കാക്കത്തുരുത്തിന്റെ പ്രത്യേകത എന്താണ്?
ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. വേമ്പനാട് കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്.
∙തെങ്ങുകളും ഉൾനാടൻ ഗ്രാമവും ചേരുന്ന കേരളീയമായ പ്രകൃതി സൗന്ദര്യത്താൽ ശ്രദ്ധേയമായ ഈ സ്ഥലം നാഷനൽ ജ്യോഗ്രഫിക് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ ഫീച്ചറിലൂടെ രാജ്യാന്തരശ്രദ്ധ പിടിച്ചു പറ്റി.
∙ഇപ്പോഴും മോട്ടോർ വാഹനങ്ങൾ എത്തിച്ചേരാത്ത ഈ തുരുത്തിലേക്ക് കടത്തു കടന്നു മാത്രമേ ചെല്ലാനാകൂ. ആലപ്പുഴയിൽ നിന്നു ദേശീയ പാതയിൽ എരമല്ലൂർ എത്തി അവിടെ നിന്ന് ഒരു കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ച ശേഷം കടത്തു കടന്ന് കാക്കത്തുരുത്തിൽ എത്താം.
∙മുൻകാലങ്ങളിൽ കാക്കകൾ ചേക്കേറാൻ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു ഇവിടം എന്നാണ് പറയപ്പെടുന്നത്. ഇന്നൊരു ജനവാസമേഖലയായ ഇവിടെ മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്നു.
∙ഏതാണ്ട് മൂന്നു കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ. എങ്കിലും ഹരിതാഭമായ ഒരു ഗ്രാമാന്തരീക്ഷമാണ് ദ്വീപിനുള്ളിൽ ലഭിക്കുക. ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീൻപിടിത്തവും ഇവിടം സജീവമാക്കുന്നു. നീലപ്പൂവുകളണിഞ്ഞു നിൽക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ സാന്നിധ്യമറിയിക്കുന്ന പക്ഷികളും ഈ തുരുത്തിന്റെ കാഴ്ചകള്‍ക്കു മാറ്റു കൂട്ടുന്നു.
∙പ്രശാന്തമായ ഇവിടത്തെ സൂര്യാസ്തമനമാണ് ലോകശ്രദ്ധയാകർഷിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണത്തിനും അനുയോജ്യമാണിവിടം.
∙കാക്കത്തുരുത്തിലേക്ക് പാലം പണിയാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.