പ്രളയം... കോവിഡ്... ലോക്ഡൗൺ; ഒടുവിൽ നാട്ടുകാർതന്നെ ‘കളറാക്കുന്ന’ കേരള ടൂറിസം!
തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജന്റിന് കേരളത്തിലെ ടൂർ പാക്കേജിന്റെ വിശദാംശങ്ങളറിയാൻ അടുത്തിടെ സ്പെയിനിൽനിന്ന് ഒരു വിളി വന്നു. ഏജന്റ് പാക്കേജിന്റെ വിശദാംശങ്ങളൊക്കെ പറഞ്ഞു, പരമാവധി ആനുകൂല്യവും വാഗ്ദാനം ചെയ്തു. വിളിച്ചയാൾ ആയുർവേദ സുഖചികിത്സക്കാണ് കേരളത്തിലെത്തുന്നത്. ചികിത്സിക്കുന്നിടത്ത്
തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജന്റിന് കേരളത്തിലെ ടൂർ പാക്കേജിന്റെ വിശദാംശങ്ങളറിയാൻ അടുത്തിടെ സ്പെയിനിൽനിന്ന് ഒരു വിളി വന്നു. ഏജന്റ് പാക്കേജിന്റെ വിശദാംശങ്ങളൊക്കെ പറഞ്ഞു, പരമാവധി ആനുകൂല്യവും വാഗ്ദാനം ചെയ്തു. വിളിച്ചയാൾ ആയുർവേദ സുഖചികിത്സക്കാണ് കേരളത്തിലെത്തുന്നത്. ചികിത്സിക്കുന്നിടത്ത്
തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജന്റിന് കേരളത്തിലെ ടൂർ പാക്കേജിന്റെ വിശദാംശങ്ങളറിയാൻ അടുത്തിടെ സ്പെയിനിൽനിന്ന് ഒരു വിളി വന്നു. ഏജന്റ് പാക്കേജിന്റെ വിശദാംശങ്ങളൊക്കെ പറഞ്ഞു, പരമാവധി ആനുകൂല്യവും വാഗ്ദാനം ചെയ്തു. വിളിച്ചയാൾ ആയുർവേദ സുഖചികിത്സക്കാണ് കേരളത്തിലെത്തുന്നത്. ചികിത്സിക്കുന്നിടത്ത്
തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജന്റിന് കേരളത്തിലെ ടൂർ പാക്കേജിന്റെ വിശദാംശങ്ങളറിയാൻ അടുത്തിടെ സ്പെയിനിൽനിന്ന് ഒരു വിളി വന്നു. ഏജന്റ് പാക്കേജിന്റെ വിശദാംശങ്ങളൊക്കെ പറഞ്ഞു, പരമാവധി ആനുകൂല്യവും വാഗ്ദാനം ചെയ്തു. വിളിച്ചയാൾ ആയുർവേദ സുഖചികിത്സക്കാണ് കേരളത്തിലെത്തുന്നത്. ചികിത്സിക്കുന്നിടത്ത് താമസിക്കേണ്ടാത്തതിനാൽ ഹോട്ടൽമുറിയും ബുക്ക് ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കു ശേഷം കേരളത്തിൽ കറങ്ങാനാണ് പ്ലാൻ. അതിന്റെ ഭാഗമായിരുന്നു ഏജന്റിനു വന്ന കോൾ. വിളിച്ചയാൾ പിന്നീടു ബന്ധപ്പെടാം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അയാൾ വീണ്ടും വിളിക്കുമോ എന്ന് ഏജന്റിന് സംശയമുണ്ട്. അതിനു കാരണവുമുണ്ട്. ഇപ്പോൾ ഹോട്ടൽമുറിയും യാത്രയ്ക്ക് വേണ്ട കാര്യങ്ങളുമൊക്കെ ഓൺലൈൻ വഴി ബുക്ക് ചെയ്യാമെന്നതു െകാണ്ടും താമസിക്കുന്ന ഹോട്ടലുകാർ തന്നെ കുറഞ്ഞ നിരക്കിൽ മറ്റു കാര്യങ്ങൾ ചെയ്തു കൊടുക്കും എന്നതു കൊണ്ടും അയാൾ ആ വഴി സ്വീകരിക്കാനാണ് സാധ്യത. കേരളത്തിലെ ടൂറിസം രംഗത്തുനിന്ന് ട്രാവൽ ഏജന്റുമാർ പതിയെ ഇല്ലാതാകുന്നു എന്ന യാഥാർഥ്യം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ടൂറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം നല്ലതും ഏജന്റുമാരെ സംബന്ധിച്ചിടത്തോളം മോശവുമാണ് അവസ്ഥ. ഈ മാറ്റം വന്നതാകട്ടെ, കോവിഡ് മഹാമാരിക്ക് ശേഷവും.
ഇനി ഇതിന്റെ മറ്റൊരു വശം നോക്കുക. കേരളത്തിലെ ഒരു പ്രമുഖ ഹോട്ടൽ/റിസോർട്ട് ശൃംഖലയുടെ ഉടമയുടെ വാക്കുകൾ ഇങ്ങനെ: ‘‘കോവിഡിനു മുമ്പ് ട്രാവൽ ഏജന്റുമാരുടെ ആധിപത്യമായിരുന്നു. എന്നാൽ ഇന്ന് അത് വലിയ തോതിൽ കുറഞ്ഞു. അവർ 10–20 ശതമാനം വരെ കമ്മിഷനാണ് എടുത്തിരുന്നത്. അല്ലെങ്കിൽ സ്പെഷൽ റേറ്റിനായിരിക്കും എടുക്കുക. എന്നാൽ ഇപ്പോൾ ബുക്കിങ്ങും മറ്റും ഓൺലൈനിൽ ആയതോടെ ആ കമ്പനികൾ 15–22 ശതമാനം വരെ കമ്മിഷൻ വാങ്ങുന്നു. ഇത്തരത്തിലുള്ള പ്രമുഖ വെബ്സൈറ്റിലൊക്കെ ഏറ്റവും മുന്നിൽ വരണമെങ്കിലോ നമ്മുടെ ഹോട്ടൽ പ്രധാന സജഷനായി കാണിക്കണമെങ്കിലോ ഒക്കെ മൂന്നു ശതമാനം തുക കൂടുതൽ കൊടുക്കണം. സ്ഥിരമായി ഇത്തരം സൈറ്റുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് സ്പെഷൽ നിരക്ക് കൊടുക്കും. അതും ഹോട്ടലുകാർ തന്നെ കൊടുക്കണം. 5000 രൂപയുടെ മുറിയാണ് ബുക്ക് ചെയ്യുന്നതെങ്കിൽ ഒറ്റയടിക്ക് 20 ശതമാനം പോകും. അതിന്റെ കൂടെ നികുതിയും. മുമ്പ് അത് ഏജന്റുമാർക്ക് ആയിരുന്നെങ്കിൽ ഇപ്പോൾ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കാണ് എന്ന വ്യത്യാസം മാത്രം. പ്രത്യേക പാക്കേജ് ഒക്കെ കൊണ്ടുവന്ന്, സ്പെഷൽ പദ്ധതികളൊക്കെ ആവിഷ്കരിച്ചാലേ ഏജന്റുമാർക്ക് ഇനി മുന്നോട്ടു പോകാൻ കഴിയൂ’.
∙ പ്രളയം, കോവിഡ് ലോക്ഡൗണ്‍
2018 ലെയും 2019 ലെയും വെള്ളപ്പൊക്കം–ഉരുൾപൊട്ടലുകൾ, 2020 ന്റെ തുടക്കം മുതൽ 2021 ന്റെ ഒടുക്കം വരെ സജീവവും ഇന്നും ഏറിയും കുറഞ്ഞും നിലനിൽക്കുന്നതുമായ കോവിഡ്–19 ഭീഷണി... ഇതിനൊക്കെ ഇടയിലും കേരളത്തിന്റെ ടൂറിസം മേഖല ഉണർന്നു വരുന്ന സമയമാണിത്. ടൂറിസ്റ്റുകൾ താമസ സ്ഥലം നേരിട്ടോ ഓൺലൈൻ സൈറ്റുകൾ വഴിയോ ബുക്ക് ചെയ്യുന്നതുപോലെയുള്ള മാറ്റങ്ങൾ അടക്കം, കോവിഡിനു ശേഷം കേരളത്തിലെ ടൂറിസം മേഖലയിൽ വലിയ പരിവർത്തനങ്ങൾ വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വളർച്ച.
ആഭ്യന്തര ടൂറിസം മേഖലയിൽ സർക്കാർ നിരവധി പദ്ധതികളും ഇതിനോടൊപ്പം നടപ്പാക്കുന്നുണ്ട്. കോവിഡിനു ശേഷം കേരളത്തിന്റെ ടൂറിസം മേഖലയും അതിന്റെ സ്വഭാവവും മാറുന്നതെങ്ങനെ? ഈ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഗുണപരവും അല്ലാത്തതുമായ പ്രത്യാഘാതങ്ങൾ എന്തൊക്കെ? ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലും സംസ്ഥാന സമ്പദ്‍വ്യവസ്ഥയുടെ നിർണായക കണ്ണി എന്ന നിലയിലും ഈ മാറ്റങ്ങൾ സുസ്ഥിരമാണോ? റിവഞ്ച് ടൂറിസവും ഉത്തരവാദിത്ത ടൂറിസവും എക്സ്പീരിയൻസ് ടൂറിസവും കോൺഷ്യസ്‍ ട്രാവലും തുടങ്ങി ലോകത്തിന്റെ മാറ്റങ്ങൾക്കൊത്ത് കേരളവും സഞ്ചരിക്കുമ്പോൾ എന്താണ് ഈ മേഖലയിലുള്ളവർക്ക് പറയാനുള്ളത്? പഴകിപ്പൊളിഞ്ഞ മുദ്രാവാക്യത്തിനു പകരം ‘ഗോഡ്സ് ഓൺ കൺട്രി വേർഷൻ ടു’ അവതരിപ്പിക്കാൻ സമയമായോ? എന്നുള്ള അന്വേഷണമാണ് ഈ പരമ്പര. അതിന്റെ ആദ്യഭാഗം.
∙ കാരവൻ ടൂറിസത്തിലൂടെ മുന്നോട്ട്
2022 ൽ യാത്ര ചെയ്യേണ്ട ലോകത്തെ പ്രശസ്തങ്ങളായ 50 ഇടങ്ങളുടെ പട്ടികയിൽ ടൈം മാഗസിൻ കേരളത്തെയും ഉൾപ്പെടുത്തിയത് അടുത്തിടെയാണ്. സംസ്ഥാന ടൂറിസം വകുപ്പ് അടുത്തിടെ മുൻകൈയെടുത്ത കാരവൻ ടൂറിസമായിരുന്നു ലോകത്തിന്റെ മുൻനിര ടൂറിസം ഭൂപടത്തിൽ ഉൾപ്പെടാൻ കേരളത്തെ സഹായിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്നു കരകയറാൻ ശ്രമിക്കുന്ന സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ വാർത്ത. കോവിഡിനു ശേഷം വിദേശ ടൂറിസ്റ്റുകൾ അകന്നു നിൽക്കുന്ന കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ ഇത് സഹായകമായേക്കുമെന്ന് ഈ മേഖലയിലുള്ളവർ പ്രത്യാശിച്ചു.
ഇപ്പോൾ ആഭ്യന്തര ടൂറിസ്റ്റുകളെ പൂർണമായി ആശ്രയിച്ചു നിൽക്കുന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലേക്ക് സെപ്റ്റംബർ ഒടുവിലോടെ വിദേശ ടൂറിസ്റ്റുകൾ കൂടുതലായി എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. കാരണം, ഒരു സമയത്ത് കേരള ടൂറിസത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിച്ചിരുന്ന വിദേശ ടൂറിസ്റ്റുകൾ ഇതുവരെ സംസ്ഥാനത്ത് കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല. സീസൺ എന്നു കരുതുന്ന സെപ്റ്റംബർ മുതൽ ജനുവരി വരെ എത്രത്തോളം വിദേശികൾ വരും എന്നതിലും ആർക്കും ഉറപ്പില്ല. വന്നാൽത്തന്നെയും അതു വളരെ കുറവായിരിക്കും എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതേസമയം മറ്റൊരു കാര്യം നടക്കുന്നുണ്ട്. വിദേശികളും ഇതര സംസ്ഥാനക്കാർ പോലും എത്താതിരുന്നിടത്ത് മലയാളികൾ തന്നെ യാത്ര ചെയ്ത് ടൂറിസം മേഖലയെ രക്ഷിച്ചെടുക്കുന്നു. കോവിഡ് ഭീഷണിക്ക് പിന്നാലെ രാജ്യം തുറന്നപ്പോൾ കേരളത്തിൽത്തന്നെ തലങ്ങും വിലങ്ങും യാത്ര ചെയ്ത മലയാളികൾക്കൊപ്പം ഇതര സംസ്ഥാനക്കാർ കൂടി എത്തിയതോടെ ടൂറിസം മേഖല കരകയറുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. എന്നാൽ ഇത് സുസ്ഥിരമാണോ എന്ന് സംശയിക്കുന്ന അനവധി പേരുണ്ട്. ആശങ്കകൾ ഉള്ളപ്പോൾ തന്നെ അവർക്ക് ശുഭപ്രതീക്ഷകളുമുണ്ട്.
‘രാജ്യാന്തര ടൂറിസം, ഇന്ത്യൻ ടൂറിസം എന്നിങ്ങനെയായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് ലോക്കൽ ടൂറിസമാണ്. കൊച്ചിക്കാർ കൊച്ചി കാണാൻ ഇറങ്ങുന്നു. കേരളത്തിലുള്ളവർ കേരളം കാണുന്നു. ഞങ്ങളുടെ അടക്കം സ്ഥാപനങ്ങളിൽ ഈ ലോക്കൽ ടൂറിസ്റ്റ്, അല്ലെങ്കിൽ ‘നെയ്ബർഹുഡ് ടൂറിസ്റ്റാ’ണ് ഏറ്റവും കൂടുതലെത്തുന്നത്. ഇത്രയും കൂടുതൽ പേരെ ഒരുകാലത്തും നമ്മൾ കണ്ടിട്ടില്ല. പട്ടണങ്ങളേക്കാൾ റിസോർട്ടുകളിലാണ് അവർ കൂടുതലായി എത്തുന്നത്. ആഴ്ചാവസാനങ്ങളിൽ റിസോർട്ടുകളും ഹോട്ടലുകളുമാക്കെ നിറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നും സഞ്ചാരികൾ വലിയ തോതിൽ വരുന്നുണ്ട്. ബെംഗളൂരുവിലെ ഐടി മേഖലയിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും സ്വന്തം വാഹനങ്ങളിൽ വരുന്നു. 3–4 ദിവസങ്ങൾ അല്ലെങ്കിൽ ഒരാഴ്ച ഇവിടെ കറങ്ങുന്നു. എവിടെയെങ്കിലും താമസിക്കുന്നു. അതൊരു ട്രെൻഡ് ആണ് ഇപ്പോൾ. ഇത് തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്’, സിജിഎച്ച് എർത്ത് ഗ്രൂപ്പ് സിഇഒ ജോസ് ഡൊമിനിക് അഭിപ്രായപ്പെടുന്നു.
∙ കൈവിടാതെ ‘ആഭ്യന്തര’ സഞ്ചാരികൾ
കോവിഡിനെ തുടർന്ന് രാജ്യം അടച്ചിട്ടപ്പോഴും യാത്രാനിയന്ത്രണങ്ങള്‍ മൂലം വിദേശ സഞ്ചാരികളുടെ വരവ് കുത്തനെ ഇടിഞ്ഞപ്പോഴും ആഭ്യന്തര സഞ്ചാരികൾ വലിയ ഒഴുക്കു തന്നെയാണ് സംസ്ഥാനത്തുണ്ടാക്കിയത് എന്നാണ് കണക്കുകൾ പറയുന്നത്. 2022 ജനുവരി മുതൽ കേരളത്തിലെത്തിയ വിദേശികളിൽ ഏറ്റവും കൂടുതൽ റഷ്യയിൽ നിന്നാണ്. എന്നാൽ പ്രതിരോധ കാര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ കണക്കിൽ എത്തിയവരാണ് ഇവരെന്നാണ് വിവരം. 8874 പേരാണ് റഷ്യയിൽനിന്ന് ആദ്യ മൂന്നു മാസങ്ങളിൽ കേരളം സന്ദർശിച്ചത്. രണ്ടാം സ്ഥാനത്ത് മാലദ്വീപാണ്– മൂന്നു മാസത്തിനിടയിൽ 7357 പേർ. അമേരിക്കയിൽനിന്ന് ഈ സമയത്ത് 4672 പേരും ഒമാനിൽനിന്ന് 1209 പേരും യുകെയിൽനിന്ന് 1172 പേരും കേരളത്തിലെത്തി.
ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും ടൂറിസം മേഖലയിലെ വിദഗ്ധർ പറയുന്നതനുസരിച്ച് ആദ്യ മൂന്നു മാസങ്ങളിലെത്തിയ അത്രയുമോ അല്ലെങ്കിൽ അതിൽ അധികമോ വിദേശികൾ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി എത്തിയിട്ടുണ്ട് എന്നാണ്. പക്ഷേ താഴെയുള്ള ഗ്രാഫിൽ കാണിച്ചിരിക്കുന്നതു പോലെ 2019 ൽ ആറു മാസത്തിൽ ആറു ലക്ഷത്തിനടുത്ത് വിദേശികൾ എത്തിയിടത്താണ് ഇത്തവണ അത് ഒരു ലക്ഷത്തിൽ താഴെയായത്.
ഈ സ്ഥാനത്താണ് ആഭ്യന്തര ടൂറിസ്റ്റുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ വൻ തകർച്ചയിൽനിന്ന് പിടിച്ചു നിർത്തുന്നത്. 37,94,814 പേരാണ് 2022 ലെ ആദ്യ മൂന്നു മാസത്തിൽ ടൂറിസ്റ്റുകളായി കേരളത്തിലെത്തിയത്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി 40 ലക്ഷത്തിനു മേൽ പേർ എത്തിയിട്ടുണ്ടെന്നാണ് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അവധിക്കാലം ആയതായിരുന്നു ഇതിന്റെ കാരണം. ആദ്യ മൂന്നു മാസം വിനോദ സഞ്ചാരം നടത്തിയ 38 ലക്ഷം പേരിൽ 30 ലക്ഷത്തോളം പേർ മലയാളികളായിരുന്നു. ഈ കാലയളവിൽ രണ്ടേമുക്കാൽ ലക്ഷം പേർ തമിഴ്നാട്ടിൽനിന്നു വന്നപ്പോൾ കർണാടകയിൽനിന്ന് 1.8 ലക്ഷവും മഹാരാഷ്ട്രയിൽനിന്ന് 1.1 ലക്ഷവും എത്തി. ആന്ധ്ര, ഡൽഹി, തെലങ്കാന, ഗുജറാത്ത്, യുപി, ബംഗാൾ, ലക്ഷദ്വീപ്, മധ്യപ്രദേശ് എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്കുകൾ.
ഈ സാമ്പത്തിക വർഷം ആദ്യ മൂന്നു മാസത്തിലെ കണക്കുകൾ അനുസരിച്ച് എറണാകുളം ജില്ലയാണ് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഈ കാലയളവിൽ 8,11,426 പേർ എറണാകുളം ജില്ലയിൽ എത്തിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് ആറു ലക്ഷം പേരും എത്തി. അടുത്ത സ്ഥാനങ്ങളിലുള്ള ഇടുക്കി– 5.11 ലക്ഷം, തൃശൂര്‍– 3.58 ലക്ഷം, വയനാട്– 3.10 ലക്ഷം എന്നിങ്ങനെയാണ് കണക്ക്. ജൂണ്‍ വരെയുള്ള ആറു മാസത്തെ കണക്കെടുത്താൽ ഈ ജില്ലകളിലെല്ലാം ആഭ്യന്തര സഞ്ചാരികളുടെ വരവ് കൂടുതലാണ് എന്നു കാണാം.
‘‘ആഭ്യന്തര ടൂറിസത്തിൽ തന്നെ ഊന്നൽ നൽകി പ്രവർത്തിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. നല്ല രീതിയിൽ കൊണ്ടു പോകാൻ സാധിക്കും. 100 പേർ കേരളത്തിലെത്തുന്നുണ്ടെങ്കിൽ അതിൽ 90 പേരും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നു വരുന്നവരാണ്. ബാക്കി 10 പേരാണ് പുറത്തുനിന്ന് എത്തുന്നത്. അതുകൊണ്ടു തന്നെ ആഭ്യന്തര ടൂറിസം മേഖലയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. ടൂറിസം വികസനത്തിന് ഇനിയും ഏറെ പൊട്ടൻഷ്യലുള്ള സ്ഥലമാണ് കേരളം. കൊച്ചി, കുമരകം, മൂന്നാർ, തേക്കടി, വയനാട്, കോവളം എന്നിങ്ങനെ പ്രധാന ടൂറിസം മേഖലകൾ നമുക്കുണ്ട്. ഹെറിറ്റേജ്, ടീ ഗാർഡൻസ്, സ്പൈസ് ഗാർഡൻസ്, വൈൽഡ് ലൈഫ്, ബീച്ചുകൾ എല്ലാമുള്ള സംസ്ഥാനമാണ്. ഇതെല്ലാം ചെറിയ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത് എന്നതു െകാണ്ടു തന്നെ എളുപ്പത്തിൽ ഇവിടെയൊക്കെ എത്തിച്ചേരാൻ സാധിക്കും’’ –അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് മാനേജിങ് ഡയറക്ടർ റിയാസ് അഹമ്മദ് പറയുന്നു.
∙ ഹൗസ് ബോട്ട് മേഖലയ്ക്കും ആശ്വാസം
ആഭ്യന്തര ടൂറിസ്റ്റുകൾ കൂട്ടത്തോടെ വന്നതു കൊണ്ടു മാത്രം, കോവിഡ് ഏൽപിച്ച പരുക്കിൽനിന്ന് മെല്ലെ കരകയറി വരുന്നതാണ് ആലപ്പുഴയിലെയും കുമരകത്തെയുമൊക്കെ ഹൗസ് ബോട്ട് മേഖല. ഹൗസ് ബോട്ട് ടൂറിസത്തിന്റെ കേന്ദ്രമായ ആലപ്പുഴയിൽ മുമ്പുണ്ടായിരുന്നതിന്റെ 60 ശതമാനം ബോട്ടുകളെങ്കിലും സഞ്ചാരികളെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്റും സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂസ് ഡയറക്ടറുമായ ജോബിൻ ജെ. അക്കരക്കളം പറയുന്നത് പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് എല്ലാവരും നടത്തുന്നത് എന്നാണ്. ‘‘കേരള ടൂറിസത്തിന്റെ ബ്രാൻഡ് തന്നെ ഹൗസ് ബോട്ടുകളാണ്. 27 വർഷമായി ഇത് വന്നിട്ട്. ഇവിടെ വരുന്നവർക്ക്– അത് വിദേശികളാവട്ടെ, സ്വദേശികളാവട്ടെ, പകലോ ഓവർനൈറ്റോ ആവട്ടെ– ഹൗസ് ബോട്ടുകൾ ഇല്ലാതെ ഹോളിഡേ ഇല്ല. ഒരു ഹൗസ് ബോട്ടിന്റെ ചിത്രം കണ്ടാൽ അവർക്കറിയാം അത് ആലപ്പുഴയോ കുട്ടനാടോ ആണെന്ന കാര്യം. അത്രയ്ക്ക് പോപ്പുലറാണത്. ഇപ്പോൾ തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമൊക്കെ സ്വന്തം വണ്ടിയിൽ വരികയും അവധി ആഘോഷിച്ചു പോവുകയുമാണ് ചെയ്യുന്നത്. പിന്നെ മലയാളികൾ കേരളം കണ്ടു തുടങ്ങി. വീക്കെൻഡുകൾ നല്ല തിരക്കാണ്, വീക്ക് ഡെയ്സിൽ തിരക്ക് കുറവാണ്. വലിയ മാറ്റമാണ് ബിസിനസിൽ വന്നിരിക്കുന്നത്. നേരത്തേ ഒരു റേറ്റിന് പൊയ്ക്കൊണ്ടിരുന്നത് ഇപ്പോൾ വീക്കെൻഡിൽ ഒന്ന്, വീക്ക് ഡെയ്സിൽ ഒന്ന് എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്’’ – അദ്ദേഹം പറയുന്നു.
‘‘ആഭ്യന്തര ടൂറിസത്തെത്തന്നെ നന്നായി സ്വീകരിക്കാൻ പറ്റുന്നത് വളരെ നല്ലതാണ്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ, ഒരു പനി, ഒരു വെള്ളപ്പൊക്കം, മഹാമാരി, അല്ലെങ്കിൽ സ്ഫോടനം ഉണ്ടായാൽ വിദേശികൾ അപ്പോൾത്തന്നെ യാത്ര ക്യാൻസൽ ചെയ്യും. അവരുടെ രാജ്യങ്ങൾ മുന്നറിയിപ്പ് ഒക്കെ പ്രഖ്യാപിക്കുകയും ചെയ്യും. പിന്നീടതൊക്കെ ഒന്നു മാറിവരാൻ സമയമമെടുക്കും. നേരെ മറിച്ച് ആഭ്യന്തര ടൂറിസ്റ്റുകൾ ആണെങ്കിൽ പെട്ടെന്നുതന്നെ കാര്യങ്ങൾ മാറും. കണക്കുകൾ നോക്കിയാൽ കേരള ടൂറിസത്തിന്റെ വലിയൊരു ഭാഗവും ആഭ്യന്തര ടൂറിസ്റ്റുകളാണ്, ബാക്കി മാത്രമേ രാജ്യാന്തര ടൂറിസ്റ്റുകൾ വരുന്നുള്ളൂ’’– ജോബിൻ കൂട്ടിച്ചേർക്കുന്നു.
∙ പ്രളയം നൽകിയ തിരിച്ചടി
2018ലെ ടൂറിസം സീസൺ തുടങ്ങുന്നതിനു തൊട്ടു മുമ്പായിരുന്നു കേരളത്തിൽ പ്രളയമുണ്ടായത്. അതിൽ വലിയ തിരിച്ചടി തന്നെയായിരുന്നു സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്കേറ്റത്. അത് എത്രത്തോളം രൂക്ഷമാണ് എന്നതിന്റെ കണക്ക് 2019 മുതലുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവു കൂടി പരിശോധിച്ചാൽ മനസ്സിലാക്കാം. പ്രളയത്തിനു പിന്നാലെ കോവിഡ് എത്തിയതോടെ തരിപ്പണമായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള ട്രാവൽ മാർട്ട് 2022 (കെടിഎം) കഴിഞ്ഞ മേയ് ആദ്യം നടത്തിയത്. ഇത് വിജയകരമായിരുന്നുവെന്നും ടൂറിസ്റ്റുകളെ സ്വീകരിക്കാൻ കേരളം സജ്ജമാണ് എന്ന കാര്യം ലോകത്തെ അറിയിക്കാൻ അതുവഴി കഴിഞ്ഞുവെന്നും കെടിഎം സൊസൈറ്റി സിഇഒ രാജ്കുമാർ കെ. പറയുന്നു.
‘‘പ്രളയത്തിനു പിന്നാലെ ടൂറിസം മേഖല ഒരു മടങ്ങിവരവ് നടത്തിയ ശേഷമായിരുന്നു 2020 ൽ കോവിഡ് മൂലം അടച്ചിടേണ്ടി വന്നത്. 2022 തുടക്കത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ ട്രാവൽ മാർട്ട് നടത്താൻ തീരുമാനിച്ചു. എത്രത്തോളം വിജയിക്കും, ബയേഴ്സ് വരുമോ എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ അസ്്ഥാനത്താക്കാൻ കഴിഞ്ഞു എന്നതാണ് വാസ്തവം. ടൂറിസം മേഖലയിൽ കേരളം എത്രത്തോളം സജ്ജമാണ് എന്ന് ലോകത്തെ അറിയിക്കാനായി കേരള ടൂറിസം കണ്ടത് കേരള ട്രാവൽ മാർട്ട് ആയിരുന്നു’’ – അദ്ദേഹം വ്യക്തമാക്കുന്നു.
‘‘55000–ത്തോളം ബിസിനസ് മീറ്റിങ്ങുകളാണ് ട്രാവൽ മാർട്ടിൽ നടന്നത്. ഇതുവരെ ഇത്രത്തോളം ബിസിനസ് മീറ്റിങ്ങുകൾ നടത്താൻ സാധിച്ചിരുന്നില്ല. ഇത് സർവകാല റെക്കോർഡാണ്. 234 രാജ്യാന്തര ബയർമാരും 897 ആഭ്യന്തര ബയർമാരുമാണ് ഇത്തവണ പങ്കെടുത്തത്. യൂറോപ്പിൽ നിന്നുള്ളവരായിരുന്നു കൂടുതല്‍. ആഭ്യന്തര ബയേഴ്സ് വന്നത് ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, ഛണ്ഡീഗഡ് പോലുള്ളിടങ്ങളിൽ നിന്നാണ്. ബയർമാർക്കും സെല്ലർമാർക്കും പരസ്പരം കാണാനും അവരുടെ റീ യൂണിയനും സാധ്യമായ ഒന്നായിരുന്നു ഇത്. ഇന്ത്യയിൽത്തന്നെ ടൂറിസം മേഖലയിൽ ഇത്തരത്തിൽ നടന്ന ഏറ്റവും വലിയ കൂടിക്കാഴ്ചയും ഇതായിരുന്നു’’ – രാജ്കുമാർ കൂട്ടിച്ചേർക്കുന്നു.
അങ്ങനെ ടൂറിസം മേഖലയെ സജീവമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കാലവർഷം എത്തിയത്. തുടർച്ചയായി നാലു ദിവസം മഴ പെയ്തപ്പോഴേക്കും സംസ്ഥാനത്തെ നിരവധി നദികൾ കരകവിയുകയും പല പ്രദേശങ്ങളിലും വെള്ളം കയറുകയും ചെയ്തു. പത്തിലേറെ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോടനാടിന് അടുത്തുള്ള റിസോർട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അവിടെ താമസിച്ചിരുന്ന വിദേശ ടൂറിസ്റ്റുകൾ അടക്കമുള്ളവരെ രക്ഷപ്പെടുത്തേണ്ടിവന്നു. ഇത്തരത്തിൽ മാറിമറിയുന്ന കാലാവസ്ഥ കേരളത്തിന്റെ ടൂറിസം മേഖലയെ ബാധിക്കുന്നുണ്ടോ? ഉണ്ട് എന്നു തന്നെയാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉയർത്തുന്ന ഭീഷണികൾ കണ്ടില്ലെന്ന് നടിക്കരുതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഇത്തവണത്തെ ഓണം സീസൺ ടൂറിസം മേഖലയ്ക്ക് നൽകിയത് പുതുജീവനാണ്. ആഭ്യന്തര സഞ്ചാരികള്‍ കേരളത്തിലുടനീളമുള്ള ടൂറിസം കേന്ദ്രങ്ങളിലെത്തി. ഇക്കാര്യങ്ങളെക്കുറിച്ച് നാളെ.
English Summary: How Kerala Tourism Revives Amid Covid Pandemic- A Report Part 1