ഋഷഭാദ്രിയിലെ വടക്കുംനാഥൻ; തൃശ്ശൂർ എന്നും ഒരു വികാരമാണ്…ആനന്ദമാണ്
ഓരോ തവണ തൃശൂരിൽ തീവണ്ടി ഇറങ്ങുമ്പോഴും എന്റെ ശ്രദ്ധ പതിയുന്നത് സ്റ്റേഷന്റെ ബോർഡിലായിരിക്കും… "തൃശ്ശിവപേരൂർ"...അതെന്താ അങ്ങനെ… അപ്പൊ ഇത് തൃശൂർ അല്ലെ… അതെ ഇവിടം ശിവഭഗവാന്റെ നാടാണത്രേ… “തിരു-ശിവ-പേരൂർ” എന്നത് കാലാന്തരത്തിൽ തൃശ്ശൂർ ആയി മാറുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക
ഓരോ തവണ തൃശൂരിൽ തീവണ്ടി ഇറങ്ങുമ്പോഴും എന്റെ ശ്രദ്ധ പതിയുന്നത് സ്റ്റേഷന്റെ ബോർഡിലായിരിക്കും… "തൃശ്ശിവപേരൂർ"...അതെന്താ അങ്ങനെ… അപ്പൊ ഇത് തൃശൂർ അല്ലെ… അതെ ഇവിടം ശിവഭഗവാന്റെ നാടാണത്രേ… “തിരു-ശിവ-പേരൂർ” എന്നത് കാലാന്തരത്തിൽ തൃശ്ശൂർ ആയി മാറുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക
ഓരോ തവണ തൃശൂരിൽ തീവണ്ടി ഇറങ്ങുമ്പോഴും എന്റെ ശ്രദ്ധ പതിയുന്നത് സ്റ്റേഷന്റെ ബോർഡിലായിരിക്കും… "തൃശ്ശിവപേരൂർ"...അതെന്താ അങ്ങനെ… അപ്പൊ ഇത് തൃശൂർ അല്ലെ… അതെ ഇവിടം ശിവഭഗവാന്റെ നാടാണത്രേ… “തിരു-ശിവ-പേരൂർ” എന്നത് കാലാന്തരത്തിൽ തൃശ്ശൂർ ആയി മാറുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക
ഓരോ തവണ തൃശൂരിൽ തീവണ്ടി ഇറങ്ങുമ്പോഴും എന്റെ ശ്രദ്ധ പതിയുന്നത് സ്റ്റേഷന്റെ ബോർഡിലായിരിക്കും…
"തൃശ്ശിവപേരൂർ"...അതെന്താ അങ്ങനെ…
അപ്പൊ ഇത് തൃശൂർ അല്ലെ…
അതെ ഇവിടം ശിവഭഗവാന്റെ നാടാണത്രേ…
“തിരു-ശിവ-പേരൂർ” എന്നത് കാലാന്തരത്തിൽ തൃശ്ശൂർ ആയി മാറുകയായിരുന്നു.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമല്ലെ, അപ്പോൾ സ്ഥലനാമത്തിലും അല്പം ഗരിമ ആകാം.
പേരിനാധാരമായ ഭഗവാൻ എവിടെയാണ് കുടികൊള്ളുന്നത് എന്നതായി പിന്നത്തെ ചിന്ത.
ഋഷഭാദ്രിയിലാണ് വടക്കുന്നാഥന്റെ സ്ഥാനം.
തൃശ്ശൂർ നഗരമദ്ധ്യേ തേക്കിൻകാടുകൾക്കിടയിൽ “ഋഷഭാദ്രി” എന്ന ഒരു കൊച്ചുകുന്നുണ്ട്. ഇതിനു മുകളിലാണ് ഭഗവാൻ വസിക്കുന്നത്.
അപ്പോൾ അടുത്ത സന്ദേഹം!!!
തൃശ്ശൂരിന്റെ നാഥൻ എങ്ങനെ വടക്കുംനാഥനായി ?
ക്ഷേത്രത്തിനു ചുറ്റിനുമുള്ള വിശാലമായ സ്വരാജ് റൗണ്ടിലെ നടുവിലാൽ, നായ്ക്കനാൽ, മണികണ്ഠനാൽ എന്നീ പേരാലുകൾ കണ്ട് കറങ്ങി, ക്ഷേത്രത്തിന്റെ വടക്ക് ഭാഗം കണ്ടു പിടിച്ചു. എന്നാൽ വടക്കേ ഗോപുരം റോഡിൽ നിന്നും ദൃശ്യമല്ല, അതിലൂടെ പ്രവേശനവും സാദ്ധ്യമല്ല.
പ്രവേശനം അനുവദിച്ചിട്ടുള്ള പടിഞ്ഞാറേ ഗോപുരം വഴി അകത്തേക്കു കടന്നു. അപ്പോഴാണ് മനസ്സിലാകുന്നത് ഭഗവാന്റെ ദർശനം പടിഞ്ഞാറോട്ടാണ് എന്നത്.
പിന്നെങ്ങനെയാണ് ഭഗവാൻ വടക്കുംനാഥനാകുന്നത്? നാലമ്പലത്തിനകത്ത് പ്രവേശിക്കുമ്പോൾ നാം കാണുന്നത് ശ്രീരാമസ്വാമിക്കു വടക്കു ഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീപരമശിവനെയാണ്. ശൈവാധിപത്യം നിലനിന്നിരുന്ന അക്കാലത്ത് ശിവഭഗവാൻ ക്ഷേത്രനാഥനായി, നാഥൻ വടക്കു ഭാഗത്ത് പ്രതിഷ്ഠിതനായതിനാൽ ഭഗവാൻ വടക്കുംനാഥനുമായി.
അമ്പലത്തിൽ ഒരു തവണ ദർശനം കഴിഞ്ഞപ്പോൾ ഒരു കാര്യം ബോധ്യമായി. ഇത് ഒരു ഭക്തസങ്കേതം മാത്രമല്ല, ചരിത്രാന്വേഷകർക്കും ഗവേഷകർക്കും ഉപയുക്തമാകുന്ന നിരവധി വിവരങ്ങൾ ലഭ്യമാകുന്ന ഒരു സംരക്ഷിതപ്രദേശം കൂടിയാണ്. 1300 വർഷങ്ങൾക്കു മുൻപ് പെരുന്തച്ചന്റെ കാലത്താണ് ക്ഷേത്രത്തിന്റെ ആദിമരൂപം പണിതത് എന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിനു മാത്രമല്ല പ്രൗഢമായ കൂത്തമ്പലത്തിനും ഇതേ പഴക്കമുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചരിത്രം കേരള സമൂഹത്തിന്റെ വിശ്വാസ പരിണാമത്തിന്റെ ചരിത്രം കൂടിയാണെന്ന് കാണാൻ കഴിയും. ഇന്ന് തേക്കിൻകാട് എന്നറിയപ്പെടുന്ന പ്രദേശം ഒരു കാലത്ത് വന്യമൃഗങ്ങൾ വിഹരിച്ചിരുന്ന ഘോര വനമായിരുന്നു. അതിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന ആദിദ്രാവിഡകാവായിരുന്നു ഇന്നത്തെ വടക്കുംനാഥക്ഷേത്രമായി പരണമിച്ചത്. കാലാന്തരത്തിൽ ഇവിടെ ബുദ്ധ-ജൈന പാരമ്പര്യപ്രകാരം ആരാധനകൾ ആരംഭിച്ചു. പിന്നെയും എറെകാലത്തിനു ശേഷമാണ് ഇന്നു കാണുംവിധം ശൈവ-വൈഷ്ണവ ആരാധനാ സമ്പ്രദായത്തിലേക്ക് മാറുന്നത്.
എതാണ്ട് ഒന്നര സഹസ്രാബ്ദം കൊണ്ട് മനുഷ്യ മനസ്സിലെ ഈശ്വര സങ്കൽപ്പത്തിനുണ്ടായ പരിണാമം തികച്ചും കൗതുകം ഉണർത്തുന്നത് തന്നെയാണ്. എന്നാൽ പേരിനും രൂപത്തിനും ആതീതമായി ഒരു ശക്തിയെ അന്നും ഇന്നും നാം വിശ്വസിക്കുന്നു… ആരാധിക്കുന്നു. അതിശീഘ്രം മാനസിക പരിണാമത്തിനു വിധേയമായികൊണ്ടിരിക്കുന്ന മനുഷ്യരാശി ഒരു സഹസ്രാബ്ദം കൂടി പിന്നിടുമ്പോൾ അവരുടെ ആരാധന സമ്പ്രദായങ്ങളിൽ എന്ത് മാറ്റം ഉണ്ടാകുമെന്നതു പ്രവചനാതീതമാണ്.
ക്ഷേത്രത്തിൽ ജൈന സമ്പ്രദായം നിലനിന്നതിന്റെ തെളിവായി ജൈന തീർത്ഥങ്കരനായ ഋഷഭദേവനെ “ഋഷഭൻ” എന്ന ഉപദേവനായി ഇപ്പോഴും പ്രതിഷ്ഠിച്ച് ആരാധിക്കുന്നുണ്ട്. ശ്രീരാമ- പരമശിവ മൂർത്തികളുടെ മദ്ധ്യത്തായി ക്ഷേത്രമതിൽക്കകത്ത് പിൽകാലത്ത് ശങ്കരനാരായണ മൂർത്തിയെ പ്രതിഷ്ഠിച്ചതായി കാണുന്നു. ഒരു കാലത്ത് നിലനിന്നിരുന്ന ശൈവ വൈഷ്ണവ സംഘടനങ്ങൾക്ക് പരിഹാരമെന്നോണമാണ് ശൈവ-വൈഷ്ണവ ശക്തികളുടെ സംഗമരൂപമായ ശങ്കരനാരായണനെ ശങ്കരാചാര്യർ പ്രതിഷ്ഠിച്ചത് എന്നും വിശ്വസിക്കുന്നു.
വളരെ കൗതുകമുള്ള ഒട്ടേറെ വിശേഷങ്ങൾ വടക്കുന്നാഥനുമായി ബന്ധപ്പെട്ട് നമുക്ക് കാണാൻ കഴിയും. ക്ഷേത്രത്തിൽ ഉത്സവങ്ങൾ നടത്താറില്ല!
വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം പോലും വടക്കുംനാഥ സന്നിധിയിൽ നടത്തപെടുന്നെന്നേയുള്ളു. യുഗാന്തരങ്ങൾക്കു മുമ്പ് തന്നെ നാരദമുനിയും ദേവഗണങ്ങളും കലിയുഗത്തേക്കും വേണ്ട ഉത്സവങ്ങൾ ക്ഷേത്രത്തിൽ നടത്തി പൂർത്തിയാക്കിയിരുന്നത്രേ!
മറ്റൊരു വിശേഷം ക്ഷേത്രത്തിനു കൊടിമരം ഇല്ല എന്നതാണ്. എന്നാൽ പടിഞ്ഞാറേ ഗോപുര നടയിൽ ശിവലിംഗരൂപത്തിലുള്ള ഒരു സ്വയംഭൂശില കാണാൻ കഴിയും. “കലിശില” എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്നും വളർന്നുകൊണ്ടിരിയ്ക്കുന്ന കലിശില, വളർന്ന് പടിഞ്ഞാറേ ഗോപുരത്തോളം ഉയരം വച്ചാൽ ലോകം അവസാനിയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
വടക്കുംനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവലിംഗമാണ്. എന്നാൽ ശ്രീകോവിലിനുള്ളിൽ നമുക്ക് കാണാൻ സാധിക്കുന്നത് ഭീമാകാരമായ ഒരു നെയ്മല മാത്രമാണ്. കാലങ്ങളായി നടന്നുവരുന്ന നെയ്യഭിഷേകവും ഇളനീരഭിഷേകവും കാരണം ഏകദേശം ഒമ്പതടി ഉയരവും 25 അടി ചുറ്റളവും ഉള്ള ഭീമാകാരമായ മലയായി രൂപപ്പെട്ടിരിക്കുകയാണ്. ദക്ഷിണകൈലാസം എന്ന് വടക്കുന്നാഥ ക്ഷേത്രത്തെ അറിയപ്പെടുന്നതിനുള്ള കാരണവും മഞ്ഞുമലകളെ അനുസ്മരിപ്പിക്കുന്ന നെയ്മലയുടെ സാന്നിദ്ധ്യമാണ്. ഭഗവാനുള്ള എല്ലാ അലങ്കാരങ്ങളും അഭിഷേകങ്ങളും ഇതിലാണ് നടത്തിവരുന്നത്. ശ്രീകോവിലിനുള്ളിലെ ദീപങ്ങളുടെ ചൂടും പുറത്തുനിന്നുള്ള കൊടുംചൂടും നെയ്‌മലയെ ഉരുക്കുന്നില്ല എന്നതും വിസ്മയകരമാണ്.
ഭഗവാന്റെ ജട ക്ഷേത്രമതിലകം മുഴുവൻ അഴിഞ്ഞുകിടക്കുകയാണെന്നതാണ് മറ്റൊരു സങ്കൽപം. അതിനാൽ വടക്കുന്നാഥക്ഷേത്രവളപ്പിൽ കിണർ കുഴിച്ചിട്ടില്ല. പടിഞ്ഞാറുഭാഗത്തുള്ള ചെറിയ കുളമായ സൂര്യപുഷ്കരിണിയിൽ നിന്നും കിഴക്കുഭാഗത്തുള്ള വലിയ കുളമായ ചന്ദ്രപുഷ്കരിണിയിൽ നിന്നുമാണ് ക്ഷേത്രാവശ്യത്തിനുള്ള ജലം കൊണ്ടുവരുന്നത്.
പുലർച്ചെ മൂന്നുമണിക്ക് നിയമവെടി മുഴക്കിക്കൊണ്ട് ഭഗവാനെ പള്ളിയുണർത്തുന്നതോടുകൂടിയാണ് ക്ഷേത്രത്തിലെ പൂജകൾ ആരംഭിക്കുന്നത്. തുടർന്ന് ക്രമമായി നടത്തുന്ന വിവിധ പൂജകൾക്കൊടുവിൽ രാത്രി എട്ടുമണിയ്ക്ക് നവധാന്യങ്ങളുപയോഗിച്ച് ശ്രീകോവിൽ മുഴുവൻ വ്യാപിപ്പിയ്ക്കുന്ന സുഗന്ധപൂരിതമായ “തൃപ്പുക” എന്ന ചടങ്ങാണ്. തൃപ്പുക തൊഴുതാൽ സർവ്വാഭീഷ്ടസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. തുടർന്ന് രാത്രി എട്ടരയ്ക്ക് നടയടയ്ക്കും.
തൃശ്ശൂരിൽ എതാവശ്യത്തിനു എത്തുന്നവർക്കും വടക്കുന്നാഥനെ പ്രദക്ഷിണം വയ്ക്കാതെ ഒരു സ്ഥലത്തേക്കും പോകാൻ കഴിയുകയില്ല എന്ന പ്രത്യേകത കൂടി ഈ ക്ഷേത്രസ്ഥാനത്തിനുണ്ട്. തൃശ്ശൂർ എനിക്ക് എന്നും ഒരു വികാരമാണ്…ഒരു ആനന്ദമാണ്. അത് ഭക്തിയുടെ മാത്രമല്ല സ്വന്തം നാടിനോടെന്ന പോലെ ഒരാത്മബന്ധം നിലനിൽക്കുന്ന സ്ഥലം. ഓരോ തവണ ചെന്ന് മടങ്ങുമ്പോഴും സ്റ്റേഷൻ ബോർഡ് കണ്ണിലുടക്കും “തൃശ്ശിവപേരൂർ”…ട്രെയിൻ നീങ്ങി കണ്ണിൽ നിന്നും മായും വരെ നോക്കിനിൽക്കും.
Content Summary : The historical Vadakkunnathan Temple.