വെറുതെയിരിക്കുമ്പോൾ ഒരു യാത്രപോകാം. ബൈക്കിൽ ആവശ്യത്തിന് പെട്രോളും കയ്യിലൊരു ക്യാമറയും വേണമെങ്കിൽ ഇത്തിരി ഭക്ഷണവും എടുത്തൊരു പോക്ക്. പറ്റിയൊരു കമ്പനിയും ഉണ്ടെങ്കിൽ ബെസ്റ്റ്. ഒരൊറ്റ യാത്ര കൊണ്ട് മനസ്സു നിറയെ ഊർജവുമായി തിരിച്ചെത്താം.

 കാടുകയറി കന്നട നാട്ടിലേക്ക്

ഗുണ്ടൽപേട്ടയിലേയ്ക്കൊന്നു പോകാം. കോഴിക്കോട്-ബെംഗളൂരു ദേശീയപാതയിലൂടെ  കർണാടകയിലേക്ക് കടക്കാം. രാത്രിയാത്രാനിരോധനം കഴിഞ്ഞ് ആറുമണിക്കാണ് പാത തുറക്കുന്നത്. അതിനാൽ രാവിലെ തന്നെ പോകാം.

ബത്തേരിയിൽ നിന്ന് ആവശ്യത്തിന് പെട്രോൾ നിറച്ചോളൂ. ഇനി വനമേഖലയാണ്. മൂലങ്കാവ്, നായ്ക്കട്ടി, മുത്തങ്ങ, പൊൻകുഴി വഴിയിങ്ങനെ പോകാം. പൊൻകുഴിയിൽ വേണമെങ്കിൽ ഇത്തിരി വിശ്രമിക്കാം.

വേണമെങ്കിൽ കടുപ്പത്തിലൊരു ചായ ആകാം. വനത്തോടു ചേർന്ന യാത്രയാണ് വഴിയിൽ മാനിനെ കാണാം.. മയിലിനെ കാണാം.. മലയണ്ണാൻ ചിലയ്ക്കുന്നതു കേൾക്കാം. റോഡരികിൽ ആനയുണ്ടാകാം. ആനയെക്കണ്ട് സെൽഫിയെടുക്കാനും മതിവരുവോളം ഫോട്ടോയെടുക്കാനും നിൽക്കുന്നത് അബദ്ധമാണ്.

മണ്ണിന്റെ മണമുള്ളനാട്ടിൽ

കാടുകയറി കന്നട നാട്ടിലേക്ക് ഓരോ സീസണിലും ഓരോ വിളകളാണ് കർണ്ണാടക മണ്ണിലേക്ക് വേരോടുന്നത്. മാറിവരുന്ന കൃഷിയിൽ നിന്നാണ് ഇവരുടെ വരുമാനം വിളവെടുത്ത ഉളളി തരംതിരിക്കുകയാണ് ഇവർ.

കർണാടകയിലെ മൂലഹൊള മുതൽ മദ്ദൂർവരെ വനപാതയാണ്. റോഡിൽ നിരവധി വരമ്പുകൾ ഉള്ളത് സൂക്ഷിക്കണം. മദൂർ ചെക്ക്പോസ്റ്റ് കടന്നാൽ ഗുണ്ടൽപേട്ടയായി. ശരിക്കും മറ്റൊരു ലോകം. പൂപ്പാടങ്ങളും പച്ചക്കറിപ്പാടങ്ങളും കാളവണ്ടികളും കൃഷിയും അധ്വാനിക്കുന്ന കർഷകരുമുള്ളൊരു നാട്.

കേരളത്തിന്റെ ഗ്രാമങ്ങളെപ്പോലെയല്ല കർണാടക ഗ്രാമങ്ങൾ. കേരളം കഴിയുന്നതോടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മണ്ണിലും മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരിലും പ്രതിഫലിക്കുന്നു. ഓരോ സീസണിലും ഓരോ വിളകളാണ് കർണ്ണാടക മണ്ണിലേക്ക് വേരോടുന്നത്. മാറിവരുന്ന കൃഷിയിൽ നിന്നാണ് ഇവരുടെ വരുമാനം. വിളവെടുത്ത ഉളളി തരംതിരിക്കുകയാണ് ഇവർ.

ഗുണ്ടൽപേട്ടയിലെ കാഴ്ചകൾ

സീസണുകളിൽ സൂര്യകാന്തിപ്പാടങ്ങൾ, ചെണ്ടുമല്ലിപ്പാടങ്ങൾ എന്നിവ കാണാം. കേരളത്തിലെ ഓണത്തിനുള്ള പൂക്കൾ ഇവിടെ നിന്നാണു വരുന്നത്.

ഏക്കറുകണക്കിന് പരന്നുകിടക്കുന്ന വയലുകളിൽ പലയിടത്തായി മരങ്ങൾ കാണാം. ഈ മരത്തണലിൽ ഇരുന്നാണ് ആളുകൾ ആടിനെയും പശുക്കളെയും മേയ്ക്കുന്നത്

∙ കോളിഫ്ലവർ മുതൽ ഉള്ളി വരെ എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. ഫാം ഫ്രഷ് പച്ചക്കറികൾ വിൽക്കുന്ന കടകൾ ഉണ്ട്. വാഹനത്തിൽ പോകുമ്പോൾ ചെറിയ കുട്ടികൾ കവറുകളിലാക്കി തങ്ങളുടെ കൃഷിയിടത്തിലെ ഉൽപന്നങ്ങൾ വിൽക്കാനിറങ്ങും. അവർക്കത് ചെറിയ പോക്കറ്റ് മണിയാണ്. വിവരസാങ്കേതിക വിദ്യയുടെ കാലത്തും ഇവിടുത്തെയാളുകളെത്തേടി കത്തുകൾ വരുന്നു. കടയോടു ചേർന്നു സ്ഥാപിച്ച പോസ്റ്റ്ബോക്സ്.

∙ മുത്താറി, കടല, ചെറുപയർ, ഉഴുന്ന് തുടങ്ങി കർഷകർ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ വഴിയോരത്ത് വിൽക്കുന്നുണ്ടാകും.

∙ തണ്ണിമത്തൻ, പപ്പായ തുടങ്ങി മധുരമേറിയ പഴങ്ങൾ വഴിയോരത്ത് കാണാം.

യന്ത്രവൽക്കരണത്തിൻെറ കാലത്തും കൃഷിക്കും യാത്രയ്ക്കും കാളവണ്ടിപോലെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നവരാണ് പലരും

∙ ഇപ്പോഴും കാർഷികമേഖലയിലെ പഴയ കാഴ്ചകൾ ഇവിടെ കാണാം. കാളവണ്ടിയും കലപ്പയുമെല്ലാം.

ഏക്കറുകണക്കിന് പരന്നുകിടക്കുന്ന വയലുകളിൽ പലയിടത്തായി മരങ്ങൾ കാണാം. ഈ മരത്തണലിൽ ഇരുന്നാണ് ആളുകൾ ആടിനെയും പശുക്കളെയും മേയ്ക്കുന്നത്.

∙ പഴയ രീതിയിലുള്ള കർണാടക വീടുകൾ.

∙ ഗോപാൽസാമിബേട്ട്, മുതുമല വന്യജീവിസങ്കേതം തുടങ്ങി അധികം ദൂരത്തിലല്ലാതെ ടൂറിസം സങ്കേതങ്ങളുണ്ട്.

∙ മൃഗപരിപാലനമാണ് പ്രധാനവരുമാനം. അങ്കളയെന്ന ഗ്രാമത്തിൽ ജനസംഖ്യയുടെ നാലിരട്ടിയാണ്  നാൽക്കാലികൾ.