ഇലമർമരങ്ങളുടെ ഉദ്യാനം
കോഴിക്കോട്∙ പൂവിടുന്ന ഏറ്റവും ചെറിയ സസ്യമായ കടുകുപച്ച മുതൽ കൂറ്റൻ കൈതോലക്കൂട്ടംവരെ.. ആമ്പലുകളൊരുക്കുന്ന നിത്യവസന്തവും ആനത്താമരയിലയുടെ പെരുപ്പവും കണ്ട് ജലസസ്യങ്ങൾക്കിടയിലൂടെ രസികനൊരു നടപ്പാണ് കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ ‘ഹൈലൈറ്റ്’. അൽസ്ഹൈമേഴ്സ് രോഗ ഗവേഷണങ്ങളിൽ പുതുപ്രതീക്ഷയായ ഉത്തര
കോഴിക്കോട്∙ പൂവിടുന്ന ഏറ്റവും ചെറിയ സസ്യമായ കടുകുപച്ച മുതൽ കൂറ്റൻ കൈതോലക്കൂട്ടംവരെ.. ആമ്പലുകളൊരുക്കുന്ന നിത്യവസന്തവും ആനത്താമരയിലയുടെ പെരുപ്പവും കണ്ട് ജലസസ്യങ്ങൾക്കിടയിലൂടെ രസികനൊരു നടപ്പാണ് കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ ‘ഹൈലൈറ്റ്’. അൽസ്ഹൈമേഴ്സ് രോഗ ഗവേഷണങ്ങളിൽ പുതുപ്രതീക്ഷയായ ഉത്തര
കോഴിക്കോട്∙ പൂവിടുന്ന ഏറ്റവും ചെറിയ സസ്യമായ കടുകുപച്ച മുതൽ കൂറ്റൻ കൈതോലക്കൂട്ടംവരെ.. ആമ്പലുകളൊരുക്കുന്ന നിത്യവസന്തവും ആനത്താമരയിലയുടെ പെരുപ്പവും കണ്ട് ജലസസ്യങ്ങൾക്കിടയിലൂടെ രസികനൊരു നടപ്പാണ് കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ ‘ഹൈലൈറ്റ്’. അൽസ്ഹൈമേഴ്സ് രോഗ ഗവേഷണങ്ങളിൽ പുതുപ്രതീക്ഷയായ ഉത്തര
കോഴിക്കോട്∙ പൂവിടുന്ന ഏറ്റവും ചെറിയ സസ്യമായ കടുകുപച്ച മുതൽ കൂറ്റൻ കൈതോലക്കൂട്ടം വരെ.. ആമ്പലുകളൊരുക്കുന്ന നിത്യവസന്തവും ആനത്താമരയിലയുടെ പെരുപ്പവും കണ്ട് ജലസസ്യങ്ങൾക്കിടയിലൂടെ രസികനൊരു നടപ്പാണ് കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ ‘ഹൈലൈറ്റ്’. അൽസ്ഹൈമേഴ്സ് രോഗ ഗവേഷണങ്ങളിൽ പുതുപ്രതീക്ഷയായ ഉത്തര മലബാറുകാരൻ ക്രൈനം മലബാറിക്കമുൾപ്പെടെ അപൂർവ ഇനങ്ങൾ വേറെ.. ജലസസ്യ വൈവിധ്യത്തിൽ ഇതിനെ വെല്ലാൻ ദക്ഷിണ പൂർവ ഏഷ്യയിൽത്തന്നെ മറ്റൊരുദ്യാനമില്ല.
പതിനായിരത്തിലേറെ ചെടികൾക്കൊണ്ട് 60 ഏക്കറിൽ വനഭംഗിയൊരുക്കുന്ന മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസിന്റെ ‘സ്പെഷലൈസേഷൻ’ ജലസസ്യങ്ങളിലാണ്. ഇന്ത്യയിൽ ആകെ കാണപ്പെടുന്ന 800 ഇനം ജലസസ്യങ്ങളിൽ അറുനൂറും ഇവിടെയുണ്ട്. കടുകിനെക്കാൾ കുഞ്ഞനായ കടുകുപച്ച പൂവിട്ടുകഴിഞ്ഞാൽ ജലോപരിതലം മുഴുവൻ മഞ്ഞരാശിയായി. കാസർകോട്, കണ്ണൂർ ജില്ലകളിൽ കാണപ്പെടുന്ന ക്രൈനം മലബാറിക്കത്തെ മാടായിപ്പാറയിൽനിന്നാണ് ഇവിടെയെത്തിച്ചത്.
ഗൈഡിനു പകരം ക്യുആർ കോഡ്
പ്രവേശന കവാടത്തിനു മുന്നിൽത്തന്നെയുള്ള അക്വാട്ടിക് ബയോപാർക്ക് കണ്ടു തീർന്നാൽ ഉദ്യാനത്തിലേക്ക് ഒന്നരക്കിലോമീറ്റർ നീളുന്ന നടപ്പു തുടങ്ങാം. കാണുന്ന ഓരോ സസ്യത്തിന്റെയും വിശദ വിവരങ്ങൾ ഗൈഡിന്റെ സഹായമില്ലാതെ അറിയാൻ കഴിയുന്ന ക്യുആർ കോഡ് സംവിധാനം ഏറെ ഫലപ്രദം. ചെടികളുടെ സമീപത്തെ പേരെഴുതിയ ബോർഡുകളിൽ കാണുന്ന ക്യുആർ കോഡ് ഫോണിൽ സ്കാൻ ചെയ്താൽ വിശദ വിവരങ്ങളുള്ള പേജിലെത്താം.
ആളനക്കം തീരെ കുറവുള്ള ഉദ്യാനത്തിലെങ്ങും പക്ഷികളുടെ അരങ്ങാണ്. വയനാട് സ്വദേശിയായ വിദ്യാർഥി ഗവേഷണത്തിന്റെ ഭാഗമായി കണക്കെടുത്തപ്പോഴാണ് ഇവിടുത്തെ പക്ഷികളുടെ വൈവിധ്യം അധികൃതർപോലും തിരിച്ചറിഞ്ഞത്. ഇപ്പോൾ പ്രഭാതങ്ങളിൽ പക്ഷിനിരീക്ഷണത്തിന് സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ്.
അദ്ഭുത ഇഞ്ചികളുടെ ജിഞ്ചർ ഹൗസ്
അടുത്തിടെ തുറന്ന ‘ജിഞ്ചർ ഹൗസി’ൽ പലതരം ഇഞ്ചികളുടെ വൈവിധ്യലോകം കാത്തിരിക്കുന്നു. കറി വയ്ക്കുന്നതു കൂടാതെ പൂവിടുന്നതും ഔഷധ പ്രാധാന്യമുള്ളതും ഇലഭംഗികൊണ്ട് അലങ്കാരമൊരുക്കുന്നതുമൊക്കെയായി നൂറുകണക്കിനു വരും ഇഞ്ചിക്കുടുംബത്തിന്റെ അംഗബലം. ഇഞ്ചിയും വാഴയും മഞ്ഞളുമെല്ലാം ഉൾപ്പെടുന്ന സിഞ്ചിബെറേൽസ് ഓർഡറിൽപ്പെട്ട 450 ഇനം ചെടികളെ ഭംഗിയായി പരിപാലിക്കുന്നുണ്ടിവിടെ.
ഹെൻഡ്രിക് വാൻറീഡും ഇട്ടി അച്യുതൻ വൈദ്യരും ചേർന്ന് പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ തയാറാക്കിയ ‘ഹോർത്തൂസ് മലബാറിക്കസി’നുള്ള സമർപ്പണമാണ് ‘ഹോർത്തൂസ് വാലി’. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ച എഴുന്നൂറോളം സസ്യങ്ങളിൽ ഒട്ടുമിക്കവയും ഈ ഉദ്യാനത്തിലുണ്ട്.
143 തരം പന്നൽച്ചെടികളുടെ സംരക്ഷണ കേന്ദ്രമാണ് മറ്റൊരാകർഷണം. കൂറ്റൻ അക്വാപോണിക്സ് കുളത്തിൽ ചിത്രലാട ഇനം മീനുകൾ തുടിക്കുന്നു. ഇൻഡോർ ചെടികളുടെ തരംഗത്തിനും മുൻപേ ആയിരങ്ങൾ വിലയുള്ള അഗ്ലോണിമയിലും പിങ്ക് പ്രിൻസസിലുമെല്ലാം പരീക്ഷണങ്ങൾ നടത്തി തെളിഞ്ഞ നഴ്സറിയും നെപ്പന്തസ്, വീനസ് ഫ്ലൈട്രാപ്പ് തുടങ്ങിയ ഭീകരൻ ഇരപിടിയൻ ചെടികളുടെ കാർണിവോറസ് ഹൗസുമെല്ലാം കൗതുകമൊരുക്കി കാത്തിരിപ്പാണ്.
ഗാർഡനിങ് പഠിക്കാൻ പോരൂ..
ചെടിവളർത്താൻ താൽപര്യമുള്ളവർക്ക് പോട്ടിങ് മിക്സ് തയാറാക്കുന്നതുമുതൽ ബഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് തുടങ്ങിയ വളർത്തുരീതികളിലും കീടരോഗ നിവാരണത്തിലും ലാൻഡ്സ്കേപ്പിങ്ങിലുമെല്ലാം പരിശീലനം നൽകാൻ ഇവിടുത്തെ വിദഗ്ധ സംഘം തയാർ. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഇത്തരം പരിശീലന പരിപാടിയൊരുക്കുന്നുണ്ട്. ഒരു ഗ്രൂപ്പായി പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ രണ്ടു പകലും ഒരു രാത്രിയും താമസിച്ച് പരിശീലനം നേടാനുള്ള പാക്കേജുകളും ഒരുക്കും. കോളജുകളിൽനിന്നെത്തുന്ന ശാസ്ത്ര വിദ്യാർഥികൾക്കായി അക്കാദമിക് അറ്റാച്ച്മെന്റ് പ്രോഗ്രാമുകൾ തുടങ്ങിയെങ്കിലും ലോക്ഡൗണിനെ തുടർന്ന് നിശ്ചലമാവുകയായിരുന്നു. അടുത്ത അധ്യയന വർഷത്തോടെ ഇതു വീണ്ടും തുടങ്ങാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഇവിടെ നഴ്സറിയിൽ തയാറാക്കുന്ന ചെടികൾ വിൽക്കാനുള്ള കൗണ്ടർ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സയൻസ് സെന്ററിൽ അടുത്ത മാസത്തോടെ വിൽപന കൗണ്ടർ തുടങ്ങുന്നതോടെ വൻ വിൽപനയാണ് പ്രതീക്ഷിക്കുന്നത്.
അഗ്ലോണിമ സ്റ്റ്യുവർട്ട്
‘ബെംഗളൂരുവിലെ നഴ്സറികളിൽ പോയി അഗ്ലോണിമ സ്റ്റ്യുവർട്ട് എന്നു പറഞ്ഞാൽ ഈ ചെടി എടുത്തുതരും. ഞാൻ രൂപപ്പെടുത്തിയെടുത്ത ഈ ഇനം എന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്’– തിരുവനന്തപുരം സ്വദേശിയായ ഉദ്യാനപാലകൻ സ്റ്റ്യുവർട്ടിന്റെ അവകാശവാദം ശരിവച്ച് സഹപ്രവർത്തകർ. ആയിരങ്ങൾ വിലയുള്ള അഗ്ലോണിമ ഇനങ്ങളിൽ സ്റ്റ്യുവർട്ട് ചേട്ടന്റെ ചെടി നന്നായി പന്തലിച്ച് വേറിട്ടുനിൽക്കുന്നു. 7500 രൂപ വിലയുള്ള ഫ്ലൂട്ടോ മുതൽ വീടിനകത്ത് സർവസാധാരണമായ മണിപ്ലാന്റുകൾ വരെയായി വൻ വൈവിധ്യമുണ്ട് നഴ്സറിക്ക്.
കാണാതെ പോകുന്നഹരിതവിസ്മയം
ആഴ്ചയിൽ 7 ദിവസവും രാവിലെ 10 മുതൽ പ്രവേശനമുള്ള ഉദ്യാനത്തിൽ നേരിയ തോതിലെങ്കിലും ആളനക്കമുള്ളത് വൈകിട്ട് 4 മുതൽ 6 വരെയാണ്. നഗരത്തിരക്കിൽനിന്ന് വെറും 15 മിനിറ്റ് അകലെ പൊക്കുന്നിൽ ഗുരുവായൂരപ്പൻ കോളജിനു സമീപം സ്ഥിതിചെയ്യുന്ന ബൊട്ടാണിക്കൽ ഗാർഡനിൽ ഇതുവരെ നഗരവാസികളുടെ പോലും കണ്ണ് കാര്യമായി പതിഞ്ഞിട്ടില്ല. ലോക്ഡൗൺ കാലത്ത് പൂർത്തിയാക്കിയ പുതിയ ഒട്ടേറെ സൗകര്യങ്ങളുമായി കഴിഞ്ഞ 26ന് തുറന്ന ഗാർഡനിൽ ഗവേഷകരും വിദ്യാർഥികളുമൊഴികെ സന്ദർശകർ തീരെ കുറവ്.
മൊളിക്യുലാർ ബയോളജി ഗവേഷണവുമായി ബന്ധപ്പെട്ട അത്യാധുനിക യന്ത്രങ്ങളോടെയുള്ള ലാബ് സൗകര്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള മലബാർ ബൊട്ടാണിക്കൽ ഗാർഡൻ നേരിടുന്ന പ്രധാന പ്രതിസന്ധി സ്ഥിരം ജീവനക്കാരുടെ ക്ഷാമമാണ്. അടിസ്ഥാന സൗകര്യ വികസനവും ഗവേഷണത്തിനുൾപ്പെടെ ഒട്ടേറെ പദ്ധതികളും നടപ്പാക്കിയെങ്കിലും സ്ഥിരം ഡയറക്ടർ ഉൾപ്പെടെയുള്ള തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് പ്രതിബന്ധമാകുന്നുണ്ട്.
English Summary: Malabar Botanical Garden And Institute For Plant Sciences