കായൽ കാഴ്ചകൾ ആസ്വദിച്ച് ഫഹദും നസ്രിയയും കുമരകത്ത്

Mail This Article
കോട്ടയത്തെ കാഴ്ചകൾ തേടിയിറങ്ങുന്ന സന്ദർശകർ ഒരിക്കലും വിട്ടുകളയാത്ത ഒരിടമാണ് നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുമരകം. ഇവിടേക്ക് അതിഥികളായി എത്തിയത് ഫഹദ് ഫാസിലും നസ്രിയയും. കുമരകത്ത് ലേക്ക് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.
കുമരകം, മനോഹരം എന്ന വാക്കിനുമപ്പുറമുള്ള ഗ്രാമ കാഴ്ചകളാണ് ഇവിടം അതിഥികൾക്കായി കരുതി വച്ചിരിക്കുന്നത്. കായലിന്റെ സൗന്ദര്യവും പച്ചപ്പിന്റെ വശ്യതയും കുമരകത്തിന്റെ മുഖമുദ്രയായ വഞ്ചിവീടുകളും പൊള്ളിച്ച കരിമീനിന്റെ രുചിയും എന്നുവേണ്ട എന്തും ലഭിക്കുന്ന സുന്ദരമായ ഒരു ഗ്രാമം. കുമരകത്തിന്റെ നാട്ടുവഴികൾക്ക് ചെമ്മണ്ണിന്റെ നിറമാണ്. താരാട്ടിന്റെ താളം പോലെ കൊച്ചോളങ്ങളിൽ അന്നാട്ടുകാരുടെ ചെറിയ വഞ്ചികളും അതിഥികളെയും കൊണ്ട് നീങ്ങുന്ന ആഡംബര ബോട്ടുകളും. ചുറ്റിലും പച്ചപ്പും അതിനൊപ്പം തന്നെ തണുത്ത കാറ്റും.
കുമരകത്തെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികളിലധികവും തിരഞ്ഞെടുക്കുന്ന ഒന്നാണ് കായലിന്റെ സൗന്ദര്യം നുകർന്നുകൊണ്ട് ഹൗസ് ബോട്ടിൽ ഒരു യാത്ര. വളരെ ശാന്തവും മനോഹരവുമായ ഈ ബോട്ട് യാത്ര ആസ്വദിച്ചില്ലെങ്കിൽ കുമരകത്തിന്റെ കാഴ്ചകൾ പൂർണമാകില്ല. മണിക്കൂറുകൾ യാത്ര ചെയ്താലും ഈ ബോട്ട് യാത്ര മടുക്കുകയുമില്ല. ഒരു രാത്രി മുഴുവനുമോ, കുറച്ചു മണിക്കൂറുകൾ മാത്രമായോ ഹൗസ്ബോട്ടുകളിൽ സഞ്ചരിക്കാനുള്ള സൗകര്യങ്ങളുണ്ട്. തലേദിവസം ഉച്ചഭക്ഷണം മുതൽ പിറ്റേന്ന് പ്രഭാതഭക്ഷണം വരെ ഉൾപ്പെടുന്ന ഹൗസ്ബോട്ട് യാത്രാപാക്കേജുകളും ലഭ്യമാണ്. വഞ്ചി വീടുകൾ എല്ലാം തന്നെ വൈകുന്നേരം 6 മുതൽ കാലത്ത് 7 മണിവരെ വേമ്പനാട്ടു കായലിനെ അഭിമുഖീകരിച്ചുകൊണ്ട് പ്രധാനസ്ഥലങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ പക്ഷിസങ്കേത കേന്ദ്രങ്ങളിലൊന്നാണ് കുമരകത്തുള്ളത്. അപൂർവങ്ങളായ നിരവധി പക്ഷികൾ ഇവിടെയുണ്ട്. സൈബീരിയൻ വെള്ളകൊക്ക്, എരണ്ട, ഞാറ, നീർപക്ഷികൾ, കുയിൽ, കാട്ടുതാറാവ് തുടങ്ങി അധികമൊന്നും പരിചിതമല്ലാത്ത കുറെയേറെ പക്ഷികൾ ഇവിടെയുണ്ട്. 5.7 ചതുരശ്ര കിലോമീറ്ററിലാണിത് സ്ഥിതി ചെയ്യുന്നത്. കാലത്ത് ആറുമണിമുതൽ വൈകുന്നേരം ആറുമണി വരെ മാത്രമേ പ്രവേശനമുള്ളൂ. കാലത്ത് എത്തുന്നതാണ് ഏറെ നല്ലത്.
കുമരകത്തുനിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. വളരെ ശാന്തമായ, സഞ്ചാരികളുടെ തിരക്ക് ഏറെയൊന്നുമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. 100 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ ജലം താഴേക്കുപതിക്കുന്നത്. അതീവ ഹൃദ്യമാണ് ഈ വെള്ളച്ചാട്ട കാഴ്ചകൾ.

പാതിരാമണൽ
വേമ്പനാട്ടു കായലിനു നടുവിൽ സ്ഥിതി ചെയ്യുന്ന പത്തു ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം.പലനാടുകളിൽ നിന്നും വന്നു കുടിയേറിപ്പാർത്ത അപൂർവയിനം പക്ഷികളും ഇവിടെ ധാരാളമായി കാണാറുണ്ട്. നാലുഭാഗത്തും ജലം നിറഞ്ഞ ഈ ദ്വീപിലെ കാഴ്ചകൾ ഏറെ സുന്ദരമാണ്. കുമരകത്തെ കാഴ്ചകളിൽ പാതിരാമണലിന്റെ മനോഹാരിത കൂടിയുണ്ടെങ്കിൽ, യാത്ര കൂടുതൽ സുന്ദരമാകും. ദ്വീപിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കുമരകത്തും പരിസരങ്ങളിലുമായി നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തളിക്കോട്ട ശിവക്ഷേത്രവും താഴത്തങ്ങാടി ജുമാമസ്ജിദും സെന്റ് മേരീസ് പള്ളിയും വൈക്കം മഹാദേവ ക്ഷേത്രവുമൊക്കെ അതിൽ ചിലതുമാത്രമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇതിൽ പല ആരാധനാലയങ്ങളും.

ലേക്ക് റിസോർട്ട്
വേമ്പനാട്ടു കായലിന്റെ തീരത്ത് ആഡംബര സൗകര്യങ്ങളെല്ലാം ഒത്തിണണങ്ങിയ പഴമയുടെ പ്രൗഢി തുളുമ്പുന്ന താമസ സൗകര്യമൊരുക്കി അതിഥികളെ കാത്തിരിക്കുന്നയിടമാണ് ലേക്ക് റിസോർട്ട്. കേരളത്തിന്റെ തനതു വാസ്തുവിദ്യയിൽ നാലുക്കെട്ടായാണ് റിസോർട്ടിന്റെ നിർമാണം. അതിഥികളായി എത്തുന്നവർക്ക് ആയുർവേദ ചികിത്സയ്ക്കായി ആയുർമനയും ഇവിടെയുണ്ട്. തനതു രുചികൾ വിളമ്പുന്ന എട്ടുക്കെട്ട് ശൈലിയിലുള്ള റെസ്റ്റോറന്റ് കൂടാതെ കടൽ, കായൽ രുചികൾ വിളമ്പുന്ന സീഫുഡ് ഭക്ഷണശാലയും ഈ റിസോർട്ടിന്റെ സവിശേഷതയാണ്. അതിഥികളുടെ സ്വകാര്യത, ആഡംബര സൗകര്യങ്ങൾ എല്ലാം ഒത്തിണങ്ങുന്ന തരത്തിലാണ് വില്ലകളുടെ നിർമാണം. പ്രൈവറ്റ് പൂൾ, മുറ്റം എന്നിവയോടു കൂടിയ പ്രസിഡെൻഷ്യൽ സ്യൂട്ടുകളും സന്ദർശകർക്ക് താൽപര്യമനുസരിച്ച് തിരഞ്ഞെടുക്കാം. ജിംനേഷ്യം, നെയ്ത്ത്, മൺപാത്രനിർമാണം, കളിയിടങ്ങൾ തുടങ്ങി വിവിധ ആക്ടിവിറ്റികളുടെ നീണ്ട നിരയും അതിഥികൾക്ക് ആസ്വദിക്കാവുന്നതാണ്. ഗിറ്റാർ, ഓടക്കുഴൽ തുടങ്ങിയ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഒരു ബോട്ട് യാത്രയും സന്ദർശകർക്കായി ലേക്ക് റിസോർട്ട് ഒരുക്കിയിട്ടുണ്ട്.