാണ് ഇൗ സുന്ദരി. അഭിനയരംഗത്തെ മികവു തന്നെയാണ് പ്രതീക്ഷയുടെ പ്ലസ് പോയിന്റ്.
വില്ലത്തിയായി തകർത്ത് അഭിനയിക്കുമ്പോഴും ഇത്രയും ക്രൂരത വേണോ എന്നാണ് മിക്ക പ്രേക്ഷകരും പ്രതീക്ഷയോട് ചോദിക്കുന്നത്. അവരുടെ ചോദ്യങ്ങളോട് പുഞ്ചിരിയോടെ മറുപടി പറയുന്ന പ്രതീക്ഷ പക്ക വില്ലത്തിയല്ല, പാവം കുട്ടിയാണ്. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന പ്രതീക്ഷ പ്രതീപിന്റെ യാത്രാ വിശേഷങ്ങളറിയാം.
കസ്തൂരിമാൻ സീരിയലിൽ തകർത്തഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ പ്രതീക്ഷ. അഭിനയം ഒരുപാടിഷ്ടമാണെന്നും അഭിനയരംഗത്തു വന്നതുകൊണ്ട് തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സഫലമാക്കാൻ സാധിച്ചെന്നും താരം പറയുന്നു. പ്രതീക്ഷയുടെ ഇഷ്ടം എന്താണെന്നറിയേണ്ടേ? കുട്ടിക്കാലം മുതൽ യാത്ര പോകാൻ താരത്തിനേറെ ഇഷ്ടമാണ്. കാണാൻ മോഹിച്ച ഒരുപാടിടങ്ങളിലേക്ക് ഷൂട്ടിന്റെ ഭാഗമായി യാത്രപോകാനായിട്ടുണ്ടെന്ന് പ്രതീക്ഷ പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്.
സാഹസിക യാത്രയാണിഷ്ടം
സാഹസിക വിനോദങ്ങൾ ഒരുപാടിഷ്ടമാണ്. സീരിയൽ താരങ്ങൾക്കായി സ്റ്റാർ വാർ എന്ന ഷോ നടത്തിയിരുന്നു. അതിസാഹസികമായുള്ള പ്രകടനങ്ങളായിരുന്നു അവിടെ ഒരുക്കിയിരുന്നത്. വയനാട്, പാലക്കാട്, മൂന്നാർ ഇവയൊക്കെയായിരുന്നു ലൊക്കേഷൻ. ഉള്ളിൽ ഭയം തോന്നിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. മിക്കതും ഞാൻ ഭംഗിയായി ചെയ്തിരുന്നു. ഒപ്പം വയനാടിന്റെയും പാലക്കാടിന്റെയും മൂന്നാറിന്റയും ദൃശ്യഭംഗിയും ആസ്വദിക്കാനായി.
വയനാട് എനിക്കൊരുപാട് ഇഷട്മുള്ള നാടാണ്. സഞ്ചാരപ്രിയർക്ക് വയനാട് എന്നുമൊരു സാഹസിക കേന്ദ്രം തന്നെയാണ്. തീരാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന അദ്ഭുതലോകം എന്നുതന്നെ വിശേഷിപ്പിക്കാം. കാപ്പിയുടെ ഗന്ധം പരക്കുന്ന കാറ്റും പച്ചപ്പ് തുടിക്കുന്ന പ്രകൃതിയും ഒപ്പം കോടമഞ്ഞും കാഴ്ചക്കായി ഇതിലും വലുതെന്താണ് വേണ്ടത്. വയനാട് ഗവൺമെന്റ് കോളേജിലായിരുന്നു എന്റെ ചേട്ടൻ എൻജിനീയറിങ് പഠിച്ചത്. ആ സമയത്തായിരുന്നു ഡാഡിയും മമ്മിയും ഒത്തൊരുമിച്ച് ഞങ്ങൾ വയനാടിന്റെ ഹൃദയത്തിലേക്ക് സഞ്ചരിച്ചത്. നഗരത്തിന്റെ തിരക്കുകളിൽ താമസിച്ചാലും ഗ്രാമത്തിന്റെ സൗന്ദര്യവും പ്രകൃതിയുടെ തുടിപ്പും അടുത്തറിയണമെങ്കിൽ വയനാട് പോലെയുള്ള ശാന്തസുന്ദരമായ ഭൂമിയിൽ താമസിക്കണം. ഒരുപാട് ഇഷ്ടപ്പെട്ട നാടാണ് വയനാട്.
ഡൽഹിയിൽ പോകണം പാനീപൂരി കഴിക്കണം
ഡാഡി ആർമിയിലായതുകൊണ്ട് എന്റെ കുട്ടിക്കാലമൊക്കെയും ഡൽഹിലായിരുന്നു. അതുകൊണ്ടു തന്നെ ഇന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാം സ്ഥാനം ഡൽഹിക്ക് തന്നെയാണ്. നോര്‍ത്തിന്ത്യൻ വിഭവങ്ങൾ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പാനിപൂരിയും ഗോൽഗപ്പയും സ്ട്രീറ്റ് ഫൂഡുമൊക്കെയാണ് പ്രിയം. എപ്പോഴും ഡല്‍ഹിയിൽ പോകുവാൻ ആഗ്രഹിക്കുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്. പിന്നെ ആകെയുള്ള ആശ്വാസം ബെംഗളൂരുവാണ്.
ഡാഡി ഇപ്പോൾ അവിടെയാണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് ഞങ്ങൾ അവിടേക്ക് യാത്ര പോകും. ബെംഗളൂരു കാഴ്ചകൾ കണ്ടുതീർന്നാൽ വേണ്ടുവോളം പാനിപൂരിയും ചാട്ടും സമൂസയുമൊക്കെ അകത്താക്കും. യാത്ര പോകാൻ ആഗ്രഹിക്കുമ്പോഴെല്ലാം ഡൽഹിയാണ് മനസ്സിൽ സ്ഥാനം പിടിക്കുന്നത്. താജ്മഹലും ആഗ്രയും കോട്ടകളുമൊക്കെ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇനിയും ഡൽഹി കണ്ടുതീർക്കാനുണ്ട്.
യാത്രയിലെ സർപ്രൈസ്
ഇത്തവണത്തെ എന്റെ പിറന്നാൾ ശരിക്കും സ്പെഷലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് സത്യത്തിൽ ഞാൻ തന്നെ പിറന്നാൾ ആണെന്നു തിരിച്ചറിഞ്ഞത്. പിന്നീട് വീട്ടിൽ നല്ല ആഘോഷമായിരുന്നു. കേക്ക് കട്ട് ചെയ്ത് എല്ലാവർക്കും നൽകി. അന്ന് അപ്പച്ചിയൊക്കെ പെട്ടെന്നൊരു ട്രിപ് പ്ലാൻ ചെയ്തു. കായംകുളത്തെ അഴീക്കല്‍ ബീച്ച്. അധികം തിരക്കു കാണില്ലെന്നാണ് എല്ലാവരും പറഞ്ഞത്. മറ്റു ദിവസങ്ങളെക്കാൾ തിരക്കായിരുന്നു ഞങ്ങൾ എത്തിയ ദിവസം.
ഞാൻ ഇറങ്ങിയതും കുറേപേർ എന്റെയടുത്ത് വന്ന് പിറന്നാൾ ആശംസകൾ പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി. മറ്റുചിലർ സെല്‍ഫിയെടുത്തിട്ട് പിറന്നാൾ ആശംസകൾ നേർന്ന് സെൽഫിയെടുത്ത് പോസ്റ്റ് ചെയ്ത് എനിക്ക് ടാഗ് ചെയ്തു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. സാധാരണ എന്നെ കാണുമ്പോള്‍ പ്രതീക്ഷയല്ലേ എന്നുചോദിച്ച് സീരിയലിനെക്കുറിച്ച് സംസാരിക്കും. ഇത് മറിച്ചായിരുന്നു. കണ്ടപാടെ വന്ന് പിറന്നാൾ ആശംസകൾ നൽകി. അവരുടെ സ്നേഹവും ആശംസയും എന്റെ ഏറ്റവും വലിയ പിറന്നാൾ സമ്മാനമായിരുന്നു.