ഹിൽസ്റ്റേഷനുകളിൽ ‘റെഡ് അലർട്ട്’; ബീച്ച് ടൂറിസ്റ്റുകളും കുറഞ്ഞു; കേരളം അത്ര പോപ്പുലറല്ലേ?
‘വിദേശികൾ വന്നാല്‍ അവർക്ക് വലിയ പരാതികൾ ഒന്നും ഉണ്ടാകാറില്ല. അവർ അവരുടെ ക്വാളിറ്റി സമയം ആസ്വദിക്കാൻ വരുന്നതാണ്. എന്നാൽ ഇന്ത്യക്കാർ വന്നാൽ ആവശ്യങ്ങളും പരാതികളുമൊക്കെ കൂടുതലായിരിക്കും. അവർ പ്രതീക്ഷിക്കുന്ന കുറെ കാര്യങ്ങളുമുണ്ട്. റിസോർട്ടും ഹോട്ടലും തമ്മിലുള്ള വ്യത്യാസം പോലും പലർക്കും മനസിലാവില്ല.
‘വിദേശികൾ വന്നാല്‍ അവർക്ക് വലിയ പരാതികൾ ഒന്നും ഉണ്ടാകാറില്ല. അവർ അവരുടെ ക്വാളിറ്റി സമയം ആസ്വദിക്കാൻ വരുന്നതാണ്. എന്നാൽ ഇന്ത്യക്കാർ വന്നാൽ ആവശ്യങ്ങളും പരാതികളുമൊക്കെ കൂടുതലായിരിക്കും. അവർ പ്രതീക്ഷിക്കുന്ന കുറെ കാര്യങ്ങളുമുണ്ട്. റിസോർട്ടും ഹോട്ടലും തമ്മിലുള്ള വ്യത്യാസം പോലും പലർക്കും മനസിലാവില്ല.
‘വിദേശികൾ വന്നാല്‍ അവർക്ക് വലിയ പരാതികൾ ഒന്നും ഉണ്ടാകാറില്ല. അവർ അവരുടെ ക്വാളിറ്റി സമയം ആസ്വദിക്കാൻ വരുന്നതാണ്. എന്നാൽ ഇന്ത്യക്കാർ വന്നാൽ ആവശ്യങ്ങളും പരാതികളുമൊക്കെ കൂടുതലായിരിക്കും. അവർ പ്രതീക്ഷിക്കുന്ന കുറെ കാര്യങ്ങളുമുണ്ട്. റിസോർട്ടും ഹോട്ടലും തമ്മിലുള്ള വ്യത്യാസം പോലും പലർക്കും മനസിലാവില്ല.
‘വിദേശികൾ വന്നാല്‍ അവർക്ക് വലിയ പരാതികൾ ഒന്നും ഉണ്ടാകാറില്ല. അവർ അവരുടെ ക്വാളിറ്റി സമയം ആസ്വദിക്കാൻ വരുന്നതാണ്. എന്നാൽ ഇന്ത്യക്കാർ വന്നാൽ ആവശ്യങ്ങളും പരാതികളുമൊക്കെ കൂടുതലായിരിക്കും. അവർ പ്രതീക്ഷിക്കുന്ന കുറെ കാര്യങ്ങളുമുണ്ട്. റിസോർട്ടും ഹോട്ടലും തമ്മിലുള്ള വ്യത്യാസം പോലും പലർക്കും മനസിലാവില്ല. ഹോട്ടലാണെങ്കിൽ നമ്മൾ ബെല്ലടിച്ചാൽ ഉടൻ ആളു വരും, പെട്ടെന്നു കിട്ടണം. റിസോർട്ട് പക്ഷേ കുറെക്കൂടി റിലാക്സഡ് ആയ സ്ഥലമാണ്. അവിടെ വരുന്നവർ കുറേ നടക്കും, റസ്റ്റന്റിലേക്ക് നടന്നു പോകും. വലിയ ബഹളവും ഉണ്ടാകില്ല. പക്ഷേ, ഇന്ത്യക്കാർ ഹോട്ടലിൽ പ്രതീക്ഷിക്കുന്ന വേഗം ആണ് അവിടെയും പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കാരൊക്കെ കൂടുതലും കംഫർട്ടബിൾ ഹോട്ടലുകളിലാണ്’, കോവിഡിനു ശേഷം കേരളത്തിലെ ടൂറിസം മേഖല തുറന്നപ്പോഴുണ്ടായ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിനെ കുറിച്ച് തേക്കടിയിലെ ഒരു റിസോർട്ടിന്റെ ചുമതലക്കാർ പ്രതികരിച്ചത് ഇങ്ങനെയാണ്; ഒപ്പം അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു, ‘പക്ഷേ, പല ഹോട്ടലുകളും റിസോർട്ടുകളും നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നത് ഈ ആഭ്യന്തര ടൂറിസ്റ്റുകൾ ഉള്ളതുകൊണ്ടാണ്’ എന്ന്.
കേരളത്തിന്റെ പുകൾപെറ്റ ബീച്ച് ടൂറിസം മേഖലയും ഹൗസ് ബോട്ട് സഞ്ചാരവും വയനാടും ഇടുക്കിയും ഒക്കെയടങ്ങുന്ന തണുപ്പ്–മലമ്പ്രദേശങ്ങളുമൊക്കെ ഇപ്പോൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നതും ആഭ്യന്തര ടൂറിസത്തിലാണ്. മെഡിക്കൽ, ആയുർവേദ ടൂറിസം മേഖലകളാകട്ടെ, വിദേശ ടൂറിസ്റ്റുകളിലാണ് ഇപ്പോഴും പ്രതീക്ഷ. എങ്കിലും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് കേരളം മാറാൻ തയാറായെങ്കിൽ മാത്രമേ വിദേശ ടൂറിസ്റ്റുകളെ തിരിച്ചു പിടിക്കാനും ആഭ്യന്തര ടൂറിസം വിപണി സ്ഥിരമായി നിലനിർത്താനും കഴിയൂ എന്നാണ്. ഇങ്ങനെ മാറേണ്ടതിന്റെയൊക്കെ ലക്ഷണങ്ങൾ നേരത്തെ കണ്ടു തുടങ്ങിയതുമാണ്. അതനുസരിച്ചാണോ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്നത് പരിശോധിക്കേണ്ടതുണ്ട്.
∙ കാലാവസ്ഥാ വ്യതിയാനവും ‘തിരിച്ചടി’?
2018–ലെ അത്ര രൂക്ഷമായില്ലെങ്കിലും 2019–ലും കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. പിന്നാലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. കോവിഡ് കൂടി വന്നതോടെ കേരളമടക്കം അടച്ചു. പിന്നീട് തുറന്നപ്പോഴും വിദേശ ടൂറിസ്റ്റുകൾ വളരെ കുറച്ചു മാത്രമാണ് കേരളത്തിലെത്തിയിട്ടുള്ളത്. കോവിഡ് ആണ് ഇതിലെ പ്രധാന വില്ലനെങ്കിലും കേരളത്തിന്റെ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട് എന്നാണ് വിവിധ മേഖലകളിലുള്ളവർ പറയുന്നത്. ഒരു സമയത്ത് വിദേശ ടൂറിസ്റ്റുകൾ സജീവമായിരുന്ന ബീച്ച് ടൂറിസം വിപണിയും ആഭ്യന്തര ടൂറിസ്റ്റുകളെയാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇടുക്കി, വയനാട് പോലുള്ള മേഖലകളിലാവട്ടെ, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
‘യൂറോപ്പിൽ നിന്നുള്ളവരായിരുന്നു ഇവിടെ കൂടുതലും. കോവിഡിനു ശേഷം ആരും വരുന്നില്ല. കുറേക്കാലം അടച്ചിട്ട പോലെയായിരുന്നു. പിന്നെ കുറച്ചു സ്റ്റാഫിനെ വച്ച് പതുക്കെ തുടങ്ങി. മേയ് മാസത്തിലാണ് കുറച്ച് ഉണർവ് വന്നത്. ക്രിസ്മസ്, ന്യൂഇയർ ആണ് വിദേശ ടൂറിസ്റ്റുകളുടെ സീസൺ. സാധാരണ മെയ് മാസത്തിലൊക്കെ വളരെ കുറവായിരിക്കും ഇവിടെ ടൂറിസ്റ്റുകൾ. എന്നാൽ ഇത്തവണ മലയാളികളും വടക്കേ ഇന്ത്യക്കാരും ഒക്കെ അടങ്ങുന്ന ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തി. വീക്കെന്റിലാണ് ആളുകൾ കൂടുതൽ വരുന്നത്. പ്രശ്നം എന്താണെന്നു വച്ചാൽ പ്രതീക്ഷിക്കാതെ ഒരു മഴ വന്നാൽ പോലും അത് ബിസിനസിനെ ബാധിക്കും എന്നതാണ്. മേയ് മാസത്തിൽ അപ്രതീക്ഷിതമായി വന്ന മഴ മൂലം ഹോട്ടൽ ഒക്യുപ്പൻസിയുടെ 20 ശതമാനം (അഞ്ചിലൊന്ന്)– ക്യാൻസലായി പോയി. പല ദിവസങ്ങളിലും യെല്ലോ, റെഡ് അലർട്ട് ഇങ്ങനെയാക്കെ വരും. ഇവരിൽ പലരും കുടുംബമായിട്ടൊക്കെ വരുന്ന മധ്യവർഗക്കാരാണ്. ഇത്തരത്തിൽ മഴ അലെർട്ട് ഒക്കെ കേൾക്കുമ്പോഴേ യാത്ര ക്യാൻസൽ ചെയ്യും. ഇത്തരം കാര്യങ്ങൾ ഭയങ്കരമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ടൂറിസത്തെ മാത്രമല്ല ബാധിക്കുക. അത് ഹിൽ ടൂറിസത്തെയാണ് പ്രാധാനമായും ബാധിക്കുക. റോഡ് അടക്കം പ്രശ്നങ്ങളാകും’, വയനാട്ടിലെ പ്രധാന നേച്ചർ റിസോർട്ടുകളിലൊന്നിന്റെ പ്രതിനിധി പറയുന്നു.
2018–ലെ വെള്ളപ്പൊക്കം, 2019–ലെ ഉരുൾപൊട്ടൽ തുടങ്ങി കാലാവസ്ഥാ വ്യതിയാന വിഷയവുമായി ബന്ധപ്പെട്ട പല വിധത്തിലുള്ള പ്രശ്നങ്ങൾ കേരളം നേരിടുന്നുണ്ടെന്ന് സിജിഎച്ച് എർത്ത് ഗ്രൂപ്പ് സിഇഒ ജോസ് ഡൊമിനിക്കും ചൂണ്ടിക്കാട്ടുന്നു. ‘ഈ പ്രശ്നങ്ങൾ വളരെ ആഴത്തിൽ ബാധിക്കുന്നുമുണ്ട്. നമ്മുടെ കൂടുതൽ ടൂറിസം മേഖലകളൊക്കെ തീരപ്രദേശങ്ങളിലും അതുപോലെ ജലാശയങ്ങളുമായി ബന്ധപ്പെട്ടുമാണ്. വെള്ളം ഉയരുന്നതുമായി ബന്ധപ്പെട്ട വലിയ പ്രതിസന്ധി പലയിടത്തുമുണ്ട്. ഇതിനെങ്ങനെ പരിഹാരം കണ്ടെത്തുമെന്നത് പ്രധാനമാണ്. അത് ടൂറിസം മേഖലയുമായി മാത്രം ബന്ധപ്പെട്ടതല്ല. സംസ്ഥാന സർക്കാരിന് ആ വിഷയങ്ങളിൽ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ’, അദ്ദേഹം പറയുന്നു.
ആഭ്യന്തര ടൂറിസം മേഖലയിൽ ശ്രദ്ധ പതിപ്പിച്ചവരെയും കോവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചിരുന്നെങ്കിലും നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സ്ഥിതിഗതികൾ മെച്ചെപ്പെട്ടു വരികയാണ് എന്നും അഭിപ്രായമുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ ഭീഷണിയായി തന്നെ നിലനിൽക്കുന്നുണ്ടെങ്കിലും അത് നേരിട്ട് മുന്നോട്ടു പോവുക മാത്രമാണ് വഴി എന്ന് മൂന്നാറിലെ ചാണ്ടീസ് ഹോട്ടൽ/റിസോർട്ടിന്റെ ജനറൽ മാനേജരും ഷെഫുമായ നിബു ജയിംസ് പറയുന്നു. ‘ഞങ്ങളുടെ ഗസ്റ്റുകൾ കൂടുതലും നേരത്തെ തന്നെ ആഭ്യന്തര ടൂറിസ്റ്റുകളായിരുന്നു. തുടക്കത്തിൽ മലയാളി ടൂറിസ്റ്റുകൾക്ക് പുറത്തേക്ക് സഞ്ചരിക്കാൻ പറ്റാത്തതു കൊണ്ട് അവർ കേരളത്തിൽതന്നെ യാത്ര ചെയ്തു തുടങ്ങി. മൂന്നാർ, വാഗമൺ, തേക്കടി, വയനാട് ഒക്കെ യാത്ര ചെയ്തു. അതുകൊണ്ട് ആ സമയത്ത് മലയാളി ഗസ്റ്റിന്റെ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. അടച്ചു കിടന്ന ഹോട്ടലുകൾ പോലും ആ സമയമായപ്പോഴേക്കു തുറന്നു. നല്ല ബിസിനസ് കിട്ടിയിരുന്നു. കുറച്ചു കൂടി നിയന്ത്രണങ്ങൾ മാറ്റിയതോടെ ഡൽഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നൊക്ക നല്ല രീതിയിൽ ഗസ്റ്റുകൾ വന്നു തുടങ്ങി. മേയ്, ജൂൺ മാസങ്ങളിൽ. എല്ലാവർക്കും നല്ല രീതിയിൽ ബിസിനസ് കിട്ടുന്നുമുണ്ട്. പക്ഷേ ഇനി എന്തെങ്കിലും ഉണ്ടായാൽ എങ്ങനെയായിരിക്കും മാറി വരിക എന്നു പറയാൻ പറ്റില്ല’, നിബു പറയുന്നു.
അതുപോലെ ഇടുക്കി മേഖലയിലും റെഡ് അലർട്ട്, യെല്ലോ അലർട്ട് ഒക്കെ ഉണ്ടാകുന്നത് പ്രശ്നം തന്നെയാണെന്ന് അദ്ദേഹവും പറയുന്നുണ്ട്. ‘ജനം പണം മുടക്കി വരുന്നതാണ്, യാത്രയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നവർ പേടിക്കും. വാർത്തകൾ കൂടി വന്നാൽ ഉറപ്പായും പേടിയുണ്ടാകും. അപ്പോൾ ക്യാൻസലേഷൻ ഉണ്ടാകും. പക്ഷേ അതിന് പ്രതിവിധി ഒന്നുമില്ല. അത് പ്രകൃതിയുടെ ഒരു ഭാഗമാണ്. അതിനെ മറികടക്കുക എന്നതേ സാധിക്കൂ. നമ്മൾ പോകുന്ന ഒരിടത്ത് മഴയുണ്ട്, അല്ലെങ്കിൽ മണ്ണിടിച്ചിലുണ്ട് എന്നു വന്നാൽ ഒന്നുകിൽ ക്യാൻസൽ ചെയ്യും, അല്ലെങ്കിൽ നീട്ടി വയ്ക്കും. വരുന്ന ഗസ്റ്റിനെ അക്കാര്യത്തിൽ സപ്പോർട്ട് ചെയ്യുക എന്നത് മാത്രമേ സാധിക്കൂ. അവർ സുരക്ഷിതരാണ്, നമുക്ക് അവരെ സംരക്ഷിക്കാൻ പറ്റും എന്ന കാര്യം ബോധ്യപ്പെടുത്തി അവരെ കൊണ്ടുവരാൻ നോക്കുക എന്നതേ ഉള്ളൂ’, നിബു പറയുന്നു.
കാലാവസ്ഥയിൽ പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങൾ ടൂറിസം മേഖലയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട് എന്നാണ് കുളമാവിലുള്ള കാനനം റിട്രീറ്റിന്റെ മാനേജർ ജേക്കബ് പറയുന്നത്. ‘ഈ ഓഗസ്റ്റിൽ നല്ല ബുക്കിങ്ങായിരുന്നു വന്നിരുന്നത്. എന്നാൽ ജൂലൈ പകുതിയിൽ ഒരാഴ്ച പെയ്ത മഴ കൊണ്ട് തന്നെ ഒരുപാട് പേരുടെ യാത്രകൾ അനിശ്ചിതത്വത്തിലായി. ആ വെള്ളിയാഴ്ചയുണ്ടായിരുന്ന ബുക്കിങ് മുഴുവൻ ക്യാൻസലായി. ശനിയും ഞായറുമൊക്കെ മുഴുവൻ ബുക്കിങ് ആയിരുന്നു. അതിലെ ശനിയാഴ്ചത്തെ 50 ശതമാനവും ക്യാൻസലായി. അവർ റീഫണ്ട് ആവശ്യപ്പെട്ടു. ബാക്കിയുള്ളവർ പറയുന്നത് നല്ല കാലാവസ്ഥയാണെങ്കിൽ വരും, അല്ലെങ്കിൽ വേറൊരു സമയത്തേക്ക് നീട്ടി തന്നാൽ മതി എന്നാണ്. ഒരു ദിവസം മഴയില്ലെങ്കിൽ പിറ്റേന്ന് വരാം എന്നു പറയുന്നവരാണ് ഗസ്റ്റ്. ഓഗസ്റ്റിൽ പൊതുവെ നല്ല ബിസിനസ് നടന്ന സമയമായിരുന്നു. 14, 15 തീയതികളൊക്കെ പൂർണമായും ബുക്കിങ് ആയിരുന്നു. അതുപോലെ ഒാണം സീസണും ബുക്കിങ് ഉണ്ടായിരുന്നു. എന്നാൽ കുറച്ചായി ഈ സീസൺ ഒക്കെ ആവുമ്പോഴേക്ക് മഴ കേറി വരും. ഇവിടെ വന്നാൽ ബാക്കി സുരക്ഷ നമ്മൾ നോക്കിക്കൊള്ളാം എന്ന് പറയാറുണ്ട്. പക്ഷേ, വെള്ളമൊക്കെ കേറിയാൽ അവർക്ക് റോഡ്മാർഗം സഞ്ചരിക്കാൻ കഴിയില്ലല്ലോ. പിന്നെ ആളുകൾ പേടിക്കുകയും ചെയ്യും.’
∙ കോവിഡ് നൽകിയ പ്രതിസന്ധി
കോവിഡ് വന്ന് പെട്ടെന്ന് അടച്ചതോടെ ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ കടന്നുപോയത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിൽ കൂടിയാണ്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗവും ഇത്തരത്തിൽ പ്രതിസന്ധിയിലായിരുന്നു. പണത്തിന്റെ വരവ് പെട്ടെന്ന് നിന്നു. ഒരുപാട് വർഷങ്ങളായി കൂടെ നിൽക്കുന്ന സ്റ്റാഫിനെ പകുതി ശമ്പളമെങ്കിലും കൊടുത്തു നിലനിർത്തേണ്ട സാഹചര്യവും ഉണ്ടായിരുന്നു. കേരളത്തിലെ ഹോട്ടലുകളിലും റിസോർട്ടുകളിലുമൊക്കെ ജോലി ചെയ്തിരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മിക്കവരും തിരിച്ചു പോയതും ഈ സമയത്താണ്. ഒടുവിൽ കേരളത്തിലെ റിസോർട്ടുകളിൽ കേരളത്തിൽ നിന്നുള്ളവർ തന്നെ വന്നു തുടങ്ങിയപ്പോഴാണ് ബിസിനസ് കുറച്ചൊന്നു ശരിയായത് എന്ന് മിക്കവരും പറയുന്നു.
‘അവർ രൊക്കം കാശ് തരും. ട്രാവൽ ഏജന്റുമാരെപ്പോലെയോ കോർപറേറ്റുകളെപ്പോലെയോ കടം പറയിലില്ല. അധികം വിലപേശലും ഇല്ല. റേറ്റും കുറച്ചു വച്ചിരുന്നു. സ്വാഭാവികമായും ഞങ്ങൾക്ക് നിലനിർത്തിപ്പോകാൻ പറ്റി. ടൂറിസം മേഖലയിലെ എല്ലാവരേയും സർക്കാർ തന്നെ വാക്സിനേറ്റ് ചെയ്തു. കെഎസ്ഐഡിസിയിൽ വായ്പ ഉണ്ടായിരുന്നവർക്ക് 20 ശതമാനം ടോപ് അപ് വായ്പ അഞ്ചു ശതമാനം പലിശയ്ക്ക് തന്നു. ആ സമയത്താണ് പലരും അറ്റകുറ്റപ്പണി ചെയ്തുമൊക്കെ. അതുപോലെ ഭാവിയിൽ ഇനി ഇത്തരം പ്രശ്നങ്ങളുണ്ടായാൽ എന്തു ചെയ്യും എന്ന മുൻകരുതൽ എടുക്കാനും പറ്റി. പിന്നെ കേരള ടൂറിസം എന്നത് വിദേശികൾ വന്ന് വലിയ പണം ചെലവഴിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നതു പോലെ ആയിരുന്നില്ല മുമ്പു കാര്യങ്ങൾ. ഇവിടെ മലയാളികൾ തന്നെ ചെറിയ ഹോട്ടലുകൾ, കുറച്ചു മുറികൾ ഒക്കെയായി, കേരളത്തിന്റെ തനിമ മനസിലാക്കിയുമൊക്കെ മുന്നോട്ടു കൊണ്ടു പോയതാണ്. നമ്മുടെ സംസ്കാരവും ഭക്ഷണവും ഒക്കെയുണ്ട് അതിൽ. അതുകൊണ്ട് നമുക്ക് ഓടിക്കളയാൻ പറ്റില്ല. നമ്മുടെ നാട്ടിലെ ആളുകൾ തന്നെ വരും’, പ്രമുഖ ഹോട്ടൽ ഉടമകളിലൊരാൾ പറയുന്നു.
ആലപ്പുഴയിലെ ബോട്ട് ജീവനക്കാരിലൊരാളായ സുനോജ് പറയുന്നത് സഞ്ചാരികൾ ഇല്ലാതിരുന്ന സമയത്ത് മറ്റു പണികൾക്ക് പോയാണ് പിടിച്ചു നിന്നത് എന്നാണ്. ‘കൊറോണ സമയത്ത് ബോട്ട് നോക്കാനായിട്ട് ഒരാളെയൊക്കെ ചില ബോട്ടിലൊക്കെ നിർത്തിയിരുന്നു. ഞാൻ അഞ്ച് മുറിയുള്ള വലിയ ബോട്ടിലായിരുന്നു. ഇത് നോക്കിയില്ലെങ്കിൽ, ഓട്ടം കൂടി ഇല്ലാതെ കിടന്നാൽ ബോട്ട് നശിച്ചു പോവും. അങ്ങനെ അഞ്ചാറ് മാസം നിന്നു. അപ്പോൾ വരുമാനം ഒന്നുമില്ലല്ലോ. കുറച്ചു കഴിഞ്ഞപ്പോൾ നമുക്ക് ശമ്പളം തരാൻ അവർക്കും ബുദ്ധിമുട്ടായി തുടങ്ങി. പിന്നെ പുറത്തു പോയി നാട്ടിൽ ഓരോരോ പണിയൊക്കെയായി നിന്നു. പിന്നെ ഈ ഫീൽഡിൽ നിന്നതു കൊണ്ട് ഇതിലേക്ക് തന്നെ തിരിച്ചു വന്നു. ഞാൻ 10–12 വർഷമായി ഈ ഹൗസ് ബോട്ട് മേഖലയിലുണ്ട്. കൊറോണ കഴിഞ്ഞ് കാര്യങ്ങളൊക്കെ പതിയെ മാറി വരുന്നു. പഴയ പോലെ തിരക്കില്ലെങ്കിലും അത്യാവശ്യം ഓട്ടമുണ്ട്. വെക്കേഷൻ സമയത്ത് നല്ല തിരക്ക് കിട്ടിയിരുന്നു. തമിഴ്നാട്ടിൽ നിന്നായിരുന്നു കൂടുതൽ പേരും. പിന്നെ ഹിന്ദിക്കാരും വരുന്നുണ്ട്. വെള്ളി–ശനി–ഞായർ ദിവസങ്ങളിലാണ് കൂടുതൽ പേരും വരുന്നത്. കൊറോണ സമയം ബിസിനസ്സിനെ നന്നായിട്ട് ബാധിച്ചിരുന്നു. ഇപ്പോൾ മാറി വരുന്നുണ്ട്. മുന്നോട്ട് എന്താകും എന്നറിയില്ല. കേരളത്തിനു പുറത്തു നിന്നു വരുന്നവർ കൂടുതലായും സ്റ്റേ ചെയ്തിട്ടാണ് പോകുന്നത്. ഡേ ആയിട്ട് വരുന്നവരുമുണ്ട്. മലബാർ ഭാഗത്തു നിന്നു വരുന്നവർ കൂടുതലും ഡേ ആയിട്ട് പോകുന്നവരാണ്. തമിഴ്നാട്ടിൽ നിന്നുള്ളവരും ഡേ ആയിട്ടാണ് വരുന്നത് കൂടുതൽ. രാത്രി തങ്ങുന്നവരും ഉണ്ട്. തങ്ങുന്നവർ ഒരു ദിവസം രാവിലെ കയറി പിറ്റേന്ന് രാവിലെ ഇറങ്ങും. വിദേശികൾ വന്നിരുന്നപ്പോഴാണ് ഡബിൾ നൈറ്റും ത്രിബിൾ നൈറ്റുമൊക്കെ പോയിരുന്നത്. കൊറോണ കഴിഞ്ഞിട്ട് വിദേശികൾ വന്നിട്ടില്ല’, സുനോജ് പറയുന്നു.
∙ ‘ബീച്ചിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞു’
അതേ സമയം, വിദേശ ടൂറിസ്റ്റുകളുടെ വരവ് നിന്നതിനെ എങ്ങനെ മറികടക്കും എന്ന പ്രശ്നം പലരും അഭിമുഖീകരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടാവുകയാണെങ്കിൽ കാര്യങ്ങൾ മാറും എന്നും അവർ പറയുന്നു. കേരളത്തിന്റെ ടൂറിസം മേഖലയിലെ മറ്റു സ്ഥലങ്ങൾ ആഭ്യന്തര ടൂറിസ്റ്റുകളെ കൊണ്ട് പിടിച്ചു നിൽക്കാൻ നോക്കുമ്പോഴും കോവളം, വർക്കല തുടങ്ങിയ മേഖലകൾ ഇപ്പോഴും കാര്യമായി സജീവമായിട്ടില്ല.
‘വിദേശികൾ കുറവാണ്. ആഭ്യന്തര ടൂറിസമാണ് കുറച്ചെങ്കിലും ഉള്ളത്. അതും പക്ഷേ തുടർച്ചയായിട്ട് ഇല്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആഭ്യന്തര സഞ്ചാരികൾ വന്നിരുന്നു. ജൂൺ, ജൂലൈ ഒന്നു ആളില്ല എന്നതായിരുന്നു അവസ്ഥ. ദീപാവലി ഒക്കെ ആയിക്കഴിഞ്ഞാൽ പിക്കപ്പ് ആകുമെന്ന് കരുതുന്നു. ഗുജറാത്ത്, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളാണ് ആഭ്യന്തര വിപണിയിലെ മാർക്കറ്റ്. ഇപ്പോഴത്തെ പ്രശ്നം ഇവരൊക്കെ വന്നാലും കൊച്ചി, ആലപ്പുഴ, കുമരകം, തേക്കടി ഈയൊരു മേഖലയാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത് എന്നതാണ്. ബീച്ചിലേക്ക് വരുന്നവർ വളരെ കുറവാണ്. വിമാന സർവീസ് കൂടുതലും നിരക്കു കുറവുമൊക്കെയുള്ളത് കൊച്ചിക്കാണ്. ആ മെച്ചം തിരുവനന്തപുരത്തെ അപേക്ഷിച്ച് അവിടെയുണ്ട്. അതാണ് പ്രധാനം. പിന്നെ അതൊരു സർക്യൂട്ട് പോലെ അവർക്ക് ചെയ്യാനും പറ്റും. ഹൗസ് ബോട്ടിൽ പോകാം, തേക്കടിയിലും മൂന്നാറിലും പോകാം. അതാണ് ഇപ്പോൾ നടക്കുന്നത്. ബീച്ച് മാത്രം താത്പര്യത്തോടെ വന്നു താമസിക്കുന്നത് കുറവാണ്. വർക്കല, കോവളം, പൂവാർ, കന്യാകുമാരി ഇങ്ങനെയൊരു സ്ട്രച്ച് നിലനിൽക്കുന്നുണ്ടെങ്കിലും അവിടേക്ക് ആളുകൾ വരുന്നത് വളരെ കുറവാണ്. കേരളത്തിൽ നിന്നുള്ളവരും ബീച്ച് മേഖലയിൽ വളരെ കുറവാണ്. വീക്കെൻഡുകളിൽ കുറച്ചു പേർ വരും. അല്ലാത്തപ്പോൾ ഇല്ല എന്നു തന്നെ പറയേണ്ടി വരും’, സൗത്ത് കേരള ഹോട്ട്ലിയേഴ്സ്് ഫോറം സെക്രട്ടറി ജനറലും ആയുർബേ ബീച്ച് റിസോർട്ട് എംഡിയുമായ മനോജ് ബാബു പറയുന്നത് ഇങ്ങനെ.
∙ ‘ആദ്യം ഗോൾഡൻ ട്രയാംഗിൾ, പിന്നെ കേരളം’
എന്നാൽ ഇന്ത്യയിലേക്ക് വിദേശ ടൂറിസ്റ്റുകൾ വന്നാലും ഡൽഹി, ആഗ്ര, ജയ്പുർ എന്ന ‘ഗോൾഡൻ ട്രയാംഗിൾ’ കഴിഞ്ഞിട്ടേ കേരളത്തിലേക്ക് അവർ വരൂ എന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ‘നമ്മൾ വലിയ ഹൈപ്പ് കൊടുക്കുന്നുണ്ടെങ്കിലും അത്രയൊന്നും ഇല്ല. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തെ കുറിച്ച് ഒരുപാടു പേർക്കൊന്നും അറിയില്ല. അതുപോലെ ഗോവയിൽ പോകുന്ന ആളുകളല്ല ഇവിടേക്ക് വരുന്നത്. അതിന്റെ സ്വഭാവം വ്യത്യസ്തമാണ്. അതും കഴിഞ്ഞുള്ള ആളുകളാണ് കേരളത്തിലേക്ക് വരുന്നത്. അതുപോലെ ഈ സ്ഥലങ്ങളൊന്നും പോലെയല്ല േകരളമെന്നത് കൊണ്ട് ആ വാല്യൂ അറിയാവുന്ന ആളുകളാണ് വരുന്നത്’, എന്നാണ് വർഷങ്ങളായി വിദേശ ടൂറിസം മേഖലയിൽ ഇടപെടുന്ന ആളുകളിലൊരാൾ പറയുന്നത്.
∙ ‘കൊച്ചി പഴയ കൊച്ചിയല്ല’
അതേ സമയം, ഫോർട്ട് കൊച്ചി പോലെ വിദേശ സഞ്ചാരികൾ ഏറ്റവുമധികം വന്നിരുന്ന ഒരു സ്ഥലം ഇന്നു മാറ്റത്തിന്റെ പാതയിലാണെന്നാണ് അവിടെയുള്ളവർ പറയുന്നത്. വിദേശ വിനോദ സഞ്ചാരികൾ എത്താതിരുന്നാൽ ഫോർട്ട്കൊച്ചി എങ്ങനെ മുന്നോട്ടു പോകും? എന്ന ചോദ്യത്തോട് ഹെറിറ്റേജ് ഹോട്ടലായ അസോറയുടെ മാനേജർ ആൽബർട്ട് എംജെ പ്രതികരിച്ചത് ഇങ്ങനെ,
‘കോവിഡ് മൂലമുള്ള തളർച്ച കഴിഞ്ഞ രണ്ടു വർഷമായി ടൂറിസം മേഖല അനുഭവിക്കുന്നുണ്ട്. ഇപ്പോൾ വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണാൻ ശ്രമിക്കുന്നത്. കഴിഞ്ഞ 5–6 മാസത്തോളമായി ടൂറിസ്റ്റുകൾ ഭയമൊക്ക മാറി വന്നു തുടങ്ങിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയെ സംബന്ധിച്ചിടത്തോളം ഇതൊരു യൂറോപ്യൻ മാർക്കറ്റാണ്. കോവിഡ് മൂലം ലോകം മുഴുവൻ അടച്ചതോടെ ആ യൂറോപ്യൻ മാർക്കറ്റ് നമുക്ക് ഇല്ലാതായി. ഈ രണ്ടാമത്തെ റീ–ഓപ്പണിങ്ങിൽ യൂറോപ്യൻ മാർക്കറ്റ് വന്നു തുടങ്ങിയിട്ടില്ല. ഫോർട്ട് കൊച്ചി ഒരു ഇന്ത്യൻ മാർക്കറ്റിനു വേണ്ടി ഇതുവരെ മാർക്കറ്റിങ് ചെയ്തിരുന്നില്ല. അല്ലെങ്കിൽ അതിനുള്ള രീതിയിൽ മൈൻഡ് സെറ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ നമ്മളെല്ലാം ആ മാറ്റത്തിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോഴത്ത നമ്മുടെ പ്രധാനപ്പെട്ട മാറ്റം ആഭ്യന്തര ടൂറിസ്റ്റുകളെ നമ്മൾ ഫോക്കസ് ചെയ്തിട്ടുണ്ട് എന്നതാണ്. അവർ ഇപ്പോൾ യാത്ര ചെയ്തു തുടങ്ങി. അതുകൊണ്ടു തന്നെ ഞങ്ങൾ വളരെ ശുഭാപ്തി വിശ്വാസത്തിലാണ്. കർണാടക, തമിഴ്നാട്, കർണാടക, ആന്ധ്ര പിന്നെ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ വരുന്നതും. കേരളത്തിൽ നിന്നുള്ളവരും വന്നു തുടങ്ങിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയെ സംബന്ധിച്ചിടത്തോളം മലയാളി ടൂറിസ്റ്റുകൾ പൊതുവെ ഒഴിവാക്കിക്കൊണ്ടിരുന്ന സ്ഥലമായിരുന്നു. അതിൽ ആശാവഹമായ ഒരു മാറ്റം എന്നത് അവർ വന്നു തുടങ്ങിയിട്ടുണ്ട് എന്നതാണ്. അവർ ഫോർട്ട് കൊച്ചിയെ എക്സ്പ്ലോർ ചെയ്തു തുടങ്ങി’.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് പ്രധാനമായും സെപ്റ്റംബർ മാസത്തിലൊക്കെയാണ് ആരംഭിക്കാറ്. ടൂറിസം മേഖല പ്രതീക്ഷ വച്ചിരിക്കുന്നതും അതിലാണ്. എന്നാൽ ഇ–വീസ അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. അതിനു മുമ്പ് മൺസൂൺ സമയത്താണ് ഗൾഫ് നാടുകളിൽ നിന്നുള്ള ടൂറിസ്റ്റുകൾ കേരളത്തിലെത്തിയിരുന്നത്. മൺസൂൺ ടൂറിസം എന്ന് വിളിക്കുന്ന ആ പ്രതിഭാസത്തിന്റെ നിലവിലെ അവസ്ഥ എന്താണ്? മെഡിക്കൽ ടൂറിസത്തിന്റെയും ശ്രീലങ്കയുടെ തകർച്ചയോടെ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ആയുർവേദ–സുഖചികിത്സയുടെയും നിലവിലുള്ള അവസ്ഥ എന്താണ്? ആഭ്യന്തര വിനോദ സഞ്ചാര മേഖലയിലേക്ക് വന്നാൽ വൻതോതിൽ ആളുകളെ ഉള്‍ക്കൊള്ളാൻ നമ്മുടെ സംവിധാനങ്ങൾ ശക്തമാണോ? കേരള ടൂറിസത്തിന്റെ മുന്നോട്ടുള്ള യാത്രയിലെ സാധ്യതകൾ എന്തൊക്കെ, മാറേണ്ടത് എന്തൊക്കെ എന്നത് നാളെ.
English Summary: How Kerala Tourism Revives Amid Covid Pandemic - A Report Part 2