നമ്പര് 20 മദ്രാസ് മെയിൽ’ എന്തുകൊണ്ട് ഷൊർണൂരിൽ ഷൂട്ട് ചെയ്തു? ചില അറിയാക്കഥകൾ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...ഒരു നിമിഷം പോലും പാഴാക്കാതെ ഉയരുന്ന ശബ്ദം ഇന്നു കേട്ടത് നാലോ അഞ്ചോ വട്ടം മാത്രം. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീളൻ വരിയിൽ അക്ഷമയോടെ നിൽക്കുന്ന യാത്രക്കാരുടെ നിരയില്ല. കൈവീശി ചിരിച്ചും കണ്ണീർ വാർത്തും യാത്രയയക്കാൻ എത്തുന്നവരുടെ ശബ്ദം നേരത്തെ തന്നെ ഏതോ മൗനത്തിൽ ലയിച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...ഒരു നിമിഷം പോലും പാഴാക്കാതെ ഉയരുന്ന ശബ്ദം ഇന്നു കേട്ടത് നാലോ അഞ്ചോ വട്ടം മാത്രം. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീളൻ വരിയിൽ അക്ഷമയോടെ നിൽക്കുന്ന യാത്രക്കാരുടെ നിരയില്ല. കൈവീശി ചിരിച്ചും കണ്ണീർ വാർത്തും യാത്രയയക്കാൻ എത്തുന്നവരുടെ ശബ്ദം നേരത്തെ തന്നെ ഏതോ മൗനത്തിൽ ലയിച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...ഒരു നിമിഷം പോലും പാഴാക്കാതെ ഉയരുന്ന ശബ്ദം ഇന്നു കേട്ടത് നാലോ അഞ്ചോ വട്ടം മാത്രം. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീളൻ വരിയിൽ അക്ഷമയോടെ നിൽക്കുന്ന യാത്രക്കാരുടെ നിരയില്ല. കൈവീശി ചിരിച്ചും കണ്ണീർ വാർത്തും യാത്രയയക്കാൻ എത്തുന്നവരുടെ ശബ്ദം നേരത്തെ തന്നെ ഏതോ മൗനത്തിൽ ലയിച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഒരു നിമിഷം പോലും പാഴാക്കാതെ ഉയരുന്ന ശബ്ദം ഇന്നു കേട്ടത് നാലോ അഞ്ചോ വട്ടം മാത്രം. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നീളൻ വരിയിൽ അക്ഷമയോടെ നിൽക്കുന്ന യാത്രക്കാരുടെ നിരയില്ല. കൈവീശി ചിരിച്ചും കണ്ണീർ വാർത്തും യാത്രയയക്കാൻ എത്തുന്നവരുടെ ശബ്ദം നേരത്തെ തന്നെ ഏതോ മൗനത്തിൽ ലയിച്ചു. ചായയും ലഘു ഭക്ഷണവുമായി യാത്രക്കാർക്കരികിൽ, ട്രെയിനിന്റെ ജനൽ ചേർത്തു നിർത്തുന്ന ട്രോളികൾ പ്ലാറ്റ്ഫോമിന്റെ ഏതോ കോണിൽ വിശ്രമത്തിലാണ്.
മഞ്ഞ പ്രതലത്തിലെ കറുത്ത അക്ഷരത്തിൽ തെളിഞ്ഞ് നിൽക്കുന്ന ഷൊർണൂർ ജംക്‌ഷൻ എന്ന വായനയ്ക്ക് പോലും പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. വീണ്ടും യാത്രക്കാരുടെ കലപിലകൾക്കായി കാതോർക്കുന്നുണ്ട് റെയിൽവേ സ്റ്റേഷൻ. ഒരു നൂറ്റാണ്ടിലേറെയായി ഷൊർണൂർ ജംക്‌ഷനും ട്രെയിനുകളും നിലനിർത്തിയ നൈരന്തര്യം മുറിഞ്ഞ് പോയത് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് മാത്രമാണ്. പിന്നെ സ്പെഷൽ ട്രെയിനുകളുടെ വരവിൽ പതിയെ വീണ്ടെടുത്ത കുതിപ്പ് ഇപ്പോൾ വീണ്ടും നേർത്ത്.. നേർത്ത്...
ട്രെയിനുകൾ ഉണ്ടാക്കിയ പട്ടണമാണു ഷൊർണൂർ. മലബാറിൽ നിന്നു കൊച്ചിയിലേക്കുള്ള ജംക്‌ഷൻ. ട്രെയിൻ പുഴ കടന്നാൽ കൊച്ചിയിലെത്തി. റോഡിലെ പാലത്തിനു കൊച്ചിപ്പാലം എന്നു പേര്. ഭാരതപ്പുഴയിൽ മുഖംപൊത്തി കിടക്കുന്നുണ്ടു പഴയ കൊച്ചിപ്പാലം.
റയിൽവേ സ്റ്റേഷനെ ചുറ്റിപ്പറ്റിയാണു ഇവിടെ പല നാട്ടിൽ നിന്നു ജനങ്ങളെത്തിയത്. ഇവിടെ വ്യവസായത്തെ വളർത്തിയതും റെയിൽവേ തന്നെ. അതിരുകൾ അവസാനിക്കാത്ത ഇടമായിരുന്നു റെയിൽവേ ഭൂപടത്തിൽ ഷൊർണൂർ. നീണ്ടും വളഞ്ഞും കിടക്കുന്ന ലോഹപാളങ്ങൾ അതിരില്ലാതെ നിരന്നു കിടന്നപ്പോൾ സംസ്ഥാനങ്ങൾക്കിടയിലെ അതിർത്തികൾ മായ്ച്ചു ട്രെയിനുകൾ ഓടി. പ്രതീക്ഷകളും സ്വപ്നങ്ങളും ജയാരവങ്ങളും പരാജയത്തിന്റെ ഒറ്റപ്പെടലുമൊക്കെയായി അതിൽ കുറേ മനുഷ്യരും.
യാത്രകളിൽ ലക്ഷ്യത്തിലേക്കടുത്തവരും അടർന്നവരുമുണ്ട്. ചിലർ ചരിത്രത്തിന്റെ തന്നെ ഭാഗവുമായി. ഷൊർണൂരിൽ നിന്നു തലസ്ഥാനത്തേക്കു ട്രെയിൻ കയറി മുഖ്യമന്ത്രിമാരായി മടങ്ങിയെത്തിയവരിൽ ഇഎംഎസ് നമ്പൂതിരിപ്പാടും ഇ.കെ. നായനാരും കെ. കരുണാകരനുമൊക്കെയുണ്ട്. നാലാൾ അറിയാത്തവരായി ഇവിടെ വന്നു മടങ്ങിയവർ മലയാളത്തിലെ മുൻനിര ചലച്ചിത്ര നായകരായി നാടിനപ്പുറത്തേക്കും വളർന്നു.
മൂന്നു ദിശകളിലേക്കു നീണ്ടു കിടക്കുന്ന പാളങ്ങളിൽ പ്രതാപത്തിന്റെ പോയ കാലം പോലെ ഇനിയും ചക്രങ്ങളുരുളും. പ്ലാറ്റ്ഫോമുകളിൽ പുരുഷാരം നിറയും. യാത്രകൾ അവസാനിക്കുന്നില്ല...
ട്രെയിൻ വന്നു, ഷൊർണൂർ ഷെഫീൽഡായി
കൽക്കരിയുടെ കനൽക്കരുത്തിൽ പുക തുപ്പിയെത്തിയ പഴമയിലെ തീവണ്ടി മാറ്റി മറിച്ചത് ഷൊർണൂരിന്റെ വർത്തമാന കാലത്തിനൊപ്പം ഭാവിയുമായിരുന്നു. രാജ്യത്ത് ആദ്യമായി ട്രെയിൻ ഓടിയതിന് ഏഴു വർഷം പൂർത്തിയായ നാളിൽ ഷൊർണൂരിൽ റെയിൽവേ എത്തി. പോത്തനൂർ–പട്ടാമ്പി പാതയിൽ 1862 ഏപ്രിൽ 14ന് ഷൊർണൂർ സ്പർശിച്ച് ആദ്യ യാത്രാ ട്രെയിൻ ഓടി. ഷൊർണൂർ–കൊച്ചി പാതയിൽ 1902 ജൂലൈ ആറിന് ട്രെയിൻ സർവീസ് തുടങ്ങി. വടക്കോട്ട് ഇൗ പാത മംഗളൂരു വരെ നീളുന്നത് 1904ലാണ്. മൂന്നു ദിശകളിലേക്കും ട്രെയിൻ ഓടിക്കാവുന്ന ഇൗ സ്വാഭാവിക യാത്രാ ത്രികോണത്തിന് അങ്ങനെ ജംക്‌ഷൻ എന്ന പെരുമ വന്നു. കേരളത്തിലെ ആദ്യ റെയിൽവേ ജംക്‌ഷൻ.
1919ൽ നിലമ്പൂർ റോഡ് വരെയുള്ള പാത വന്നതോടെ നാലാമത്തെ വഴി കൂടി ഷൊർണൂരിൽ നിന്നു തുറന്നു. കേരളത്തിലെ ഷെഫീൽഡ് എന്നാണു ഷൊർണൂരിലെ ചെറുകിട ഇരുമ്പ് വ്യവസായ മേഖല ഇന്നും അറിയപ്പെടുന്നത്. അക്കാലത്തെ ഇംഗ്ലണ്ടിലെ ഷെഫീൽഡ് എന്ന ഉരുക്ക് വ്യവസായനഗരത്തോടു ഷൊർണൂരിനെ താരതമ്യപ്പെടുത്തിയ പ്രതാപ മുദ്ര.
വ്യവസായ മേഖലയുടെ അസംസ്കൃത വസ്തുവായ പഴയ റെയിലും മറ്റും എളുപ്പത്തിൽ ആദ്യ കാലത്തു ലഭ്യമായിരുന്നു. അതാണ് ഇവിടത്തെ ഇരുമ്പു വ്യവസായത്തെ വളർത്തിയത്. ചെറുകിട, കുടിൽ വ്യവസായമായി വളർന്ന മേഖല രാജ്യവ്യാപകമായി തന്നെ വിപണി നേടി. ഷൊർണൂർ നിർമിത ഇരുമ്പ് ഉൽപ്പന്നങ്ങൾ പരമ്പരാഗത തൊഴിലാളികളുടെ കൈപ്പുണ്യവും മികച്ച താപപരിചരണവും കൊണ്ടു കാർഷികോപകരണങ്ങളുടെ വിപണിയിൽ വളർച്ച നേടി. പൊതുമേഖലയിൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസും ഇവിടെ സ്ഥാപിച്ചു.
പാഴായ പ്രതീക്ഷ, മങ്ങുന്ന പ്രതാപം
റെയിൽവേ എൻജിനുകളുടേയും ബോഗികളുടേയും അറ്റകുറ്റപ്പണി നിർവഹിക്കുന്നതിന് ആയിരത്തോളം തൊഴിലാളികളുള്ള ലോക്കോഷെഡ് അന്നു ഷൊർണൂരിലുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ. ഭാവിയിൽ ഇതു കോച്ച് ഫാക്ടറിയായി പരിണമിക്കുമെന്നു വിശ്വസിച്ചിരുന്ന കാലം. പക്ഷേ എൺപതുകളിൽ ലോക്കോഷെഡിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി. ഫലത്തിൽ ഷെഡ് തന്നെ നിർത്തിയ അവസ്ഥയായി.
ഷൊർണൂർ ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ റെയിൽ അകലത്തിലുള്ള ത്രികോണാകൃതിയിലുള്ള പ്രദേശത്ത് ട്രയാംഗുലർ സ്റ്റേഷൻ എന്ന സ്വപ്നത്തിന്റെ വിത്തു ബ്രിട്ടീഷ് റെയിൽവേയുടെ കാലത്തു തന്നെ മുളച്ചിരുന്നു. പക്ഷേ പിന്നീട് ഇതിനു തുടർനടപടികളുണ്ടായില്ല. ഏതാനും കിലോമീറ്റർ മാത്രം അകലെ ഭാരതപ്പുഴയെന്ന പേരിൽ പുതിയ റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചു. ട്രയാംഗുലർ സ്റ്റേഷന്റെ അതേ ഗുണം ലഭിക്കുമെന്നായിരുന്നു വാഗാദാനം. ഐലന്റ് എക്സ്പ്രസിനും മറ്റും സ്റ്റോപ്പുണ്ടായിരുന്ന ഭാരതപ്പുഴ സ്റ്റേഷൻ പിന്നീട് നിർത്തലാക്കുകയായിരുന്നു.
സ്വാമി വിവേകാനന്ദൻ നട്ട ആൽമരം
1892 നവംബർ 27നായിരുന്നു അത്. മലയാള നാടിന്റെ നവോഥാനത്തിനുള്ള ആഹ്വാനം തന്നെയായ ആ യാത്ര തുടങ്ങിയതു ഷൊർണൂരിൽ നിന്നായിരുന്നു. പിൽക്കാലത്ത് സ്വാമി വിവേകാനന്ദന്റെ യാത്രയെ കേരള പര്യടനം എന്ന് ചരിത്രം രേഖപ്പെടുത്തി. മൂന്നായി കിടന്ന മലയാള നാട്ടിലൂടെ വിവേകാനന്ദൻ നടത്തിയ ആ യാത്രയിലാണ് ജാതീയ ഉച്ചനീചത്വങ്ങളുടെ മുഖത്തു നോക്കി കേരളം ഒരു ഭ്രാന്താലയമാണെന്നു സ്വാമി പറഞ്ഞത്. തമിഴ്നാട്ടിൽ നിന്നു വന്നു ഷൊർണൂരിൽ ട്രെയിൻ ഇറങ്ങിയായിരുന്നു കൊച്ചിയിലേക്കുള്ള സ്വാമിയുടെ പര്യടനം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹം പ്രഭാഷണം നടത്തി. യാത്രയുടെ ഓർമ്മയ്ക്ക് അന്നു സ്വാമി വിവേകാനന്ദൻ വച്ചു പിടിപ്പിച്ചതെന്നു വിശ്വസിച്ച് പോരുന്ന ആൽവൃക്ഷത്തിന്റെ പുതുനാമ്പ് വൻമരമായി ഇന്നും ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലുണ്ട്.
സിനിമകളിലെ ഷൊർണൂർ
∙ ചട്ടക്കാരി
കൽക്കരി എൻജിനുകളുടെ കാലത്തെ ഷൊർണൂരിന്റെ ചിത്രം കാണാം കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1974ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന സിനിമയിൽ.
ചട്ടക്കാരിയായ ജൂലിയായി ലക്ഷ്മിയും കാമുകൻ ശശിയായി മോഹൻ ശർമ്മയും നിറഞ്ഞ് നിന്ന ചിത്രം. ട്രെയിനുകൾ ഇൗ ചിത്രത്തിൽ പലപ്പോഴും ഒരു കഥാപാത്രം തന്നെയാണ്. ഒരു പാളത്തിൽ നിന്ന് എതിർദിശയിലേക്കു ട്രെയിൻ മാറുന്നത് ഉൾപ്പെടെയുള്ള അക്കാലത്തെ സാങ്കേതികവിദ്യയുടെ സൂക്ഷ്മാംശങ്ങൾ പോലും ഛായാഗ്രാഹകൻ ബാലുമഹേന്ദ്ര ഒപ്പിയെടുത്തു.
∙ കരിപുരണ്ട ജീവിതങ്ങൾ
അക്ഷരാർഥം എടുത്താൽ സാധാരണ റെയിൽ ജീവനക്കാരുടെ ജീവിതം എന്നും കരിവേഷമായിരുന്നു. ട്രെയിനുകളുടെ അറ്റകുറ്റപ്പണിശാലയായ അന്നത്തെ ലോക്കോ ഷെഡിൽ പണികഴിഞ്ഞ് കരിഓയിലും ഗ്രീസും പുരണ്ട കാക്കി വസ്ത്രങ്ങളുമായി പുറത്തിറങ്ങുന്ന തൊഴിലാളികളുടെ ചിത്രം തന്നെയായിരുന്നു ഷൊർണൂരിൽ എൻജിനുകൾക്കൊപ്പം ചേർത്തു വയ്ക്കാവുന്നത്.
എന്നാൽ കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമ പറഞ്ഞത് കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് വിധി തട്ടിത്തെറിപ്പിച്ച കറുപ്പായിരുന്നു. ജെ.ശശികുമാർ സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ കരിപുരണ്ട ജീവിതങ്ങൾ പ്രേനസീർ, ജയൻ, ബാലൻ കെ. നായർ തുടങ്ങിയവർ വേഷമിട്ട, റെയിൽവേ ജീവനക്കാരുടെ ജീവിതം പ്രമേയമാക്കിയ സിനിമയായിരുന്നു.
∙ പാളങ്ങൾ
റെയിൽവേ സ്റ്റേഷനും കൽക്കരി എൻജിനിലെ ഡ്രൈവറും അവരുടെ ക്വാർട്ടേഴ്സും കഥാപാത്രങ്ങളായ ഭരതൻ ചിത്രം. ജോൺ പോളിന്റെ രചനയിൽ 1981ൽ പുറത്തു വന്നു. ഭരത്ഗോപി, നെടുമുടി വേണു, സെറിനാ വഹാബ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി. ജോൺസൺ ഈണമിട്ട ‘ഏതോ ജന്മകൽപനയിൽ....’ ഇന്നും മലയാളത്തിലെ മനോഹരപ്രണയഗാനങ്ങളിൽ ഒന്നാണ്.ഷൊർണൂരിന്റെയും ഭാരതപ്പുഴയുടെയും മനോഹരചിത്രങ്ങൾ രാമചന്ദ്രൻ ബാബുവിന്റെ ക്യാമറ പകർത്തി വച്ചു.
∙ നമ്പർ 20 മദ്രാസ് മെയിൽ
സിനിമയുടെ കഥാഗതിയിൽ ട്രെയിൻ ഒരിക്കലും ഷൊർണൂർ സ്പർശിക്കുന്നില്ലങ്കിലും റെയിൽവേ രംഗങ്ങൾ മുഴുവൻ ചിത്രീകരിച്ചത് ഷൊർണൂരിലായിരുന്നു. ഒരു ട്രെയിൻ തന്നെ വാടകയ്ക്കെടുത്ത് ഷൊർണൂരിൽ നിന്ന് നിലമ്പൂർ റൂട്ടിലൂടെ സർവീസ് ഇല്ലാത്ത ഇടവേളകളിൽ ഓടിച്ചാണ് കോട്ടയം മുതൽ ചെന്നൈ വരെയുള്ള യാത്ര ചിത്രീകരിച്ചത്. രംഗങ്ങളുടെ സ്വാഭാവികതയ്ക്ക് വേണ്ടി ചെന്നൈ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്നുള്ള ഷോട്ടുകളും ഉൾപ്പെടുത്തി. ട്രെയിനലെ ലോക്കോ പൈലറ്റും ഗാർഡും മറ്റും റെയിൽവേ ജീവനക്കാർ തന്നെയായിരുന്നു. കാറ്ററിങ്ങ് ജീവനക്കാരും അന്നത്തെ റെയിൽവേ റിഫ്രഷ്മെന്റ് സ്റ്റാളുകളിലെ തൊഴിലാളികൾ തന്നെ. സ്റ്റേഷനിലെ തിരക്ക് തന്നെ പല രംഗങ്ങളിലും ഉപയോഗപ്പെടുത്താനുമായി.
ഷൊർണൂർ റെയിൽവേ പാലത്തെ സ്നേഹിച്ച ലോഹിതദാസ്
കഥാ സന്ദർഭത്തിൽ ട്രെയിനോ റെയിൽവേ സ്റ്റേഷനോ ഒരിക്കൽ പോലും കടന്നു വരുന്നില്ലെങ്കിലും സിനിമയുടെ ആദ്യ ഷോട്ട് പാലം കടന്നു വരുന്ന ട്രെയിനിൽ തൊട്ടു തുടങ്ങി ലോഹിതദാസ്. ലോഹിയുടെ സിനിമകളിലൂടെ, നിറഞ്ഞും മെലിഞ്ഞും ഒഴുകുന്ന പുഴയ്ക്ക് മീതേ ഏറെ ഉയരത്തിൽ രണ്ട് ഒറ്റവരി പാളങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ കാഴ്ചകൾ പ്രേക്ഷകർ കണ്ടു. പ്രഭാതത്തിലും മധ്യാഹനത്തിലും സായാഹ്നത്തിലുമൊക്കെ കടന്നു പോകുന്ന ട്രെയിനുകൾ കാഴ്ച്ചയുടെ വൈവിധ്യങ്ങളായി. സിനിമയിൽ ഷൊർണൂർ ജംക്‌ഷന് മുന്നിൽ ക്യാമറ വെച്ചവർ ഏറെയുണ്ട്. കാഴ്ച്ചകൾ പൂർണ്ണമായും ആവാഹിച്ചെടുത്ത സിനിമകളും ഇനിയുമേറെ.
English Summary: Memories of Shoranur Railway Station