കാടറിഞ്ഞ് ആനകളെ കണ്ട് രാവുറങ്ങാം; പുലിമുരുകന്റെ ലോറി പാഞ്ഞ ചപ്പാത്ത്
Mail This Article
പുലിമുരുകന്റെ നാട്ടിലേക്ക്, പൂയംകുട്ടിയിലേക്ക് കൊച്ചിയിൽനിന്നു വെറും ഒന്നരമണിക്കൂർ യാത്ര മതി. എറണാകുളത്തുനിന്നൊരു ഏകദിനയാത്രയ്ക്ക് ഏറെ അനുയോജ്യമാണ് പൂയംകുട്ടി. ആനയിറങ്ങും നാടും എവിടേക്കു നോക്കിയാലും കാണുന്ന കാടും ചേർന്ന പൂയംകുട്ടിയിലൂടെയായിരുന്നു പണ്ടത്തെ മൂന്നാർ-ആലുവ റോഡ്. ഈ രാജപാതയ്ക്കരുകിൽ ഒരു ഹോംസ്റ്റേ ഉണ്ട്. വലിയൊരു ഫാമിലിക്ക് കാടറിഞ്ഞ്, പുഴയിൽ കുളിച്ച്, താഴെ ആനകൾ മേയുന്നതു കണ്ട് കുറഞ്ഞ ചെലവിൽ രാവുറങ്ങാൻ ഒരു സുന്ദരവീട്. അവിടെനിന്നു കണ്ഠൻ പാറയെന്ന ചെറിയ സുന്ദരമായ വെള്ളച്ചാട്ടത്തിലേക്കു നടക്കാം. പുഴയിൽ കുളിക്കാം.
ഈറ്റക്കാടുകളും കുളിർജലമൊഴുകുന്ന നദികളും വൻമരങ്ങളും ചേർന്നാണ് പൂയംകുട്ടിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കുന്നത്. കുടുംബത്തോടൊപ്പം പുഴയിൽ നീരാടാമെന്നതാണു പൂയംകുട്ടിയുടെ സവിശേഷത. ആഴം കുറഞ്ഞ സ്ഥലങ്ങൾ ഏറെ. എങ്കിലും ശ്രദ്ധിക്കണം. ടൗണിൽനിന്ന് ഒരു ദിവസം മാറിനിൽക്കണമെന്നാഗ്രഹിക്കുന്നവർക്ക് പൂയംകുട്ടി കിടിലൻ സ്ഥലമാണ്.
പൂയംകുട്ടി ചപ്പാത്തിലൂടെയായിരുന്നു പുലിമുരുകന്റെ ലോറി പാഞ്ഞുപോയത്. ശിക്കാരിയിലെ പല സീനുകൾ ഇവിടത്തെ മുളങ്കാടുകളിൽവച്ചാണു ചിത്രീകരിച്ചത്. പാലത്തിനപ്പുറം മണികണ്ഠൻചാൽ. വരച്ചുവച്ചതുപോലെ മനോഹരമായ കാട്. വൻമരങ്ങൾ. താഴെ വച്ചുപിടിപ്പിച്ചതുപോലെ പച്ചപ്പ്. ഇതിലെ വെറുതെയൊരു ഡ്രൈവ് പോലും രസകരം.
സുരക്ഷിതമായി താമസിക്കാം
കാടിന്റെ ഭംഗി നുകർന്ന് സുരക്ഷിതമായി ഹോംസ്റ്റേയിൽ താമസിക്കാം. വലിയൊരു സംഘത്തിനോ ഫാമിലിക്കോ ഒത്തുകൂടാനാണെങ്കിൽ ഹോംസ്റ്റേ മൊത്തത്തിൽ വാടകയ്ക്കെടുക്കാം. മുന്നിൽ വൈദ്യുതവേലിയുള്ള കാട്. വേനൽക്കാലത്ത് കാട്ടിലും മുന്നിലെ റോഡിലും ആനകൾ വരാറുണ്ടെന്ന്ഹോംസ്റ്റേ ഉടമ രതീഷ് പറയുന്നു. മുകൾനിലയിലെ റൂമുകൾ പ്രത്യേകമായും വാടകയ്ക്കെടുക്കാം.
ഇവിടെനിന്നു കണ്ഠൻപാറ വെള്ളച്ചാട്ടത്തിലേക്കു നടക്കാം. കാട്ടുവഴിയാണ്. ആനപിണ്ഡം കാണാം പലയിടത്തും. ഒരിടത്ത് ആന ചവിട്ടിനിരങ്ങിയിറങ്ങിയതിന്റെ ഫ്രഷ് പാടുകൾ.സൂക്ഷിച്ചുനടന്നു ചെന്നാൽ കണ്ഠൻപാറ വെള്ളച്ചാട്ടത്തിലേക്കെത്താം. വിശാലമായി പരന്നൊഴുകുന്നു പുഴയിവിടെ. ഭാഗ്യമുണ്ടെങ്കിൽ വെള്ളച്ചാട്ടത്തിനു മുകളിൽ ആനകളെ കാണാം. നല്ല വായു ശ്വസിച്ച് നാട്ടുവഴികളിലൂടെ നടക്കാം. പുഴയിൽ ഇറങ്ങാം. പുഴയോരത്തു ചങ്ങാതിമാരൊടൊത്തു സംസാരിച്ചിരിക്കാം. നല്ല ടെലി ലെൻസുണ്ടെങ്കിൽ ഇഷ്ടംപോലെ പക്ഷികളുടെ പടങ്ങളെടുക്കാം.
സ്വന്തം വാഹനത്തിൽ വൈൽഡ് ലൈഫ് സഫാരി നടത്തുന്നതുപോലെയുള്ള പാതകളിൽ വണ്ടിയോടിക്കാം. പുഴയിലിറങ്ങുമ്പോൾ ശ്രദ്ധിക്കണം- നാട്ടുകാരുടെ വാക്കുകൾ അനുസരിക്കുക. പുഴയിലെ അപകടവും മറ്റും അവർക്കു കൂടുതലറിയാം. കൂടുതൽ ഉള്ളിലേക്കു പോകാതിരിക്കുക. ആനകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാര-പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയോരത്തിടാതിരിക്കുക. തിരിച്ചുവരുമ്പോൾ തട്ടേക്കാട് പക്ഷിസങ്കേതവും ഭൂതത്താൻകെട്ടും സന്ദർശിക്കാം.
ദൂരം
ആലുവ-പൂയംകുട്ടി 62 കിലോമീറ്റർ (ഏകദേശം ഒന്നര മണിക്കൂർ യാത്ര).
ഹോംസ്റ്റേയുടെ കൂടുതൽ വിവരങ്ങൾക്ക് 9745816360
അടുത്തുള്ള പൊലിസ് സ്റ്റേഷൻ, ഹോസ്പിറ്റൽ(കുടുംബാരോഗ്യ കേന്ദ്രം ), എടിഎം
കുട്ടമ്പുഴ 8 കിമീ
English Summary: Visit Tourist spot Pooyamkutty