കുന്നിൻചെരിവിലെ സിപ്പ്‌ ലൈൻ

ആരും പറയാത്ത ഒരു കഥ വേണം. അതു കേട്ട് വായിക്കുന്നവന്റെ കാലുകൾ താനെ ചലിക്കണം, ആ നാട് തേടി. ഈ മോഹവുമായാണ് കോഴിക്കോടിന്റെ മലയോരമേഖലയിലേക്ക് വളയം പിടിച്ചത്. തിരുവമ്പാടിയുടെ വഴികളിലൂടെ കുടിയേറ്റത്തിന്റെ കഥകൾ നിറഞ്ഞ പുല്ലൂരാംപാറ അങ്ങാടിയിലെത്തി. ദാഹമകറ്റാനും പുതുവഴി ചോദിക്കാനുമായി ‘സോഡാ വർത്തമാനം’. അതിനിടയിലാണ് ഗ്രാമത്തിന്റെ പുതിയവിശേഷം കേട്ടത്; സാഹസികതയുടെയും പ്രകൃതിയുടെ മനോഹരകാഴ്ചകളും ഒന്നിക്കുന്ന റിച്ച് മൗണ്ട് പാർക്കിനെക്കുറിച്ച്. ദൂരദേശങ്ങളിൽ നിന്നുപോലും ഇവിടേക്ക് സഞ്ചാരികളെത്താറുമുണ്ടത്രേ.

നഗരത്തിൽ നിന്ന് 42 കിലോമീറ്റർ ദൂരത്തിലുള്ള ഉൾനാടൻ ഗ്രാമം. ഇവിടെ ഇപ്പറഞ്ഞ പോലെയൊരു പാർക്ക്? അറിഞ്ഞിട്ടു തന്നെ കാര്യം. റിച്ച് മൗണ്ട് സാരഥി കബീറിന്റെ ഫോൺനമ്പർ സംഘടിപ്പിച്ചു വിളിച്ചു. അഞ്ചു മിനിറ്റിനകം കവലയിലേക്ക് ഒരു ജീപ്പിറങ്ങിവന്നു. ഷരീഫും ഡാനിയും. ‘‘കാർ ഇവിടെ ഒതുക്കിയിട്ടോളൂ. ഇതിൽ പോവാം’’ – ഷരീഫ് ജീപ്പിലേക്ക് ക്ഷണിച്ചു.

ഗവി റൂട്ടാണ്

അങ്ങാടിയിൽ നിന്ന് കുന്ന് കയറാൻ തുടങ്ങിയതുതൊട്ട് അധികം വീതിയില്ലാത്ത റോഡാണ്. ഒരു വശത്ത് കുന്നും മറുവശത്ത് കൃഷി ചെയ്യുന്ന മലഞ്ചെരിവും. എതിർവശത്ത് ഒരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ ഇത്തിരി ബുദ്ധിമുട്ടും. ‘‘ഇതിലെ കാര്യമായി വാഹനങ്ങളൊന്നും വരില്ല. ഗവി റൂട്ടാണ്’’ – ഷരീഫ് പറഞ്ഞു.

ഗവി റൂട്ടോ?

‘‘അതെ. രാവിലെ ഒരു കെ.എസ്.ആർ.ടി.സി ഉണ്ട്. അതുകഴിഞ്ഞാൽ പിന്നെ വൈകുന്നേരമാവണം. മുകളിൽ കുറച്ചുപേരേ താമസിക്കുന്നുള്ളൂ’’ – ഗവി റൂട്ടെന്നു പറയുന്നതിനു പിന്നിലെ ‘ഗുട്ടൻസ്’ ഷരീഫ് വ്യക്തമാക്കി. ഈ ബസ്സിന്റെ സർവീസിനനുസരിച്ചാണ് മുകളിലുള്ളവരുടെ യാത്രകൾ ക്രമീകരിക്കപ്പെടുന്നത്.

പകുതി ദൂരമെത്തിയപ്പോൾ ഡാനി ജീപ്പ് നിർത്തി. എന്നിട്ട് കുന്നിൻചെരിവിലേക്ക് വിരൽ ചൂണ്ടി. ‘‘ഇതാണ് മിന്നാമിനുങ്ങിന്റെ താഴ്‌വാരം. ഒരു മഴ പൊടിഞ്ഞതിനു ശേഷമുള്ള സന്ധ്യാനേരത്ത് ഇവിടെ വന്നാൽ മിന്നാമിനുങ്ങ് പെയ്തിറങ്ങുന്നത് കാണാം. ഇവിടം മുഴുവൻ ആ വെളിച്ചത്തിലിങ്ങനെ മിന്നിത്തിളങ്ങും...’’– കാഴ്ചയുടെ ഭംഗി ഡാനിയുടെ കണ്ണിൽ നിന്ന് വായിച്ചെടുക്കാം. പണ്ടെങ്ങോ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ പാറക്കെട്ടിനരികിലൂടെ കുന്നുകയറ്റം തുടർന്നു. ഇപ്പോ വീഴും എന്ന മട്ടിലാണ് പാറയുടെ നിൽപ്പ്.  പച്ചപുതച്ച ചെരിവിലൂടെ കയറിപ്പോകുമ്പോൾ ദൂരെ ഒരു പൊട്ടുപോലെ ‘ഗവി ബസ്  സ്റ്റോപ്പ്’. അവസാന കേന്ദ്രമാണ്. അതിനിപ്പുറത്തേക്ക് ബസ് വരില്ല. ചെറിയൊരു കെട്ടിടത്തിന്റെ മുന്നിലെത്തിയപ്പോൾ ജീപ്പ് നിർത്തി. റിച്ച് മൗണ്ട് പാർക്ക്. രണ്ടു വീടുകൾ. കുന്നിൻചരിവിൽ കാലുകളിലുയർത്തിയ സാമാന്യം വലിയൊരു കെട്ടിടവും.

‘‘ഇവിടെ തിരിച്ചുവരുമ്പോഴിറങ്ങാം. നമുക്ക് കാഴ്ചകളാരംഭിക്കാം’’ – ഫോർവീൽ ജീപ്പൊരുങ്ങി.

കുന്നിൻമുകളിലേക്ക് ഓഫ് റോഡ്

ഇതുവരെ കണ്ട ഡാനിയായിരുന്നില്ല പിന്നീട്. ഒരു കൈ സ്റ്റിയറിങ്ങിലും അടുത്ത കൈ ജീപ്പിന്റെ ഹാൻഡിലിലും ഉറപ്പിച്ച് കക്ഷി ഡ്രൈവിങ്ങിന്റെ താളം മാറ്റിപ്പിടിച്ചു. റോഡിന്റെ തനിനിറം തെളിഞ്ഞപ്പോൾ ജീപ്പിന്റെ മുരൾച്ച കൂടുതൽ കരുത്തുറ്റതായി. ചരിവുകളിലെ കല്ലുകൾ ചാടിച്ചാടി ജീപ്പ് കുന്നിൻമുകളിലേക്ക് പാഞ്ഞു.

‘‘ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ യാത്ര’’ – ഗിയർ മാറ്റുന്നതിനിടെ ഡാനി പറഞ്ഞു. ഒരുവശത്ത് വനഭൂമിയാണ്. ആനയും കാട്ടുപന്നിയും വിഹരിക്കുന്ന കാട്. കൃഷിയും കാടും ഇടകലർന്ന മലമ്പാതയിലൂടെ മുകളിലേക്ക് കയറി.

അധികമാരും കടന്നു ചെല്ലാത്ത വഴിയാണ് കോഴിക്കോടിന്റെ ഈ മലയോര മേഖലയിലേത്. അപൂർവമായ കാനനക്കാഴ്ചകളും  സാഹസിക സഞ്ചാരത്തിനു അനുകൂലമായ സാഹചര്യങ്ങളും. വിനോദസ‍ഞ്ചാരത്തിന്റെ അനന്തമായ സാധ്യതയെന്നു പറയുന്നത് വെറുതെയല്ല. കാട്ടുപേരയ്ക്ക പറിച്ചുതിന്ന്, ചിത്രങ്ങൾ ക്യാമറയിൽ പകർത്തി വീണ്ടും ഉയരങ്ങളിലേക്ക് ജീപ്പ് കുതിച്ചു. വർഷങ്ങൾക്കു മുൻപ് നാടിനെ കുലുക്കിയ ഉരുൾപൊട്ടൽ ആരംഭിച്ച കുന്നിനടുത്താണ് പിന്നീടെത്തിയത്. ഒളിപ്പിച്ചുവച്ച ജലം പൊട്ടിപ്പുറപ്പെട്ട ഭാഗത്തിപ്പോൾ വൃക്ഷങ്ങൾ വേരുപടർത്തിയിരിക്കുന്നു.

റോഡ് ചെന്നവസാനിച്ചിടത്ത് ജീപ്പൊതുക്കി. രണ്ടു കുന്നുകൾക്ക് നടുവിലാണ് നിൽക്കുന്നത്. ഇത്തിരി ദൂരം നടന്ന് അതിലൊന്നിന്റെ മുകളിലെത്തി. ‘പുള്ളി’യും സുരക്ഷാ ബെൽറ്റുകളും ഹെൽമറ്റുകളുമെല്ലാമായി ഷരീഫ് ഒരുങ്ങി. എന്നിട്ട് തൊട്ടപ്പുറത്തേക്ക് വിരൽചൂണ്ടി – സിപ്പ് ലൈൻ!

‘‘കേരളത്തിലെ ആദ്യത്തെ സിപ്പ് ലൈനുകളിലൊന്നാണിത്. നാന്നൂറ് അടി ഉയരമുണ്ട്. മുന്നൂറ് മീറ്റർ നീളവും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും മൗണ്ടനീറിങ് അസോസിയേഷന്റെയുമെല്ലാം അംഗീകാരമുണ്ട്’’ – അയാൾ വിവരിച്ചു.

ആകാശപ്പറവയാകാം

ജിപ്പിറങ്ങിയതിന്റെ മറുവശത്തുള്ള കുന്നിൻമുകളിലെ പ്ലാറ്റ്ഫോമിൽ നിന്നാണ് സിപ്പ് ലൈൻ ആരംഭിക്കുന്നത്. അവിടെ നിന്ന് നോക്കുമ്പോൾ രണ്ടു കുന്നുകൾക്കിടയിലെ ദൂരം മുഴുവൻ കാണാം. പരന്നുകിടക്കുന്ന കാടിനുമുകളിലൂടെ വേണം മറുകരയെത്താൻ. ബെൽറ്റുകൾ മുറുക്കി, ഹെൽമറ്റുറപ്പിച്ച് തയാറായി. പ്ലാറ്റ്ഫോമിന്റെ കവാടം തുറന്നു. ഒരു നിമിഷം; കൈകൾ വീശി, കാറ്റിനെ മുഖത്തേക്കാവാഹിച്ച് ഒരു പറവയെ പോലെ പറക്കാൻ അതു മതിയായിരുന്നു. താഴയെുള്ള കാടും മുകളിലെ ആകാശവും മറന്ന് അടുത്ത കുന്നിലേക്ക് കുതിച്ചു. അവസാനിക്കാതിരുന്നെങ്കിലെന്ന് മോഹിച്ച നേരങ്ങൾ.

എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയാണ് റൈഡ് ക്രമീകരിച്ചിരിക്കുന്നത്. പതിയെ ചെന്നവസാനിക്കുന്നിടത്തെ ബ്രേക്കിങ്ങും മികച്ചതാണ്. ഒരു വിമാനത്തിന്റെ ലാൻഡിങ് പോലെ പതുക്കെ അടുത്ത കുന്നിൽ ചെന്നിറങ്ങാം. പാകമായ കൊക്കോ പറിച്ച് ഡാനി കാത്തിരിപ്പുണ്ടായിരുന്നു. അതിന്റെ മധുരവും നുണഞ്ഞ്, പറന്ന നിമിഷങ്ങൾ ഓർത്തെടുത്ത് ഇത്തിരി നേരമിരുന്നു. അവനവനെ തന്നെ വിശ്വസിപ്പിക്കാനുള്ള നേരം.

കുരിശുമല കയറി വയനാട് കാണാം

സിപ്പ് ലൈൻ അവസാനിച്ചിടത്തു നിന്നാണ് ട്രെക്കിങ് ആരംഭിച്ചത്. കൃഷി ചെയ്യുന്ന കുന്നിൻചരിവിലൂടെ വഴിയുണ്ടാക്കി നടക്കുന്ന ഡാനിക്കൊപ്പമെത്താൻ നന്നായി കിതച്ചു. പാറമുകളിലേക്കാണ് കയറിച്ചെന്നത്. മുളങ്കാടുകൾ തണൽവിരിക്കുന്ന കരിമ്പാറക്കൂട്ടം. കുന്നിന്റെ അറ്റം കൂടിയാണ് ഇത്. ഇതിനപ്പുറം ചെങ്കുത്തായ താഴ്ചയാണ്. നോക്കുമ്പോൾ തന്നെ തല കറങ്ങുന്ന ഉയരം. നേരം ഉച്ചയായിട്ടും മുളങ്കാടിനെ തഴുകുന്ന കാറ്റിനു തണുപ്പുണ്ട്. ‘‘ദാ..ആ കാണുന്നത് വയനാടാണ്’’ – ദൂരെ തെളിഞ്ഞ കെട്ടിടങ്ങൾ ചൂണ്ടി ഡാനി പറഞ്ഞു.

കൊക്കോ കഴിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടല്ലോ. വിശപ്പിന്റെ വിളി ഉയർന്നുതുടങ്ങിയിരുന്നു. കാടിളക്കിയോടിയ മുള്ളൻപന്നി ഉപേക്ഷിച്ച മുള്ളിന്റെ കൗതുകവുമായി തിരികെ കുന്നിറങ്ങിത്തുടങ്ങി. കയറുന്നതിനേക്കാൾ പതിയെയാണ് ഇറക്കം.‘‘ഇറങ്ങുന്നതാണ് കൂടുതൽ ശ്രമകരം. ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ നിയന്ത്രണം പോവും. പിന്നെ...’’ – ഡാനി ഡ്രൈവിങ്ങിനിടെ പറഞ്ഞു. ആനക്കൂട്ടം വിരാജിക്കുന്ന വഴിയാണ്. ഇടയ്ക്ക് അവർ റോഡ് തകർത്തിട്ട് പോവാറുണ്ടത്രേ.

താഴെ പാർക്കിലെത്തിയപ്പോഴേക്കും രുചികരമായ ഭക്ഷണം തയാറായിരുന്നു. വന്നെത്തുന്നവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് വിഭവങ്ങൾ ഒരുക്കുന്നത്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ‘ടവർ കെട്ടിട’ത്തിന്റെ ബാൽക്കണിയിൽ കാനനക്കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാം.

‘‘ഈ കാടും കാഴ്ചകളുമാണ് ഇവിടുത്തെ ഹൈലൈറ്റ്. അതുകൊണ്ടു തന്നെ കെട്ടിടങ്ങളൊക്കെ പ്രകൃതിയോട് ചേർന്നു നിൽക്കുന്നു. ഇരുമ്പുകാലുകളിലുയർന്നു നിൽക്കുന്ന ഈ കെട്ടിടം നിർമിച്ചിരിക്കുന്നത് മൊബൈൽ ടവറി ന്റെ സാമഗ്രികളുപയോഗിച്ചാണ്. അടിയിലെ മണ്ണിനെ നോവിക്കാതെ, പുൽനാമ്പ് പോലും പോകാതെ... ’’ – റിച്ച് മൗണ്ട് ഉടമ കബീർ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.

പത്തുപേർക്ക് ഒരേ സമയം രാപ്പാർക്കാവുന്ന ഡോർമിറ്ററിയും രണ്ടു മുറികളുമാണ് ഇവിടെയുള്ളത്. ഒരു സമയം ഒരു കുടുംബം മാത്രമേ അതിഥികളായുണ്ടാവൂ എന്നതും ഇവിടുത്തെ സവിശേഷതയാണ്.ടവർ കെട്ടിടത്തിൽ നിന്ന് താഴേക്കൊരു ന ടപ്പാതയുണ്ട്. ചരിവിലുറപ്പിച്ച ഇരുമ്പുപാത. അതിലൂടെ നടന്നെത്തുന്നത് ചെറിയൊരു വെള്ളച്ചാട്ടത്തിലേക്കാണ്.പാർക്കിന്റെ സ്വന്തം വെള്ളച്ചാട്ടം. പാറക്കെട്ടുകളിൽ ചിതറിയെത്തുന്ന വെള്ളം ശാന്തമായി ഒഴുകുന്നിടത്ത് നീന്തിത്തുടിക്കാം. കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിൽ നീരാടുമ്പോ ൾ നേരം പോകുന്നതറിയില്ല.രുചികളുമായി ബാൽക്കണിയിലിരിക്കുന്നതിനിടെ ആകാശത്ത് സന്ധ്യ പടർന്നു. വൃക്ഷത്തലപ്പുകളിൽ കൂടണയുന്ന കിളിയാരവങ്ങൾ. ഇനി കാടിന്റെ നേരമാണ്. ശല്യപ്പെടുത്താൻ പാടില്ല. പതിയെ കുന്നിറങ്ങി. •

എങ്ങനെ എത്താം

കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമാണ് പുല്ലൂരാംപാറ. തെക്കൻകേരളത്തില‍്‍ നിന്നും കുടിയേറിയ കർഷകരുടെ പ്രധാനകേന്ദ്രങ്ങളിലൊന്നാണിത്. ഗ്രാമീണകാഴ്ചകളും അധികമാരും കടന്നുചെന്നിട്ടില്ലാത്ത കാനനക്കാഴ്ചകളുമാണ് പ്രത്യേകത.കോഴിക്കോട് നഗരത്തിൽ നിന്ന് കുന്നമംഗലം–മുക്കം–തിരുവമ്പാടി വഴി 42 കിലോമീറ്റർ ദൂരം. വയനാട് നിന്ന് വരുന്നവർക്ക് താമരശ്ശേരി–ഓമശ്ശേരി–തിരുവമ്പാടി വഴി വരാം.  മലപ്പുറം ഭാഗത്തു നിന്നാണെങ്കിൽ മുക്കം–തിരുവമ്പാടി വഴി.  കോഴിക്കോടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

പുല്ലൂരാംപാറ കവലയിൽ നിന്ന് 4 കിലോമീറ്റർ കുന്നുകയറി റിച് മൗണ്ട് പാർക്കിലെത്താം. താമസസൗകര്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : ഷരീഫ് –9747955676, വി.കെ.തങ്കച്ചൻ – 9447637377