ഇടുക്കി സദാ ഓർമയുടെ കുന്നു കയറിയുമിറങ്ങിയും വന്നും പോയുമിരിക്കുന്നു. എവിടെയിരിക്കുമ്പോഴും എന്റെ ഹൃദയത്തിന്റെ ഒരു വാതിൽ ഇടുക്കിയിലേക്കു തുറന്നുവച്ചിട്ടുണ്ട്. അതിലൂടെ വീശിയെത്തുന്ന കാറ്റിന് ഏലയ്ക്കാമണമാണ്. ആ മാസ്മരഗന്ധം എന്നെ തൊടുന്നു, ഒപ്പം നേർത്ത തണുപ്പു കിനിയുന്ന മഞ്ഞിന്റെ നനഞ്ഞ കുഞ്ഞുവിരലുകളും.
ആഗ്രയിലെ കൊടുംചൂടിലും എന്റെ കാലുകളെ നനച്ച് മുതിരപ്പുഴയാറ്റിലെ ആ തണുത്ത വെള്ളത്തുള്ളികൾ കൂടെയുണ്ട്.ബാല്യത്തിൽ ഹൈറേഞ്ചിൽനിന്നു നഗരത്തിലേക്കുള്ള യാത്രയായിരുന്നു എല്ലാ കുട്ടികളെയും പോലെ ഞാനും ഇഷ്ടപ്പെട്ടിരുന്നത്.
ഇപ്പോൾ മഹാനഗരങ്ങളിലെ വിസ്മയിപ്പിക്കുന്ന മായക്കാഴ്ചകളിൽ മുങ്ങി നീന്തുമ്പോൾ ഇടുക്കിയിലെ ആ ഇരുണ്ട മലനിരകളിലേക്കു മടങ്ങിപ്പോകാൻ കഴിഞ്ഞെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.
ൈകലികളിലെ കളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇരുണ്ടനിറങ്ങളെക്കാൾ ഇരുട്ടും നിഗൂഢതകളും വെള്ളമുണ്ടിന്റെ വെളുപ്പിൽ മറഞ്ഞിരിക്കുന്നുണ്ടെന്നു തിരിച്ചറിയുമ്പോൾ, ഇടുക്കിയുടെ പരുക്കൻ ഭാവങ്ങളിലും ഇരുണ്ട പച്ചപ്പിനുള്ളിലും നിറഞ്ഞിരിക്കുന്ന മഴവിൽ വർണങ്ങളെയാണു ഞാൻ കാണുന്നത്. ഇവിടെ, ഉത്തർപ്രദേശിന്റെ വരണ്ട മണ്ണിലിരുന്ന്, എന്റെ തന്നെ ഉള്ളിലേക്കു നോക്കി ഇടുക്കിയെ ഞാൻ കാണുന്നു, അറിയുന്നു... തൊട്ടടുത്ത്!