പോത്തിറച്ചി ചീനച്ചട്ടിയിൽ വറ്റിച്ചത്, കോഴി വെളുത്തുള്ളി കാച്ചിയത്, മൺകുടുക്ക ബിരിയാണി, പാത്തുമ്മാന്റ കോഴിക്കറി, പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചത്, കിഴികെട്ടിയ കോഴി, മുട്ടമാല എന്നിങ്ങനെ പേരിൽ വിസ്മയിപ്പിക്കുന്ന വിഭവങ്ങളുമായി എറണാകുളത്തെ തക്കാരം. പേരിൽ മാത്രമല്ല രുചിയിലും കേമനാണ്. മലബാർ സ്പെഷ്യൽ വിഭവങ്ങളുമായി എറണാകുളം വൈറ്റില ഗോൾഡ് സൂക്കിന് എതിർവശത്താണ് വിഭവങ്ങളുടെ അതിശയലോകം.

മലബാറിന്റ തനതു രുചിയിൽ തക്കാരം കണ്ണൂരിൽ പ്രസിദ്ധമായതോടെ തക്കാരത്തിന്റ രുചിവൈവിധ്യങ്ങൾ കേരളത്തിലെ മറ്റു ഇടങ്ങളിലേയ്ക്കും വ്യാപിച്ചു. പരമ്പരാഗത രുചിവൈവിധ്യങ്ങൾ ഒത്തിണക്കി വർഷങ്ങളുടെ പാരമ്പര്യമുള്ള തളിപറമ്പിന്റ മണ്ണിൽ നിന്നാണ് തക്കാരത്തിന്റ ജൈത്രയാത്ര ആരംഭിക്കുന്നത്. ഭക്ഷണപ്രിയരുടെ ആവശ്യം കണക്കിലെടുത്ത് ബ്ലൂസ്റ്റാർ പ്രൊപ്പറൈറ്റർ മുഹമ്മദ് ഷിഹാബ് ഇബ്രാഹിം, ഇൗറ്റിശ്ശേരി ഷാനവാസ്, പാഥേയം രമേശ്, മുട്ടോത്തി അബ്ദുള്ള ഇവരുടെ കൂട്ടായ്മയുടെ ആശയമാണ് എറണാകുളത്തെ തക്കാരത്തിന്റ പിറവിക്കു പിന്നിൽ.

വിശാലമായ ഇരിപ്പിടങ്ങളോടുകൂടിയ അടിപൊളി റെസ്റ്ററന്റ്.  ചുവരുകളിലെ എഴുത്തുകളും ചിത്രക്കലകളും ആരെയും ആകർഷിക്കും. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തക്കാരത്തിന്റ ചരിത്രം ചുവരുകളിൽ നിന്നും വായിച്ചറിയാം. പഴമയും പുതുമയും കോർത്തിണക്കിയ റെസ്റ്ററന്റ്. തക്കാരത്തിൽ എത്തുന്നവരെ അതിശയിപ്പിക്കുന്നത് വിഭവങ്ങളുടെ മെനുവാണ്. പേരിന്റ പുതുമയിൽ ഏത് വിഭവം ഒാർഡര്‍ ചെയ്യണമെന്ന സംശയമാണ് മിക്കവർക്കും. എല്ലാ വിഭവങ്ങളും എപ്പോഴും റെഡിയാണ്. തനിനാടൻ രുചികൂട്ട് മുതൽ ചൈനീസ് വിഭവങ്ങളും തക്കാരത്തിൽ കിട്ടും.

തക്കാരം സ്പെഷ്യൽ

സ്പെഷ്യല്‍ െഎറ്റം ഒരുപാടുണ്ടെങ്കിലും രുചിയറിഞ്ഞ ഭക്ഷണപ്രിയർ ഒാര്‍ഡർ ചെയ്യുന്നത് പോത്തിറച്ചി ചീനിച്ചട്ടിയിൽ വറ്റിച്ചത്, കോഴി വെളുത്തുള്ളി കാച്ചിയത്, മൺകുടുക്ക ബിരിയാണി, പാത്തുമ്മാന്റ കോഴിക്കറി, പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചത്, കിഴികെട്ടിയ കോഴി തുടങ്ങിയവയാണ്. ഇരുമ്പു ചീനിച്ചട്ടിയിൽ മസാലകൂട്ടുകളും സവാളയും ചേർത്ത് കട്ടിയായ ഗ്രേവിയിൽ തയാറാക്കുന്നതാണ് പോത്തിറച്ചി ചീനിച്ചട്ടിയിൽ വറ്റിച്ചത്.

കോഴി വെളുത്തുള്ളി കാച്ചിയതും പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചതും

ചിക്കൻ വിഭവങ്ങൾ പലതരമുണ്ട്. വെളുത്തുള്ളിയുടെയും സവാളയുടെയും മണവും രുചിയും ഒരുമിക്കുന്ന ചിക്കന് പ്രത്യേക സ്വാദാണ്. ചിക്കന്റ മറ്റൊരു െഎറ്റമാണ് കോഴി പച്ചമുളകിട്ടത്. കാഴ്ചയില്‍ മപ്പാസിന്റ നിറമാണെങ്കിലും നല്ല എരിവുള്ള പച്ചമുളകും പുതിനയിലയും അരച്ചുചേർത്ത് തയാറാക്കുന്നതാണ് കോഴി പച്ചമുളകിട്ടത്. തക്കാരത്തിലെ സൂപ്പർ സ്പെഷ്യൽ െഎറ്റമാണ് പാത്തുമ്മാന്റ കോഴിക്കറി. തനിനാടന്‍ രുചികൂട്ടിൽ തയാറാക്കുന്ന വിഭവം. തക്കാളിയും ഉരുളൻകിഴങ്ങും മറ്റു ചേരുവകളും ഒരുമിക്കുന്ന രുചി. അതാണ്  പാത്തുമ്മാന്റ കോഴിക്കറി.

ആവോലി, ചെമ്പല്ലി, നെയ്മീൻ തുടങ്ങിയ മീനുകൾ മുറിച്ചുമാറ്റാതെ കഴുകി വ‍ൃത്തിയാക്കി മുഴുവനോടെ മസാലകള്‍ പുരട്ടി ചുട്ടെടുക്കും ശേഷം മറ്റു ചേരുവകളും ചേർത്ത് കുറുക്കിയെടുക്കുന്ന വിഭവമാണ് പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചത്. ഇതിന് തക്കാരത്തിൽ വൻ ഡിമാന്റാണ്. തക്കാരത്തിന്റ രുചി കടൽ കടന്നും എത്തിയിരിക്കുന്നു. ദുബായിലും തിരുവനന്തപുരത്തും എറണാകുളത്തും തക്കാരം നല്ലരീതിയിൽ തുടർന്നുവരുന്നു.