വിസ്മയക്കാഴ്ചയൊരുക്കി വീട്ടിക്കുന്ന്

സൗന്ദര്യം കൊണ്ട്‌ സൃഷ്ടിച്ച ഗ്രാമം. എവിടേക്ക്‌ കണ്ണയച്ചാലും മോഹനമായ ദൃശ്യങ്ങളിൽ പെട്ട്‌ നോട്ടം തിരിച്ചെടുക്കാൻ കഴിയാത്ത വിധം സഞ്ചാരിയെ കീഴ്പ്പെടുത്തുന്ന സൗന്ദര്യം. അൽപം പോലും കളങ്കമേൽക്കാതെ പ്രകൃതി അതിന്റെ തനത്‌ രൂപത്തിലും ഭാവത്തിലും തുടരുന്ന ഇടം. തോട്ടങ്ങൾക്കും വനത്തിനുമൊപ്പം ലാസ്യതാളത്തിൽ അമർന്നിരിക്കുന്ന വീട്ടിക്കുന്ന്.

ചുണ്ടേൽ നിന്ന് ആറുകിലോമീറ്ററോളം പോയാൽ ഇവിടെയെത്താം. വഴി നീളെ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമാണ്‌. കാഴ്ച അതിസുന്ദരം. വളഞ്ഞു പുളഞ്ഞ്‌ തോട്ടങ്ങൾക്കിടയിലൂടെ കടന്നു പോവുന്ന വഴി തീർത്തും വിജനമാണ്‌. കോടമഞ്ഞും കൂട്ടിനുണ്ട്‌. തണുത്ത കാറ്റ്‌ പതിഞ്ഞ താളത്തിൽ വീശുന്നുണ്ട്‌. 

ഒരു ഭാഗത്ത്‌ തൊട്ടടുത്ത്‌ ചെമ്പ്ര മലകളുടെ ഗാംഭീര്യമുള്ള ദൃശ്യം കാണാം. മറുഭാഗത്ത്‌ തേയിലത്തോട്ടങ്ങൾ, അതിനപ്പുറം വൈത്തിരിയുടെ താഴ്‌വാരഭൂമി, കുന്നുകളായി പടർന്നു നീങ്ങുന്ന വയനാടൻ ഭൂമിയുടെ ഉയർച്ച താഴ്ചകൾ. അങ്ങനെ അങ്ങകലെ ബാണാസുര മലകളോളം കാഴ്ച ചെന്നെത്തും. 

അൽപം മുന്നോട്ടു നീങ്ങുമ്പോൾ വഴിയുടെ ഇരുപുറവും വനം ആവും. അവിടെ അൽപം തഴെ നിന്ന് ഒരു വെള്ളച്ചാട്ടത്തിന്റെ മുഴക്കം കേൾക്കാം. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവിടെ പ്രവേശിക്കാവൂ. സുരക്ഷാ മുൻകരുതലുകളും ഉണ്ടായിരിക്കണം.

അതി സുന്ദരമാണ്‌ രണ്ട്‌ ഘട്ടങ്ങളായി ഉള്ള വെള്ളച്ചാട്ടം. രണ്ടാൾ പൊക്കമുള്ള പാറയുടെ മുകളിൽ നിന്ന് കുതിച്ചു ചാടുന്ന പളുങ്കുമണികൾപോലുള്ള വെള്ളമാണ്‌ ഒന്നാം ഘട്ടം. അവിടെ നിന്ന് ചാടിയൊഴുകുന്ന കാട്ടരുവി അൽപം ദൂരം പതഞ്ഞൊഴുകി ചുവട്ടിലെ ഇൻഫിനിറ്റി പൂൾ പോലുള്ള ഒരു ചെറു തടാക ഭാഗത്തേക്ക്‌ വീണ്ടും കുതിച്ചു ചാടുന്നത്‌ വെള്ളച്ചാട്ടത്തിന്റെ രണ്ടാം ഭാഗം.

പതഞ്ഞു ചാടുന്ന വെള്ളച്ചാട്ടവും കൂടെയുള്ള വനവും ചേർന്ന് മനോമോഹനമായ ദൃശ്യഭംഗി പകരുന്നു. വെള്ളച്ചാട്ടം വന്ന് പതിക്കുന്ന ഇൻഫിനിറ്റി പൂളിന്റെ താഴ്ഭാഗം നല്ല ഹരിതാഭയുള്ള വനമാണ്‌. കണ്ണും മനസ്സും തണുക്കുന്ന ദൃശ്യങ്ങൾ.