ഹോം സ്റ്റേക്കാരുടെ പല്ലും നഖവും പറിക്കുന്ന ഉദ്യോഗസ്ഥർ; ടൂറിസത്തിൽ ‘ഉത്തരവാദിത്ത’വും വേണ്ടേ?
എറണാകുളം ജില്ലയിലെ ഒരു വീട്ടമ്മ കുറച്ചു നാൾ മുമ്പ് ഒരു ഹോംസ്റ്റേ താമസസൗകര്യമൊരുക്കാൻ തീരുമാനിച്ചു. സാമ്പത്തികമായി കൂടി കുറച്ചു സഹായമാകുമല്ലോ എന്നായിരുന്നു ധാരണ. ഹോംസ്റ്റേ തുടങ്ങാൻ എളുപ്പമാണെന്നും മുമ്പുള്ളത്ര നൂലാമലകളൊന്നുമില്ലെന്നും അന്വേഷിച്ചപ്പോൾ അറിയുകയും ചെയ്തു. ഹോംസ്റ്റേകൾ തുടങ്ങാൻ തദ്ദേശ
എറണാകുളം ജില്ലയിലെ ഒരു വീട്ടമ്മ കുറച്ചു നാൾ മുമ്പ് ഒരു ഹോംസ്റ്റേ താമസസൗകര്യമൊരുക്കാൻ തീരുമാനിച്ചു. സാമ്പത്തികമായി കൂടി കുറച്ചു സഹായമാകുമല്ലോ എന്നായിരുന്നു ധാരണ. ഹോംസ്റ്റേ തുടങ്ങാൻ എളുപ്പമാണെന്നും മുമ്പുള്ളത്ര നൂലാമലകളൊന്നുമില്ലെന്നും അന്വേഷിച്ചപ്പോൾ അറിയുകയും ചെയ്തു. ഹോംസ്റ്റേകൾ തുടങ്ങാൻ തദ്ദേശ
എറണാകുളം ജില്ലയിലെ ഒരു വീട്ടമ്മ കുറച്ചു നാൾ മുമ്പ് ഒരു ഹോംസ്റ്റേ താമസസൗകര്യമൊരുക്കാൻ തീരുമാനിച്ചു. സാമ്പത്തികമായി കൂടി കുറച്ചു സഹായമാകുമല്ലോ എന്നായിരുന്നു ധാരണ. ഹോംസ്റ്റേ തുടങ്ങാൻ എളുപ്പമാണെന്നും മുമ്പുള്ളത്ര നൂലാമലകളൊന്നുമില്ലെന്നും അന്വേഷിച്ചപ്പോൾ അറിയുകയും ചെയ്തു. ഹോംസ്റ്റേകൾ തുടങ്ങാൻ തദ്ദേശ
എറണാകുളം ജില്ലയിലെ ഒരു വീട്ടമ്മ കുറച്ചു നാൾ മുമ്പ് ഒരു ഹോംസ്റ്റേ താമസസൗകര്യമൊരുക്കാൻ തീരുമാനിച്ചു. സാമ്പത്തികമായി കൂടി കുറച്ചു സഹായമാകുമല്ലോ എന്നായിരുന്നു ധാരണ. ഹോംസ്റ്റേ തുടങ്ങാൻ എളുപ്പമാണെന്നും മുമ്പുള്ളത്ര നൂലാമലകളൊന്നുമില്ലെന്നും അന്വേഷിച്ചപ്പോൾ അറിയുകയും ചെയ്തു. ഹോംസ്റ്റേകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ എൻഒസി വേണ്ട എന്ന് സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ജൂണിൽ ഉത്തരവിറക്കിയതും രേഖകളൊക്കെ ഓൺലൈനിൽ സമർപ്പിക്കാം എന്നതുമായിരുന്നു പ്രധാന കാര്യങ്ങൾ.
ഹോം സ്റ്റേ ക്ലാസിഫിക്കേഷൻ ലഭിക്കണമെങ്കിൽ ആകെ സമർപ്പിക്കേണ്ട 10–ഓളം രേഖകളിൽ രണ്ടെണ്ണം നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്; വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റും അവിടെ താമസക്കാരിയാണ് എന്നുള്ള സർട്ടിഫിക്കറ്റും. ഈ സർട്ടിഫിക്കറ്റുകളടക്കം ടൂറിസം വകുപ്പിൽ സമർപ്പിച്ചാൽ അവർ ക്ലാസിഫിക്കേഷന് അനുമതി നൽകുകയും തുടർന്ന് ഹോംസ്റ്റേ അനുവദിക്കുന്ന മുറി തദ്ദേശസ്ഥാപനം പരിശോധിച്ച് അളവെടുക്കുകയും അടയ്ക്കേണ്ട നികുതി തീരുമാനിക്കുകയും ചെയ്യുന്നതോടെ കാര്യങ്ങൾ പൂർത്തിയാവും.
തുടർന്ന് ഈ വീട്ടമ്മ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നൽകി. അപേക്ഷ വാങ്ങിവച്ച ഉദ്യോഗസ്ഥർ ഒരാഴ്ച കഴിഞ്ഞ് വരാൻ അവരോട് നിർദേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ചെന്നപ്പോഴാണ് കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് അവർക്ക് മനസിലാകുന്നത്. ആവശ്യപ്പെട്ട സർട്ടിഫിക്കറ്റുകളൊന്നും അങ്ങനെ തരാൻ പറ്റില്ലെന്നും വീടിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തണമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഹോം സ്റ്റേ എന്നാൽ ബിസിനസ് ആണെന്നും അതുകൊണ്ട് കൊമേർഷ്യൽ എന്നാക്കി വസ്തു തരംമാറ്റണം തുടങ്ങി നിരവധി ചട്ടങ്ങളുടെ ഒരു പട്ടിക ആ വീട്ടമ്മയ്ക്കു മുമ്പിൽ ഉദ്യോഗസ്ഥർ വിതറി. എന്നാൽ ഇതിന്റെ ഒന്നും ആവശ്യമില്ലെന്ന് സർക്കാർ തന്നെ ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും എൻഒസി പോലും ആവശ്യമില്ലെന്നും വ്യക്തമാക്കി വീട്ടമ്മ വിവിധ ഗസറ്റ് വിജ്ഞാപനങ്ങളുടെ പകർപ്പുകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. കാര്യമൊന്നും ഉണ്ടായില്ല, ആവശ്യമായ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഇപ്പോഴും അവർ കയറിയിറങ്ങുന്നു.
‘പല പഞ്ചായത്ത്, കോർപറേഷൻ സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സെക്രട്ടറി ഇറക്കിയിരിക്കുന്ന ഉത്തരവ് കാര്യമാക്കുന്നില്ല. അതിനെക്കുറിച്ച് പലർക്കും അറിയില്ല എന്ന പ്രശ്നവുമുണ്ട‌്. ഉത്തരവുകളൊക്കെ വെബ്സൈറ്റിലുണ്ട്. അത് എല്ലാവർക്കും അറിയില്ല. ഇനി അറിയാമെങ്കിൽ തന്നെ ഇല്ല എന്നു നടിച്ച് ആളുകളെ പരമാവധി കഷ്ടപ്പെടുത്തുന്ന നടപടിയാണ് അവർ ചെയ്യുന്നത്. ഇതൊക്കെ മന്ത്രിയുടെ അടക്കം ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. ടൂറിസം വകുപ്പ് പരമാവധി സഹായങ്ങൾ ചെയ്തു തരുന്നുണ്ട്. എന്നിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. ഹോം സ്റ്റേ തുടങ്ങുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. പക്ഷേ പഞ്ചായത്തിലും കോർപറേഷനിലുമൊക്കെ ഇരിക്കുന്ന ഉദ്യോഗസ്ഥർ യാതൊരു വിധത്തിലും ഇക്കാര്യങ്ങള്‍ നടത്തിക്കില്ല എന്ന പോലയാണ് പെരുമാറുന്നത്’, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ കൂട്ടിയിണക്കുന്ന കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം എന്ന സംഘടനയുടെ ഡയറക്ടർ എം.പി ശിവദത്തൻ ആരോപിക്കുന്നു.
∙ ക്ലാസിഫിക്കേഷൻ 600+ ഹോം സ്റ്റേകൾക്കു മാത്രം
കേരള ടൂറിസം തുടങ്ങിയ കാലം മുതൽക്കെ പരമ്പരാഗത രീതിയിൽ അല്ലെങ്കിൽ പോലും ഹോംസ്റ്റേകളുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് കേരള ടൂറിസത്തിന്റെ ഭാവി ഹോംസ്റ്റേകളുമായി ബന്ധപ്പെട്ടാണ് എന്നാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റയും മറ്റും കീഴിൽ സർക്കാരും ഈ സംരംഭത്തിന് പ്രോത്സാഹനങ്ങൾ ചെയ്യുന്നുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കാൻ ഹോംസ്റ്റേകൾ തുടങ്ങാൻ ടൂറിസം വകുപ്പ് ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ച് ഫീസുകൾ, ആവശ്യമായ രേഖകൾ, നടപടി ക്രമങ്ങൾ തുടങ്ങിയവയൊക്കെ ലളിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ഹോംസ്റ്റേ തുടങ്ങാൻ എത്രത്തോളം കടമ്പകൾ കടക്കണം എന്നതിന്റെ ഉദാഹരണമാണ് മുകളിൽ ചൂണ്ടിക്കാട്ടിയത്. കേരളത്തിൽ ക്ലാസിഫിക്കേഷൻ ലഭിച്ച 600–ഓളം ഹോംസ്റ്റേകൾ മാത്രമാണുള്ളത്. കോവിഡിനു മുമ്പ് 300 എണ്ണം മാത്രമായിരുന്നു. നിയമങ്ങൾ ഉദാരീകരിച്ചതോടെ കൂടുതൽ പേർ റജിസ്റ്റർ ചെയ്തു. എന്നാൽ കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ഹോംസ്റ്റേകൾ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളോ ചട്ടങ്ങളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ അവ അനധികൃതമല്ല താനും.
∙ ‘തുരങ്കംവയ്ക്കുന്നത്’ ഉദ്യോഗസ്ഥരോ?
കൂടുതൽ പേർ റജിസ്റ്റർ ചെയ്യാത്തതിനു പ്രധാന കാരണക്കാർ തദ്ദേശസ്ഥാപനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരാണെന്നാണ് ശിവദത്തൻ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളിലിരിക്കുന്നവർ അഴിമതി നടത്താനാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ‘ഇത് ഹോസ്പിറ്റാലിറ്റി മേഖലയാണിത്. അവിടെ ഉദ്യോഗസ്ഥർ കൂടി മനസുവയ്ക്കണം. അവർ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നാൽ മതി. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർ ശരിയായി പ്രവർത്തിച്ചാൽ കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് വരും. തങ്ങളുടെ വകുപ്പുകൾ ഇറക്കുന്ന ഉത്തരവുകളെങ്കിലും അവർ പാലിച്ചാൽ മതി. ഒരാൾ പ്ലാൻ വരച്ച് ഉണ്ടാക്കിയിരിക്കുന്ന വീടിന്റെ ഏതു മുറിയാണ് ഹോം സ്റ്റേ ആക്കുന്നത്, അത് വന്ന് അളന്ന് അതിന്റെ രേഖ നൽകിയാൽ മതിയല്ലോ. അതിനു പകരം പറയുന്നത് വീടിന്റെ പുതിയ പ്ലാൻ വരപ്പിക്കാനാണ്. 6000–7000 രൂപയൊക്ക ആകും ഇതിന്. വരച്ചു കൊണ്ടു വരുമ്പോൾ പറയും ഒക്കുപ്പന്‍സി മാറ്റണം എന്ന്. പത്തോളം രേഖകള്‍ ആകെ കൊടുക്കാനുള്ളതിൽ രണ്ടെണ്ണമാണ് ഇവർ തരേണ്ടത്. അതാണ് പ്രശ്നം. ബാക്കിയുള്ള കാര്യങ്ങൾക്കൊന്നും ബുദ്ധിമുട്ടില്ല’, ശിവദത്തൻ പറയുന്നു.
∙ തല ഉയർത്താൻ അയ്മനം
ഹോം സ്റ്റേ അനുമതിക്കായി ഉദ്യോഗസ്ഥ പ്രശ്നങ്ങൾ മൂലം താനും കുറെനാൾ ഓടി നടന്നിട്ടുണ്ടെന്നാണ് കോട്ടയം ജില്ലയിലെ അയ്മനത്ത് ജെഫ്സ് റിവൈർസൈഡ് ഹോംസ്റ്റേ നടത്തുന്ന ജെഫ്രി മാത്യൂസ് പറയുന്നത്. എന്നാൽ രജിസ്ട്രേഷൻ അടക്കം ഓൺലൈനിലേക്ക് മാറ്റിയത് കാര്യങ്ങൾ എളുപ്പമാക്കിയെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച മാതൃകാ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് അയ്മനത്തിന് അടുത്തിടെ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരുന്നു. ഇതിനു പുറമെ പ്രശസ്തമായ കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ ഈ വർഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയിലും അയ്മനം ഇടംപിടിച്ചിരുന്നു. കോവിഡിനു മുമ്പുണ്ടായിരുന്ന നിരവധി ഹോം സ്റ്റേകൾ പൂട്ടിപ്പോയിട്ടുണ്ടെന്നും ജെഫ്രി പറയുന്നു.
‘വിദേശികൾ വളരെ കുറച്ചാണ് വരുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളാണ് കൂടുതൽ. വായ്പ എടുക്കാതെ ഹോം സ്റ്റേ നടത്തിയവരാണ് പിടിച്ചു നിന്നവർ. നേരത്തെ നടത്തുകയും കോവിഡിനെ തുടർന്ന് അടച്ചിടുകയും ചെയ്ത ചിലരൊക്കെ തിരിച്ചു വന്നു തുടങ്ങുന്നുണ്ട്. ഈ രണ്ടു മാസമായിട്ടാണ് കുറച്ചെങ്കിലും ടൂറിസ്റ്റുകൾ വന്നു തുടങ്ങുന്നത്. ഭയങ്കര ചുരുക്കിയാണ് കാര്യങ്ങൾ പലരും നടത്തുന്നത്. കോവിഡിനു മുമ്പ് പ്രധാനമായും യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിൽ നിന്നായിരുന്നു ടൂറിസ്റ്റുകൾ വന്നിരുന്നത്. കുറച്ചുപേർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും. പക്ഷേ, അന്ന് രണ്ടു മൂന്നു ഗസ്റ്റുകൾ വീതം എല്ലാ മുറിക്കും ഓരോ ആഴ്ചയും ലഭിക്കും. കഴിഞ്ഞ രണ്ടു മാസമായിട്ട് പഴയ രീതിയിൽ സഞ്ചാരികൾ വന്നു തുടങ്ങി. കൂടുതലും കർണാടക, തമിഴ്നാട്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ്. വിദേശികൾ ഇല്ല. എന്നാൽ പ്രതീക്ഷയുണ്ട്. കഴിഞ്ഞ രണ്ടു മാസമായി കൂടുതൽ അന്വേഷണങ്ങൾ വരുന്നുണ്ട്. യു.കെ, മറ്റ് യൂറോപ്യൻ രാജ്യങ്ങളായ സ്പയിൻ, ജർമനി, എസ്റ്റോണിയ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. പിന്നെ, വിയറ്റ്നാം, തായ്‌ലൻഡ്, ഓസ്ട്രേലിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഗസ്റ്റുകൾ ഉണ്ടായിരുന്നു. ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ സെറ്റ് ചെയ്തിരിക്കുന്നത് ഇവിടെ ആയതുകൊണ്ട്, അരുന്ധതി റോയിയുടെ നാടായതു കൊണ്ട് വായനക്കാരായവരും വന്നിരുന്നു. പാൻ യൂറോപ്യൻ, പാൻ ഏഷ്യൻ ടൂറിസ്റ്റുകളായിരുന്നു അവർ. പിന്നെ അമേരിക്കയിൽ നിന്ന് രണ്ടോ മൂന്നോ പേർ. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ വിദേശ ടൂറിസ്റ്റുകളെ ആശ്രയിച്ചു നിൽക്കാൻ സാധിക്കാത്തതു െകാണ്ട് ആഭ്യന്തര ടൂറിസ്റ്റുകളെ കൊണ്ടു വരാൻ ശ്രമിക്കുക എന്നേ ഉള്ളൂ. അങ്ങനെയെ ഇതിൽ നിന്നു കരകയറാൻ സാധിക്കൂ’, ജെഫ്രി പറയുന്നു.
∙ഹോംസ്റ്റെഡ് ഫാം എന്ന വലിയ സാധ്യത
ടൂറിസം മേഖലയിൽ വലിയ തോതിലുള്ള അഴിച്ചുപണി ആവശ്യമുണ്ട് എന്നാണ് സിജിഎച്ച് എർത്ത് ഗ്രൂപ്പിന്റെ സിഇഒ ജോസ് ഡൊമിനിക് പറയുന്നത്. ടൂറിസ്റ്റുകളും അതാവശ്യപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കേരള ടൂറിസമെന്നത് ചെറിയ സംരംഭകർ തങ്ങളുടെ പ്രാദേശിക ധാരണകളുടെ ഒക്കെ അടിസ്ഥാനത്തിൽ തുടങ്ങിയ ചെറിയ ഒരു സംരംഭമായിരുന്നു എന്നും ഇനി അതു മാത്രമേ മുന്നോട്ടു പോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കോവിഡിനു ശേഷം അതിനുള്ള ഒരവസരവും കൂടിയാണ് വന്നിരിക്കുന്നത് എന്നു പറയുന്ന ജോസ് ഡൊമിനിക്, നമ്മുടെ ഏറ്റവും വലിയ സമ്പത്ത്, ഇതുവരെ കാര്യമായി പുറംലോകത്തിനു മുന്നിൽ തുറന്നിട്ടില്ലാത്ത ഒന്നാണ് ഹോംസ്റ്റെഡ് ഫാം എന്നതും ചൂണ്ടിക്കാട്ടുന്നു.
‘‘ഉൾപ്രദേശങ്ങളിലേക്ക് പോവുക. ഹോംസ്റ്റെഡ് ഫാം എന്നാൽ വര്‍ക്കിങ് ഫാം തന്നെയാണ്. ആളുകളുടെ പക്കൽ ചെറിയ തോതിലെങ്കിലും പറമ്പുണ്ട്. കുറച്ചു സെന്റുകൾ മുതൽ ഏക്കർ കണക്കിന് പറമ്പുകളുണ്ട്. ഈ പറമ്പിൽ പണിയെടുക്കുന്ന കർഷകർക്ക് വരുമാനം ആവശ്യമുണ്ട്. പുതിയ വിപണി ആവശ്യമുണ്ട്, അവർക്ക് കൂടുതൽ വരുമാനം ലഭിക്കണം. അതുപോലെ ടൂറിസ്റ്റുകൾക്ക് പുതിയ അനുഭവങ്ങൾ ലഭിക്കണം. ഇതിന്റെ ഒരു ഭാഗമായി വരും കാരവാൻ ടൂറിസം. അതിൽ ചില പ്രശ്നങ്ങളുണ്ട്. എങ്കിലും അതിലൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കും’’, അദ്ദേഹം പറയുന്നു.
‘‘കേരളത്തിന്റെ ടൂറിസം മേഖലയിൽ ‘അലർട്ടഡ് ഇൻഡിപെൻഡന്റ് ട്രാവലർ (എഐറ്റി)’ എന്ന സങ്കൽപ്പം ഇപ്പോൾ കൂടുതൽ പ്രസക്തമാണ്. ആ യാത്രികർ വ്യക്തികളായിരിക്കും, അവർ കുറേക്കൂടി സഹിഷ്ണുത ഉള്ളവരാണ്. അവർ ഈ ഭൂമിയെ സ്നേഹിക്കുന്നവരും പ്രാദേശികമായുള്ള ആളുകളെ ഇഷ്ടപ്പെടുന്നവരുമാണ്. നമുക്കു മാത്രമുള്ള നമ്മുടെ കാര്യങ്ങൾ അനുഭവിക്കാൻ അവർക്ക് താത്പര്യമുണ്ടാകും. അതാണ് നമ്മുടെ മാർക്കറ്റ്. അത് കൂടുതൽ വലുതായി വന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ ആളുകൾ അത്തരത്തിൽ യാത്ര ചെയ്തു തുടങ്ങിയിട്ടുമുണ്ട്.
കേരളത്തിലെ ടൂറിസം മേഖല വികസിച്ചു തുടങ്ങുന്ന സമയത്ത് ഇന്ത്യയിലെ ആഭ്യന്തര ടൂറിസം എന്നത് വലിയ ഗ്രൂപ്പുകളായുള്ള ടൂറിസ്റ്റ് സംഘങ്ങളായിരുന്നു പ്രധാനമായി ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അതിൽ നിന്ന് ചെറിയ ഗ്രൂപ്പുകളും വ്യക്തികളും ഉണ്ടാവുകയും അവർ യാത്ര ചെയ്യാനാരംഭിക്കുകയും ചെയ്തു. കേരളം അത്തരം ടൂറിസ്റ്റുകൾക്ക് ചേർന്ന ഒരിടമാണ്. ഒരു ഫാമിൽ പോയി രണ്ടു പേർക്ക് താമസിക്കാം. കേരളം അത്തരം കാര്യങ്ങൾക്ക് സുരക്ഷിതമാണ്. സാംസ്കാരികമായി ആളുകളെ സ്വീകരിക്കുന്നതിന് നമുക്ക് കുഴപ്പമില്ല.
‘നെയ്ബർഹുഡ് ട്രാവൽ’ ഒരവസരമാണ്, ‘ഡൊമസ്റ്റിക് ട്രാവൽ’ ഒരവസരമാണ്, ‘ഇന്റർനാഷണൽ ട്രാവൽ’ അവസരമാണ്. അതിന് ചില തടസങ്ങളുണ്ട്. മാറി വരാൻ സമയമെടുക്കും. എന്നാൽ ഉത്തരവാദിത്ത ടൂറിസം (റെസ്പോൺസിബിൾ ടൂറിസം) എന്നത് കേരളത്തിന്റെ തനതായ സവിശേഷതയാണ്. ഏതു വിധത്തിലുമുള്ള ടൂറിസ്റ്റ് ആകട്ടെ, അവരൊക്കെ മനസിലാക്കാനും സ്വീകരിക്കാനും പോകുന്നത്, പ്രകൃതിയാണ് ഏറ്റവും വലിയ സമ്പത്ത്, അതിനെ പരിരക്ഷിക്കുന്നതാണ് ഏറ്റവും വലിയ ലക്ഷ്വറി എന്നായിരിക്കും. ആഡംബരമെന്നത് പ്രകൃതിയെ നശിപ്പിക്കുന്നതല്ല, മറിച്ച് അതിനെ പരിപാലിക്കുകയും നിലനിർത്തുകയും ചെയ്യുന്നതാണ്. ആ ദിശയിലാണ് ടൂറിസം മേഖല മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്’’, ജോസ് ഡൊമിനിക് ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, ടൂറിസം എന്നതിനോട് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സമീപനം തന്നെ മാറ്റേണ്ടതുണ്ടെന്നാണ് ശിവദത്തൻ പറയുന്നത്. ‘‘ടൂറിസം വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന ഡെസ്റ്റിനേഷൻ ചാലഞ്ച് മികച്ചതാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥർക്കോ ഒന്നും യഥാർഥ ടൂറിസം എന്താണ് എന്നതിനെ കുറിച്ച് ധാരണയില്ല. കെട്ടിടം പണിയുക, പാത്ത് വേ ഉണ്ടാക്കുക, അല്ലെങ്കിൽ വലിയ ലൈറ്റുകൾ സ്ഥാപിക്കുക എന്നതൊക്കെയാണ് ടൂറിസം എന്നാണ് മിക്കവരുടെയും ധാരണ. ഇതൊക്കെ മാറിയിട്ട്, നമ്മുടെ വീടും പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ പച്ചപ്പ് നിലനിർത്തുക, കൃഷിരീതികൾ, ആചാരം, സംസ്കാരങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് വേണ്ടത്. 25 ലക്ഷം രൂപ അനുവദിച്ചാൽ ആദ്യം ആലോചിക്കുന്നത് എങ്ങനെയുള്ള കെട്ടിടം കെട്ടുമെന്നാണ്. അതല്ല, നമ്മുടെ വീടും തൊടികളുമൊക്കെയാണ് ആളുകൾക്ക് കാണാൻ ഇഷ്ടം. അവർക്ക് കൊടുക്കേണ്ടത് നമ്മുടെ ഭക്ഷണമാണ്. ഈ വിധത്തിൽ പഞ്ചായത്ത് തലത്തിൽ നമ്മുടെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയുമൊക്കെ പാകപ്പെടുത്തി എടുത്താൽ മാത്രമേ ടൂറിസം മേഖല നിലനിൽക്കൂ’’, ശിവദത്തൻ പറയുന്നു.
∙ ‘ഫസ്റ്റ് മൂവർ അഡ്വാന്റേജ് പ്രയോജനപ്പെടുത്തൂ’
പരമ്പരാഗത ടൂറിസം മാതൃകകളിൽ നിന്ന് മാറി കേരളത്തിന്റെ ടൂറിസം മേഖലയിൽ മാറ്റങ്ങള്‍ കൊണ്ടുവരാൻ പറ്റുന്ന സാഹചര്യങ്ങളാണ് കോവിഡിനു ശേഷമുണ്ടായിട്ടുള്ളത് എന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. കെടിഡിസി മുന്‍ എംഡി കൂടിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് നായർ പറയുന്നത് ‘ഫസ്റ്റ് മൂവർ അഡ്വാന്റേജ്’ എന്നുള്ളത് കേരളം ഉപയോഗപ്പെടുത്തണം എന്നാണ്. ‘‘കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഒരു റീ ഇൻവെൻഡിങ്, റീബ്രാൻഡിങ് ആവശ്യമുണ്ട്. പല രാജ്യങ്ങളും പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അത് ചെയ്യുന്നുമുണ്ട്. ഇതൊക്കെ ചെയ്താൽ മാത്രമേ ആളുകളെ ആകർഷിക്കാൻ കഴിയൂ. പഴയ അതേ മോഡിൽ അതേ പതിഞ്ഞ വേഗത്തിൽ, അതേ ബ്രാൻഡിങ് തന്നെ ടൂറിസം മേഖലയിൽ നടക്കില്ല. എത്രയും വേഗം പുതിയ തലത്തിലേക്ക് ടൂറിസം മേഖലയെ കൊണ്ടു പോകേണ്ടതുണ്ട്. അതിന്റെ സമയം അതിക്രമിച്ചു എന്നു തന്നെ പറയാം. യാത്രികര്‍ക്ക് അനുഭവങ്ങൾ (Experience) കൊടുക്കാൻ പറ്റണം. നിർമാണ പ്രവർത്തനങ്ങളോ മുറികളോ ഇതിലൊന്നും കാര്യമില്ല. ഏതു ഹോട്ടൽ മുറിയിൽ ചെന്നാലും നാലു ചുവരുകൾക്കുള്ളിലാണ്. അപ്പോൾ പ്രധാനമെന്നു പറയുന്നത് അവിടെ ചെല്ലുന്ന വ്യക്തിക്ക് കിട്ടുന്ന എക്സ്പീരിയൻസും എക്സ്പോഷറുമാണ്. അവർ ഇടപഴകുന്ന ആളുകളിൽ നിന്നു കിട്ടുന്ന അനുഭവങ്ങളാണ്. ആ ആകെത്തുകയാണ് അയാൾ തിരിച്ചു പോകുമ്പോൾ ഓർമകളായി കൊണ്ടു പോകുന്നത്. നല്ല ഓർമകൾ സമ്മാനിക്കാൻ കഴിയണം, അത് ക്യുറേറ്റ് ചെയ്യാൻ സാധിക്കണം.’’, പ്രശാന്ത് പറയുന്നു.
ഹോം സ്റ്റേകൾ മാത്രമല്ല, ഉപയോഗിക്കാതെ കിടക്കുന്ന വസ്തുവകകളും അപ്പാർട്ട്മെന്റുകളുമൊക്കെ ടൂറിസത്തിലേക്ക് െകാണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘‘ഇതെല്ലാം സിസ്റ്റത്തിനുള്ളിലേക്ക് കൊണ്ടുവന്ന് ബന്ധപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എങ്ങനെ പുതിയ മേഖലകൾ (Segments) ഉൾപ്പെടുത്താം എന്നതാണ് ആലോചിക്കേണ്ടത്. നിലവിൽ വന്നു കൊണ്ടിരിക്കുന്ന കുറെ മേഖലകളുണ്ട്. എന്നാൽ അതു മതി മുന്നോട്ടു പോകാൻ എന്നു പറഞ്ഞിരുന്നാൽ നിലനിൽക്കുക ബുദ്ധിമുട്ടായി തീരും. ടൂറിസം ഡെസ്റ്റിനേഷനുകളായ രാജ്യങ്ങൾ ചെയ്യുന്നത് ഏതു വിധേനയും പുതിയ മേഖലകൾ കൊണ്ടുവരിക എന്നതാണ്. കേരളത്തിൽ ചിലപ്പോൾ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ ചുറ്റും ഒന്നു കണ്ണോടിച്ചാൽ പല ഉദാഹരണങ്ങളും കാണാം. തായ്‌ലൻഡ് പെട്ടെന്ന് കഞ്ചാവ് നിയമവിധേയമാക്കി. എന്താണ് അതിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതാണ്. ചുറ്റുപാടുമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി അവർ ഇങ്ങനെയൊരു മാറ്റം കൊണ്ടു വന്നു. അതാണ് അവരുടെ യുഎസ്പി. സ്വാഭാവികമായും അവർക്ക് അതിന്റെ ഗുണമുണ്ടാകും. കേരള ടൂറിസവും ആ യുഎസ്പി കണ്ടെത്തണം. വ്യത്യസ്തമായ, എന്തെങ്കിലുമൊരു ‘ബിഗ്ബാങ്’ കൊണ്ടുവന്നിട്ടു വേണം ആളുകളെ ആകർഷിക്കാൻ. ടൂറിസം മേഖല തന്നെയാണ് ആ ആശയം കൊണ്ടു വരേണ്ടത്. അല്ലാതെ സർക്കാർ കൊണ്ടുവരണം, സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നു പറഞ്ഞ് മാറി നിൽക്കുന്നതിലും കാര്യമില്ല. ടൂറിസം വ്യവസായ കൂട്ടായ്മ ഏറ്റവും ശക്തമായി ഉള്ള സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് കേരളം. കേരള ടൂറിസത്തിൽ പ്രവർത്തിക്കുന്ന അതികായരുണ്ട്, വിദഗ്ധരുണ്ട്, ബിസിനസ് നേതാക്കളുണ്ട്. ഇവരുടെ കൂട്ടായ്മയിൽ ആശയങ്ങൾ വരേണ്ടതുണ്ട്. അത് സമീപനത്തിന്റെ കാര്യത്തിലായാലും മാർക്കറ്റിങ്ങിന്റെ കാര്യത്തിലായാലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ
വൈദഗ്ധ്യത്തിന്റെ കാര്യത്തിലായാലും എന്താണ് പുതുതായി കൊണ്ടുവരാൻ പറ്റുക എന്ന ആലോചന ഉണ്ടെങ്കിൽ നമുക്ക് അത്ഭുതങ്ങൾ കാണിക്കാൻ പറ്റും. ഈയൊരു സമയം എന്നത് ഒരു അവസരം തന്നെയാണ്, അത് പിടിച്ചെടുക്കേണ്ടതാണ്’’, പ്രശാന്ത് വ്യക്തമാക്കുന്നു.
∙ വാഗമണ്ണിന്റെ ‘എല്ലാമായ’ ടൂറിസം
കേരളത്തിനുള്ളിൽ തന്നെ ഏറ്റവും കൂടുതൽ പേർ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട മലയോര ടൂറിസം കേന്ദ്രമായ വാഗമണ്ണിലും കോവിഡിനു ശേഷം വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാൽ സൗകര്യങ്ങളുടെ അഭാവം ഇവിടുത്തെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ്. ഈ സൗകര്യങ്ങൾ ഒരുക്കുന്നത് വലിയ കെട്ടിടങ്ങളും മറ്റും ഉയർത്തിയല്ല, മറിച്ച് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിൽ പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തിയുമാണെന്നാണ് ഇവിടുത്തെ ടൂറിസം വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേരള ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് സജീവ് കുമാർ പറയുന്നത്. ‘‘ഇവിടത്തെ പ്രകൃതിയെക്കൂടി സംരക്ഷിച്ചു കൊണ്ടുള്ള വികസന പദ്ധതികളാണ് ആവശ്യം. അതുപോലെ ഫാം ടൂറിസം വികസിപ്പിക്കാവുന്നതാണ്. നമ്മൾ ആളുകളോട് സഞ്ചരിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ അവരെ ടൂറിസത്തിൽ പങ്കാളിയാകാൻ ക്ഷണിക്കുകയാണ്. ഒരേക്കർ ഒക്കെ ഭൂമിയുള്ള ആളുകൾ, അതിൽ കൃഷിയൊക്കെ ഉള്ളവർ, അവർ ഒരു ഹോം സ്റ്റേ കൂടി ഏർപ്പാടാക്കിയാൽ അത് വലിയ മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്. അവിടുത്തെ തേയില തന്നെ എടുത്ത് സംസ്കരിച്ച് അത് ഉപയോഗിക്കുന്നതിന്റെ എക്സ്പീരിയൻസ് ഒക്കെ അങ്ങനെ ടൂറിസ്റ്റുകൾക്ക് ലഭിക്കുകയാണ്. അതുപോലെ തേനും തേനീച്ച വളർത്തലും പോലുള്ള കാര്യങ്ങളൊക്കെ വലിയ സാധ്യതകളുള്ളതാണ്. ഇതുവഴി കാർഷിക മേഖലയേയും ടൂറിസത്തെയും തമ്മിൽ ബന്ധിപ്പിക്കുകയാണ്. ഒരു കർഷകൻ അങ്ങനെ ടൂറിസം സംരംഭകനുമാകും. പൂട്ടിക്കിടക്കുന്ന തോട്ടമുടമകൾക്കുമൊക്കെ ചെയ്യാവുന്ന കാര്യമാണിത്’’, സജീവ് കുമാർ പറയുന്നു.
വാഗമണ്ണിൽ വച്ചാണ് ചാവക്കാട് സ്വദേശികളായ ആഷിഫ്, അസർ, അനസ് എന്നിവരെ കണ്ടുമുട്ടിയത്. ആഷിഫ് ഗൾഫിലേക്ക് തിരികെ പോകുന്നതിനു മുമ്പ് സുഹൃത്തുക്കളുമൊത്ത് ‘കറങ്ങാൻ’ ഇറങ്ങിയതാണ്. മണാലിക്ക് പോകാനായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും തത്കാലം അത് വാഗമണ്ണിലേക്കാക്കുകയായിരുന്നു. ‘‘അധികം പ്ലാനിങ്ങൊക്കെ ഉണ്ടായാൽ നടക്കില്ല. അതൊക്കെ അപ്പോൾ തന്നെ തീരുമാനിക്കുന്നു. ഓൺലൈനിലാണ് ബുക്ക് ചെയ്യുക. മൊത്തം പ്ലാന്‍ ചെയ്ത് സെറ്റായാണ് ഇറങ്ങിയിട്ടുള്ളത്’’, എന്നു പറയുന്ന ആഷിഫിനെയും കൂട്ടരെയും പോലുള്ള നൂറു കണക്കിന് പേരാണ് വാഗമണ്ണിലേക്ക് ദിവസവും എത്തുന്നത്.
‘‘വാഗമണ്ണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗമെന്നത് ടൂറിസമാണ്. ഇവിടെ മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല. കാർഷിക മേഖലയിൽ നിന്നുള്ളതൊക്കെ നിലച്ചു. ജനജീവിതം ദു:സഹമാകാതിരിക്കാൻ ടൂറിസം പ്രമോട്ട് ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള വഴി. സൊസൈറ്റി അതനുസരിച്ചുള്ള ടൂറിസം പ്രൊമോഷനാണ് ആലോചിക്കുന്നത്. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നൊക്കെ ധാരാളംപേർ വരുന്നുണ്ട്. ഭാവി വാഗമണിനെ രാജ്യാന്തര നിലവാരമുള്ള കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. കേരളത്തിന്റെ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ സൊസൈറ്റിക്കും പങ്കാളിത്തമുണ്ടാകും. ഇതിന്റെ ആസ്ഥാനമെന്ന നിലയിൽ വാഗമണ്ണിനെ കുറച്ചുകൂടി പ്രമോട്ട് ചെയ്യേണ്ടതുണ്ട്. ഇവിടെ പാരാഗ്ലൈഡിങ് നടക്കുന്നുണ്ട്. സാഹസിക ടൂറിസത്തിന് എത്തുന്നവർക്ക് ഇപ്പോൾ അത് മാത്രമേ ഉള്ളൂ. അതുപോലെ മോട്ടാര്‍ പാരാഗ്ലൈഡിങിനും സൗകര്യമുണ്ട്. അതിനുള്ള സ്ഥലമുണ്ട്. ഇതിനുള്ള പരിശീലനത്തിന് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ പോകണം. പരിശീലനത്തിന് ഇവിടെ ആളെവച്ച് തദ്ദേശീയ ആളുകളെ നിയമിക്കാൻ ആലോചന നടക്കുന്നുണ്ട്. അവർക്ക് ഉപജീവന മാർഗവുമാകും. ടൂറിസം എന്നത് എല്ലാ വിഭാഗങ്ങൾക്കും ആസ്വദിക്കേണ്ടതുണ്ട്. നിങ്ങൾക്ക് പണമുണ്ട്, എനിക്ക് പണമില്ല, അതുകൊണ്ട് നിങ്ങൾക്കു മാത്രമേ ടൂറിസം ആസ്വദിക്കാവൂ എന്നില്ല. ടൂറിസ്റ്റുകൾക്ക് വന്നാൽ താമസവും ഒരു പ്രശ്നമാണ്. മിതമായി നിരക്കിൽ ആളുകൾക്ക് വന്നു താമസിച്ചു പോകാൻ പറ്റുന്ന സ്ഥലം ആവശ്യമാണ്. നല്ല ഭക്ഷണം കിട്ടുന്നില്ല എന്ന പരാതിയും നിലവിലുണ്ട്’’, അക്കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു വരികയാണെന്നും സജീവ് കുമാർ പറയുന്നു.
∙ ‘ആഭ്യന്തര ടൂറിസം നന്നായി നോക്കിക്കൂടേ’?
കേരളത്തിലെ ടൂറിസം വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് റോഡുകളുടെ വികസനമാണെന്ന് അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ മാനേജിങ് ഡയറക്ടർ റിയാസ് അഹമ്മദ് പറയുന്നു. ‘‘പല ടൂറിസം മേഖലകളിലൊക്കെ റെയിൽ മാർഗമോ ഫ്ലൈറ്റ് വഴിയോ ഒന്നും എത്തിച്ചേരാൻ പറ്റില്ല. അതുകൊണ്ടു തന്നെ റോഡുകളുടെ വികസനം ഒരു പ്രധാനപ്പെട്ട കാര്യമാണ്. മലബാർ ടൂറിസത്തെക്കുറിച്ച് നാം കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും നല്ല റോഡുകളില്ലെങ്കിൽ അവിടെ എത്തിച്ചേരാൻ സാധിക്കില്ല എന്നോർക്കണം’, അദ്ദേഹം പറയുന്നു.
വാഗമണ്ണിലെ ഓറഞ്ച്‍വാലി റിസോർട്ട് ഉടമ ബിജു തോമസ് പറയുന്നത് ‘‘ആഭ്യന്തര ടൂറിസം തന്നെ നന്നായിട്ട് നോക്കിക്കഴിഞ്ഞാൽ കേരളത്തിലെ എല്ലാ റിസോർട്ടുകളും നന്നായിട്ട് ഓടാനുള്ള വകുപ്പുണ്ട്’’ എന്നാണ്. ‘‘ഗസ്റ്റുകൾ ഒരുവിധമൊക്കെ വന്നു തുടങ്ങി. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണ്. കെട്ടിടങ്ങളാൽ നിറഞ്ഞിരിക്കുന്ന മൂന്നാറിനെ അപേക്ഷിച്ച് കേരളത്തിൽ ഏറ്റവും കൂടുതലായി വികസിച്ചു വരുന്ന ഒരിടമാണ് വാഗമൺ. റോഡുകളൊക്കെ ഒന്നു കൂടി മെച്ചപ്പെട്ടാൽ ടൂറിസം കുറെക്കൂടി നന്നാകും’’, ബിജു പറയുന്നു.
വാഗമണ്ണിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സഞ്ചാരപാതയായ ഈരാറ്റുപേട്ടയിൽ നിന്നുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഓണത്തിന് മുമ്പു തന്നെ റോഡ് നിർമാണം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ ഓണം കഴിഞ്ഞിട്ടും റോഡ് പഴയതിനേക്കാൾ മോശമാവുകയാണ് ചെയ്യുന്നത്. റോഡ് തീരെ സഞ്ചാരയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി വാഗമൺ സന്ദർശനം തന്നെ ഒഴിവാക്കുന്നവരുമുണ്ട്. മഴക്കാലം കഴിഞ്ഞാൽ റോഡ് പണി വേഗത്തിലാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
∙ ‘മൂന്നാർ പഴയ മൂന്നാർ തന്നെ’
കെട്ടിടങ്ങളൊക്കെ കൂടിയെങ്കിലും മൂന്നാറിന്റെ പകിട്ടിന് യാതൊരു കുറവും വന്നിട്ടില്ല എന്നാണ് ഷോകേയ്സ് മൂന്നാർ അസോസിയേഷൻ ഫോർ റെസ്പോണ്‍സിബിൾ ടൂറിസം ജനറൽ സെക്രട്ടറിയും ദി ടോൾ ട്രീസ് റിസോർട്ട് ജനറൽ മാനേജരുമായ അജു അബ്രഹാം മാത്യു പറയുന്നത്. ‘‘കോവിഡിനു ശേഷം ഹോട്ടൽ–റിസോർട്ട് മേഖലയും ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. അയൽ സംസ്ഥാനങ്ങൾ, ഉത്തരേന്ത്യക്കാർ ഒക്കെ വന്നു തുടങ്ങി. രണ്ടാഴ്ച വരെയാക്കെയാണ് ഇവർ കേരളത്തിൽ തങ്ങുന്നത്. മൂന്നാർ പോലുള്ള സ്ഥലത്ത് മിനിമം 3–5 ദിവസങ്ങൾ ചെലവഴിക്കും. നേരത്തെ ഇരവികുളം പോലുള്ള സ്ഥലങ്ങളിൽ പോകുന്നതു പോലെ പുതിയ സ്ഥലങ്ങളായ മറയൂർ, കാന്തല്ലൂർ, വട്ടവട ഇവിടെയൊക്കെ ടൂറിസ്റ്റുകൾ പോകുന്നുണ്ട്. 2022–ന്റെ രണ്ടാം പകുതി കഴിയുന്നതോടെ വിദേശികൾ വന്നുതുടങ്ങും എന്നാണ് കരുതുന്നത്. ഇതിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ളവരും യൂറോപ്പിൽ നിന്നുള്ളവരുമൊക്കെ വന്നു തുടങ്ങണം. കേരള ടൂറിസത്തിന്റെ പരസ്യ പരിപാടികളായാലും കേരള ട്രാവൽ മാർട്ട് പോലുള്ള പരിപാടികളായാലും കേരളം എല്ലാവരേയും സ്വീകരിക്കാൻ തയാറാണ് എന്ന സന്ദേശം ലോകമാകെ നൽകിക്കഴിഞ്ഞു എന്നാണ് എന്റെ പ്രതീക്ഷ.
ബിസിനസ് നോക്കിയാൽ ഏതു റേഞ്ചിലും പണം ചെലവഴിക്കാൻ കഴിയുന്നവർ വരുന്നുണ്ട്. അങ്ങനെ ഉള്ളവർക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. ചെറിയ റിസോർട്ടുകളും ഹോം സ്റ്റേകളും മുതൽ വലിയ റിസോർട്ടുകൾ വരെയുള്ള സ്ഥലമാണ്. അതുപോലെ ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഒരു പ്രധാന കാര്യം തന്നെയാണ്. പഴയ യാത്രാ ശീലങ്ങളല്ല ഇപ്പോഴുള്ളത്. കാരണം പുറംരാജ്യങ്ങളിലൊക്കെ പോയിട്ടുള്ളവരാണ് ഇപ്പോൾ കേരളത്തിലേക്കും വരുന്നത്. അപ്പോൾ ടൂറിസം ഡെസ്റ്റിനേഷന്റെ കാര്യത്തിലായാലും ടൂറിസം സ്പോട്ടുകളുടെ കാര്യത്തിലായാലും അടിസ്ഥാന സൗകര്യങ്ങൾ കുറേ മാറേണ്ടതുണ്ട്. മാറിയ തലമുറയ്ക്ക് അനുസൃതമായ മാറ്റങ്ങൾ നാം കൂട്ടിച്ചേർക്കേണ്ടതുണ്ട്. പണ്ടത്തെ പോലെ മൂന്നാറിൽ വന്ന് ഒരു ദിവസം തങ്ങി തിരിച്ചു പോവുക എന്നതല്ല, രണ്ടോ മൂന്നോ ദിവസം പ്രകൃതിയോടൊപ്പം ചെലവഴിക്കുക എന്നതിലേക്ക് മൂന്നാറിലെ ടൂറിസം മാറിയിരിക്കുന്നു’’, അജു പറയുന്നു.
∙ആ സീ പ്ലെയ്‍ൻ ഉണ്ടായിരുന്നെങ്കിൽ
നയപരമായതും ഉദ്യോഗസ്ഥ പ്രശ്നങ്ങളുമൊക്കെ ടൂറിസം മേഖലയ്ക്ക് തടസമുണ്ടാക്കുന്നതിന്റെ ഒരുദാഹരണം ആലപ്പുഴയിലെ ഹൗസ് ബോട്ട് ഉടമയും ടൂറിസം ഗവേണിങ് ബോഡി മെമ്പറും ടൂറിസം പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാനുമൊക്കെയായ ടോമി പുലിക്കാട്ടിൽ പറയും. ‘‘ഇപ്പോൾ സർക്കാർ കൊണ്ടുവന്ന കാരവാൻ ടൂറിസം പോലെ ഒരിക്കൽ ബാക്ക് വാട്ടറിൽ സീ പ്ലെയിന്‍ എന്ന ആശയവുമായി സർക്കാർ വന്നിരുന്നു. എന്നാൽ നിസാരമായ ചില പ്രശ്നങ്ങളുടെ പേരിൽ അത് നടത്തപ്പെടാൻ സാധിക്കാതിരുന്നത് ഈ മേഖലയ്ക്ക് തന്നെ വളരെയധികം ദോഷം ചെയ്തു. ഇന്ന് ആ സീ പ്ലെയിൻ ഉണ്ടായിരുന്നെങ്കിൽ വളരെ ദൂരത്തു നിന്നുള്ള ആളുകൾക്ക് ഈസി ആയി വരാൻ പറ്റും, സീ പ്ലെയിനുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ നടക്കുന്നു, അങ്ങനെ വരുന്നവർ ഇവിടെ സ്പെൻഡ് ചെയ്യുന്നു. ആളുകൾക്ക് തൊഴിൽ കിടുന്നു, ഇവിടുത്തെ സമ്പദ്‍വ്യവസ്ഥ വളരുന്നു, അങ്ങനെ ഒരുപാട് മാറ്റങ്ങളുണ്ട്. എന്നാൽ ചെറിയ കാര്യങ്ങളുടെ പേരിൽ അന്ന് ഇതൊക്കെ അവസാനിപ്പിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളിൽ അനിവാര്യമായ മാറ്റം ആവശ്യമാണ്’’, അദ്ദേഹം പറയുന്നു.
അടുത്തിടെ, കേരളത്തിലെ ഡാമുകളിൽ സീ പ്ലെയിനുകൾ ഇറക്കുന്ന പദ്ധതി കെഎസ്ഇബിയുമായി ചേർന്ന് ആവിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത്തരം കാര്യങ്ങൾക്കൊപ്പം ഉള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കേണ്ടതല്ലേ? അതാണ് മെഡിക്കൽ ടൂറിസവും ആയുർവേദവും. ഈ മേഖലകളിൽ കേരളം എത്രത്തോളം വിജയം കൈവരിച്ചിട്ടുണ്ട്? എന്തൊക്കെ സാധ്യതകളാണുള്ളത്. വിദേശികൾ കേരളത്തിലേക്ക് കാര്യമായി എത്തിത്തുടങ്ങാത്തതിന് കാരണമെന്താണ്? അതിനെക്കുറിച്ച് നാളെ.
English Summary: How Kerala Tourism Revives Amid Covid Pandemic - A Report Part 3