നിങ്ങളുടെ നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ? 14 ജില്ലകളിലെ ടൂറിസ്റ്റ് ലൊക്കേഷനുകൾ
Mail This Article
കേരളത്തിലെ ഓരോ ജില്ലയും ഓരോ പുതിയ നാടാണ് എന്നു വേണമെങ്കില്‍ പറയാം. തിരുവനന്തപുരത്തുകാരന്‍റെ സംസാരം ഇങ്ങറ്റത്തുള്ള കാസര്‍ഗോഡുകാരനും, തിരിച്ചും മനസ്സിലാവുക പോലുമില്ല! ഭാഷ ഒന്നാണെങ്കിലും സംസാരരീതിയും ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം അങ്ങേയറ്റം വൈവിധ്യപൂര്‍ണ്ണമാണ്. ഇവിടുത്തെ സ്ഥലങ്ങളുടെ കാര്യവും വിഭിന്നമല്ല. പാല്‍മഞ്ഞൊഴുകുന്ന മലനിരകളും സൂര്യവെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന ബീച്ചുകളും ചരിത്രമുറങ്ങുന്ന മേടുകളും നദികളും കാടുകളുമെല്ലാം നമ്മുടെ ഈ കൊച്ചുസംസ്ഥാനത്തുണ്ട്. ഋതുക്കളുടെ മാറ്റമനുസരിച്ച് പോകാന്‍ പറ്റിയ ഇടങ്ങളും ഫാമിലി വെക്കേഷൻ, റൊമാന്റിക് ഹണിമൂൺ എന്നിവയ്ക്കായി പോകാവുന്ന ഇടങ്ങളുമെല്ലാമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.
1. ആലപ്പുഴ
ശാന്തസുന്ദരമായ കടല്‍ത്തീരങ്ങളും കായലോരങ്ങളും നെല്‍പാടങ്ങളുമെല്ലാം നിറഞ്ഞ ആലപ്പുഴയെ കിഴക്കിന്‍റെ വെനീസെന്ന് വിളിച്ചത് കഴ്സന്‍ പ്രഭുവായിരുന്നു. പേരിനെ അന്വര്‍ത്ഥമാക്കും വിധം സുന്ദരമാണ് ഇവിടം. ഒരു മൂന്നുദിവസം മുഴുവന്‍ ചുറ്റിനടന്നു കാണാവുന്ന കാഴ്ചകള്‍ ഇവിടെയുണ്ട്. ഹൗസ്ബോട്ടില്‍ കായലിലൂടെ കറങ്ങാനും ഫ്രഷ് മത്സ്യവിഭവങ്ങളും കള്ളുമെല്ലാം രുചിക്കാനും ആലപ്പുഴയെക്കാള്‍ മികച്ച മറ്റൊരിടമില്ല. ആലപ്പുഴ ബീച്ച്, കൃഷ്ണപുരം കൊട്ടാരം, കുമരകം പക്ഷി സങ്കേതം, മാരാരി ബീച്ച്, രേവി കരുണാകരൻ മ്യൂസിയം, മാരാരി ബീച്ച്, പുന്നമട തടാകം, പാതിരാമണൽ, അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ ക്ഷേത്രം എന്നിങ്ങനെ ഒട്ടേറെ ഇടങ്ങള്‍ ആലപ്പുഴയിലുണ്ട്.
2. ഇടുക്കി
മൂന്നാർ
മൂടൽമഞ്ഞ് നിറഞ്ഞ താഴ്‌വരകളും താഴ്ന്നു പറക്കുന്ന മേഘങ്ങളും ചാറ്റല്‍മഴയുമെല്ലാം ചേര്‍ന്ന് സഞ്ചാരികളെ മായികലോകത്തെത്തിക്കുന്ന മൂന്നാറിനെക്കുറിച്ച് അറിയാത്തവര്‍ ആരുമില്ല. രണ്ടു ദിവസം മുഴുവനും കാണാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്. ബ്രിട്ടീഷുകാരുടെ വേനൽക്കാല തലസ്ഥാനമായിരുന്ന മൂന്നാർ ഹണിമൂണിനായി കേരളത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ടാറ്റ ടീ മ്യൂസിയം, മീശപുലിമല, ബ്ലോസം പാർക്ക്, പോതമേട് വ്യൂപോയിന്റ്, ലൈഫ് ഓഫ് പൈ ചർച്ച്, ആറ്റുകാൽ വെള്ളച്ചാട്ടം, ചീയപ്പാറ വെള്ളച്ചാട്ടം, ടോപ്പ് സ്റ്റേഷൻ, മറയൂർ ഡോൾമെൻസ്, ഇൻഡോ സ്വിസ് ഡയറി ഫാം, ആനമുടി, ഇരവികുളം നാഷണൽ പാർക്ക് എന്നിങ്ങനെ നിരവധി കാഴ്ചകള്‍ മൂന്നാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
3. വയനാട്
ദൈവികമായ സൗന്ദര്യമാണ് വയനാടിന്‍റെ മുഖമുദ്ര. പ്രകൃതിയുടെയും പൈതൃകത്തിന്‍റെയും സമ്പൂർണ്ണ സമ്മിശ്രണമാണ് ഇവിടം. എടയ്ക്കല്‍ ഗുഹകള്‍, വയനാട് വന്യജീവി സങ്കേതം, ചെമ്പ്ര കൊടുമുടി, പൂക്കോട് തടാകം, തുഷാരഗിരി വെള്ളച്ചാട്ടം, തിരുനെല്ലി ക്ഷേത്രം, ബാണാസുര ഹിൽ, ലക്കിടി വ്യൂ പോയിന്റ്, കുറുവദ്വീപ്, പുളിയാർമല ജൈനക്ഷേത്രം, കബിനി, പാപനാശിനി നദി, പടിഞ്ഞാറത്തറ ഡാം, നീലിമല, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, പക്ഷിപാതാളം, മീന്‍മുട്ടി, ചെതലയം എന്നിങ്ങനെ സന്ദര്‍ശിക്കാന്‍ നിരവധി ഇടങ്ങളുള്ള വയനാട്ടില്‍, ബാംബൂ റാഫ്റ്റിംഗ്, ക്യാമ്പിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഒട്ടേറെ അവസരങ്ങളുണ്ട്.
4. കാസര്‍ഗോഡ്
ഒരു വശത്ത് പശ്ചിമഘട്ടത്തിനും മറുവശത്ത് നീലനിറമുള്ള അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കാസർഗോഡ്, കേരളത്തിലെ ഏറ്റവും ഫോട്ടോജെനിക്കായ സ്ഥലങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ബേക്കൽ ഫോർട്ട്, മധൂർ ക്ഷേത്രം, തോണിക്കടവ്, അനന്തപുര തടാകം ക്ഷേത്രം, മാലോം വന്യജീവി സങ്കേതം, റാണിപുരം എന്നിവയാണ് ഇവിടുത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ
ബേക്കല്‍
തലമുടി തഴുകി കടന്നു പോകുന്ന കാറ്റും നേരിയ ചാറ്റല്‍മഴയും ഒപ്പം ചുറ്റിനും നിശ്ശബ്ദസാക്ഷികളായി നില്‍ക്കുന്ന വലിയ പാറക്കൂട്ടങ്ങളും; ബേക്കലിന്‍റെ സൗന്ദര്യം ഒട്ടേറെ സിനിമകളിലൂടെ ലോകമെങ്ങും കണ്ട ഒന്നാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ഹണിമൂൺ സ്ഥലങ്ങളിൽ ഒന്നാണ് ബേക്കൽ. ബേക്കൽ കോട്ട, അനന്തപുര ക്ഷേത്രം, വലിയപറമ്പ് കായൽ, ബേക്കൽ ബീച്ച്, മല്ലികാർജുന ക്ഷേത്രം, ചന്ദ്രഗിരി കോട്ട, കാപ്പിൽ ബീച്ച്, നീലേശ്വരം, ബേക്കൽ ഹോൾ അക്വാ പാർക്ക് എന്നിവയാണ് ഇതിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍.
5. കോഴിക്കോട്
കേരളത്തിലെ മറ്റിടങ്ങളെപ്പോലെ കാണാന്‍ അതീവസുന്ദരമായ ഒരുപാടിടങ്ങള്‍ കോഴിക്കോട്ടില്ല. എന്നാല്‍ നാവില്‍ കപ്പലോടിക്കുന്ന രുചിമഹിമയാണ് കോഴിക്കോടിന്‍റെ ഹരം. കോഴിക്കോടന്‍ ഹല്‍വയും ദം ബിരിയാണിയും കല്ലുമ്മക്കായയും ചട്ടി പത്തിരിയുമെല്ലാം ലോകപ്രശസ്തമാണ്. ഇന്ത്യയില്‍ ആദ്യമായി യൂറോപ്യന്‍മാര്‍ വന്നിറങ്ങിയ കാപ്പാട് ബീച്ചും പ്രശസ്തമായ മിഠായിത്തെരുവ്, മാനാഞ്ചിറ, കണോലി കനാൽ, ഹിലൈറ്റ് മാൾ, കല്ലായി, തളി ക്ഷേത്രം, കോഴിക്കോട് ബീച്ച് , തുഷാരഗിരി വെള്ളച്ചാട്ടം മുതലായവയുമെല്ലാം കോഴിക്കോടിനെ ജനപ്രിയമാക്കുന്ന ഇടങ്ങളാണ്.
6. തിരുവനന്തപുരം
വർക്കല
ബോട്ട് സവാരി, സർഫിങ്, പാരാസെയിലിങ്, ജെറ്റിങ്, കുതിരസവാരി തുടങ്ങി വര്‍ക്കല ബീച്ചില്‍ എത്തുന്നവര്‍ക്ക് ഒട്ടേറെ ആക്റ്റിവിറ്റികളില്‍ പങ്കുചേരാം. ഒരു വശത്ത് പാറക്കെട്ടുകളും മറുവശത്ത് സമൃദ്ധമായ പച്ചപ്പും ഉള്ള ഈ മനോഹരതീരം വര്‍ഷംതോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും ജല-സാഹസിക പ്രേമികളെയും ആകർഷിക്കുന്നു. ഇവിടുത്തെ ഉദയവും അസ്തമയവും അതീവഹൃദ്യമായ കാഴ്ചയാണ്. ശിവഗിരി മഠം, കാപ്പിൽ തടാകം, പാപനാശം ബീച്ച്, ജനാർദന സ്വാമി ക്ഷേത്രം, വിഷ്ണു ക്ഷേത്രം, അഞ്ചെങ്കോ ഫോർട്ട്, ശാർക്കര ദേവി ക്ഷേത്രം, വർക്കല ടണൽ, കടുവയിൽ തങ്ങൾ ദർഗ എന്നിങ്ങനെയാണ് ഇവിടെയുള്ള പ്രധാന കാഴ്ചകള്‍.
പൊന്മുടി
തിരുവനന്തപുരം നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവുമായ പ്രദേശം മറ്റെങ്ങുമില്ല. വൈകുന്നേരമാകുമ്പോഴേയ്ക്കും മൂടല്‍മഞ്ഞു പരക്കുന്ന പൊന്മുടി സ്വര്‍ഗ്ഗീയമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ ഏറെ പ്രശസ്തമാണ്.
കോവളം
കേരളത്തിലെ ഏറ്റവും മനോഹരമായ റൊമാന്റിക് ബീച്ചുകളില്‍ ഒന്നാണ് കോവളം. ഇവിടുത്തെ പുതുവത്സര ആഘോഷങ്ങള്‍ പ്രശസ്തമാണ്. കൂടാതെ, മസാജുകൾ, ആയുർവേദ ചികിത്സകൾ, സൺ ബാത്ത് ഫെസ്റ്റുകൾ, പാരാസെയിലിംഗ്, ജല കായിക വിനോദങ്ങൾ എന്നിവയ്ക്കുമെല്ലാം പേരുകേട്ടതാണ് കോവളം ബീച്ച്. ലൈറ്റ്ഹൗസ് ബീച്ച്, ഹവാ ബീച്ച് , ദി ലൈറ്റ്ഹൗസ്, സമുദ്ര ബീച്ച്, തിരുവല്ലം പരശുരാമ ക്ഷേത്രം, വിഴിഞ്ഞം മറൈൻ അക്വേറിയം, ഹാൽസിയോൺ കാസിൽ, ആക്കുളം തടാകം, വിഴിഞ്ഞം ഫിഷിംഗ് ഹാർബർ, കരമന നദി, അരുവിക്കര, റോക്ക് കട്ട് ഗുഹകൾ, വലിയതുറ കടവ് എന്നിങ്ങനെയുള്ള ആകര്‍ഷണങ്ങള്‍ കോവളത്തിന്‍റെ മാറ്റുകൂട്ടുന്നവയാണ്.
7. കൊല്ലം
മൺറോ ദ്വീപ്
കൊല്ലത്ത് നിന്ന് 27 കിലോമീറ്റർ അകലെ അഷ്ടമുടിക്കായലിന്‍റെയും കല്ലട നദിയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മൺറോ ദ്വീപ്, എല്ലാ വർഷവും സെപ്റ്റംബറിൽ നടക്കുന്ന കല്ലട വള്ളംകളിക്ക് പ്രസിദ്ധമാണ്. ഓലമേഞ്ഞ വീടുകളും തെങ്ങിൻ തോട്ടങ്ങളും കനാലുകളും തടാകങ്ങളും കണ്ടൽക്കാടുകളുമെല്ലാം നിറഞ്ഞ ഈ ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസില്‍ നടത്തുന്ന കനാൽ ക്രൂയിസ് യാത്രയാണ്. ങ്കശ്ശേരി ലൈറ്റ് ഹൗസ്, കൊല്ലം ബീച്ച്, തിരുമുല്ലവാരം ബീച്ച് എന്നിങ്ങനെ ദ്വീപിനടുത്തായി വേറെയും കാഴ്ചകളുണ്ട്. മൺസൂൺ ഒഴികെയുള്ള സമയങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാം.
8. കണ്ണൂര്‍
കവ്വായി കായൽ
പയ്യന്നൂരിനടുത്ത്, വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തില്‍ നീണ്ടുകിടക്കുന്ന കവ്വായി കായല്‍ കേരളത്തിലെ വലിയ മൂന്നാമത്തെ കായലാണ്. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് ഈ കായൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവയെല്ലാം കവ്വായി കായലിന്‍റെ മനോഹാരിത കൂട്ടുന്നു. കായലിലെ ദ്വീപുകളിലും പരിസരങ്ങളിലും ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യാം.
9. തൃശ്ശൂർ
തൃശൂർ പൂരത്തിനും ഓണാഘോഷങ്ങൾക്കും പേരുകേട്ട 'കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം' വിനോദസഞ്ചാരത്തിനും ഒട്ടും പുറകിലല്ല. സ്നേഹതീരം ബീച്ച്, വാഴച്ചാൽ വെള്ളച്ചാട്ടം, വടക്കുംനാഥൻ ക്ഷേത്രം, പാറമേക്കാവ് ഭഗവതി ക്ഷേത്രം, അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്.
അതിരപ്പിള്ളി വെള്ളച്ചാട്ടം
ചാലക്കുടിപ്പുഴയിലുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം ഇന്ത്യ മുഴുവനുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ബാഹുബലി അടക്കം ഒട്ടേറെ സിനിമകള്‍ക്ക് ഇവിടം അരങ്ങൊരുക്കി. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന പാല്‍നുര പോലുള്ള വെള്ളം ഉള്ളം കുളിര്‍പ്പിക്കും. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. അഞ്ചു കിലോമീറ്റര്‍ അകെലെയായി സ്ഥിതിചെയ്യുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടവും കാണാന്‍ ഏറെ മനോഹരമാണ്.
10. പാലക്കാട്
മലമ്പുഴ
കാനായി കുഞ്ഞിരാമന്‍റെ യക്ഷിശില്‍പ്പവും മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം എന്നിവയുമെല്ലാം മലമ്പുഴയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന ഘടകങ്ങളാണ്. പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഈ കൊച്ചുഗ്രാമം സഞ്ചാരികളെ ഒരിക്കലും മടുപ്പിക്കില്ല
സൈലന്‍റ് വാലി
പാലക്കാട് ജില്ലയുടെ വടക്കുകിഴക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന സൈലന്‍റ് വാലി, കേരളത്തിലുള്ള സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ്. കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ, പാമ്പുകൾ, സിംഹവാലൻ മക്കാക്കുകൾ, മലബാർ ഭീമൻ അണ്ണാൻ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്തത്ര ജൈവവൈവിധ്യമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ട്രെക്കിംഗും ക്യാമ്പിംഗും പോലെ, യാത്രക്കാർക്കായി നിരവധി ഇക്കോ ടൂറിസം പാക്കേജുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
11. മലപ്പുറം
നിലമ്പൂർ
തേക്കുതോട്ടങ്ങൾക്കുള്ളിലൂടെ നീളുന്ന ഇരുളിമയാർന്ന പാതകളും നീലഗിരിയുടെ താഴ്വരകളിലെ ഇടതൂർന്ന കാടുകളുമെല്ലാം നിലമ്പൂരിനെ കാഴ്ചയ്ക്ക് സുന്ദരമാക്കുന്നു. കനോലി പ്ലോട്ട് എന്നു പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻതോട്ടം നിലമ്പൂരിലാണ് ഉള്ളത്. ഇവിടുത്തെ കേരള വന ഗവേഷണ കേന്ദ്രത്തിലുള്ള നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകളും കാണാം. നെടുങ്കയം, ആഡ്യൻ പാറ വെള്ളച്ചാട്ടം, കരുവാരക്കുണ്ട്, വാളംതോട് വെള്ളച്ചാട്ടം, ഇളമ്പാല മലകൾ, അരുവാക്കോട്, കോഴിപ്പാറ വെള്ളച്ചാട്ടം, പൊട്ടൻപാറ എന്നിങ്ങനെ വേറെയും നിരവധി വിനോദാനുഭവങ്ങള്‍ നിലമ്പൂരിനടുത്തുണ്ട്.
12. കോട്ടയം
ഇലവീഴാപൂഞ്ചിറ
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതിചെയ്യുന്ന അതിസുന്ദരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. അടുത്തു തന്നെയായി മറ്റൊരു ആകർഷണമായ ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു. ഭീമസേനൻ പഞ്ചാലിക്കായി നിർമ്മിച്ചതെന്ന് വിശ്വസിക്കുന്ന ഇലവീഴാക്കുളമാണ് ഇവിടുത്തെ പ്രധാനകാഴ്ച. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.
13. പത്തനംതിട്ട
പെരുന്തേനരുവി വെള്ളച്ചാട്ടം
പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ പമ്പാനദിയില്‍ സ്ഥിതിചെയ്യുന്ന പെരുന്തേനരുവി, ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്. കോട്ടയം, എരുമേലി, മുക്കൂട്ടുതറ, ചാത്തൻതറ വഴിയോ, തിരുവല്ല, പത്തനംതിട്ട, റാന്നി, വെച്ചൂച്ചിറ നവോദയ സ്കൂള്‍ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം.
ഗവി
കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ മറ്റിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് വളരെയധികം കൂടിയിട്ടുണ്ട്. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോര്‍ ക്യാമ്പിംഗ്, വനയാത്രകള്‍ തുടങ്ങി ഒട്ടേറെ ആക്റ്റിവിറ്റികള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളും, കാടിനകത്തു ടെന്റ് കെട്ടി പാര്‍ക്കലുമെല്ലാം ഇവയില്‍പ്പെടുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും ആകര്‍ഷണീയമായ സ്ഥലങ്ങളുണ്ട്.
14. എറണാകുളം
കുമ്പളങ്ങി
ഫോര്‍ട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപായ കുമ്പളങ്ങി ഈയിടെയായി സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒരിടമാണ്. എവിടെ നോക്കിയാലും കാണുന്ന ചീനവലകളും ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങിന്‍തോപ്പുകളുമെല്ലാം കുമ്പളങ്ങിയുടെ കാഴ്ചകളില്‍പ്പെടുന്നു. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ഹരമാണ്. ടൂറിസം വികസിച്ചതോടെ ഗ്രാമത്തിലെ മിക്ക വീടുകളും ഈയിടെയായി ഹോംസ്‌റ്റേകളായി മാറിയിട്ടുണ്ട്.
കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണാം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കാം, മറൈൻ ഡ്രൈവിൽ കറങ്ങാം, മട്ടാഞ്ചേരി പോകാം,അങ്ങനെ കാഴ്ചകൾ നിരവധിയാണ്. കൊച്ചിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നൊരിടമാണ് ജൂതത്തെരുവ്. ഒക്ടോബർ മുതൽ ജനുവരി അവസാനം വരെ ഫോർട്ട് കൊച്ചിയിൽ ഗൈഡുമാരുടെ വസന്തകാലമാണ്. എട്ടു ഭാഷ വരെ സംസാരിക്കുന്ന ഗൈഡുകളുണ്ട്. ഫോർട്ട് കൊച്ചിയുടെ പരിണാമ ചിത്രങ്ങൾ, ചരിത്ര കേന്ദ്രങ്ങളുടെ ഫോട്ടോകൾ, ടൂറിസം മാപ്പ്, വിശറി തുടങ്ങി പലവിധ സാധനങ്ങൾ വിറ്റും വിദേശികൾക്കു വഴി കാണിച്ചും വഴികാട്ടികൾ ഫോർട്ട് കൊച്ചിയുടെ വീഥി നിറയുന്നു.
English Summary: World Tourism Day, Best Tourist Places in Kerala