ഒരു കണ്ണാടിയുടെ മുകളിലൂടെ നടക്കുന്ന കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, പേടി തോന്നുന്നുണ്ടല്ലേ? അതെങ്ങാനും പൊട്ടി പോകുമോയെന്ന ഭയം, പൊട്ടി പോയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിന്നും താഴെ വീഴുമെന്ന കാര്യം ഉറപ്പാണ്. താഴെ എത്തുന്നതിനു മുൻപ് എന്തായാലും ആളിന്റ കഥ കഴിഞ്ഞിരിക്കും. ഇങ്ങനെ ഇത്ര പേടിച്ചു ആരെങ്കിലും കണ്ണാടിയിലൂടെ നടക്കുമോ! നേരെ വയനാട്ടിലേക്ക് വിട്ടോളൂ,അവിടെയുണ്ട്  കണ്ണാടിപാലം സൂപ്പറാ.

വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട്  സഞ്ചാരികൾക്കായി പുതിയ  ആകർഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികൾക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയിൽ ആദ്യമായി ഇതാ സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാൽ ആസ്വദിക്കാം. 2016 ൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ  ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഇൗ അദ്ഭുതം സഞ്ചാരികൾ അറിഞ്ഞു വരുന്നതേയുള്ളൂ.  വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഇൗ കണ്ണാടിപാലം. മേപ്പടിയിൽ നിന്നും വെറും 13 കിലോമീറ്റർ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറിൽ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പിൽ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഇൗ കാണ്ണാടിപ്പാലവും.

കണ്ണാടിപാലത്തിലൂടെയുള്ള നടത്തം ശരിക്കും വിസ്മയിപ്പിക്കും. മലമുകളിലെ കിടുക്കൻ വ്യൂ ആസ്വദിക്കാം. ഏകദേശം നൂറടിയോളം ഉയരത്തിലാണ് ഇൗ പാലം നിലകൊള്ളുന്നത്. സഞ്ചാരികൾക്ക് ദൃശ്യവിസ്മയമായാണ് ഇൗ കണ്ണാടിപാലം ഒരുക്കിയിരിക്കുന്നത്. ഇൗ പാലം സ്വകാര്യ വ്യക്തിയുടെതാണ്. കണ്ണാടിപാലത്തിന്റെ നിർമിതിക്കാവശ്യമായ ഫൈബർഗ്ലാസ് ഉൾപ്പടെ സകലതും ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.  ഒരേ സമയം മൂന്നോ നാലോ ആളുകളെ മാത്രമേ ഈ പാലത്തിലൂടെ നടക്കാൻ അനുവദിക്കുള്ളൂ. പൊട്ടിപോകാത്ത, മികച്ച ബലം അവകാശപ്പെടാൻ കഴിയുന്ന ഗ്ലാസുകൊണ്ടാണ് നിർമ്മാണം. കണ്ണാടിപാലത്തിലെ നടത്തിന് ഒരാൾക്ക് 100 രൂപയാണ് ഫീസ്.

കണ്ണാടിപാലത്തിലൂടെയുള്ള നടത്തം ശരിക്കും പേടിക്കും. നടക്കുന്ന വഴിയ്ക്ക് ഒന്ന് താഴേയ്ക്ക് നോക്കിപ്പോയാൽ ആരും ഭയന്നുപോകും. പാലത്തിനു താഴെ കാടാണ്. മുകളിത്തെ കാഴ്ചയാണ് ശരിക്കും അടിപൊളി. വാക്കുകളിൽ വർണിക്കാനാവാത്ത മനോഹാരിതയാണ് ആ കാഴ്ചയ്ക്ക്. അത് അനുഭവിച്ച് തന്നെയറിയണം. കണ്ണാടിപാലത്തിലൂടെ നടക്കാൻ റെഡിയല്ലേ?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT