ഇവിടങ്ങളിലൊക്കെയാണ് ലൂസിഫർ പിറന്നത്
Mail This Article
ലൂസിഫർ എന്ന ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തിൽ അഭിനന്ദിച്ച അണിയറപ്രവർത്തകരിൽ ഒരാളാണ് സുജിത് വാസുദേവ്. മനോഹരമായ കാഴ്ചകൾ സമ്മാനിച്ച സിനിമയുടെ ജീവനായായിരുന്നു സുജിത്ത് വാസുദേവിന്റെ ക്യാമറ. അതുകൊണ്ടുതന്നെയാകണം സിനിമ കണ്ടിറങ്ങിയവരെല്ലാം ഏറ്റവും കൂടുതൽ തിരഞ്ഞത് ലൂസിഫർ ചിത്രീകരിച്ച ലൊക്കേഷനുകളാണ്. അതിസുന്ദരമായ കാഴ്ചകളൊരുക്കിയ അവയെല്ലാം പല ചിത്രങ്ങളിൽ കണ്ടു പരിചയിച്ചവയെങ്കിലും വ്യത്യസ്തമായ കോണുകളിലൂടെ ചിത്രീകരിക്കപ്പെട്ടപ്പോൾ പുത്തൻ അനുഭവങ്ങളാണ് ആസ്വാദകർക്കു ലഭിച്ചത്. ഏതൊക്കെയായിരുന്നു ലൂസിഫറിന്റെ ലൊക്കേഷനുകൾ എന്നറിയേണ്ടേ?
അമ്മച്ചി കൊട്ടാരം
ചിത്രത്തിൽ പൂട്ടിയിട്ടിരിക്കുന്ന ഗോഡൗൺ ആയി ചിത്രീകരിച്ചിരിക്കുന്നതു കുറെയേറെ മലയാള ചിത്രങ്ങൾക്ക് വേദിയായ അമ്മച്ചി കൊട്ടാരമാണ്. അമ്മച്ചി കൊട്ടാരം ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സ്ഥിതി ചെയ്യുന്നത്. അമ്മച്ചിക്കൊട്ടാരത്തിനു ഏകദേശം 210 വർഷത്തോളം പ്രായമുണ്ട്. തിരുവിതാംകൂർ രാജാവിന്റെ വേനൽക്കാല വസതിയായിരുന്നു ഇവിടം. ഭരണാധികാരികളുടെ ഭാര്യമാരെ 'അമ്മച്ചി' എന്നാണ് അക്കാലങ്ങളിൽ ബഹുമാനപൂർവ്വം വിളിച്ചിരുന്നത്. അങ്ങനെയാണ് കൊട്ടാരത്തിനു അമ്മച്ചി കൊട്ടാരമെന്ന പേരുവന്നത്.
പകലുകളിൽ മഞ്ഞുമൂടിയും ചെറുമഴത്തുള്ളികളാൽ പുണർന്നും സ്വീകരിക്കുന്ന പ്രകൃതിയാണ് കുട്ടിക്കാനത്തേത്. നട്ടുച്ച നേരത്തും മഞ്ഞിൽ പാതി മറഞ്ഞു നിൽക്കുന്ന ഈ കൊട്ടാരം, കാഴ്ചക്കാരിൽ ചിത്രകഥകളിലെ ഭൂതത്താൻ കോട്ടയെ അനുസ്മരിപ്പിക്കും. ജെ.ഡി.മൺറോ എന്ന വിദേശിയാണ് ഈ കൊട്ടാരം നിർമിച്ചതെന്ന് പറയപ്പെടുന്നു. കേരളീയ വാസ്തു ശില്പ ശൈലിയിൽ പണിതിരിക്കുന്ന ഈ കൊട്ടാരക്കെട്ടിന്റെ അകത്തളങ്ങൾക്കു വിദേശ നിർമിതിയുടെ മുഖഛായ നൽകിയിട്ടുണ്ട്. കൊട്ടാരത്തിന്റെ മച്ചുകൾ മരപലകകളാൽ നിർമിച്ചതാണ്. നിലത്തിനു ഭംഗിയേകിയിരിക്കുന്നതു തറയോടുകളാണ്. വിദേശ നിർമിത വിളക്കുകൾ, ബാത്റൂം ഉത്പന്നങ്ങള്‍, ടൈലുകൾ തുടങ്ങി അക്കാലത്തു ലഭ്യമായ മുന്തിയ സാമഗ്രികൾ എല്ലാം തന്നെ ഈ കൊട്ടാര നിർമിതിക്ക് ഉപയോഗിച്ചിട്ടുണ്ട്.
നാലുപുറവും നീളൻ വരാന്തയും നടുമുറ്റവും കിടപ്പുമുറിയോടു ചേർന്ന് ശുചിമുറികളും വിശാലമായ സ്വീകരണ മുറിയും ഭോജനശാലയും അടുക്കളയുമെല്ലാം രാജകീയമായി തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. പ്രധാനമായും രണ്ടു ഹാളുകൾ മൂന്നു ശയന മുറികളും അടുക്കള കൂടാതെ രണ്ടു ഇടനാഴികളുമുണ്ട്. ഇതിൽ ഒരു ഇടനാഴി കൊട്ടാരം സേവകർക്കു കൊട്ടാരത്തിന്റെ വിവിധഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ളതായിരുന്നുവെന്നു കരുതപ്പെടുന്നു. മറ്റൊരു ഭൂഗർഭപാത പീരുമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ളതാണ്.
ഇരുപത്തിയഞ്ചു ഏക്കറിലാണ് അമ്മച്ചി കൊട്ടാരം നിലനിൽക്കുന്നത്. സംരക്ഷണത്തിൽ സംഭവിച്ച വീഴ്ചകൾ ചെറുതല്ലാത്ത രീതിയിൽ ഈ കൊട്ടാരത്തെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ കൈകളിലാണ് ഇന്ന് കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. കുട്ടിക്കാനത്തു നിന്നും കഷ്ടി ഒന്നര കിലോമീറ്റർ ദൂരം മാത്രമേ ഈ കൊട്ടാരവളപ്പിലേക്കുള്ളൂ.
കനകക്കുന്ന് കൊട്ടാരം
ലൂസിഫറിൽ ഗൗരവമേറിയ പല രാഷ്ട്രീയ ചർച്ചകൾക്കും തീരുമാനങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന പ്രമുഖന്റെ ഭവനമായി ചിത്രീകരിച്ചിരിക്കുന്നതു കനകക്കുന്ന് കൊട്ടാരമാണ്. തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന കനകക്കുന്ന് കൊട്ടാരം തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ നിർമിച്ചതാണെന്നാണ് കരുതപ്പെടുന്നത്. യുവരാജാക്കന്മാർക്കു താമസിക്കാനായി നിർമിച്ച കൊട്ടാരം പിന്നീട് വിദേശികൾക്കും ആതിഥ്യമരുളി.
നിരവധി ചിത്രങ്ങളും പെയിന്റിങ്ങുകളും ആരെയും ആകർഷിക്കുന്ന വാസ്തുവിദ്യയുമൊക്കെ കനകക്കുന്ന് കൊട്ടാരത്തിലെ കാഴ്ചകളാണ്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 800 മീറ്റർ മാറി, നേപ്പിയർ മ്യൂസിയത്തിനു സമീപത്തായാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പല സാംസ്കാരികപരിപാടികളുടെയും വേദിയാകുന്ന നിശാഗന്ധി ഓഡിറ്റോറിയവും സൂര്യകാന്തി ഓഡിറ്റോറിയവും ഈ കൊട്ടാരവളപ്പിനുള്ളിലാണ്.
ചെങ്കര ബംഗ്ലാവ്
ചിത്രത്തിലുടനീളമുണ്ട് നായകനായ സ്റ്റീഫൻ നെടുമ്പള്ളിയുടെ വസതി. ഇടുക്കി, ഏലപ്പാറയിൽ സ്ഥിതി ചെയ്യുന്ന ചെങ്കര ബംഗ്ലാവാണ് നായകന്റെ ഭവനവും അഗതിമന്ദിരവുമായി ചിത്രീകരിച്ചിരിക്കുന്നത്.
ആഢ്യത്വം നിറഞ്ഞു നിൽക്കുന്ന പഴയ നിർമ്മിതിയ്ക്കു പാശ്ചാത്യ മുഖവും കൂടി നൽകിയപ്പോൾ നായകനൊപ്പം തന്നെ കസറുന്നുണ്ട് ലൂസിഫറിലെ ഈ ഭവനം. നടുമുറ്റവും വീടിനു ചുറ്റുമുള്ള വരാന്തയുമൊക്കെ ബംഗ്ലാവിനു പ്രൗഢിയുടെ പുതിയ മാനങ്ങൾ നൽകുന്നു.