പഴംപൊരിയും ബീഫ് റോസ്റ്റും, ശ്രീമുരുകയിലെ താരജോഡി

ഏറെ രാഷ്ട്രീയ ചര്‍ച്ചകളിൽ ഇടംപിടിച്ച ‘ബീഫ്’ മലയാളികളുടെ വികാരമാണെന്ന് പറഞ്ഞ് കയ്യടി നേടിയ ഗോദ എന്ന ചിത്രം വിവരിച്ചത് പൊറോട്ടയും ബീഫും രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്നതെങ്ങനെയെന്നാണെങ്കിൽ വേറിട്ടൊരു രുചിയുടെ കഥപറയുകയാണ് തൃപ്പൂണിത്തുറ ശ്രീമുരുക കഫേ.....

അലുവയും മത്തിക്കറിയും പോലെ എന്ന് ചേർച്ചയില്ലായ്മയെ കളിയാക്കാൻ മലയാളികൾ പറയാറുണ്ടെങ്കിലും ചേരുംപടി ചേർത്താൽ എന്തിനും അസാധ്യ രുചിയായിരിക്കുമെന്നത് ഒരു സത്യക്കഥയാണ്. ബീഫിന്റെ പല കോമ്പിനേഷനുകൾ നമ്മള്‍ മലയാളികൾ പരീക്ഷിക്കാറുണ്ടെങ്കിലും പഴംപൊരിയും ബീഫും തീരെ പരിചിതമല്ല പലർക്കും. ഒരു കഷ്ണം പഴംപൊരി, നല്ല എരിവുള്ള ബീഫിന്റെ ചാറിൽ മുക്കി കഴിക്കുമ്പോൾ ആരും വിളിച്ചു പോകും ‘‘എന്റെ സാറേ’’ എന്ന്.... മനസ്സിൽ പറഞ്ഞു പോകും. ‘‘അസാധ്യരുചി’’യെന്ന്.

ഇഞ്ചിയിലും വെളുത്തുള്ളിയിലും കുരുമുളകിലും കിടന്ന് വെന്ത ബീഫിനൊപ്പം നന്നായി മൊരിഞ്ഞ പഴംപൊരിയും. ഈ കിടു കോമ്പിനേഷന്‍ ശ്രീമുരുകയിലെ സൂപ്പർഹിറ്റ് ജോഡിയായതു 2006 മുതലാണ്. അതിനും ഏറെ മുൻപ്, ഏകദേശം 73 വർഷത്തെ  ചരിത്രമുണ്ട് ഈ ചെറുചായക്കടയ്ക്ക്. എല്ലാം ചെറുകടികളും ഇവിടെ ലഭ്യമെങ്കിലും വളരെ വ്യത്യസ്തമായ രണ്ടു വിഭവങ്ങളെ കൂട്ടിച്ചേർത്ത് രുചിയുടെ പുതിയൊരു തലം സൃഷ്ടിക്കപ്പെട്ടപ്പോഴാണ് ശ്രീമുരുക കഫേ ഭക്ഷണ പ്രിയരുടെ പ്രധാന താവളമായത്.

ബീഫിനെ അത്രമേൽ സ്നേഹിച്ച മലയാളികൾ അതിനൊപ്പം ചേർത്ത ചെറുകടിയായ പഴംപൊരിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കു ശേഷം കടയിൽ ആളൊഴിഞ്ഞ നേരമില്ല എന്ന അവസ്ഥയായി. ശ്രീമുരുക കഫേ കേരളത്തിലെ ടേസ്റ്റി സ്പോട്ടായി. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി കുട്ടനാട്ടിൽ നിന്നുമെത്തുമെന്നതിനെ അന്വർത്ഥമാക്കി, ആ രുചി തേടി നിരവധി ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവര്‍ ശ്രീമുരുകയിലെത്തി. 

വില തുച്ഛം... ഗുണം മെച്ചം... രുചി കേമം എന്നതു തന്നെയാണ് ഈ കടയുടെ ആപ്തവാക്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മിനി ബൈപ്പാസിലാണ്ശ്രീമുരുക കഫേ. ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 7 വരെയാണ് വിഭവങ്ങൾ ലഭ്യമാകുന്നത്. 73 വർഷത്തെ പരിചയത്തിന്റെ രുചിക്കൂട്ട് തന്നെയാണ് ഈ ഒറ്റ വിഭവത്താൽ ഈ ചെറുചായക്കടയെ ഭക്ഷണപ്രിയര്‍ക്കിടയിൽ പ്രിയങ്കരമാക്കിയെന്നതിൽ തർക്കമില്ല. പല രീതിയിൽ ബീഫും പഴംപൊരിയും കഴിച്ചിട്ടുള്ളവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരസാധ്യ കോമ്പിനേഷനാണിത്...രുചിച്ചറിയൂ.....