കേരളത്തിൽ വിദേശ ടൂറിസ്റ്റുകൾ കുറഞ്ഞതിന് കാരണമുണ്ട്; വമ്പൻ സാധ്യതകളുമായി ആയുർവേദ–മെഡിക്കല് ടൂറിസം
കോവിഡ് മൂലം അടച്ചിട്ട രണ്ടു വർഷം ഒഴിവാക്കിയാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ നല്ലൊരു പങ്ക് എത്തുന്നത് ബ്രിട്ടനിൽ നിന്നാണ്. പാശ്ചാത്യ നാടുകളിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിന്റെ ബീച്ചുകളിൽ വെയിൽ കൊള്ളാനും റിസോർട്ടുകളിലെ ശാന്തത അനുഭവിക്കാനും ഹൗസ്ബോട്ടുകളിൽ
കോവിഡ‍് മൂലം അടച്ചിട്ട രണ്ടു വർഷം ഒഴിവാക്കിയാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ നല്ലൊരു പങ്ക് എത്തുന്നത് ബ്രിട്ടനിൽ നിന്നാണ്. പാശ്ചാത്യ നാടുകളിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിന്റെ ബീച്ചുകളിൽ വെയിൽ കൊള്ളാനും റിസോർട്ടുകളിലെ ശാന്തത അനുഭവിക്കാനും ഹൗസ്ബോട്ടുകളിൽ
കോവിഡ‍് മൂലം അടച്ചിട്ട രണ്ടു വർഷം ഒഴിവാക്കിയാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ നല്ലൊരു പങ്ക് എത്തുന്നത് ബ്രിട്ടനിൽ നിന്നാണ്. പാശ്ചാത്യ നാടുകളിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിന്റെ ബീച്ചുകളിൽ വെയിൽ കൊള്ളാനും റിസോർട്ടുകളിലെ ശാന്തത അനുഭവിക്കാനും ഹൗസ്ബോട്ടുകളിൽ
കോവിഡ‍് മൂലം അടച്ചിട്ട രണ്ടു വർഷം ഒഴിവാക്കിയാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ നല്ലൊരു പങ്ക് എത്തുന്നത് ബ്രിട്ടനിൽ നിന്നാണ്. പാശ്ചാത്യ നാടുകളിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിന്റെ ബീച്ചുകളിൽ വെയിൽ കൊള്ളാനും റിസോർട്ടുകളിലെ ശാന്തത അനുഭവിക്കാനും ഹൗസ്ബോട്ടുകളിൽ അന്തിയുറങ്ങാനുമൊക്കെയായി എത്തുന്നവരാണ് ഇതിൽ കൂടുതലും. എന്നാൽ ഇത്തവണ ഈ ബ്രിട്ടീഷ് സഞ്ചാരികൾ കാര്യമായി വരുമോ എന്ന കാര്യത്തിൽ ടൂറിസം മേഖലയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ബ്രിട്ടനു പുറമെ കാനഡയിൽ നിന്നുള്ള സഞ്ചാരികളുടെ കാര്യത്തിലും, ഇന്ന് ഇന്ത്യയിൽ വർധിച്ചു വരുന്ന 'മെഡിക്കൽ ടൂറിസം' രംഗത്തേക്ക് കൂടുതലായി എത്തുന്ന സൗദി അറേബ്യയിൽ നിന്നുള്ളവരുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് വരാനായി ഇ–വീസ സൗകര്യം നിർത്തിവച്ചിരിക്കുന്നതാണ് ഇതിനു കാരണം. കോവിഡിന് താത്കാലിക ശാന്തിയുണ്ടായതോടെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നടക്കം ആയുർവദേ–സുഖചികിത്സയ്ക്ക് ടൂറിസ്റ്റുകൾ എത്തുമെന്ന പ്രതീക്ഷയും ടൂറിസം മേഖലയ്ക്കുണ്ട്.
‘‘സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള സീസണിൽ ഒരു 30–40 ശതമാനം ബുക്കിങ് എങ്കിലും ഉണ്ടാകും എന്നാണ് പ്രതീക്ഷ. ആഭ്യന്തരമായും കുറച്ചു കൂടി ആളുകൾ വരും. എന്നാൽ ഈ സീസണിൽ ബ്രേക്ക് ഈവൻ ആവില്ല. പക്ഷേ അടുത്ത സീസണിലേക്ക് ഒരു 80 ശതമാനമെങ്കിലും തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ സീസണിലേക്കുള്ള അന്വേഷണങ്ങൾ വരുന്നത് കുറവാണ്. റഷ്യയിൽ നിന്നൊക്കെ അന്വേഷണം വരുന്നുണ്ട്. യുകെ പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സഞ്ചാരികൾ വരുന്നുണ്ടെങ്കിലും അവിടുത്തെ ഇ–വീസ പ്രശ്നം തിരിച്ചടിയാണ്. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ മാത്രമേ ഇതൊക്കെ നടക്കൂ. സർക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ട്, മാർക്കറ്റിങ്ങും കാര്യമായി നടക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ബുദ്ധിമുട്ടുണ്ട്. 50 റൂം ഉള്ള ഹോട്ടൽ/റിസോർട്ടുകളൊക്കെ 20 മുറികൾ മാത്രമേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. അതിനുള്ള സ്റ്റാഫിനെ മാനേജ് ചെയ്താൽ മതിയല്ലോ’’, വിദേശ ടൂറിസ്റ്റുകളെ ആശ്രയയിച്ചു നിൽക്കുന്ന വിനോദ സഞ്ചാര മേഖലകളിലെ അവസ്ഥ പറയുകയാണ് സൗത്ത് കേരള ഹോട്ട്ലിയേഴ്സ് ഫോറം സെക്രട്ടറി ജനറൽ മനോജ് ബാബു.
∙ ഇ–വീസ പ്രശ്നം, വിമാന നിരക്കിലെ വർധന
ഇ–വീസ പ്രശ്നത്തിനൊപ്പം വിമാന നിരക്കിലുണ്ടായ വർധനയും വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. യൂറോപ്പ്, ഓസ്ട്രേലിയ ഇവിടങ്ങളിൽ നിന്ന് വരുന്നവർക്ക് വളരെ കൂടുതലാണ് ടിക്കറ്റ് നിരക്ക് എന്നത് അവർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ഇ–വീസ പ്രശ്നം രാജ്യത്തിന്റെ വിദേശനയപരിപാടികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. കോവിഡിനു ശേഷം ബ്രിട്ടനും കാനഡയുമൊക്കെ ഇന്ത്യക്കാരുടെ വരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിലക്കുകൾ ഏർപ്പെടുത്തിയതോടെ കേന്ദ്ര സർക്കാരിനും അതേ നാണയത്തിൽ പ്രതികരിക്കേണ്ടി വന്നു. അതുകൊണ്ടു തന്നെ വിലക്കുകൾ ഏർപ്പെടുത്തിയ ഈ രാജ്യങ്ങൾ നടപടി പിൻവലിച്ചെങ്കിൽ മാത്രമേ കേന്ദ്രവും അതിനോട് പ്രതികരിക്കൂ. ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ടൂറിസം വകുപ്പിനുമൊക്കെ ബന്ധപ്പെട്ട സംഘടനകൾ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
‘‘ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകൾ കൂടുതലും അമേരിക്കയിൽനിന്നും ബ്രിട്ടനിൽ നിന്നുമുള്ളവരാണ്. ഇതിൽ യുകെയിൽ നിന്നുള്ളവരാണ് കേരളത്തിലേക്ക് വരുന്നത്. ആ യുകെ ഇ–വീസ ലിസ്റ്റിലില്ല. അവർ ചൂടുകാലത്താണ് തണുപ്പുകാലത്തേക്ക് വേണ്ട തങ്ങളുടെ യാത്രകൾ തീരുമാനിക്കുന്നതും ആസൂത്രണം ചെയ്യുന്നതും. സെപ്റ്റംബർ– നവംബർ – ഡിസംബർ സമയത്താണ് അവർ യാത്ര ചെയ്യുന്നത്. അതിനു വേണ്ട കാര്യങ്ങളൊക്കെ ചെയ്യേണ്ടത് ഇപ്പോഴാണ്. എന്നാൽ അത് നടക്കുന്നില്ല. യാത്ര ചെയ്യേണ്ടവർ വീസ നടപടികൾക്കായി നേരിട്ടു ചെല്ലണം എന്നു പറയുമ്പോൾ അത് ആവശ്യമില്ലാത്ത മറ്റ് രാജ്യങ്ങളുണ്ട്, എന്തിനാണ് ബുദ്ധിമുട്ടുന്നത് എന്നു കരുതി അവർ അവിടേക്ക് പോകും. ഇതേ വിഷയം തന്നെ കാനഡയുടെ കാര്യത്തിലും ബാധകമാണ്. ഇക്കാര്യത്തിലൊക്കെ ഞങ്ങൾ നിവേദനം നൽകിയിട്ടുണ്ട്. കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പേരിലും അയാട്ടയുടെ പേരിലുമൊക്കെ കൊടുത്തിട്ടുണ്ട്. സർക്കാർ ഒരു പോസിറ്റീവായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് ഓരോ ദിവസവും. ഇ–വീസ പ്രശ്നം പൂർണമായി പരിഹരിച്ചില്ലെങ്കിൽ വരുന്ന തണുപ്പുകാലത്ത് ഈ വിദേശ വിനോദ സഞ്ചാരികളൊന്നും കേരളത്തിലെത്തില്ല. അതുപോലെ ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാനമുണ്ടായിരുന്നു കോവിഡിനു മുമ്പ്. നന്നായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇസ്രായേലികൾ. ഫോർട്ട് കൊച്ചി ഒക്കെ ഉണ്ടായിരുന്നതു െകാണ്ട് ഇവിടേക്കും വന്നിരുന്നു. അത് നന്നായി നമ്മൾ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. നേരിട്ടുള്ള വിമാനം കേരളത്തിലേക്ക് വന്നാലേ കൂടുതൽ വിദേശികളേ കൊണ്ടുവരാൻ കഴിയൂ. 5–6 വർഷം മുമ്പ് മുതൽ കേരളത്തിലെ മൺസൂൺ ഗൾഫ് നാടുകളിൽ പ്രൊമോട്ട് ചെയ്തിരുന്നു. സൗദിയിൽ നിന്നും ദുബായിൽ നിന്നുമൊക്കെ അറബികൾ നമ്മുടെ മൺസൂൺ കാണാനായി എത്തുമായിരുന്നു. അതിനൊപ്പം എൻആർഐക്കാരും ഉണ്ടായിരുന്നു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി അത് നടന്നിട്ടില്ല, ഇപ്പോഴും അത് കാര്യമായി തുടങ്ങിയിട്ടുമില്ല’’, കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്റും സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂസ് ഡയറക്ടറുമായ ജോബിൻ. ജെ. അക്കരക്കളം പറയുന്നു.
∙ വിദേശികളോ ആഭ്യന്തര ടൂറിസ്റ്റുകളോ?
വിദേശികൾ വരുമ്പോഴാണ് റിസോർട്ട്, ഹോട്ടലുകൾക്ക് കൂടുതൽ വരുമാനം ലഭിക്കുകയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ‘‘വിദേശികൾ വന്നാൽ കൂടുതൽ ദിവസം താമസിക്കും. എന്നാൽ ആഭ്യന്തര ടൂറിസ്റ്റുകൾ വന്നാൽ രണ്ടോ മൂന്നോ ദിവസമാണ് താമസിക്കുക. ബഹുഭൂരിപക്ഷം 1–2 ദിവസം മാത്രം. ഭക്ഷണം, റെസ്റ്ററന്റ് ഇവിടെയൊക്കെ വിദേശികൾ കൂടുതലായി പണം ചെലവാക്കും. പലപ്പോഴും മുറിയുടെ വാടകയേക്കാൾ കൂടുതലായി ലഭിക്കുന്ന വരുമാനം ഭക്ഷണം, റെസ്റ്ററന്റ്‍, ഹോട്ടലിൽ നൽകുന്ന മറ്റ് സേവനങ്ങള്‍ എന്നിവയ്ക്കുള്ള നിരക്കായാണ്. സ്റ്റാർ ഹോട്ടലിലാണെങ്കിൽ ബാറിൽ നിന്നുള്ള വരുമാനം. എന്നാൽ ഇന്ത്യൻ ടൂറിസ്റ്റുകളാണെങ്കിൽ ഈ വരുമാനം വളരെ കുറവായിരിക്കും. അവർ ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും. അവർ അത് കഴിക്കാനല്ലല്ലോ വരുന്നത്. അപ്പോൾ ചെലവഴിക്കുന്നത് കുറയും. കൂടുതൽ മുറികൾ വാടകയ്ക്ക് പോയാലും വരുമാനത്തിൽ വലിയ മാറ്റമുണ്ടാകാറില്ല. കാരണം ഇത്രയധികം ആളുകളെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ടതുണ്ട്’’– വയനാട്ടിലെ ഒരു ലക്ഷ്വറി റിസോർട്ടിന്റെ ഉടമ അഭിപ്രായപ്പെടുന്നു.
അതേ സമയം, ഇ–വീസ പ്രശ്നം കേരളത്തിന്റെ മൺസൂൺ ടൂറിസത്തെയും മെഡിക്കൽ ടൂറിസത്തെയും ബാധിച്ചിട്ടുണ്ട് എന്ന് ഈ മേഖലയിലുള്ളവർ പറയുന്നത്. തെക്കൻ കേരളത്തിലായിരുന്നു മൺസൂൺ ടൂറിസത്തിനായി വിദേശികൾ കൂടുതലും വന്നിരുന്നത്. അവർ കൊച്ചിയിലെത്തി അവിടെ നിന്ന് അതിരപ്പിള്ളി, തുടർന്ന് മൂന്നാർ, തേക്കടി, ആലപ്പുഴ, ചിലപ്പോൾ കോവളം ഇങ്ങനെയാണ് മൺസൂൺ ടൂറിസ്റ്റുകളുടെ സാധാരണ സഞ്ചാരപഥം. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ രാജ്യമായ സൗദിയിൽ നിന്നായിരുന്നു ഈ രണ്ടു കാര്യങ്ങൾക്കും ഏറ്റവും കൂടുതൽ ആളുകൾ വന്നിരുന്നത്. അതുപോലെ വിമാനക്കൂലിയിലുണ്ടായിട്ടുള്ള വർധനയും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. കോവിഡിന്റെ രണ്ടാം വരവിനു ശേഷം 15 രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് സൗദി അറേബ്യ സ്വന്തം പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതിൽ ഒന്ന് ഇന്ത്യയായിരുന്നു. തുടർന്നാണ് സൗദിക്കുള്ള ഇ–വീസ സൗകര്യം കേന്ദ്ര സർക്കാർ എടുത്തുമാറ്റിയത്. സൗദി ഈ വിലക്ക് പിന്നീട് നീക്കിയെങ്കിലും അവർക്കുള്ള ഇ–വീസ സൗകര്യം പുന:സ്ഥാപിച്ചിട്ടില്ല. നിലവിൽ സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരണമെങ്കിൽ അവർ ദമാം, റിയാദ്, ജിദ്ദ എന്നീ മൂന്ന് നഗരങ്ങളിലുള്ള ഓഫിസുകളിൽവന്ന് വേണം വീസയ്ക്ക് അപേക്ഷിക്കാൻ. വീസയ്ക്കായി ആദ്യം ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, സാലറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, 10,000 റിയാൽ എങ്കിലും അക്കൗണ്ടിൽ ഉണ്ടാവുക എന്നതൊക്കെ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ വേണ്ട കാര്യങ്ങളാണ്, അപേക്ഷിക്കുന്ന സമയത്തു തന്നെ. യാത്രയ്ക്കുള്ള ടിക്കറ്റും ഉൾപ്പെടുത്തിയിരിക്കണം. ഇങ്ങനെ അപേക്ഷിച്ചു കഴിഞ്ഞാൽ പിന്നീട് നേരിട്ട് ഹാജരാകാൻ അവർക്ക് അപ്പോയിൻമെന്റ് ലഭിക്കും. തുടർന്നാണ് വീസ അനുവദിക്കുക.
അറേബ്യയിൽനിന്നുള്ള സഞ്ചാരികൾ പൊതുവേ അവസാന നിമിഷം യാത്ര ചെയ്യുന്ന ആളുകളാണ്. അന്തിമ നിമിഷമാണ് അവരുടെ പ്ലാനിങ്ങും മറ്റും നടക്കുന്നത്. അതുകൊണ്ടു തന്നെ നിലവിലെ സമ്പ്രദായം അവർക്ക് ഒട്ടും സൗകര്യമുള്ള രീതിയല്ലെന്ന് ടൂർ ഓപറേറ്റിങ് മേഖലയിലെ പ്രമുഖരായ ഗേറ്റ്‌വേ മലബാറിന്റെ മാനേജിങ് ഡയറക്ടർ ജിഹാദ് ഹുസൈൻ പറയുന്നു. ‘‘പലപ്പോഴും 1000 കിലോമീറ്റർ ഒക്കെ യാത്ര ചെയ്തുവേണം അവർ ഈ വീസ പരിപാടിക്ക് എത്താൻ. ഭാര്യയും ഭർത്താവും കുട്ടികളുമൊക്കെ അത്രയും കിലോ മീറ്ററുകൾ യാത്ര ചെയ്ത് വീസയ്ക്ക് അപേക്ഷിക്കുക എന്നത് പലപ്പോഴും അസാധ്യമാണ്. അത് ആളുകൾ വരുന്നതിന് തടസമാണ്. അതുപോലെ, അഞ്ചു വയസിനു മുകളിലുള്ള, വാക്സീൻ എടുക്കാത്തവർ ഇപ്പോഴും കോവിഡ് പരിശോധനയ്ക്കുള്ള ആർടിപിസിആർ എടുക്കണം. 72 മണിക്കൂർ മുമ്പുള്ള സർട്ടിഫിക്കറ്റാണ് വേണ്ടത് എന്നതിനാൽ കുട്ടികൾക്ക് ചെറിയ പനിയുമൊക്കെ ഉണ്ടെങ്കിൽ പോലും പോസിറ്റീവ് എന്നാണ് റിപ്പോർട്ട് കിട്ടുന്നത്. ഒരു കുട്ടിക്ക് പോസിറ്റീവായി കഴിഞ്ഞാൽ ആ സംഘത്തിലെ ആർക്കും പിന്നെ പോരാൻ സാധിക്കില്ല. വാക്സീൻ എടുത്ത ആളുകൾ ആർടിപിസിആർ ആവശ്യമില്ല. വാക്സീൻ എടുത്ത ശേഷവും എത്രയോ പേർ പോസിറ്റീവാകുന്നു, വിമാനത്തിൽ സഞ്ചരിക്കുന്നു. അപ്പോൾ കുട്ടികൾക്ക് അല്ലെങ്കിൽ വാക്സീൻ എടുക്കാത്തവർക്ക് മാത്രം ടെസ്റ്റ് എന്നത് അവിടെ പ്രശ്നമാകുന്നുണ്ട്. അതുപോലെ, ഈ മേഖലയിൽ വിമാന ടിക്കറ്റ് നിരക്കും വളരെ കൂടുതലാണ്. മൺസൂണിനൊപ്പം ഹോട്ടലുകളിലെ ഓഫ് സീസൺ റേറ്റ് എന്ന കുറഞ്ഞ നിരക്കും കൂടിയായിരുന്നു കേരളത്തിന്റെ ആകർഷണം’’, അദ്ദേഹം പറയുന്നു.
എൻആർഐക്കാർ തിരികെ യാത്ര ചെയ്യുന്ന സമയമാണ് എന്നതു കൊണ്ടു തന്നെ ജൂൺ–ജൂലൈ മാസങ്ങളിൽ ഗൾഫ് മേഖലയിൽ ടിക്കറ്റ് നിരക്ക് എപ്പോഴും കൂടുതലായിരുന്നു എന്ന് ജിഹാദ് ഹുസൈൻ ചൂണ്ടിക്കാട്ടുന്നു. ‘‘അവർ പക്ഷേ നേരത്തെ റിസർവ് ചെയ്തിട്ടാണ് യാത്ര ചെയ്യുന്നത്. അറേബ്യയിൽനിന്നുള്ള സഞ്ചാരികൾ അവസാന നിമിഷം യാത്ര ചെയ്യുന്നവരാണ്. അവർ നോക്കുമ്പോൾ എപ്പോഴും വിമാനക്കൂലി കൂടുതലാണ്. പക്ഷേ അവിടെയും നമ്മൾ അഡ്ജസ്റ്റ് ചെയ്യുന്നത്, ഹോട്ടല്‍ നിരക്ക് കുറവാണ് എന്നതു കൊണ്ടായിരുന്നു. എന്നാൽ ഇത്തവണ വിമാനക്കൂലിയും കൂടുതലാണ്, ഹോട്ടൽ നിരക്കും കൂടുതലാണ്. ഹോട്ടലുകാർ നിരക്ക് കുറച്ചില്ല എന്നു മാത്രമല്ല, വർധിപ്പിക്കുക പോലും ചെയ്തിട്ടുണ്ട്. അറബ് യാത്രികരുടെ വരവ് കുറയാൻ ഇതൊക്കെ കാരണമാണ്’’, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
∙ മെഡിക്കൽ ടൂറിസം, ആയുർവേദ സുഖചികിത്സ
അതേ സമയം, കേന്ദ്ര സർക്കാരും സമാനമായ രീതിയിൽ സംസ്ഥാന സർക്കാരും കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്ന മേഖലകളാണ് മെഡിക്കൽ ടൂറിസവും ആയുർവേദ–സുഖചികിത്സ, യോഗ തുടങ്ങിയവയും. ലോകമൊട്ടാകെ 60–80 ബില്യൻ ഡോളറിന്റെ വിപണിയാണ് മെഡിക്കൽ ടൂറിസം മേഖലയിൽ നിലനിൽക്കുന്നത്. ഇതിനു പുറമെയാണ് ആയുർവേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതികളുടെ വമ്പൻ വിപണി. എന്നാൽ ഇന്ത്യയിലെ മെഡിക്കൽ മേഖലയെന്നത് കേവലം 5–6 ബില്യൻ ഡോളറിന്റേത് മാത്രമാണ്. കോവിഡിനു മുമ്പുള്ള വർഷം 7 ലക്ഷത്തോളം പേരാണ് ചികിത്സക്കായി ഇന്ത്യയിലെത്തിയത്. ‘മെഡിക്കൽ വാല്യൂ ട്രാവലി’ന്റെ ഭാഗമായാണ് ഇത്രയും വിവിധ ഇന്ത്യൻ നഗരങ്ങളിലെ ആശുപത്രികളിലെത്തിയത്. ഇന്ത്യയിലെ മെഡിക്കൽ ടൂറിസം മേഖലയെ ആഗോള തലത്തിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഹീൽ ഇൻ ഇന്ത്യ’ പദ്ധതിയും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ബംഗ്ലദേശാണ് ഇന്ത്യയിലെ മെഡിക്കൽ ടൂറിസത്തിന്റെ 55 ശതമാനവും നൽകുന്നത്. 2020ലെ കണക്കനുസരിച്ച് ഇറാഖ്, മാലദ്വീപ്, അഫ്ഗാനിസ്ഥാൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രോഗികളാണ് ഇതിനു പിന്നാലെയുള്ളത്. മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, സൊമാലിയ, ടോങ്ക, ബംഗ്ലദേശ്, ഭൂട്ടാൻ, കസക്ക്സ്ഥാൻ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ആശുപത്രികളിലേക്ക് രോഗികളുമെത്തുന്നു. സിംഗപ്പുർ, മലേഷ്യ, തായ്‌ലൻഡ് എന്നിവയാണ് മെഡിക്കൽ ടൂറിസം മേഖലയിലെ ഇന്ത്യയുടെ പ്രധാന എതിരാളികൾ. ഒപ്പം മെക്സിക്കോ, ബ്രസീൽ, തുർക്കി എന്നിവയും രോഗികളെ ആകർഷിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെഡിക്കൽ ടൂറിസം രംഗത്തെ സാധ്യതകൾ കേരളത്തിന് എത്രത്തോളം ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ട്?
‘‘മികച്ച ആശുപത്രികൾ, വിദഗ്ധരായ ഡോക്ടർമാർ, ചികിത്സക്കായി കാത്തിരിക്കേണ്ടതില്ല, താരതമ്യേന കുറഞ്ഞ കുറഞ്ഞ നിരക്ക് തുടങ്ങിയവയാണ് ഇന്ത്യയിലെ ആശുപത്രികളിലേക്ക് വിദേശികളെ എത്തിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ കിട്ടുന്ന ചികിത്സയ്ക്ക് സമാനമായ ചികിത്സ ഇവിടെയും ലഭിക്കും. തുകയും കുറവാണ്. അമേരിക്കയിൽ ലഭിക്കുന്ന ചികിത്സാ നിരക്കിന്റെ പത്തിലൊന്നാണ് ഇന്ത്യയിലെ നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലെ ആണെങ്കില്‍ മൂന്നിലൊന്നേ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ആകൂ. പക്ഷേ ഇന്ത്യയിലെത്തുന്ന രോഗികളിൽ ഭൂരിഭാഗവും ഡൽഹി, മുംബൈ, ചെന്നൈ പോലുള്ള മെട്രോപ്പെലീറ്റൻ നഗരങ്ങളിലേക്കാണ് പോകുന്നത്. അതു കഴിഞ്ഞാണ് കൊച്ചി ഉൾപ്പെടുന്ന ഇന്ത്യയിലെ മറ്റ് രണ്ടാംനിര പട്ടണങ്ങൾ വരൂ. ഇത്തരം ചികിത്സകൾക്ക് വരുന്ന ഭൂരിഭാഗം പേരും കൊച്ചി എന്ന പേരു പോലും കേട്ടിട്ടുണ്ടാവില്ല. അവരെ സംബന്ധിച്ച് ഡൽഹിയും മുംബൈയുമൊക്കെയാണ് അറിയപ്പെടുന്നത്. അതുപോലെ, കണക്ടീവിറ്റി വലിയ പ്രശ്നമാണ്. ചെന്നൈയിൽനിന്നു നേരിട്ട് കൊൽക്കത്തയ്ക്കും മറ്റും ട്രെയിനുണ്ട്. അതുപോലെ ബംഗ്ലദേശിലേക്ക് നേരിട്ട് വിമാനമുണ്ട്. പക്ഷേ, കേരളത്തിൽനിന്നു കൊൽക്കത്തയിലേക്കു പോലും ഒരു വിമാനമോ മറ്റോ ആണ് ഉള്ളത്. ബംഗ്ലദേശിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ മെഡിക്കൽ വിപണിയിൽ വരുന്നത്. പക്ഷേ ഇതുവരെ അവരെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളൊന്നും തന്നെ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. നമുക്ക് ഇപ്പോഴും ജിസിസി രാജ്യങ്ങൾ മതി എന്ന നിലപാടിലാണ്. അതുകൊണ്ട് ഇന്ത്യയിൽ നടക്കുന്ന 4–5 ബില്യൻ ഡോളർ ബിസിനസിന്റെ കേവലം 4–5 ശതമാനം മാത്രമാണ് കേരളത്തിന് കിട്ടുന്നത്’’, വിദേശികൾ ചികിത്സക്കെത്തുന്ന കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയുടെ പ്രതിനിധി പ്രതികരിച്ചത് ഇങ്ങനെ.
അതേ സമയം, കാര്യങ്ങളിൽ മാറ്റം വരുന്നുണ്ടെന്നും സർക്കാരുകള്‍ കൂടുതലായി ഇടപെട്ടാൽ മെഡിക്കൽ ടൂറിസം മേഖലയിൽ കേരളത്തിന് വലിയ ഭാവിയുണ്ട് എന്നാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി പ്രതിനിധി ഡോ. വിജയ് മോഹൻ പറയുന്നത്. ‘‘സാധാരണ ഗതിയിൽ ജിസിസി രാജ്യങ്ങളിൽ നിന്ന് ചികിത്സക്കായി ആളുകൾ കേരളത്തിലേക്ക് വരാറുണ്ട്. അത് ഏറ്റവും കൂടുതൽ ഒമാനിൽ നിന്നാണ്. അതുപോലെ സൗദി അറേബ്യ, ബഹ്റിൻ, ഖത്തർ എന്നിവിടങ്ങളിലും കുറച്ചാണെങ്കിലും ആളുകൾ വരുന്നുണ്ട്. നേരത്തെ ബംഗ്ലാദേശിൽ നിന്നുള്ളവർ ചികിത്സക്കായി പോയിരുന്നത് ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ആയിരുന്നെങ്കിൽ അവരിപ്പോൾ കേരളത്തിലേക്കും വന്നു തുടങ്ങിയിട്ടുണ്ട്. അതുപോലെയാണ് മാലിദ്വീപിൽ നിന്നുള്ളവർ. ആ രാജ്യത്തു നിന്ന് ചികിത്സക്കായി ഇന്ത്യയിലെത്തുന്നത് ഏറ്റവും കൂടുതൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. അവർക്കും നമുക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കും എന്നത് ഒരു പ്രധാന കാര്യമാണ്. അതുപോലെ ഭക്ഷണ കാര്യങ്ങളിലടക്കം ചില സാമ്യങ്ങളുള്ളതും കാരണമാകാം. അതുപോലെ തന്നെ ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ടാൻസാനിയ, എത്യോപിയ ഇവിടെ നിന്നൊക്കെ ഉള്ളവർ വരുന്നുണ്ട്. നേരത്തെ ഡൽഹി, അഹമ്മദാബാദിലേക്കായിരുന്നു അവർ പോയിരുന്നത് എങ്കിൽ ഇപ്പോൾ കേരളത്തിലേക്കും വന്നു തുടങ്ങിയി എന്നതാണ് മാറ്റം’’, അദ്ദേഹം പറയുന്നു.
‘മെഡിക്കൽ വാല്യൂ ട്രാവലി’ന്റെ കാര്യത്തിൽ തങ്ങളുടെ ഗ്രൂപ്പ് ഏറെ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കകത്തും പുറത്തും ബ്രാഞ്ചുകള്‍ ഉള്ളതിനാൽ ഫോളോ അപ് ചികിത്സക്കായി അവർക്ക് എവിടെ വേണമെങ്കിലും പോകാം എന്ന മെച്ചവും തങ്ങൾക്കുണ്ടെന്ന് ഡോ വിജയ് മോഹൻ പറയുന്നു. അതേ സമയം, ഇപ്പോഴും സ്വകാര്യമേഖല മാത്രമാണ് ഇക്കാര്യത്തിൽ കാര്യമായി ഇടപെടുന്നത് എന്നതും അദ്ദേഹം പറയുന്നുണ്ട്. ‘‘മെഡിക്കൽ ടൂറിസം എന്ന് പൊതുവെ പറയാവുന്ന മേഖലയിൽ ഇപ്പോഴും സ്വകാര്യ ആശുപത്രികളോ സ്വകാര്യ ഫെസിലിറ്റേറ്റർമാരോ മാത്രമാണ് മുൻകൈയെടുക്കുന്നത്. കേന്ദ്ര സർക്കാരോ കേരളം ഉൾപ്പെടെ ഏതെങ്കിലും സംസ്ഥാന സർക്കാരുകളോ ഇതില്‍ കാര്യമായൊന്നും ചെയ്യുന്നില്ല. അതിനു പകരം ഇത്തരം സൗകര്യങ്ങൾ നൽകാൻ കഴിയുന്ന ആശുപത്രികളെ ഒരു കുടക്കീഴിലാക്കി ലോകത്തിനു മുന്നിൽ എത്തിക്കുകയാണെങ്കിൽ നന്നായിരുന്നു. ആശുപത്രികളിലെ സൗകര്യങ്ങളും നിരക്കുമൊക്കെ ഇങ്ങനെ അറിയിക്കാൻ പറ്റും. അതുപോലെ ചികിത്സക്കായി വരുന്നവർക്കുള്ള വിസ നടപടികൾ ലഘൂകരിക്കാനുള്ള സംവിധാനം ചെയ്യണമെന്നതും പ്രധാനമാണ്. എല്ലാ സുരക്ഷാ കാര്യങ്ങളും പരിഗണിച്ചു കൊണ്ടു തന്നെ ആശുപത്രികളുടെ കൂടി സഹകരണത്തോടെ വിസ ഓൺ അറൈവൽ സൗകര്യങ്ങൾ ഒക്കെ ഏർപ്പെടുത്തുന്നത് നന്നാവും. അതുപോലെ ഇത്തരത്തിൽ ചികിത്സയ്ക്ക് എത്തുന്നവർ യാതൊരു വിധത്തിലും വഞ്ചിക്കപ്പെടുന്നില്ല എന്നുറപ്പാക്കേണ്ടതുണ്ട്. ടാക്സികൾ അടക്കം അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്ക് ലൈസൻസും മറ്റും നൽകിക്കൊണ്ടുള്ള സംവിധാനം വേണ്ടതുണ്ട്. ഇത്തരത്തിൽ സർക്കാർ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്നു വരുന്നതോടു കൂടി ചികിത്സയ്ക്ക് ഇവിടേക്ക് വരാനുള്ള കൂടുതൽ സാധ്യതകൾ ഉണ്ടാകും. അത് ഈ മേഖലയ്ക്കാകെ ഗുണം ചെയ്യും’’, ഡോ. വിജയ് മോഹൻ പറയുന്നു.
∙ മെഡിക്കൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന
കാർഡിയാക്, ഓങ്കോളജി, ഓർത്തോപീഡിക്, യൂറോളജി, ഇഎൻറ്റി, കോസ്മെറ്റിക് ട്രീറ്റ്മെന്റ്, ഒഫ്താൽമോളജി, ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ്, ന്യൂറോ സർജറി, ദന്തൽ, ജനറൽ സർജറി തുടങ്ങിയ മേഖലകളിലാണ് കേരളത്തിലെ ആശുപത്രികളെ വിദേശത്തു നിന്നുള്ള രോഗികൾ ആശ്രയിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്ന ഓരോ 100 ടൂറിസ്റ്റുകളിലും ആറോ ഏഴോ പേർ ചികിത്സക്കായി വരുന്നതാണ് എന്നാണ് കണക്ക്. 2019–നെ അപേക്ഷിച്ച് 2020–ൽ വിദേശ ടൂറിസ്റ്റുകളുടെ വരവിൽ 74 ശതമാനം കുറവുണ്ടായെങ്കിലും മെഡിക്കൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം – 6.8 ശതമാനം. വർധിച്ചു വരുന്ന ഈ മേഖലയിൽ കൂടുതൽ ഇടപെടലുകൾ നടത്തിയാൽ കേരളത്തിന്റെ മൊത്തത്തിലുള്ള ടൂറിസം മേഖലയ്ക്ക് തന്നെ ഇത് ഗുണകരമാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
‘‘കോവിഡിനു മുമ്പ് വരെ തേക്കടി പോലുള്ള സ്ഥലങ്ങളിൽ നാലു ഭാഷകളിൽ ബോര്‍ഡ് കാണാമായിരുന്നു, മലയാളം, ഇംഗ്ലിഷ്, ഹിന്ദി, അറബിക് എന്നിങ്ങനെ. തങ്ങൾ അറബിക് ഫ്രണ്ട്‌ലി ആണ് എന്നുള്ള തോന്നലുണ്ടാക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഇന്ന് അത് അധികമൊന്നും കാണാൻ സാധിക്കുന്നില്ല. മറ്റൊരു രാജ്യത്തുനിന്നുള്ളവരിലും അധികം സാധനങ്ങൾ അറേബ്യയിൽ നിന്നുള്ളവർ വാങ്ങിക്കൂട്ടും. സുഗന്ധവ്യഞ്ജനങ്ങളൊക്കെയാണ് സാധാരണ വാങ്ങിക്കുക എങ്കിലും സാധാരണ കടകളിൽ വരെ കയറി ലഗേജ് നിറച്ചാണ് അവർ മടങ്ങുക. അമേരിക്കയിൽനിന്നു വരുന്നവരൊന്നും 40–50 കിലോ സാധനങ്ങളും വാങ്ങി ഇത്രയധികം ദൂരം യാത്ര ചെയ്യില്ലല്ലോ. ഗൾഫ് നാടുകളിലുള്ളവർ വരുന്നത് മുഴുവൻ കുടുംബവുമൊത്തായിരിക്കും. അവർക്കൊക്കെ ബാഗേജ് അലവന്‍സും ഉണ്ടാകും. അതുമായി മൂന്നു മൂന്നര മണിക്കൂറു കൊണ്ട് ജിസിസി എത്തും എന്നതു കൊണ്ട് അവർക്ക് ഇത് എളുപ്പമാണ്. അറബികൾ വന്നു കഴിഞ്ഞാൽ റെസ്റ്ററന്റുകളിലെ വരുമാനവും ഭയങ്കരമായി കൂടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ പാശ്ചാത്യ നാടുകളിലെ ആളുകളാണെങ്കിൽ ഒരു സാന്റ്‌ഡ്‌വിച്ച് ഒക്കെ കഴിച്ച് കിടന്നു കൊള്ളും. അവർ വരുന്നത് ഡിസംബർ –ജനുവരി മാസത്തിലാണ്. അതു തന്നെ പലപ്പോഴും ഏതെങ്കിലും പാക്കേജിന്റെ ഭാഗമായിട്ടാവുകയും ചെയ്യും. മൺസൂൺ കാലത്ത് കേരളത്തിലെ ഒരുവിധപ്പെട്ട കൊള്ളാവുന്ന ഹോട്ടലുകളിലൊക്കെ 70–80 ശതമാനം അറേബ്യയിൽനിന്നുള്ള ടൂറിസ്റ്റുകൾ എത്തിയിരുന്നു’’, തേക്കടിയിലെ ഒരു പ്രമുഖ ട്രാവൽ ഏജന്റിന്റെ വാക്കുകൾ.
∙ ആയുർദേവ സ്ഥാപനങ്ങളിലും തിരക്ക്
അതേ സമയം, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ സ്ഥിരമായി ചികിത്സ തേടിയിരുന്ന ആയുർവേദ സ്ഥാപനങ്ങളിൽ ഇത്തവണയും കാര്യമായ തിരക്കുകളുണ്ട്. യുഎഇയിലും ഒമാനിൽനിന്നും ആളുകൾ വരുന്നുണ്ട് എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഒമാനിൽനിന്നു വരുന്നവർ കൂടുതലും ഗൗരവകരമായ ചികിത്സക്കും ആയുർവേദത്തിനും ഒക്കെയായി വരുന്നതാണ്. പരമ്പരാഗത ആയുർവേദ ചികിത്സയ്ക്ക് പകരം, ആയുർവേദത്തിന്റെ കൂടി സഹായത്തോടെ പെട്ടെന്ന് രോഗശമനം ഉണ്ടാക്കുന്ന ചികിത്സാ രീതികളാണ് ഇവർക്ക് പ്രിയം. ചികിത്സയ്ക്ക് വരുമ്പോഴും കുടുംബമടക്കം കുറേയധികം ആളുകളുമായാണ് ഇവർ എത്തുന്നത്. രോഗിക്കൊപ്പമെത്തുന്നവർ ചികിത്സാകാലയളവിൽ പല സ്ഥലങ്ങളും വിനോദയാത്ര നടത്തുകയും ചെയ്യും. അതേ സമയം, കേരളത്തിന്റെ ആയുർവേദ ചികിത്സ, സുഖ ചികിത്സാ രംഗത്തും വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. സംസ്ഥാന സർക്കാർ കൈയയച്ചു പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിനൊപ്പം, ആയുർവേദ, ഹെറിറ്റേജ് ടൂറിസവും കേരളത്തിൽ വളരുന്നുണ്ട്. പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ചു കൂട്ടുകയല്ല, കേരളത്തിന്റെ പൗരാണിക കാലങ്ങളെ പരിചയപ്പെടുത്തുന്നവ സംരക്ഷിക്കാനും സഞ്ചാരികൾക്ക് അനുഭവം പകർന്നു കൊടുക്കാനുമുള്ള പുതിയ കാഴ്ചപ്പാടിന്റെ ചുവടു പിടിച്ചാണിത്. തകർച്ച നേരിടുന്ന ശ്രീലങ്കയ്ക്കും ഇവിടെ ഒരു പങ്കുണ്ട്. ഒപ്പം, മാലിന്യപ്രശ്നങ്ങൾ മുതൽ മദ്യനയം വരെ എങ്ങനെയാണ് കേരളത്തിന്റെ ടൂറിസത്തെ ബാധിക്കുന്നത് എന്നും നോക്കാം. അതിനെക്കുറിച്ച് നാളെ
English Summary: How Kerala Tourism Revives Amid Covid Pandemic - A Report - 4