വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാൽ സമ്പന്നമാണ് കേരളം. താഴ്്വാരങ്ങളും കായലും കടൽതീരങ്ങളും ഹൗസ് ബോട്ടുകളും എണ്ണമറ്റ ക്ഷേത്രങ്ങളും ആയുര്‍വേദ ചികിത്സകളും‍ എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം പാകത്തിന് കോര്‍ത്തിണക്കിയ കൊച്ചു കേരളം. മലയാളം മലയാളികളുടേതാണെങ്കിലും കേരളത്തിലെ കാഴ്ചകൾ സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് ഒരുപോലെ പ്രിയങ്കരമാണ്. വൈവിധ്യങ്ങളുടെ കലവറയായ കേരളം ലോകസഞ്ചാരികളുടെ പറുദീസയാണ്. വിദേശ സഞ്ചാരികളുടെ ഇടയിൽ ഏറേ പ്രശസ്തി നേടിയ ആലപ്പുഴ പട്ടണത്തിലെ ചില കാഴ്ചകളിലേക്ക്.

ആലപ്പുഴ ബീച്ചും ഹൗസ്ബോട്ട് യാത്രയും

കിഴക്കിന്റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായൽത്തീ‌രങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രയോന്നോ, കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതകളാണ്.

കായല്‍പ്പരപ്പില്‍  അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്. ഒാളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. ആലപ്പുഴയിലെ പതിവുകാഴ്ചയാണ് വിനോദസഞ്ചാരികളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. മറ്റൊരു പ്രധാന ആകര്‍ഷണം കെട്ടുവള്ളങ്ങളില്‍ കിട്ടുന്ന രൂചിയൂറും വിഭവങ്ങളാണ്. കായലില്‍ നിന്നും ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ചു പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ വെള്ളമൂറിയ്ക്കുന്ന പലരുചികളും കെട്ടുവള്ളങ്ങളില്‍ സുലഭം.

ആലപ്പുഴ ബീച്ച്

ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടൽപ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ ഭംഗിയും തിരമാലകള‌െ തഴുകി വീശുന്ന കാറ്റും കടലോരത്തിന്റ സൗന്ദര്യം പതിന്മടങ്ങാകുന്നു. കാറ്റിന്റ ദിശയിൽ മൂക്കിലേക്ക് ബജ്ജിയുടെയും ചന മസാലയുടെയും ഗന്ധം തുളച്ചുക്കയറും. കുപ്പി ഭരണികളിൽ തിങ്ങിനിറച്ചിരിക്കുന്ന ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും എന്നു വേണ്ട സകലതും രുചിയിലൂടെ അമ്പരപ്പിക്കുന്നു. കായലോര യാത്രയിലൂടെയും ബീച്ച് സൗന്ദര്യം ആസ്വദിക്കാം.

പാതിരാമണൽ

പലവർണങ്ങള്‍ നിറഞ്ഞ നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലമാണ് വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന പാതിരമണൽ എന്ന ചെറു ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. പ്രശസ്തിയിലേക്ക് ഉയര്‍ന്ന ടൂറിസ്റ്റ് കേന്ദ്രം ക‌ൂടിയാണിത്. പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ ഇൗ പ്രദേശം വിനോദസഞ്ചാരികളുടെ ഒഴുക്കുകൂട്ടുന്നു. കായിപ്പുറം ജെട്ടിക്ക് കിഴക്കും കുമരകത്തിനു പടിഞ്ഞാറുമായാണ് പാതിരാമണലിന്റെ സ്ഥാനം. കായൽ യാത്രയിൽ മനോഹര ദ്വീപ് ആരെയും ആകർഷിക്കും.

കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചും കണ്ടൽ ചെടികളോടും കാട്ടു വള്ളികളോടും ചേർന്ന് നിൽക്കുന്ന കാഴ്ചയുടെ മനോഹാരിത ആസ്വദിച്ചും ഇൗ പച്ചതുരുത്തിലേക്ക് കടന്നു ചെല്ലാം. ബോട്ട് സവാരിയിലൂടെ മാത്രമേ പാതിരമണൽ ദ്വീപിലേക്ക് എത്തിചേരുവാന്‍ സാധിക്കൂ. കായല്‍ യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും പച്ചവിരിച്ച സൗന്ദര്യ കാഴ്ചകളോട് പറ്റിയ ഇടമാണിവിടം.

എങ്ങനെ എത്താം

ആലപ്പുഴയിൽനിന്നു തണ്ണീർമുക്കം റോഡിൽ 15 കിലോമീറ്റർ സഞ്ചരിച്ചാൽ കായിപ്പുറം ജെട്ടിയായി. ചേർത്തല–തണ്ണീർമുക്കം വഴി 13 കിലോമീറ്റർ യാത്ര ചെയ്താലും കായിപ്പുറത്തെത്തും. കായിപ്പുറത്തുനിന്നു ബോട്ടിൽ അര മണിക്കൂർ യാത്ര ചെയ്താൽ പാതിരാമണലിലെത്തും. കുമരകം, കായിപ്പുറം ജെട്ടി എന്നിവിടങ്ങളിൽ നിന്നു മോട്ടോർ ബോട്ടുകളും സ്പീഡ് ബോട്ടുകളും ലഭിക്കും.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്ന്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്.

പാര്‍ത്ഥസാരഥി സങ്കൽപ്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത്. അമ്പലപ്പുഴ ഉണ്ണികണ്ണന്റ കാണാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്. കലാപരമായും സാംസ്‌കാരികമായും ചരിത്രപരമായും നിരവധി സംഭവങ്ങൾക്കു സാക്ഷ്യംവഹിച്ച ക്ഷേത്രമാണിത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി മഹോത്സവവും ഇവിടെ ഗംഭീരമായി ആഘോഷിക്കുന്നു. ഭഗവാന്റെ അവതാരമുഹൂർത്തം കഴിയുമ്പോൾ ഉണ്ണിയപ്പം നിവേദിക്കാറുണ്ട്. പാൽപ്പായസം പോലെതന്നെ വൈശിഷ്ട്യമുള്ളതാണ് ഇവിടത്തെ ഉണ്ണിയപ്പവും.

മാരാരി ബീച്ച്

കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് മാരാരിക്കുളത്തെ മാരാരി ബീച്ച്. ആലപ്പുഴ നഗരത്തിൽ നിന്നും 11 കിലോമീറ്റർ ദൂരം താണ്ടിയാൽ മാരാരി ബീച്ചില്‍ എത്താം. ഒരു റിസോർട്ട് ബീച്ചാണിത്. കടലിനഭിമുഖമായി നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകൾ ഇവിടുത്തെ പ്രധാന ആകർഷണം. താരതമ്യേന തിരക്കുകുറഞ്ഞ ബീച്ചായതുകൊണ്ട് സഞ്ചാരികള്‍ക്ക് നന്നായി  അസ്തമയം കാഴ്ചകൾ  ആസ്വദിയ്ക്കാം. ഭക്ഷ്യവിഭവങ്ങൾ രുചിയ്ക്കാനും പറ്റിയ സ്ഥലമാണ് മാരാരിക്കുളം. റോഡുമാർഗ്ഗവും റെയിൽ മാർഗ്ഗവുമെല്ലാം അനായാസം എത്തിച്ചേരാവുന്ന സ്ഥലമാണ് മാരാരിക്കുളം. എല്ലാ കാലാവസ്ഥയിലും സന്ദർശനം നടത്താവുന്ന സ്ഥലമാണ് ഇവിടം. എങ്കിലും  സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം ശീതകാലം തന്നെയാണ്.

കൃഷ്ണപുരം കൊട്ടാരം

കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ടതാണ് കായംകുളം. കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ആലപ്പുഴ നിന്നു 47 കിലോമീറ്റർ പിന്നിട്ടാൽ കൃഷ്ണപുരം കൊട്ടാരത്തിൽ എത്തി ചേരാം. കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് കൊട്ടാരം .സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. അമൂല്യ പുരാവസ്തുശേഖരങ്ങള്‍ ഉള്ള ഒരു മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്. കേരളീയ വാസ്തുശില്‍പ രീതിയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലുപ്പമേറിയ ചുവർചിത്രമായ ‘ഗജേന്ദ്രമോക്ഷം’ ഈ കൊട്ടാരത്തിലാണ്. മനോഹരമായ പൂന്തോട്ടം, ചുവര്‍ചിത്രം എന്നിവ സന്ദര്‍ശകരെ കാത്തിരിക്കുന്നു. രാവിലെ 9.30 മുതൽ വൈകിട്ട് 4.30വരെയാണ് പ്രവേശനം. തിങ്കളാഴ്ചകളിലും ദേശീയ പൊതുഅവധി ദിവസങ്ങളിലും പ്രവേശനമില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT