കഥ പറയും വെള്ളച്ചാട്ടങ്ങള്‍

waterfall1
SHARE

മഞ്ഞു മൂടിയ മലനിരകളാലും പച്ച പുതച്ച താഴ്‌വാരങ്ങളാലും ചുറ്റപ്പെട്ട കുടക് ജില്ല അഴകിന്റെ നിറകുടമാണ്. മഴക്കാലമായാൽ കുടകിന്റെ അഴകും സൗന്ദര്യവും പതിന്മടങ്ങ് വർധിക്കും. മലനിരകളിൽനിന്നു താഴേക്കു പതിച്ച് എങ്ങും സൗന്ദര്യത്തിന്റെ കലവറയൊരുക്കുന്ന വെള്ളച്ചാട്ടങ്ങളാണു കുടകിൽ കാഴ്ചയുടെ വസന്തമൊരുക്കുന്നത്. മഴക്കാലത്തെ കുടകിന്റെ സൗന്ദര്യമാണ് ഈ കാനനസുന്ദരികൾ. ഇങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങളാണു കുടക് മലനിരകളിലെങ്ങും കണ്ടുവരുന്നത്

മേഘങ്ങൾ തഴുകുന്ന പച്ച പുതച്ച പശ്ചിമഘട്ട മലനിരകളിൽ അങ്ങിങ്ങായി വെളുത്ത വരകൾ പോലെ ഒഴുകിയെത്തുന്ന ചെറിയ ചാലുകളും നദികളുടെ കൈവഴികളും പുഴകളും കുതിച്ചിറങ്ങിയാണ് കുടകിലെങ്ങും മനം മയക്കുന്ന വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്നത്. കുടകിന്റെ വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകർഷണമാണ് ഈ വെള്ളച്ചാട്ടങ്ങൾ.

സഞ്ചാരികളെ മാടി വിളിക്കുന്ന അബ്ബി വെള്ളച്ചാട്ടം, മല്ലള്ളി വെള്ളച്ചാട്ടം, ഇർഫു വെള്ളച്ചാട്ടം, ചേലാവര വെള്ളച്ചാട്ടം ഇങ്ങനെ പട്ടിക നീളുന്നു. കുടകിന്റെയും ദക്ഷിണ കന്നഡ ജില്ലയുടെയും അതിർത്തിയായ തൊടിക്കാനയിലെ ദേവറഗുണ്ടി വെള്ളച്ചാട്ടം ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി വെള്ളച്ചാട്ടങ്ങളുടെ ലോകം തന്നെ ഇവിടെ തുറക്കപ്പെടുന്നു.

അബ്ബി

water-fall2

മടിക്കേരി നഗരത്തിനടുത്ത അബ്ബി ഏറെ പ്രസിദ്ധമാണ്. മടിക്കേരി ടൗണിൽനിന്നു മലഞ്ചെരിവിലൂടെ ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ അബ്ബി വെള്ളച്ചാട്ടം കാണാം. 70 അടി ഉയരത്തിൽനിന്നു കുതിച്ചു ചാടുന്ന അബ്ബി വിസ്മയം തീർക്കുന്നു. സമീപത്തെ തൂക്കുപാലവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. മഴയും പ്രകൃതിയും സൗന്ദര്യത്തിന്റെ കാണാക്കാഴ്ചയുടെ നിറച്ചെപ്പ് തുറക്കുന്ന അബ്ബി വെള്ളച്ചാട്ടം കുടകിലെത്തുന്ന സഞ്ചാരികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

മല്ലള്ളി

കുടകിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണു സോമവാർപേട്ടയിലെ മല്ലള്ളി. പശ്ചിമഘട്ട മലനിരകളിലെ പുഷ്പഗിരി കുന്നുകളിൽനിന്നു കുമാരധാരാ നദി 200 അടി ഉയരത്തിൽനിന്ന് അഗാധത്തിലേക്കു പതിക്കുമ്പോൾ രൂപപ്പെടുന്ന മല്ലള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആരെയും കോരിത്തരിപ്പിക്കും. കുടകിലെ ഏറ്റവും മനോഹരവും ഉയരം കൂടിയതുമായ വെള്ളച്ചാട്ടം കൂടിയാണു മല്ലള്ളി. സോമവാർപേട്ടയിൽനിന്നു 24 കിലോമീറ്റർ യാത്ര ചെയ്താൽ മല്ലള്ളി വെള്ളച്ചാട്ടത്തിലെത്താം. മനം മയക്കുന്ന പ്രകൃതി സൗന്ദര്യവും പുഷ്പഗിരി മലനിരകളുടെ മനോഹാരിതയും ആസ്വദിച്ചു മടങ്ങാം എന്നതു മല്ലള്ളി വെള്ളച്ചാട്ടത്തിന്റെ പ്രത്യേകതയാണ്.

ഇർഫു

waterfall3

പ്രകൃതി ഒരുക്കിയ മനോഹരമായ കാൻവാസാണു കുടക് ശ്രീമംഗലയ്ക്കടുത്ത ഇർഫു വെള്ളച്ചാട്ടം. കാവേരിനദിയുടെ കൈവഴിയായ ലക്ഷ്മണതീർഥ മലനിരകളിൽ ഉദ്ഭവിച്ച് ഒഴുകിയെത്തെി 170 അടി താഴ്ചയിലേക്കു പതിക്കുന്ന അതിമനോഹര കാഴ്ചയാണ് ഇർഫു വെള്ളച്ചാട്ടം. ഇതിനു സമീപത്തെ രാമേശ്വരക്ഷേത്രവും പ്രശസ്തമാണ്. മടിക്കേരിയിൽനിന്ന് 75 കിലോമീറ്ററും വിരാജ്‌പേട്ടയിൽനിന്ന് 48 കിലോമീറ്ററും യാത്ര ചെയ്താൽ ഇർഫുവിലത്താം. ശ്രീമംഗല, കുട്ട എന്നിവിടങ്ങളിൽനിന്നു വെറും 10 കിലോമീറ്റർ മാത്രം അകലെയാണ് ഇർഫു.

ചേലാവര

കുടകിൽ മഴക്കാലത്തു പ്രകൃതി ഒരുക്കുന്ന അതിമനോഹര കാഴ്ചയാണു ചെയ്യണ്ടാണെ ഗ്രാമത്തിലെ ചേലാവര വെള്ളച്ചാട്ടം. വിശാലമായ പാറക്കെട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം 150 അടി ഉയരത്തിൽനിന്നു 50 അടി താഴ്ചയുള്ള കുഴിയിലേക്കു പതിച്ച് നുരഞ്ഞൊഴുകി കാഴ്ചയുടെ ദൃശ്യ വിരുന്നൊരുക്കുന്നു ഈ വെള്ളച്ചാട്ടം. മടിക്കേരിയിൽനിന്നു 43 കിലോമീറ്ററും വീരാജ്‌പേട്ടയിൽനിന്നു തലക്കാവേരി റോഡിൽ 23 കിലോമീറ്ററും ദൂരമുണ്ട് ചേലാവര വെള്ളച്ചാട്ടത്തിലെത്താൻ. കക്കബെയിൽനിന്നു 13 കിലോമീറ്റർ മാത്രം അകലെയാണു വെള്ളച്ചാട്ടം.

ദേവറഗുണ്ടി

ദക്ഷിണ കന്നഡ ജില്ലയുടെയും കുടകിന്റെയും അതിർത്തിയിൽ കണ്ടുവരുന്ന കാനനസുന്ദരിയാണു ദേവറഗുണ്ടി വെള്ളച്ചാട്ടം. കാട്ടിൽനിന്ന് ഒഴുകിവരുന്ന ഉറവ വലിയ പാറക്കെട്ടുകളിൽനിന്നു പാൽനുര പോലെ ഒഴുകി വലിയ കുഴിയിലേക്കു പതിക്കുന്ന ദേവറഗുണ്ടി ഫാൾസ് മഴക്കാലത്തു ശരിക്കും തന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്നു. മുകളിൽനിന്നു പതിക്കുന്ന വെള്ളം പാൽനുര പോലെ കാണപ്പെടുന്നു. ജലകണങ്ങൾ പഞ്ഞി പോലെ പറന്ന് സഞ്ചാരികളെ പൊതിയും. തൊടിക്കാനം മല്ലികാർജുന ക്ഷേത്രത്തിൽനിന്നു രണ്ടു കിലോമീറ്റർ അകലെ വനാതിർത്തിയിലാണു ദേവറഗുണ്ടി വെള്ളച്ചാട്ടം. സുള്ള്യയിൽനിന്നു 15 കിലോമീറ്റർ യാത്ര ചെയ്താൽ ദേവറഗുണ്ടിയിലെത്താം.

കുടകിന്റെ മഴ നനയാൻ

ഇതു കൂടാതെ കുന്നിൻചെരിവുകളിലും പാതയോരങ്ങളിലും വനത്തിലും മറ്റുമായി കാണപ്പെടുന്ന നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും മഴക്കാലത്തു കുടകിന്റെ മടിത്തട്ടിനെ മനോഹരമാക്കുന്നു. കുടകിന്റെ പ്രകൃതിയിൽ മഴയുടെ നിറഭേദങ്ങൾ അഴകു ചാർത്തുന്നത് അപൂർവ കാഴ്ചയാണ്. മഴക്കാലത്ത് ഇവിടെയെത്തിയാൽ മഴയുടെ ഈ വർണചാരുത ആസ്വദിക്കാനാവും. വെളുത്ത പുക മൂടിയ പ്രകൃതിയും നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയും ഇവിടത്തെ പ്രത്യേകതയാണ്. വേനലിൽ പച്ച പുതച്ച് നിൽക്കുന്ന മലനിരകളും കാപ്പി, ഏലം എസ്റ്റേറ്റുകളും മഴ തുടങ്ങിയാൽ ഇരുളും പുകയും മൂടി മഴക്കാലത്തിന്റെ വശ്യചാരുത തുറന്നുവയ്ക്കുന്നു. മഴയെ അറിയാനും മഴ ആസ്വദിക്കാനും ഒപ്പം വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം മനം നിറയ്ക്കാനുമായി കുടകിലേക്കു വണ്ടി കയറാം.

കുടകിലെത്തുന്ന സഞ്ചാരികളെ കാത്ത് ഒട്ടേറെ റിസോർട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളുമുണ്ട്. കുടക് മലനിരകളുടെ താഴ്‌വാരത്ത് കാപ്പി, ഏലം എസ്റ്റേറ്റിനു നടുവിലും മറ്റുമുള്ള റിസോർട്ടുകളിലെയും ഹോംസ്റ്റേകളിലെയും ഹോട്ടലുകളിലെയും താമസവും കുടകിന്റെ പ്രത്യേക ആഹാരങ്ങളും ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നു. കുടകിനു തനതായ ഭക്ഷണ സംസ്കാരവുമുണ്ട്.

പന്തിക്കറിയും (പോർക്ക്), കടുംബ് (അരിയുണ്ട), അക്കിറൊട്ടി (അരിറൊട്ടി) എന്നിവയാണ് കുടകിലെ പ്രത്യേക ഭക്ഷണം. വ്യത്യസ്തമായ രീതിയിൽ രുചികരമായി തയാറാക്കുന്ന പന്നിഇറച്ചി വിഭവമാണു പന്തിക്കറി. കുടകരുടെ വീടുകളിലും കല്യാണം തുടങ്ങിയ ചടങ്ങിലും നോൺ വെജിറ്റേറിയൻ ഹോട്ടലുകളിലും മറ്റും ഒഴിച്ചുകൂടാനാവാത്ത പ്രധാന മെനുവാണിവ. ലോകത്ത് ഏറ്റവും രുചിയേറിയ പോർക്ക് കറി കിട്ടുന്നതു കുടകിലാണെന്നു സാക്ഷ്യപ്പെടുത്തുന്നവരും ഉണ്ട്.

ചിക്കൻ, മട്ടൻ, മീൻ ഉപയോഗിച്ചുള്ള വിവിധതരം ഭക്ഷണങ്ങളും കുടകിലെത്തുന്ന സഞ്ചാരികൾക്കു വ്യത്യസ്തമായ രൂചിക്കൂട്ടൊരുക്കുന്നു. അരിവിഭവങ്ങളാണു കുടകിലെ പ്രധാന ഭക്ഷണം. കടുംബ്, അരിറൊട്ടി എന്നിവയെ കൂടാതെ ചോറ്, പുട്ട്, നൂൽപുട്ട്, ചപ്പാത്തി എന്നിവയും കുടകിന്റെ തീൻമേശകളെ സമ്പന്നമാക്കുന്നു.

സസ്യഭുക്കുകൾക്കായി വെജിറ്റേറിയൻ ഹോട്ടലുകളും ഇവിടെ സുലഭമാണ്. സ്വാദൂറും വിഭവങ്ങളുടെ നീണ്ടനിര തന്നെ മുന്നിലെത്തും. മഴക്കാലത്തു പ്രകൃതിവിഭവങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണവും പ്രശസ്തമാണ്. ചക്ക, മാങ്ങ, മുളന്തണ്ട് എന്നിവ കൊണ്ട് ഉണ്ടാക്കുന്ന കറികളും മറ്റു വിഭവങ്ങളും രുചിയുടെ പുതിയ അനുഭവം പകർന്നുനൽകും. കുടകിൽ എത്തുന്ന സഞ്ചാരിക്കൾക്ക് എല്ലാത്തരം ഭക്ഷണവും ലഭിക്കുന്നു. ഒപ്പം കുടകിന്റെ പ്രകൃതിയിൽനിന്നു ലഭിക്കുന്ന തേൻ നുണഞ്ഞ് കുടകിന്റെ സ്വന്തം കാപ്പിയുടെ രുചിയും നുകർന്നു മടങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA