മരവീട്ടിൽ ആഡംബര താമസം; ഇൗ മൂന്നാറിന്റെ ഭംഗി മറ്റെവിടെയുമില്ല
Mail This Article
ശൈത്യം ഡിസംബർ മാസത്തെ വരിഞ്ഞു മുറുക്കുമ്പോൾ, മഞ്ഞിന്റെ മേലങ്കിയണിഞ്ഞ് പ്രകൃതി സ്വാഗതം ചെയ്യുന്നത് യാത്രികരെയാണ്. മലനിരകളെയും പുൽനാമ്പുകളെയും മഞ്ഞുപുതച്ച കാഴ്ച വാക്കുകളിൽ ഒതുക്കുവാനാവില്ല, ദൈവത്തിന്റെ സ്വന്തം നാടിന്റെ പെരുമ ഒട്ടും ചോരാതെ അതിമനോഹരിയായി അണിഞ്ഞൊരുങ്ങിരിക്കുകയാണ് മൂന്നാർ എന്ന സുന്ദരി.
മഞ്ഞു പൊഴിയുന്ന ഡിസംബർ ആയതോടെ സഞ്ചാരികളുടെ തിരക്കിലാണ് മൂന്നാർ. ചീയപ്പാറ വെള്ളച്ചാട്ടം മുതൽ തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷൻ വരെ പരന്നും ഉയർന്നും കിടക്കുകയാണ് മൂന്നാറിന്റെ സൗന്ദര്യം. കുടചൂടിയ പോലെ കോടമഞ്ഞ് വിടരുന്ന പച്ചപ്പണിഞ്ഞ പട്ടണം ഇന്ത്യയിൽ ഇതുപോലെ വേറൊന്നില്ല.
ദേവികുളം ഗ്യാപ് റോഡിന്റെ മനോഹാരിതയിൽ
മൂന്നാറിനു മാറ്റുകൂട്ടുന്നത് തട്ടുകളായി കോതിയൊരുക്കിയ തേയിലത്തോട്ടങ്ങളാണ്. ഉയരം കൂടുന്തോറും ചായയ്ക്ക് രുചി കൂടുമെന്ന് പറയുന്നപോലെ ഉയരങ്ങളിലേക്ക് എത്തുമ്പോൾ കാഴ്ചകൾക്കും സൗന്ദര്യം പതിന്മടങ്ങാകും. മൂന്നാറിനെ ശരിക്കും അറിയണമെങ്കിൽ ദേവികുളം ഗ്യാപ് റോഡിലൂടെ യാത്ര ചെയ്യണം.
കാൻവാസിൽ കോറിയ ചിത്രം പോലെ അതിഗംഭീരമാണ് ഇവിടുത്തെ ഒാരോ കാഴ്ചയും. ഒരു വശത്ത് കരിമ്പാറക്കൂട്ടങ്ങളും മറുവശത്ത് പച്ചപ്പിൽ ആറാടിയ തേയിലത്തോട്ടങ്ങളും നടുക്ക് സുന്ദരമായ റോഡും. വീതിയേറിയ വഴിയിലൂടെയുള്ള ഡ്രൈവ് രസകരമാണ്. തേയിലത്തോട്ടങ്ങൾക്ക് നടുവിൽ പഴുത്തു പാകമായ ഒാറഞ്ച് മരങ്ങളും മിഴിവേകുന്ന കാഴ്ചയാണ്.
മഞ്ഞ് കണ്ട് തേയിലത്തോട്ടത്തിന് നടുവിലെ താമസം
ദേവികുളം ഗ്യാപ് റോഡിന്റെ മനോഹാരിതയിൽ അലിഞ്ഞ് മഞ്ഞു പൊഴിയുന്ന തേയിലത്തോട്ടങ്ങളും മിന്നിമറയുന്ന കോടയും ആസ്വദിച്ച് മൂന്നാറിന്റെ കുളിരിൽ താമസിക്കണോ? ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്രയുടെ റിസോർട്ട് മികച്ചൊരു ഓപ്ഷനാണ്.
പഴമയിൽ പുതുമ നിറച്ച ആഡംബര താമസമാണ് ക്ലബ് മഹീന്ദ്ര ഒരുക്കുന്നത്. ഒരു തേയിലത്തോട്ടത്തിനുള്ളിലാണ് താമസമെന്നാണ് ആദ്യകാഴ്ചയിൽ തോന്നുക, പച്ചപ്പും പൂക്കളും കിളികളും മഞ്ഞുമൊക്കെയായി പൊളി വൈബാണിവിടെ.
അന്നും ഇന്നും ക്ലബ് മഹീന്ദ്ര
ഇന്ത്യയിലും വിദേശത്തുമായി 110 ലധികം റിസോര്‍ട്ടുകളാണ് ക്ലബ് മഹീന്ദ്രക്കുള്ളത്.1996ല്‍ മഹീന്ദ്ര ഗ്രൂപ്പ് ആരംഭിച്ച ക്ലബ് മഹീന്ദ്രയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 26 വര്‍ഷം കൊണ്ട് അമേരിക്കക്ക് പുറത്ത് ലോകത്തെ ഏറ്റവും വലിയ വെക്കേഷന്‍ ഓണര്‍ഷിപ് കമ്പനിയെന്ന വിശേഷണവും ക്ലബ് മഹീന്ദ്ര നേടിയെടുത്തിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ 86 റിസോര്‍ട്ടുകളാണ് ക്ലബ് മഹീന്ദ്രയ്ക്കുള്ളത്.
കേരള തനിമ നിറഞ്ഞ സ്വീകരണം
റിസോർട്ടിലെത്തുന്നവരെ സ്വീകരിക്കുന്നത് കേരളത്തനിമയോടെയാണ്. ആ വരവേൽപ് തന്നെ സഞ്ചാരികളുടെ മനസ്സ് നിറയ്ക്കും. കൂടാതെ റിസപ്ഷനിലെ കഥകളിയുടെ രൂപവും നിലവിളക്കും നെല്ലും പറയുമെല്ലാം അതിമനോഹരമാണ്.
റിസപ്ഷനിലെ സജ്ജീകരണങ്ങളും സന്ദർശകർക്ക് സൗകര്യമായ തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. റിസോർട്ടിലെത്തുന്ന സഞ്ചാരികളെ കോട്ടേജുകളിലെത്തിക്കാനായി പ്രത്യേക വാഹനസൗകര്യമുണ്ട്.
താമസം അതിഗംഭീരം
ആരെയും ആകർഷിക്കും റിസോർട്ടിൽ നിന്നുള്ള കാഴ്ച. മൂന്നാറിലെ ക്ലബ് മഹീന്ദ്ര റിസോര്‍ട്ടില്‍ 120 മുറികളാണുള്ളത്. ഹോട്ടല്‍ യൂണിറ്റ്സ്, ഹോട്ടല്‍ യൂണിറ്റ്സ് സ്യൂട്ട്, സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, വൺ ബി ആർ, ടു ബി ആർ എന്നിങ്ങനെ സൗകര്യങ്ങൾ അനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. സ്റ്റുഡിയോ അപ്പാർട്ട്മെന്റിൽ മൂന്നുപേർക്കും വൺ ബി ആറിൽ നാലുപേർക്കും ടു ബി ആറിൽ ആറുപേർക്കും താമസിക്കാം.
റിസോർട്ടിന് പ്രായം കുറച്ചധികമുണ്ടെങ്കിലും ആഡംബരത്തിന് ഒരു കുറവുമില്ല. ആധുനിക രീതിയിലാണ് ഒാരോ മുറിയും സജ്ജമാക്കിയിക്കുന്നത്. തടിയിൽ പണിത ഫ്ളോറിങ്ങും ലിവിങ് ഏരിയയും വിസ്താരമുള്ള കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഡ്രെസിങ് ഏരിയയും കിച്ചണും ബാൽക്കണിയും അടങ്ങുന്നതാണ് സ്റ്റുഡിയോ അപ്പാർട്ട്മെന്റ്.
ഒരു കുടുംബത്തിന് സുഖമായി താമസിക്കാം. വീടിന്റെ അതേ ആംബിയൻസാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ടി.വി, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍, ടെലഫോണ്‍, ടീ/കോഫി മേക്കര്‍, റഫ്രിജറേറ്റര്‍, സ്പാ, ജിംനേഷ്യം, വൈ ഫൈ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ക്ലബ് മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.
മരവീട്ടിൽ താമസിക്കാം
ആഡംബരം ഒട്ടും കുറയാതെ പഴമയുടെ സ്റ്റൈലിൽ പുതുമ നിറഞ്ഞ മരവീട്ടിൽ താമസിക്കണോ? വുഡൻ കോട്ടേജും റെഡിയാണ്. പുറത്തെ കാഴ്ചകൾ ആസ്വദിക്കുവാനായി ബാൽക്കണിയുമുണ്ട്.
ഒാരോരുത്തരുടെയും ഇഷ്ടത്തിനിണങ്ങിയ രീതിയിൽ മുറികൾ തിരഞ്ഞെടുക്കാം. റിസോർട്ട് എന്നതിനപ്പുറം പ്രകൃതിയുടെ മടിത്തട്ടിൽ താമസിക്കാനൊരിടം. അതാണ് ഇവിടുത്തെ ഹൈലൈറ്റ്. മനസ്സും ശരീരവും സ്വസ്ഥമാക്കുവാനായി ആയുർവേദ സ്പാ സെന്ററും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ വാങ്ങുവാനുള്ള ചെറിയ ഷോപ്പും റിസോർട്ടിനുള്ളിൽ തന്നെയുണ്ട്.
രുചിയൂറും വിഭവങ്ങൾ
രുചിയൂറും വിഭവങ്ങളാണ് മറ്റൊരു ആകർഷണം. ചോറും കപ്പയുമടക്കം നാടൻ വിഭവങ്ങൾ തുടങ്ങി കോണ്ടിനന്റൽ വിഭവങ്ങളും മധുരമൂറും ഡെസേർട്ടും റെഡിയാണ്. ലൈവായി തയാറാക്കുന്ന വിഭവങ്ങൾ ചൂടോടെ കഴിക്കേണ്ടവർക്ക് അതുമാവാം.
കേരളത്തിലെയും പുറത്തേയും വിഭവങ്ങള്‍ ലഭിക്കുന്ന ഇവിടുത്തെ മൂന്ന് റസ്റ്ററന്റുകളാണ് ക്ലബ് മഹീന്ദ്ര മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഭക്ഷണകാര്യത്തില്‍ തൃപ്തരാക്കുക.
രാവിലെ ഏഴര മുതല്‍ പത്തര വരെയാണ് പ്രഭാതഭക്ഷണം. ഉച്ചഭക്ഷണത്തിന്റെ സമയം ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്നു വരെയാണ്. രാത്രി ഏഴര മുതല്‍ പത്തര വരെ ഡിന്നറും റെഡിയാണ്. കൂടാതെ ബാര്‍ബിക്യു ബേയും ഇവിടെയുണ്ട്. കൂടാതെ വിഭവങ്ങൾ റൂമിലേക്ക് ഒാർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഫുട്ബോൾ പ്രേമികളെ കാത്ത്
കാഴ്ചക്കാരെ ആവേശ ലഹരിയിലെത്തിക്കുന്ന ഫുട്ബോൾ മാച്ച് കാണാനുള്ള സൗകര്യവും സന്ദർശകരാക്കായി ഒരുക്കിയിട്ടുണ്ട്. ഫിഫ ലോകകപ്പ് നടക്കുന്നതിനാൽ ഫുട്ബോൾ പ്രേമികളെ കാത്ത് വലിയ സ്ക്രീൻ പ്രത്യേകം സജ്ജമാക്കിയ റസ്റ്ററന്റിലുണ്ട്.
ഫുട്ബോള്‍ മാച്ച് കാണുവാനുള്ള അവസരവും സഞ്ചാരികളെ ആകർഷിക്കുന്നു. ആർക്കും പരാതി ഉണ്ടാകാതിരിക്കുവാനായി ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യകളുടെ ഫ്ലാഗും ഉൾപ്പെടുത്തിയാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്.
റിസോർട്ടിലെ ഹാപ്പി ലാൻഡ്
കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാകുന്ന നിരവധി വിനോദങ്ങൾ റിസോർട്ടിലുണ്ട്. അതിനായി ഹാപ്പി ഹബ് എന്നയിടവുമുണ്ട്. റിസോർട്ടിലെത്തുന്നവരെ മൂന്നാറിന്റെ കാഴ്ചകളിലേക്ക് കൊണ്ടുപോകുവാനായി വേണ്ട സജ്ജീകരണങ്ങൾ റെഡിയാക്കുന്നതും ഹാപ്പി ഹബിലാണ്. കൂടാതെ സന്ദർശകർക്കായി സൈക്കിളുകളും ഇവിടെയുണ്ട്. കുട്ടികളുടെ പ്ലേ ഏരിയ, കാരംസ്, ഫൂസ്ബോർഡ്, മറ്റു ഗെയിമുകൾ തുടങ്ങിയവയുമുണ്ട്.
ക്ലബ് മഹീന്ദ്ര മൗണ്ട് സിറിന്‍
ക്ലബ് മഹീന്ദ്രയുടെ മറ്റൊരു റിസോർട്ടും മൂന്നാറിലുണ്ട്. ചിന്നക്കനാലിന്റെ അതേ സൗന്ദര്യത്തിലാണ് ക്ലബ് മഹീന്ദ്ര മൗണ്ട് സിറിന്‍. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെ അതിഥികള്‍ക്കായി 51 പ്രീമിയം ഗെസ്റ്റ് റൂമുകളാണ് ഈ റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്.
കാരമല്‍ എന്ന റസ്റ്ററന്റാണ് ഇവിടെയുള്ളത്. മഞ്ഞുകണ്ടുള്ള ഇവിടുത്തെ താമസവും അതിഗംഭീരമാണ്.
ക്ലബ് മഹീന്ദ്രയുടെ അംഗത്വം വേണോ?
മഹീന്ദ്രയിൽ അംഗത്വം എടുത്ത് അവധിക്കാലം അടിച്ചുപൊളിക്കാം. മറ്റു റിസോർട്ടുകളിൽനിന്നു വ്യത്യസ്തമായി, യാത്രക്കാർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് റിസോർട്ട് ബുക്ക് ചെയ്യാം എന്നതാണ് ക്ലബ് മഹീന്ദ്രയുടെ ഹൈലൈറ്റ്. യാത്രക്കാരുടെ ഡെസ്റ്റിനേഷനും സൗകര്യവും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഫ്ളക്സിബിൾ പാക്കേജുകളുണ്ട്.
3 വർഷം, 10 വർഷം, 25 വര്‍ഷം എന്നിങ്ങനെ ക്ലബ് മഹീന്ദ്രയില്‍ അംഗത്വമെടുക്കാം. സഞ്ചാരികളുടെ ഇഷ്ടയിടത്തേക്കുള്ള യാത്രയില്‍ ക്ലബ് മഹീന്ദ്രയുടെ മികച്ച റിസോർട്ടിൽ താമസിക്കുകയും ചെയ്യാം. അറുപതു വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് 10 വർഷത്തെ പ്രത്യേക പാക്കേജുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി +91 9645242541 എന്ന നമ്പറിൽ വിളിക്കാം.
മൂന്നാറിന്റെ ഹൃദയം തൊട്ട യാത്ര
മൂന്നാറിന്റെ ഹൃദയംതൊട്ടുള്ള യാത്ര അതാണ് ഏതൊരു സഞ്ചാരിയും അറിയേണ്ടത്. മഞ്ഞിലലിഞ്ഞ താമസത്തിനൊപ്പം മൂന്നാറിന്റെ മടിത്തട്ടിലേക്കുള്ള യാത്രയും ക്ലബ് മഹീന്ദ്ര സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നാർ മുഴുവനും കണ്ടുതീർക്കുവാൻ സാധിച്ചില്ലെങ്കിലും റിസോർട്ടിന് സമീപമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്ക് യാത്രികരെ കൊണ്ടും പോകും. അതിനായി ജീപ്പ് സവാരിയും ഇവിടെ റെഡിയാണ്.
മൂന്നാറിന്റെ പ്രകൃതി ഭംഗിക്കൊപ്പം ഇരവികുളം ദേശീയ പാര്‍ക്കും ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രവും സുഗന്ധ വ്യഞ്ജന തോട്ടങ്ങളും കൊളുക്കുമലയുടെ സൂര്യോദയ കാഴ്ചയും ആസ്വദിക്കാം. അതിനായി വെളുപ്പിന് 4 മണിക്ക് പുറപ്പെട്ടാൽ 8.30 ന് തിരികെ റിസോർട്ടിലെത്താം.
തേയില ഫാക്ടറിയും ആനമുടി ഷോല ദേശീയ പാര്‍ക്കുമെല്ലാം സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കും. ട്രെക്കിങ്ങും നൈറ്റ് സഫാരി, പക്ഷി നിരീക്ഷണം, മീന്‍പിടുത്തം തുടങ്ങി സഞ്ചാരികള്‍ക്കായി നിരവധി പരിപാടികളും ക്ലബ് മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.
ക്ലബ് മഹീന്ദ്രയ്ക്കരികിലുണ്ട് ആനയിറങ്കൽ ഡാമും ചതുരംഗപ്പാറയും
അധികം ദൂരം യാത്ര ചെയ്യാൻ പറ്റില്ല, എന്നാൽ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ട് സന്ദർശിക്കണം എന്നുള്ളവർക്ക് നേരെ ആനയിറങ്കൽ ഡാമിലേക്ക് പോകാം. ക്ലബ് മഹീന്ദ്ര റിസോർട്ടിൽനിന്നു 11 കിലോമീറ്റർ അകലെയാണ് ആനയിറങ്കൽ ഡാം. നീലാകാശത്തിന്റെ പ്രതിബിംബമെന്നോണം നിറഞ്ഞുകിടക്കുന്ന ആനയിറങ്കൽ ജലാശയം മനോഹരകാഴ്ചകളുടെ പറുദീസയാണ്. ആനയിറങ്കൽ ഡാമിലേക്കുള്ള യാത്ര തന്നെ രസകരമാണ്.
ഭാഗ്യമുണ്ടെങ്കിൽ റോഡരികിൽ മുറിവാലന്‍ എന്ന വിളിപ്പേരുള്ള ആനയെ കാണാം. ചിന്നക്കനാലിലെ താരമാണ് മുറിവാലൻ. ഒാട്ടോറിക്ഷയോടാണ് ഇവനു കമ്പം കൂടുതലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒാട്ടോറിക്ഷ വഴിയിൽ കണ്ടാൽ മുറിവാലൻ വിടില്ല, പുറകേ ഒാടും. റോഡിനിരുവശവും തേയിലത്തോട്ടമാണ്. തേയില നുള്ളുന്ന തൊഴിലാളികളെയും കാണാം. കുറച്ചുകൂടി മുന്നോട്ട് പോയാൽ എലിഫന്റ് അബോഡ് ബോട്ടിങ് സെന്ററിൽ എത്താം. കയാക്കിങ്, സ്പീഡ് ബോട്ട്, പെഡല്‍ബോട്ട് എന്നിവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
ചതുരംഗപ്പാറ
ചതുരംഗപ്പാറ മെട്ട് തമിഴ്നാടിന്റെ അധീനതയിലുള്ള പ്രദേശമാണെങ്കിലും ഇവിടേക്കുള്ള റോഡ് കേരളത്തിന്റെ ഭാഗമാണ്. തമിഴ്നാട്ടിലെ പച്ചപുതച്ച കൃഷിയിടങ്ങളും പട്ടണങ്ങളും മലനിരകളുമെല്ലാം ചതുരംഗപ്പാറയിൽ നിന്നാൽ കാണാൻ കഴിയും. സദാസമയവും വീശുന്ന കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി ഏതാനും കാറ്റാടി യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കൊളുക്കുമലയിലെ സൂര്യോദയം കാണാം
മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് സമുദ്രനിരപ്പിൽനിന്ന് 2,200 മീറ്റർ ഉയരത്തിലുളള കൊളുക്കുമല. കേരളത്തിലെ ചിന്നക്കനാൽ പഞ്ചായത്തും തമിഴ്നാട്ടിലെ കൊരങ്ങിണി വനമേഖലയും അതിർത്തി പങ്കിടുന്ന മലനിരയാണ് കൊളുക്കുമല.
ചിന്നക്കനാലിൽനിന്ന് 14 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. ഓഫ് റോഡ് ജീപ്പുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. റിസോർട്ടിൽനിന്നു സൂര്യോദയം കാണാനും അസ്തമയ കാഴ്ചയ്ക്കായും സന്ദർശകരെ കൊണ്ടുപോകാറുണ്ട്.
ഒറ്റനോട്ടത്തിൽ മൂന്നാർ
ചീയപ്പാറ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം, പൈൻമര കാട്, ഇരവികുളം ദേശീയോദ്യാനം, മാട്ടുപെട്ടി അണക്കെട്ട്, കുണ്ടള അണക്കെട്ട്, ടോപ് േസ്റ്റഷൻ... ചിന്നക്കനാലിലെ റിസോർട്ടുകൾ, കാന്തല്ലൂരിലെ പഴത്തോട്ടങ്ങൾ, മറയൂരിലെ ചന്ദനക്കാടുകൾ, വട്ടവട, മാങ്കുളം ഇവയാണ് പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളായി. പേരെടുത്തു പറയാൻ സ്ഥലങ്ങൾ പലതുണ്ടെങ്കിലും അതിന്റെയെല്ലാം സൗന്ദര്യം മൂന്നാർ എന്ന പേരിലൊതുങ്ങുന്നു.
നേര്യംമംഗലം പാലം തുടങ്ങി ചിന്നക്കനാലും കടന്ന് മൂന്നാറിന്റെ ഹൃദയം തൊട്ട യാത്രയിൽ ആസ്വദിക്കുവാനും മനസ്സ് നിറയ്ക്കുവാനും ഏറെയുണ്ട്. ഒരിക്കൽ പോയാൽ വീണ്ടും മാടി വിളിക്കുന്ന സൗന്ദര്യമാണ് മൂന്നാറിന്.
കൂടുതൽ വിവരങ്ങൾക്കായി : 89216 20567
Email - suhas.b916@mahindraholidays.com
English Summary: Luxury Stay in Club Mahindra, Munnar