ശ്രീലങ്കൻ തകർച്ച കേരളത്തിന് ‘മെച്ചമോ?’ ‘പൈതൃകം മറക്കരുത്’? തടസ്സം എന്തൊക്കെ?
2022 ഏപ്രിലിൽ ഗാന്ധിനഗറിൽവച്ചു നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ്് ആൻഡ് ഇന്നവേഷൻ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ആയുർവേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതി ആവശ്യമുള്ളവർക്കായി ഇന്ത്യ പ്രത്യേക ആയുഷ് വീസ വിഭാഗം കൂടി ഉൾപ്പെടുത്തും എന്നാണ്. ആയുർവേദ ചികിത്സ,
2022 ഏപ്രിലിൽ ഗാന്ധിനഗറിൽവച്ചു നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ്് ആൻഡ് ഇന്നവേഷൻ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ആയുർവേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതി ആവശ്യമുള്ളവർക്കായി ഇന്ത്യ പ്രത്യേക ആയുഷ് വീസ വിഭാഗം കൂടി ഉൾപ്പെടുത്തും എന്നാണ്. ആയുർവേദ ചികിത്സ,
2022 ഏപ്രിലിൽ ഗാന്ധിനഗറിൽവച്ചു നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ്് ആൻഡ് ഇന്നവേഷൻ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ആയുർവേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതി ആവശ്യമുള്ളവർക്കായി ഇന്ത്യ പ്രത്യേക ആയുഷ് വീസ വിഭാഗം കൂടി ഉൾപ്പെടുത്തും എന്നാണ്. ആയുർവേദ ചികിത്സ,
2022 ഏപ്രിലിൽ ഗാന്ധിനഗറിൽവച്ചു നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ്് ആൻഡ് ഇന്നവേഷൻ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ആയുർവേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതി ആവശ്യമുള്ളവർക്കായി ഇന്ത്യ പ്രത്യേക ആയുഷ് വീസ വിഭാഗം കൂടി ഉൾപ്പെടുത്തും എന്നാണ്. ആയുർവേദ ചികിത്സ, സുഖചികിത്സാ മേഖലയിൽ മറ്റേതൊരു രാജ്യത്തോടും കിടപിടിക്കാനുള്ള കാര്യങ്ങൾ ഇന്ത്യയിലുണ്ട് എന്ന തിരിച്ചറിവിന്റെ കൂടി ഭാഗമായായിരുന്നു ഇത്തരമൊരു പ്രഖ്യാപനം. ആയുർവേദ, സുഖചികിത്സകൾക്ക് ഇന്ത്യയിലെത്തുന്നവരുടെ കൃത്യമായ കണക്കും ഇതോടു കൂടി ലഭിക്കും എന്നാണ് കരുതുന്നത്. അതേ സമയം, മെഡിക്കൽ ടൂറിസം രംഗത്തെ മികവിന്റെ അടിസ്ഥാനമെന്ന് പറയുന്ന ജോയിന്റ് കമ്മീഷൻ ഇന്റർനാഷണിൽ (ഈ അംഗീകാരമുള്ള ആശുപത്രികളിൽ അമേരിക്കൻ പൗരന്മാർക്ക് ചികിത്സ തേടാം) ഇന്ത്യയിൽ നിന്നുള്ള ആയുര്‍വേദ സ്ഥാപനങ്ങളില്ല എന്നത് തടസമായി നിൽക്കുന്നുണ്ട്. എങ്കിലും കോവിഡാനന്തര സീസണിൽ ആയുർവേദ ചികിത്സയ്ക്കടക്കം അന്വേഷണം നടത്തുന്ന വിദേശികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
‘‘ആയുർവേദ ചികിത്സയ്ക്ക് നേരത്തെ തന്നെ ആളുകൾ വന്നിരുന്നു എങ്കിലും 2000ത്തോടെയാണ് ഒരു ബൂം കേരളത്തിലുണ്ടായത്. ആ വര്‍ഷം മുതലാണ് നമ്മൾ മാർക്കറ്റ് ചെയ്തു തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ വന്നു കൊണ്ടിരുന്നത്. ജര്‍മനി, ഫ്രാൻസ,് ഇറ്റലി, സ്പെയിൻ, യുകെ പിന്നെ യുഎസിൽനിന്ന് കുറച്ചു പേർ. ഇവിടങ്ങളിൽനിന്നൊക്കെയാണ് പ്രധാനമായി ആയുർവേദ ടൂറിസത്തിനായി ആളുകൾ വന്നുകൊണ്ടിരുന്നത്. പോസ്റ്റ് കോവിഡ് കാലത്ത് ആയുർവേദത്തിന് വലിയ നേട്ടമുണ്ടാകാൻ കഴിയും എന്നാണ് കരുതുന്നത്. അത്രത്തോളം അന്വേഷണങ്ങൾ ഇതു സംബന്ധിച്ച വരുന്നുണ്ട്. കാരണം കഴിഞ്ഞ രണ്ടു കൊല്ലമായി ആയുർവേദം ചെയ്യാൻ കഴിയാതെ ആളുകൾ വിഷമിച്ചിരിക്കുന്ന അവസ്ഥ ഉണ്ടായി. എല്ലാക്കൊല്ലവും വന്ന് ചികിത്സ ചെയ്യുക എന്നത് ആയുർവേദത്തിന്റെ കാര്യത്തിൽ പ്രധാനമായിട്ടുള്ളതാണ്. അലോപ്പതി എന്നത് ശരിക്കും വർക്ഷോപ്പാണ്. അവിടെ കൊണ്ടുപോയി കേടായ ഭാഗങ്ങൾ ശരിയാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആയുർവേദം എന്നത് സർവീസ് സെന്ററാണ്. അവിടെ വന്ന് റെഗുലറായി സർവീസ് ചെയ്തു കൊണ്ടിരുന്നാൽ ഈ ആശുപത്രികളിലേക്ക് പോകുന്നത് ഒഴിവാക്കാൻ പറ്റും. അതുകൊണ്ട് ഈ റെഗുലർ സർവീസ് ചെയ്യാൻ കഴിയാത്ത പ്രശ്നം പലർക്കുമുണ്ട്.
നേരത്തെ ഇവിടെ വന്ന് ചികിത്സ തേടിയവർ കഴിഞ്ഞ വർഷങ്ങളിൽ വീണ്ടും വരാൻ പറ്റിയിട്ടില്ലെന്ന പ്രശ്നം അനുഭവിക്കുന്നുണ്ട്. രോഗ പ്രതിരോധവും വലിയ കാര്യമാണ് എന്നതും കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ ടൂറിസ്റ്റുകൾ മനസിലാക്കി. പിന്നെ, കോവിഡ് കാലത്ത് വെറുതെ ഇരുന്നതു മൂലമുള്ള സ്ട്രെസ്, മിഡിൽ ഏജ് ക്രൈസിസ്, ഡിജിറ്റൽ അഡിക്ഷനുകൾ എന്നിവയൊക്കെ വർധിച്ചിട്ടുണ്ട്. അതിൽ നിന്നു രക്ഷപെടാനുള്ള ഒരു മാർഗമാണ് ആയുർവേദം. അത് ലോകം മനസിലാക്കി വരുന്നു’’, തൃശൂരിലെ നിരാമയം ഹെറിറ്റേജ് ആയുർവേദിക് ഹോസ്പിറ്റൽ പ്രൊമോട്ടറും കെടിഎം മാനേജിംഗ് കമ്മിറ്റിയിൽ മലബാർ മേഖലയുടെ പ്രതിനിധിയുമായ ഒ.എം. രാകേഷ് പറയുന്നു.
∙ ‘പൈതൃകം മറക്കരുത്’
കേരള ടൂറിസം വളരെ മുമ്പേ സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള ഉത്തരവാദിത്ത ടൂറിസവും യുഎന്നിന്റെ വേൾഡ് ട്രാവൽ ഓർഗനൈസേഷൻ മുന്നോട്ടു വയ്ക്കുന്ന ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്നതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയിട്ടുള്ള കോൺഷ്യസ് ട്രാവൽ കേരളത്തിന്റെ ടൂറിസം മേഖലയിലും നടപ്പാക്കുന്നുണ്ട്. കേരളത്തിലെ ഹെറിറ്റേജ്–ആയുർവേദ ടൂറിസവും ഇതുമായി യോജിപ്പിച്ചു പോകാനുള്ള സാഹചര്യമാണ് ഉരുത്തിരിയേണ്ടത് എന്ന് രാകേഷ് പറയുന്നു. ‘‘ഒരാൾ ഒരു സ്ഥലത്ത് വരുന്നു. ആ സ്ഥലത്തിന്റെ പൈതൃകം, സംസ്കാരം, ആഘോഷങ്ങൾ ഇവയിലൂടെയൊക്കെ അവിടെയുണ്ടാകുന്ന എക്സ്പീരിയൻസ് അയാൾക്ക് ലഭിക്കുകയാണ്. ആ നാട്ടിലെ കാര്യങ്ങളെല്ലാം കണ്ടും അനുഭവിച്ചും പോകുമ്പോൾ അയാൾക്കുണ്ടാകുന്ന അനുഭൂതി, അതാണ് മുന്നോട്ടുള്ള മാതൃക. ഏതൊരു സ്ഥത്തു പോയാലും അതിന്റെ എക്സ്പീരിയൻസ് നൽകാൻ കേരളത്തിന് പറ്റും എന്നതു കൊണ്ട് ആയുർവേദവും ഹെറിറ്റേജ് ടൂറിസവും വളരെ പ്രധാനപ്പെട്ട ഒരു മേഖലയുമാണ്. ഇത്തവണത്തെ കെടിഎമ്മിൽ ഹെറിറ്റേജ് ഇൻവെസ്റ്റ്മെന്റ് എന്നൊരു ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. കേരളത്തിലുള്ള ഹെറിറ്റേജുകൾ സംരക്ഷിക്കുന്നതിന് പൈസ ആവശ്യമുണ്ട്. ആ നിക്ഷേപം ഉണ്ടാകുന്നതോടെ, കേരളത്തിലുള്ള ഹെറിറ്റേജുകൾ ലിസ്റ്റ് െചയ്യും. അതിൽ നിക്ഷേപിക്കുന്നവർക്ക് റിട്ടേൺ കൊടുക്കാൻ പറ്റും. ഹെറിറ്റേജിനൊപ്പം അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും സംരക്ഷിക്കപ്പെടും. എടയ്ക്കൽ ഗുഹ മുതൽ ആയുർവേദം, കളരി എല്ലാം കണക്കിലെടുക്കണം. വേദിക് ക്ലാസുകൾ ബ്രഹ്മസ്വം മഠത്തിൽ നടക്കുന്നുണ്ട്. അത് സംരക്ഷിക്കപ്പെടണം. ഈയടുത്ത് ടൂറിസ്റ്റുകളോടൊത്ത് തൃശൂർ ബിഷപ്പ് ഹൗസിൽ ചെന്നപ്പോൾ പഴയ രേഖകൾ ഒക്കെ കാണുകയുണ്ടായി. അത്തരത്തിൽ സംരക്ഷിക്കപ്പെടേണ്ട പല കാര്യങ്ങളുമുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപം ലഭിച്ചു കഴിഞ്ഞാൽ ഈ ഹെറിറ്റേജ് സംരക്ഷിക്കപ്പെടുകയും അത് ടൂറിസ്റ്റുകൾക്ക് കാണിച്ചു കൊടുക്കാനുമാകും. ഈജിപ്തിൽ പിരമിഡ് കാണാൻ പോകുന്നതു പോലെ തന്നെ എന്നെന്നേക്കും സുസ്ഥിരമായത് എന്നത് നമ്മുടെ പൈതൃകമാണ്. നമ്മൾ അത് നിലനിർത്തുകയും സംരക്ഷിക്കുകയും മാർക്കറ്റ് ചെയ്യുകയും വേണം’, രാകേഷ് പറയുന്നു.
∙ ശ്രീലങ്കൻ തകർച്ച കേരളത്തിനു ‘മെച്ചമോ?’
കേരളത്തിന്റെ ഭക്ഷണം, കാലാവസ്ഥ, ഭൂപ്രകൃതി തുടങ്ങിയവയുമായൊക്കെ ഏറെ അടുത്തു നിൽക്കുന്നതാണ് ശ്രീലങ്ക. കേരള ടൂറിസത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്ന ഈ ദ്വീപ് രാഷ്ട്രം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. ഹൗസ് ബോട്ട് ടൂറിസം ഒഴികെ കേരളത്തിലുള്ള ടൂറിസം ആകർഷണങ്ങളൊക്കെ തന്നെ ശ്രീലങ്കയിലുമുണ്ട്. ഹൗസ് ബോട്ടുകൾ അനുകരിക്കാനും ശ്രീലങ്ക ശ്രമിച്ചെങ്കിലും ഇന്നും പ്രശസ്തി കേരളത്തിന്റെ കായലുകളും ഹൗസ്ബോട്ടുകളും തന്നെയാണ്. ആയുർവേദമാണ് കേരളത്തിന് വെല്ലുവിളിയായി ശ്രീലങ്ക കൈകാര്യം ചെയ്തിരുന്ന മറ്റൊരു മേഖല. കേരളത്തിന്റെ ജിഡിപിയുടെ 11–12 ശതമാനം വരെ ടൂറിസത്തിൽ നിന്നാണെങ്കിൽ ടൂറിസം വളരെ പ്രധാനപ്പെട്ട ഒരു വരുമാന മാർഗമായിരുന്നു ശ്രീലങ്കയിലേത്. ഈ ദ്വീപ് രാഷ്ട്രത്തിന്റെ തകർച്ചയോടെ ടൂറിസം വിപണി ആകർഷിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ? ഇതിനെക്കുറിച്ച് ഈ മേഖലയിലുള്ളവർ പറയുന്നത് ശ്രദ്ധേയമാണ്.
‘‘ശ്രീലങ്കയിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ നമ്മളും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 2018ലുണ്ടായ വെള്ളപ്പൊക്കം അതിൽ പ്രധാനമാണ്. അതിനുമുമ്പ് യുഡിഎഫ് സർക്കാർ കൊണ്ടുവന്ന മദ്യനയം ടൂറിസം മേഖലയ്ക്കു തിരിച്ചടിയായിരുന്നു. അതോടെ കേരളത്തിലേക്ക് വരേണ്ടിയിരുന്ന ടൂറിസത്തിന്റെ ഒരളവ് രാജസ്ഥാനിലേക്ക് പോയി. വലിയൊരളവ് ശ്രീലങ്കയിലേക്ക് പോയി. ഇന്ന് ശ്രീലങ്കയിൽ വലിയ പ്രശ്നങ്ങളുണ്ട്. അതുപോലെ നമുക്കും പ്രശ്നങ്ങളുണ്ട് എന്നതാണ് വാസ്തവം. ടൂറിസ്റ്റുകള്‍ക്കും ഇതറിയാം. അവർ ശരിയായ രീതിയിൽ കാര്യങ്ങളൊക്കെ പഠിച്ചിട്ടാണ് ഇങ്ങോട്ടു വരുന്നത്. സോഷ്യൽ മീഡിയയുടെ വരവോടെ അത് കൂടുതലായി അവർക്ക് ലഭിക്കുന്നു. അപ്പോൾ ശ്രീലങ്കയിലെ പ്രതിസന്ധി മൂലം കേരളത്തിന് കുറെെയാക്ക പ്രയോജനമുണ്ടാകും. പക്ഷേ ശ്രീലങ്കയിലേക്ക് പോയിക്കൊണ്ടിരുന്ന ടൂറിസ്റ്റുകൾ മുഴുവൻ കേരളത്തിലേക്ക് വരുമെന്ന് അതിനർഥമില്ല. എന്നാൽ ശ്രീലങ്കയും കേരളവുമായി ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ചില സാമ്യങ്ങളുണ്ട്. നിലവിലുള്ള അവസ്ഥയിൽ നിന്ന് കാര്യങ്ങൾ എപ്പോൾ മെച്ചപ്പെടും എന്നു പറയാൻ പറ്റില്ല, കോവിഡ് ഇപ്പോഴും ഉണ്ട്, അതിന്റെ ഭയമുണ്ട്, നിയന്ത്രണങ്ങളും പിന്നാലെ വരും. എന്നാൽ നമ്മുടെ മെഡിക്കൽ മേഖല കൂടുതൽ മെച്ചപ്പെട്ടു, പ്രതിസന്ധി ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന് അറിയാം – ശ്രീലങ്കയുെട പ്രതിസന്ധിയിൽ നിന്ന് കുറച്ചു ഗുണം ചെയ്യുമ്പോഴും ശ്രീലങ്കയിൽ നിന്നുള്ള പാഠങ്ങളും പഠിക്കാൻ നാം തയാറാകണം. ഭക്ഷണ കാര്യത്തിൽ ഉൾപ്പെടെ എത്രത്തോളം സ്വയംപര്യാപ്തമാകണം എന്നതടക്കം’’, സിജിഎച്ച് എർത്ത് ഗ്രൂപ്പ് സിഇഒ ജോസ് ഡൊമിനിക് പറയുന്നു.
∙ ‘ശ്രീലങ്കൻ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തണം’
കെടിഡിസി മുൻ എംഡിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ പ്രശാന്ത് നായരും ശ്രീലങ്കയിലെ അവസരങ്ങൾ കേരളത്തിന് ഉപകാരമാകുന്ന വിധത്തിൽ മാറ്റിയെടുക്കണം എന്ന അഭിപ്രായക്കാരനാണ്. ‘‘മൂന്നു നാലു വർഷം മുമ്പു വരെ ശ്രീലങ്കൻ ടൂറിസം വലിയൊരു ഭീഷണി തന്നെയായിരുന്നു. ഇവിടെയുള്ള പല റിസോര്‍ട്ട് ഉടമകളുമൊക്ക പേടിച്ചിരുന്നത് അവർക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ സൗകര്യങ്ങൾ ടൂറിസ്റ്റുകൾക്ക് ചെയ്തു കൊടുക്കാൻ പറ്റും, അത് നിലനിർത്താൻ പറ്റും എന്നൊക്കയായിരുന്നു. എന്നാൽ ഇന്ന് ശ്രീലങ്കയിലെ അവസ്ഥ നാം കാണുന്നുണ്ട്. ആയുർവേദം ഉൾപ്പെടെ ഒരേ ഉത്പന്നങ്ങൾ നൽകിക്കൊണ്ടിരുന്ന ഒരു എതിരാളി ഇല്ലാതായിപ്പോയി. എന്നാൽ അത് ശാശ്വതമല്ല. പക്ഷേ നമുക്ക് ഇപ്പോൾ ഒരവസരം കിട്ടിയിട്ടുണ്ട്. അത് ‘റീഇൻവെന്റ്’ ചെയ്ത് ‘റീഎസ്റ്റാബ്ലിഷ്’ ചെയ്താൽ കാര്യങ്ങൾ മെച്ചപ്പെടും’’, അദ്ദേഹം പറയുന്നു.
∙ ‘വേണ്ടത് നയരൂപീകരണം’
അതേ സമയം, ടൂറിസം മേഖലയിൽ ശരിയായ നയരൂപീകരണം നടത്തിയില്ലെങ്കിൽ മറ്റെന്തുണ്ടായതു കൊണ്ടും ടൂറിസം മേഖലയ്ക്ക് വലിയ വളർച്ചയുണ്ടാകില്ല എന്ന അഭിപ്രായപ്പെടുന്നവരും ഉണ്ട്. കോവിഡിനു ശേഷമുള്ള സമയം ഇക്കാര്യങ്ങൾ തിരുത്താനുള്ളതാണെന്നും അവർ പറയുന്നു. മദ്യനയമാണ് ഇക്കാര്യത്തിൽ അടിയന്തര മാറ്റം വരുത്തേണ്ടതെന്ന ജോസ് ഡൊമിനിക്കിന്റെ അഭിപ്രായത്തോട് നിരവധി പേർ യോജിക്കുന്നുമുണ്ട്.
‘‘കേരളത്തിന് ടൂറിസം മേഖലയിൽ പല മേന്മകളുമുണ്ട്. മനുഷ്യവിഭവ സൂചികയിൽ കേരളം നടത്തിയിട്ടുള്ള മുന്നേറ്റത്തിന്റെ ഭാഗമാണ് ഇവിടെ എത്തുന്ന ടൂറിസ്റ്റുകളും. ലിംഗസമത്വം, വിദ്യാഭ്യാസം, ഉയർന്ന ജീവിതനിലവാരം... എല്ലാ മേഖലയിലും നാം മെച്ചപ്പെട്ട അവസ്ഥയിലാണ്. നന്നായി മനുഷ്യർ ജീവിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാനും നല്ലതാണ് എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ നിർവചനം തന്നെ. കേരളം ഇക്കാര്യത്തിലെല്ലാം വലിയൊരളവോളം മെച്ചപ്പെട്ടിട്ടുണ്ട്, നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാൽ നയപരമായ മേഖലയിൽ ചില പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന് മദ്യനയം (എക്സൈസ് പോളിസി). രാഷ്ട്രീയവും നയപരമായ കാര്യങ്ങളും തമ്മിൽ കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നതാണ് ഈ മദ്യനയത്തിലെ കുഴപ്പങ്ങൾക്കുള്ള കാരണം. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചായിരുന്നു കോവളം. 1960, 70, 80–കളിലെല്ലാമായി ആ ബീച്ച് വളർന്നു, എന്നാൽ ഇന്നത്തെ അവസ്ഥ നോക്കൂ. എന്താണ് ഇതിനു കാരണം, അതിലൊന്ന് ഈ നിർമാണ പ്രവർത്തനങ്ങൾ ഒട്ടും സെൻസിറ്റീവല്ല എന്നതായിരുന്നു. മറ്റൊന്ന്, ബീച്ച് ടൂറിസത്തിന്റെ പ്രത്യേകതയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ അവിടെ തണുപ്പ് കാലമാകുമ്പോൾ ചൂടുള്ള, സൂര്യപ്രകാശമുള്ള സ്ഥലങ്ങള്‍ തേടി പോവാറുണ്ട്. അവർ വരുന്നു, ബീച്ചുകളിൽ സൂര്യപ്രകാശവും കൊണ്ട് കിടക്കുന്നു, കൈയിൽ ഒരു ബീയർ ഗ്ലാസോ മറ്റോ ഉണ്ടാവും. എന്നാൽ നമ്മുടെ മദ്യനയം പറയുന്നത് ബിയർ കഴിക്കണമെങ്കിൽ നിങ്ങൾ ത്രീസ്റ്റാറിലോ ഫോർ സ്റ്റാറിലോ ഒക്കെ പോവണം എന്നാണ്. ഇതോടെ സംഭവിക്കുന്നത് അവർ തങ്ങളുടെ യാത്രാ പദ്ധതികളിൽ നിന്ന് ബീച്ച് തന്നെ ഒഴിവാക്കുന്നു എന്നതാണ്. പണ്ട് ജർമൻ കൗണ്‍സിലർ ഇവിടെ വന്നിട്ട് ചായക്കപ്പിലൊഴിച്ച് ബിയർ കഴിക്കേണ്ടി വന്നതു പോലത്തെ അവസ്ഥയുണ്ടായിട്ടുണ്ട്. അതുപോലത്തെ 'ഫിക്‌ഷനൽ' പ്രശ്നങ്ങളൊക്കെ ഇപ്പോഴും തുടരുന്നു.
കേരളത്തിലെ മദ്യനയം ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ബിസിനസ്, ചാർട്ട് ചെയ്തു വരുന്ന ടൂറിസ്റ്റ് സംഘങ്ങളെ ഒക്കെ തടയുന്നു. എന്തിനു വേണ്ടിയാണ് ഇതെന്ന് മനസിലായിട്ടില്ല. മറിച്ച്, കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ മുന്നോട്ടു കൊണ്ടു പോവുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാവണം നമ്മുടെ പ്രാഥമികമായ മാനദണ്ഡം. ഏതെങ്കിലും വിധത്തിൽ നമ്മുടെ സാമൂഹിക സാഹചര്യങ്ങൾക്ക് ചേരാത്ത നയങ്ങൾ രൂപീകരിക്കണം എന്നല്ല പറയുന്നത്. പക്ഷേ, ഇപ്പോഴത്തെ മദ്യനയത്തിന്റെ ബാക്കിപത്രം എന്നത്, കേരളത്തിലെ ഓരോ പഞ്ചായത്തിലും അല്ലെങ്കിൽ ടൗണുകളിലെല്ലാം ഓരോ ക്യൂ ഉണ്ടെന്നുള്ളതാണ്. യുദ്ധകാലത്ത് മനുഷ്യർ ഭക്ഷ്യവസ്തുക്കൾക്ക് വേണ്ടി ക്യൂ നിന്നതു പോലെ ദാഹിക്കുന്ന മനുഷ്യർ മദ്യത്തിനു വേണ്ടി ക്യൂ നിൽക്കുന്നതാണെന്ന് ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞിരുന്നു. ഈ പ്രശ്നങ്ങളൊക്കെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. സർക്കാരിന് ആവശ്യമായ പണം നികുതി ഇനത്തിലും ഒക്കെയായി ലഭിക്കുകയും ചെയ്യും. അല്ലെങ്കിൽ തന്നെ സർക്കാർ നടത്തേണ്ട ബിസിനസല്ല ഇത്. സർക്കാരിന് മെച്ചപ്പെട്ട അനേകം കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതൊക്കെ സ്വകാര്യ മേഖലയ്ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. ഈ മദ്യക്കടകളൊക്കെ റോഡരികുകളിൽനിന്നു മാറ്റി ഉള്ളിലേക്കാക്കാം, സൂപ്പർ മാർക്കറ്റുകളിലും അത്തരം കടകളിലുമൊക്ക വിൽക്കാം. ലോകം മുഴുവൻ അങ്ങനെയാണ്. എന്തൊക്കെ നിയന്ത്രണങ്ങൾ കൊണ്ടു വരണോ അതൊക്കെ ചെയ്തു കൊള്ളുക, പക്ഷേ ഇത് മൊത്തത്തിൽ പൊളിച്ചെഴുതുകയാണ് വേണ്ടത്’’ – ജോസ് ഡൊമിനിക് കൂട്ടിച്ചേർക്കുന്നു.
∙ ‘ടൂറിസ്റ്റുകൾ മദ്യപിക്കാൻ വരുന്നവരല്ല’
‘‘നിലവിലുള്ള മദ്യനയം ടൂറിസം മേഖലയ്ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒന്നാണ്. ടൂറിസ്റ്റുകളെ സംബന്ധിച്ച് അവർ മദ്യപിക്കാനായി വരുന്നവരല്ല. അവരുടെ അവധി സമയത്ത്, വിനോദത്തിനും വിശ്രമത്തിനും വരുന്നതാണ്. ചിലപ്പോൾ ആ സമയത്ത് ഒരു ബീയർ, ഒരു വൈൻ ഒക്കെ അവർ ആവശ്യപ്പെടാറുണ്ട്. ചെറിയ ചെറിയ റിസോർട്ടുകൾക്ക് ആണെങ്കിലും സർക്കാർ ആവശ്യമായ മാനദണ്ഡങ്ങൾ കൊണ്ടുവന്ന് ടൂറിസത്തെ ഉയർത്തിക്കൊണ്ടു വരുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് നന്നായിരിക്കും. അത് വലിയ തോതിൽ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകും. പ്രത്യേകിച്ച് പോസ്റ്റ് കോവിഡ് സമയത്ത് ടൂറിസം മേഖല ഒന്നു പിക്കപ്പ് ചെയ്തു വരുന്ന സമയത്ത് ഇത്തരമൊരു കാര്യം വളരെ നന്നാവും. ടൂറിസം മേഖല അക്കാര്യത്തിൽ നയപരമായ തലത്തിൽ വലിയൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്’’– ഫോർട്ട്കൊച്ചിയിലെ അസോറ ഹെറിറ്റേജ് ഹോട്ടൽ മാനേജർ എം.ജെ. ആൽബർട്ട് പറയുന്നു.
‘‘ടൂറിസ്റ്റുകളായി വരുന്നവരെല്ലാം മദ്യപിക്കാനായി വരുന്നു എന്നല്ല പറയുന്നത്. ടൂറിസം എന്നു പറയുമ്പോൾ അങ്ങനെയല്ല. വിദേശികളും സ്വദേശികളുമൊക്കെ വരുമ്പോൾ ഭക്ഷണത്തിനൊപ്പം ഒരു ബീയറോ വൈനോ ഒക്കെ കഴിക്കുക അവരെ സംബന്ധിച്ച് സാധാരണ കാര്യമാണ്, പ്രത്യേകിച്ച് വിദേശികളുടെ കാര്യത്തിൽ. അതിവിടെ പറ്റില്ല എന്ന വലിയ പ്രചാരണമാണ് ബാറുകൾ അടച്ചപ്പോൾ ഉണ്ടായത്. വന്നു വന്ന് ഇവിടം ഒരു മദ്യരഹിത സംസ്ഥാനമാണ് എന്നു വരെ പ്രചരണം ഉണ്ടായി. എന്തു ചീത്ത വന്നാലും അതിനെ നല്ലതു വച്ച് കവർ ചെയ്യാൻ സമയമെടുക്കും. ചീത്ത വേഗം വ്യാപിക്കും. പുതിയ സർക്കാർ വന്നപ്പോൾ അവരുടെ പ്രകടനപത്രികയിൽ തന്നെ പറഞ്ഞത് ബാർ ലൈസൻസുകളുടെ കാര്യം ലഘൂകരിക്കും എന്നാണ്. അത് വന്നതോടു കൂടി തന്നെ അക്കാര്യം ടൂറിസം മേഖലയിൽ പ്രതിഫലിക്കുകയും ചെയ്തു.
ഹൗസ് ബോട്ട് മേഖല തുടർച്ചയായി ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണിത്. എല്ലാ ഹൗസ് ബോട്ടുകളിലും ബീയറും വൈനുമൊക്കെ കൊടുക്കാൻ സംവിധാനമുണ്ടാകണം. ടൂറിസ്റ്റുകൾ വരുമ്പോഴോ അല്ലെങ്കിൽ അവർ ആവശ്യപ്പെടുമ്പോഴോ അതൊക്ക മിക്കവരും നൽകുന്നുണ്ട്. അങ്ങനെയൊക്കെ കൂടിയാണ് കഴിഞ്ഞ 27 വർഷമായി ഈ മേഖല പിടിച്ചു നിന്നതും. ഇത്തരത്തിൽ ഒളിഞ്ഞും മറഞ്ഞുമല്ലാതെ ആവശ്യമായ നിയന്ത്രണങ്ങളോടെ കൊടുക്കാൻ സംവിധാനമുണ്ടായാൽ സർക്കാരിന് അതിൽ നിന്ന് വരുമാനം കിട്ടുകയും ചെയ്യും. മാനദണ്ഡങ്ങളുണ്ടാക്കി അതു പാലിക്കുന്നവർക്ക് ലൈസൻസോ അല്ലെങ്കിൽ ആഴ്ചയിൽ ഇത്ര ക്വാട്ട എന്നൊക്കെ അനുവദിക്കുകയും അങ്ങനെ നിയമാനുസൃതമായി ബോട്ടുകളിൽ നൽകുകയും ചെയ്യുന്നതല്ലേ നല്ലത്? ഈ പ്രശ്നങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഹൗസ് ബോട്ട് മേഖല പല നിവേദനങ്ങളും െകാടുത്തിട്ടുണ്ട്. 27 വർഷമായിട്ടും ഒരു മാറ്റവുമില്ല. ക്ലാസിഫൈഡ‍് റെസ്റ്ററന്റുകൾക്ക് കൊടുക്കാം, എന്നാൽ ഹൗസ് ബോട്ടുകൾക്ക് പറ്റില്ല. എല്ലാ വർഷവും മദ്യനയം വരുമ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചു നോക്കിയിരിക്കുകയാണ്. പ്രതീക്ഷിക്കാനേ പറ്റുന്നുള്ളൂ. ഇങ്ങനെ കുറെ പ്രശ്നങ്ങളുണ്ട്.
ഇത്തരം കാര്യങ്ങൾ പറയുമ്പോൾ പലരും എതിർപ്പുമായി വരും. അങ്ങനെ എതിർക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യം ടൂറിസവും മദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. എറണാകുളത്തൊക്കെ വലിയ കോൺഫറൻസുകളും മറ്റും നടക്കുമ്പോൾ 600–1000 മുറികളൊക്കെ ബുക്കിങ് ഉണ്ടാകുന്നുണ്ട്. വലിയ കമ്പനികളുടെയും ഡോക്ടർമാരുടെ മീറ്റിങ്ങുകളും ഒക്കെ. ഇങ്ങനെ ഒരു 4000 ഡോക്ടർമാരുടെ കോൺഫറൻസ് നടന്നാൽ ഇതിൽ 2000 പേരുടെ കുടുംബവും കൂടെ വരും. പലപ്പോഴും ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നൊക്കെ വരുമ്പോൾ കേരളം വരെ വന്നതല്ലേ, ഏതെങ്കിലും സ്ഥലം കൂടി സന്ദർശിച്ചിട്ടു പോകാമെന്ന് തീരുമാനിക്കുന്നത് പതിവാണ്. അങ്ങനെ ഒന്നുകിൽ മൂന്നാറോ തേക്കടിയോ അല്ലെങ്കിൽ ആലപ്പുഴയോ ഒക്കെ പോകും. പിറ്റേന്ന് അവിടെ നിന്ന് കൊച്ചിയിലെത്തി മടങ്ങും. ഇതെല്ലാം സംസ്ഥാനത്തിനു കിട്ടുന്ന അധിക വരുമാനമാണ് എന്നോർക്കണം. മദ്യനിരോധനം അല്ലെങ്കിൽ കടുത്ത നിയന്ത്രണം ഒക്കെ കൊണ്ടു വരുമ്പോൾ ഓർക്കേണ്ടത് ഇതൊക്ക കൂടിയാണ്. എന്തിനാണ് ഈ കോർപറേറ്റ് മീറ്റിങ്ങുകൾ ഒക്കെ കേരളത്തിൽ വയ്ക്കുന്നത്? അത് അവരുടെ കക്ഷികളെ സന്തോഷിപ്പിക്കാനും ആനന്ദിപ്പിക്കാനും കൂടിയാണ്. അവിടെ അപ്പോൾ മദ്യക്കട എട്ടരയ്ക്കടയ്ക്കണം, അല്ലെങ്കിൽ ഒമ്പതിനടയ്ക്കണം എന്നൊക്കെ പറഞ്ഞോണ്ടിരുന്നാൽ അവർ അടുത്ത സംസ്ഥാനത്തോട്ട് പോകും. ഗോവയിലോ ബെംഗളൂരുവിലോ ഒന്നും അത്തരം നിയന്ത്രണമില്ലല്ലോ. ഇത്തരം പ്രശ്നങ്ങൾ ഉള്ളതു കൊണ്ടാണ് കോൺഫറൻസുകൾ ഇവിടെ നിന്ന് പോകുന്നത്. അത് പോകുമ്പോൾ മറ്റ് ജില്ലകൾക്ക് കിട്ടുന്ന വരുമാനവും നഷ്ടപ്പെടുത്തുന്നു. 2000 പേരുടെ കുടുംബം കൊച്ചിയിൽ വരുമ്പോൾ അതിൽ ഒരു 500 പേർ ആലപ്പുഴയ്ക്ക് വന്നാൽ തന്നെ 500 ടാക്സിയാണ് ആലപ്പുഴയ്ക്ക് വരുന്നത്. 500 ഹൗസ് ബോട്ടുകൾക്കാണ് ഓട്ടം കിട്ടുന്നത്. ഇതുപോലെ 500 പേർ മൂന്നാറിന് പോകുന്നു, 500 പേർ തേക്കടിക്കു പോകുന്നു. ഇതൊക്കെയാണു നാം കളഞ്ഞു കുളിക്കുന്നത്. ഇതൊക്കെ മനസിലാക്കി വേണം നയങ്ങൾ രൂപീകരിക്കാനും ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ഇടപെടാനും’’, കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോബിൻ. ജെ അക്കരക്കളം പറയുന്നു.
∙ തൊഴിലാളികളുടെ അഭാവം, മാലിന്യപ്രശ്നം
കോവിഡിനു ശേഷം കേരളത്തിന്റെ ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വിദഗ്ധരായ തൊഴിലാളികളുടെ കുറവാണെന്ന് അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് മാനേജിങ് ഡയറക്ടർ റിയാസ് അഹമ്മദ് പറയുന്നു. ‘‘പരിശീലനം നേടിയ ആളുകളിൽ കുറെപ്പേർ കോവിഡ് സമയത്ത് സ്വന്തം തൊഴിലുകളിലേക്കും കുറെപ്പേർ മറ്റ് തൊഴിലുകളിലേക്കും പോയതോടെ വിദഗ്ധരായ അത്തരം ആളുകളുടെ വലിയ അഭാവം നേരിടുന്നുണ്ട്. അത് തരണം ചെയ്യാനായിട്ട്, നമ്മൾ ട്രെയിനിംഗ് കോളേജുകളിലും കാറ്ററിംഗ് കോളേജിലും കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്’’. അദ്ദേഹം മറ്റൊരു നിർദേശവും കൂടി മുന്നോട്ടു വയ്ക്കുന്നു. ‘‘റോഡുകൾ വികസിപ്പിക്കുന്നതിനൊപ്പം തന്നെ ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന വഴികളിൽ പബ്ലിക് ടോയ്ലെറ്റുകൾ ഉണ്ടാക്കണം. വേസൈഡ് അംനറ്റീസ് സംഘടിപ്പിക്കേണ്ട് അത്യാവശ്യമാണ്. ഇത് സർക്കാർ തന്നെ ചെയ്യേണ്ട കാര്യമൊന്നുമില്ല. സ്ഥലം പാട്ടത്തിന് നൽകിയാൽ സ്വകാര്യ മേഖലയ്ക്ക് തന്നെ ഇതൊക്കെ നടത്താൻ പറ്റും. ഷോപ്പിംഗ് കോംപ്ലക്സുകളും പെട്രോൾ ബാങ്കുകളും ഒക്കെയുള്ള കേന്ദ്രമായി ഇത് നടത്താവുന്നതേയുള്ളൂ’’, റിയാസ് അഹമ്മദ് പറയുന്നു.
തൊഴിലാളികളുടെ അഭാവത്തിന്റെ കാര്യം ഷോകേയ്സ് മൂന്നാർ അസോസിയേഷൻ ഫോർ റെസ്പോണ്‍സിബിൾ ടൂറിസം ജനറൽ സെക്രട്ടറി അജു അബ്രഹാം മാത്യുവും പങ്കുവയ്ക്കുന്നു. ‘‘കോവിഡിനു ശേഷം ഒരുപാട് പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്. വിദഗ്ധരായ തൊഴിലാളികളുടെ അഭാവമാണ് ഇതിലെ ഏറ്റവും വലുത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി ടൂറിസം മേഖലയിൽ ഉണ്ടായിരുന്നവർ മറ്റു മേഖലയിലേക്ക് പോയിട്ടുണ്ട്. അത് റിസോർട്ട്– ഹോട്ടൽ മുതൽ ടാക്സി ഡ്രൈവർമാരുടെ കാര്യത്തിലും എല്ലാം സംഭവിച്ചിട്ടുണ്ട്’’, അദ്ദേഹം പറയുന്നു.
ഇതുപോലെ തന്നെയാണ് ടൂറിസം കേന്ദ്രങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ. ‘‘ആലപ്പുഴ ഇത്രത്തോളം ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ്. ആ ഫിനിഷിങ് പോയിന്റ് ഒന്നു പോയി നോക്കിയാൽ മനസിലാവും, എത്രത്തോളം മലിനമായിട്ടാണ് ഇവിടമൊക്കെ ഇട്ടിരിക്കുന്നത് എന്ന്. ഇത്തരത്തിൽ മാലിന്യം വൻതോതിൽ ഡംപ് ചെയ്തിരിക്കുന്നു എന്നു മനസിലാക്കി മൂന്നു നാല് വർഷം മുമ്പ് 18 ലോഡോളം പ്ലാസ്റ്റിക്ക് ഞങ്ങൾ കായലിൽ നിന്നൊക്കെയായി നീക്കം ചെയ്തിരുന്നു. അത് എല്ലാവരും കൂടി 15 ലക്ഷം രൂപ മുടക്കിയാണ് ചെയ്തത്. അത് സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ ചെയ്താൽ നമ്മുടെ കായലുകളും നദികളുമൊക്കെ കൂടുതൽ നന്നായി കിടക്കുകയും സഞ്ചാരികൾക്കും അത് കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്യും’’, ഹൗസ് ബോട്ട് ഉടമയും ടൂറിസം ഗവേണിങ് ബോഡി മെമ്പറും ടൂറിസം പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാനുമൊക്കെയായ ടോമി പുലിക്കാട്ടിലിന്റെ വാക്കുകളിലുണ്ട് ആലപ്പുഴ നേരിടുന്ന മാലിന്യപ്രതിസന്ധി.
ഇനി വാഗമണ്ണിൽ ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന ജീപ്പിന്റെ ഡ്രൈവറായ മണിയുടെ വാക്കുകൾ കേൾക്കുക. ‘‘ടൂറിസ്റ്റുകൾ വല്യ ട്രാവലറിെലാക്കെ വന്ന് ചോറുണ്ടിട്ട് അവിടെ തന്നെ അതിന്റെ വേസ്റ്റ് ഇടും. ഇവിടെയുള്ള വൃത്തിയാക്കുന്ന തൊഴിൽ ചെയ്യുന്നവർ ഇത് പെറുക്കി പെറുക്കി മടുക്കും. ഞങ്ങൾ പോയി പറഞ്ഞാൽ ഞങ്ങളോട് ചൂടാകും. ഇവർ ചെയ്യുന്നത്, വീടുകളിലെ അടക്കം വേസ്റ്റ് ഇവിടെ കൊണ്ടുവന്ന് ആരും കാണാത്തിടത്ത് കൊണ്ടുവന്ന് വലിച്ചെറിയുകയാണ്. വേസ്റ്റിന്റെ കാര്യം എല്ലാവരോടും പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്. അതുപോലെയാണ് കുപ്പികൾ എറിഞ്ഞു പൊട്ടിക്കുന്നത്. അതൊരു സൈഡിൽ വച്ചാൽ ആരെങ്കിലും എടുത്തു കൊണ്ടു പോകുമല്ലോ. അതിനൊക്കെ മിടുക്കർ സായിപ്പന്മാർ തന്നെയാണ്. ഒരു മിഠായിക്കടലാസ് ആണെങ്കിൽ പോലും അവരത് സൂക്ഷിച്ച് വേസ്റ്റ് ഇടേണ്ട സ്ഥലത്ത് മാത്രമേ കൊണ്ടുപോയി ഇടൂ.
എറണാകുളം, കൊച്ചി ഇവിടുന്നൊക്കെ വരുന്ന, വലിയ ട്രാവലറുകളിലൊക്കെ വരുന്നവർ ചെയ്യുന്ന കാര്യമാണിത്. ചോറുണ്ണുക, പ്ലേറ്റും മറ്റും അവിടെ തന്നെ ഇടുക. ആ മൊട്ടക്കുന്നിന്റെ അവിടെ ഒക്കെ പോയി നോക്കണം, സൈഡിലെല്ലാം എന്തേരെ പ്ലേറ്റുകളും മറ്റുമാണ് കിടക്കുന്നതെന്ന്. അതുപോലെയാണ് ഇവിടുത്തെ റിസോർട്ടുകളും മറ്റും ചെയ്യുന്ന കാര്യവും. അവരുടെയൊക്കെ വേസ്റ്റുകളും കുപ്പികളുമൊക്കെ രാത്രിയിലൊക്കെ വഴിയില്‍ കൊണ്ടിട്ടിട്ടു പോകും. ആ ബ്രാണ്ടിക്കുപ്പികളിലൊക്കെ രണ്ട് ചെടി എടുത്തുവച്ച് കുറച്ചു വെള്ളമൊളിച്ചാൽ നല്ലതല്ലേ. അപ്പോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മൾ ഇനീം പഠിക്കണം’’!.
English Summary: How Kerala Tourism Revives Amid Covid Pandemic- A Report Part 5