പാലക്കാട് എത്ര സുന്ദരം, ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാനാവില്ല...
പ്രകൃതി പച്ചയണിഞ്ഞു നിൽക്കുന്ന കാഴ്ചകളാൽ സ്വാഗതം പറയുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും തൃശൂരിന്റെ അതിരു കടന്നു പാലക്കാട് എത്തുന്നത്. കാറ്റു പായുന്ന വഴിയേ ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല
പ്രകൃതി പച്ചയണിഞ്ഞു നിൽക്കുന്ന കാഴ്ചകളാൽ സ്വാഗതം പറയുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും തൃശൂരിന്റെ അതിരു കടന്നു പാലക്കാട് എത്തുന്നത്. കാറ്റു പായുന്ന വഴിയേ ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല
പ്രകൃതി പച്ചയണിഞ്ഞു നിൽക്കുന്ന കാഴ്ചകളാൽ സ്വാഗതം പറയുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും തൃശൂരിന്റെ അതിരു കടന്നു പാലക്കാട് എത്തുന്നത്. കാറ്റു പായുന്ന വഴിയേ ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല
പ്രകൃതി പച്ചയണിഞ്ഞു നിൽക്കുന്ന കാഴ്ചകളാൽ സ്വാഗതം പറയുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും തൃശൂരിന്റെ അതിരു കടന്നു പാലക്കാട് എത്തുന്നത്. കാറ്റു പായുന്ന വഴിയേ ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല കാത്തുവെച്ചിരിക്കുന്നത്. ചിലരെങ്കിലും പറയും ടിപ്പുവിന്റെ കോട്ടയും മലമ്പുഴ ഉദ്യാനവും നെല്ലിയാമ്പതിയുമല്ലാതെ എന്താണ് പാലക്കാട് ഉള്ളതെന്ന്. എന്നാൽ ''നിങ്ങള് വരീന്നും'' എന്ന് തനി നാടൻ ചേലിൽ പറഞ്ഞുകൊണ്ട് വെറ്റിലക്കറ പിടിച്ച പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൈകാട്ടി വിളിക്കും ഒരു മുത്തിയമ്മ. ആ ചിരിയുടെ സൗന്ദര്യമുണ്ട് ആ നാട്ടിലെ മുഴുവൻ കാഴ്ചകൾക്കും.
പറമ്പിക്കുളം വന്യജീവി സങ്കേതം
ആനകളും കാട്ടുപോത്തും മ്ലാവും മുതലയും വരയാടും മാത്രമല്ല, കടുവയും പുള്ളിപ്പുലികളും വരെ കാണുവാൻ കഴിയുന്നൊരിടം. മാത്രമല്ല, വിവിധ തരം സസ്യജാലങ്ങളും. മുൻകൂർ അനുമതിയുണ്ടെങ്കിൽ കാട്ടിലൂടെ സാഹസിക യാത്ര ചെയ്യാം. മാത്രമല്ല, താല്പര്യമുള്ളവർക്ക് തടാകത്തിലൂടെ ബോട്ട് യാത്രയുമാകാം. പറമ്പിക്കുളത്തെ മറ്റൊരു പ്രധാനാകർഷണമാണ് തൂണക്കടവ് അണക്കെട്ട്. ഇവിടെ നിർമിച്ചിട്ടുള്ള വുഡ് ഹൗസിൽ സന്ദർശകർക്ക് താമസിക്കാവുന്നതാണ്. അതിനായി മുൻക്കൂട്ടി ബുക്ക് ചെയ്യണം. ഏകദേശം 360 വർഷത്തോളം പഴക്കമുളള 6.57 മീറ്റര്‍ വണ്ണവും 48.5 മീറ്റര്‍ നീളമുളള ‘കന്നിമാരി’ തേക്ക് ഈ വന്യജീവി സങ്കേതത്തിലെ മറ്റൊരു പ്രധാന കാഴ്ചയാണ്. പാലക്കാട് നഗരത്തിൽ നിന്നും 98 കിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തിയോടു ചേർന്നാണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത്.
പാലക്കാട് യാത്രയിൽ ഒരിക്കലും വിട്ടുകളയരുതാത്തയിടം. പറഞ്ഞേറെ പഴകിയെങ്കിലും പാവങ്ങളുടെ ഊട്ടിയെന്ന നെല്ലിയാമ്പതിയുടെ പേരിനെ അങ്ങനെയങ്ങു വിസ്മരിക്കാൻ കഴിയുകയില്ല. സമുദ്രനിരപ്പിൽ നിന്നും 1585.08 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ പാലക്കാടൻ ചൂടിന് ഇവിടെ യാതൊരു സ്ഥാനവുമില്ല. തേയില തോട്ടങ്ങളുടെ പച്ചപ്പ് മാത്രമല്ല, കാപ്പി പൂവിന്റെ ഗന്ധവും നെല്ലിയാമ്പതി യാത്രയിൽ കൂട്ടുവരും. കുരങ്ങ്, മാൻ പോലുള്ള മൃഗങ്ങളെ യാത്രയിലുടനീളം കാണാം. പോത്തുണ്ടി ഡാമിന്റെ കാഴ്ചകൾ കണ്ടുകൊണ്ടു വേണം മുകളിലേക്കുള്ള മുടിപ്പിന്നൽ വളവുകൾ താണ്ടാൻ. മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം എന്നിവയെല്ലാം നെല്ലിയാമ്പതി യാത്രയിൽ കാണേണ്ടയിടങ്ങളാണ്.
കൊല്ലങ്കോട്
ആനന്ദ് മഹീന്ദ്രയുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയ മനോഹര ഗ്രാമം. ചുറ്റിലും നെൽവയലുകളുടെ പച്ചപ്പും തെങ്ങുകളും കരിമ്പനയും ഓലമേഞ്ഞ ചെറു വീടുകളും. ശീമകൊന്നയും ഇല്ലിയും പേരറിയാത്ത ഏതൊക്കെയോ കാട്ടുപൂച്ചെടികളും അതിരു കാക്കുന്ന സ്വർഗം. ആദ്യ കാഴ്ച കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന വാമല ക്ഷേത്രമാണ്, അവിടെ നിന്നും താഴേക്ക് നോക്കിയാൽ കാണുന്നത് പച്ചപ്പിന്റെ ഉത്സവമാണ്. വലിയ പാടങ്ങളിലെ ചെറിയ ഓലമേഞ്ഞ മാടങ്ങൾ, കുടിലിടം എന്നാണ് അവയ്ക്കിട്ടിരിക്കുന്ന പേര്. അവിടെ നിന്നും ചിങ്ങൻചിറ ക്ഷേത്രത്തിലേക്കാണ് പോകേണ്ടത്. പടർന്നു പന്തലിച്ച പേരാലുകളാണ് ക്ഷേത്രത്തിലെ മൂർത്തിക്കു തണലേകുന്നത്. ആ തണലിന്റെ കുളിർമയിൽ ആ നാടിനെ കാക്കുന്ന കറുപ്പസ്വാമിയും നിലകൊള്ളുന്നു. പെരിങ്ങോട്ടുകുറിശ്ശി കളവും കാച്ചാംകുറിശ്ശി ക്ഷേത്രവും മുതലമട റെയിൽവേ സ്റ്റേഷനുമൊക്കെ അതിഥികളായി എത്തുന്നവർക്ക് വിസ്മയം തന്നെയായിരിക്കും.
സൈലന്റ് വാലി ദേശീയോദ്യാനം
അപൂർവയിനം സസ്യങ്ങളും ജന്തുജാലങ്ങളുമാണ് ഇവിടുത്തെ ആകർഷണം. 1984 ൽ കേന്ദ്രം ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിന് മുൻപ് വരെ സൈരന്ധ്രി വനം എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഭാരതപുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ആരംഭം ഈ വനത്തിൽ നിന്നുമാണ്. 2012 ൽ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ പട്ടികയിൽ ഇടം പിടിച്ചു. സിംഹവാലൻ കുരങ്ങും മലയണ്ണാനും വിവിധയിനം പാമ്പുകളും പുള്ളിപ്പുലിയും കടുവയും ആനയും ഉൾപ്പെടുന്ന ജന്തുജാലങ്ങളും പക്ഷികളും ചിത്രശലഭങ്ങളും തുമ്പികളും അടങ്ങിയ മറ്റൊരു നിരയും ഇവിടെയുണ്ട്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 69 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരാം.
അട്ടപ്പാടി
സഹ്യപർവതത്തിനു അരികുപറ്റി കിടക്കുന്നഒരു മലയോര പ്രദേശം. ഭാരതപുഴയുടെ പോഷക നദികളായ നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവ ഉത്ഭവിക്കുന്നത് അട്ടപ്പാടിയിൽ നിന്നുമാണ്. മുടിപ്പിന്നൽ വളവുകളുള്ള ചുരവും താഴ്വരയുമൊക്കെ സന്ദർശകരെ ആകർഷിക്കും. ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ശിവരാത്രിയോട് അനുബന്ധിച്ചു വനത്തിന്റെ ഉൾഭാഗത്തു താമസിക്കുന്ന ഗോത്ര ജനത മല്ലീശ്വരൻ കോവിലിൽ ഉത്സവം നടത്താറുണ്ട്. അന്ന് വിളക്കുകൾ തെളിയിച്ചും പൂജകൾ നടത്തിയുമൊക്കെ ഇവിടെ ആഘോഷാന്തരീക്ഷമാകും.
കവ
മലമ്പുഴ ഉദ്യാനത്തിനടുത്ത് മനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ കാണണമെന്നുള്ളവർക്കു കവയിലേയ്ക്ക് ഓട്ടോ വിളിക്കാം. പശ്ചിമഘട്ട മലനിരകൾ അതിരുകൾ കാക്കുന്ന, പച്ചവിരിച്ച ഭൂമി, ജലാശയത്തിലെ വെള്ളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന പാലക്കാടിന്റെ മുഖചിത്രമായ കരിമ്പനകൾ, കൂടാതെ നിബിഡ വനവും. നയനാന്ദകരമായ കാഴ്ചകൾക്ക് വേറെങ്ങും പോകേണ്ട എന്ന് പറഞ്ഞു കൊണ്ട് ഒറ്റഫ്രെയിമിൽ ഇതെല്ലാം മുന്നിലേയ്ക്ക് കൊണ്ടുത്തരും കവ. വന്മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ കാട്ടിലൂടെയാണ് കവയിലേക്കുള്ള യാത്ര. വളരെ ശാന്തമാണ് ഇവിടുത്തെ പ്രകൃതി. അതുകൊണ്ടുതന്നെ നഗരത്തിരക്കുകളിൽ നിന്നും അല്പമൊന്നു മാറിനിൽക്കണമെന്നു ചിന്തിക്കുന്നവർക്ക് ഇവിടേയ്ക്ക് വരാം.
തസ്രാക്ക്
പാലക്കാടു നഗരത്തിൽ നിന്നും അരമണിക്കൂർ യാത്രയേയുള്ളു വിജയൻ മാഷിന്റെ തസ്രാക്ക് എന്ന ഗ്രാമത്തിലേക്ക്. പതിയെ നടന്നു തുടങ്ങുമ്പോൾ കരിമ്പനകളുടെ ഓലകളിൽ കാറ്റുയർത്തുന്ന സീൽക്കാരശബ്ദങ്ങൾ കേൾക്കാം. 1970 കളിൽ ഉണ്ടായിരുന്ന പാലക്കാടൻ ഗ്രാമത്തിനു വലിയ വ്യത്യാസങ്ങളൊന്നുമുണ്ടായിട്ടില്ല. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലുകൾ, നടവരമ്പുകൾ...മോഹിപ്പിക്കുന്ന പച്ചനിറം.ഇതിഹാസകാരന്റെ കഥകൾ പിറന്ന ഞാറ്റുപുരക്ക് ഇന്ന് പത്രാസ് ഇത്തിരി കൂടിയിട്ടുണ്ട്. സംരക്ഷണത്തിന്റെ ഭാഗമായുള്ള പരിഷ്‌ക്കാരങ്ങളാണ്. ആ കാഴ്ചകളെ പിന്തള്ളി അകത്തേക്ക് കയറുമ്പോൾ വിജയൻ മാഷിന്റെ ഓർമകൾക്കും കഥകൾക്കും വരകൾക്കും പുതുജീവനുകൾ മുളയ്ക്കും. അറിഞ്ഞതും പറഞ്ഞതുമായ കഥകളും ജീവൻ നൽകിയ ശബ്ദവും കാതുകളിലേക്കെത്തും.
വരിക്കാശേരി മന
കേരളീയ വാസ്തുശൈലിയുടെ മകുടോദാഹരണമാണ് വരിക്കാശ്ശേരി മന. മുന്നൂറോളം വര്ഷങ്ങളുടെ പഴക്കമുണ്ട്. 6 ഏക്കറിലാണ് വ്യാപിച്ചു കിടക്കുന്നത്. മൂന്നു നിലകളുള്ള നാലുകെട്ടും രണ്ടു പത്തായപ്പുരകൾ, കളപ്പുര, പൂമുഖം, കുളം, പടിപ്പുര മാളിക എന്നിങ്ങനെ അതിവിശാലമാണ് വരിക്കാശ്ശേരി മനയിലെ കാഴ്ചകൾ. രാജകീയ പ്രൗഢിയിൽ വിളങ്ങി നിൽക്കുന്ന നാലുകെട്ടാണ് പ്രധാനാകർഷണം. പുറംമോടിയിലെ കാഴ്ചകളെക്കാളും ഗംഭീരമാണ് അകത്തളം. ഏതു ചൂടിലും ഇളം തണുപ്പിന്റെ കുളിർമ വന്നു പൊതിയും. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയാണ് മനയിലേയ്ക്ക് പ്രവേശനം. പാലക്കാട് നിന്നും 35 കിലോമീറ്റർ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേയ്ക്ക്.
മലമ്പുഴ
പാലക്കാട് എത്തിയാൽ മലമ്പുഴ സന്ദർശിക്കാതെ മടങ്ങുന്നവർ ചുരുക്കമായിരിക്കും. 1955 ൽ നിർമിച്ച മലമ്പുഴ ഡാം, ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ തുടങ്ങിയവയാണ് പ്രധാനാകർഷണം. കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പവും ഇവിടെ നിലകൊള്ളുന്നു. കേരളത്തിലെ വൃന്ദാവനം എന്നാണ് മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്. പലതരം പാമ്പുകളെ സ്നേക്ക് പാർക്കിലെത്തിയാൽ കാണാം. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ മനോഹരമായ ശില്പങ്ങൾ കൊണ്ട് അനുഗ്രഹീതമാണ്. പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം പത്തുകിലോമീറ്റർ യാത്ര ചെയ്താൽ മലമ്പുഴയിലെത്തി ചേരാം.
പാലക്കാട് കോട്ട
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്താണ് ടിപ്പുവിന്റെ കോട്ട സ്ഥിതി ചെയ്യുന്നത്. വളരെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതു കൊണ്ടുതന്നെ ഇവിടെ എപ്പോഴും സന്ദർശകരെത്താറുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരലി പുനർനിർമിച്ച കോട്ട, ബ്രിട്ടീഷുകാർ പിടിച്ചെടുക്കുന്നത് വരെ മൈസൂർ രാജാക്കന്മാരുടെ കൈകളിലായിരുന്നു. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ് നിലവിൽ കോട്ട. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ സന്ദർശകർക്ക് ഇവിടെയെത്താം. പ്രവേശനം സൗജന്യമാണ്.
Content Summary : 10 Best places to visit in Palakkad, where you can embrace nature!