കായല്‍ പരപ്പിലെ ഒാളങ്ങൾ തല്ലികെടുത്തികൊണ്ട് പതിയെ ചുവടുവച്ച് നീങ്ങുന്ന ജങ്കാർ. മനസ്സ് ഒന്ന് ഇടറിയെങ്കിലും ചുറ്റുമുള്ള വശ്യമനോഹരമായ കാഴ്ചയിൽ എല്ലാം മറന്നു. കായല്‍ ഭംഗി ആസ്വദിച്ച് ജങ്കാറിലൂടെയുള്ള യാത്ര അവിസ്മരണീയം എന്നു തന്നെ പറയാം. കടലും കായലും സംഗമിക്കുന്ന പുണ്യഭൂമി. പ്രകൃതി രമണീയ കാഴ്ചകള്‍ കൊണ്ട് മനം കീഴടക്കുന്ന ഗ്രാമപ്രദേശമാണ് പൊന്മന. പൊന്മനയെ പുണ്യമാക്കി തീർത്ത ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം െപാന്മനയിൽ സ്ഥിതിചെയ്യുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ദേവീക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. വിശാലമായ മണൽപ്പരപ്പിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മനോഹരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. പൊന്മന കൊട്ടാരകടവിലെ ജങ്കാർ കടന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ കാതുകൾക്ക് സംഗീതവും മനസ്സിനു ചൈതന്യവും നിറക്കുന്ന ക്ഷേത്രം. മനമുരുകി പ്രാര്‍ത്ഥിക്കുന്നവർക്ക് മധുരപായസമായി വരം അരുളുന്ന അമ്മയെ തേടി ആയിരകണക്കിനു ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്.
ക്ഷേത്രവും ആചാരങ്ങളും
ആർത്തിരമ്പി വരുന്ന കടലിന്റെ ഹുങ്കാര നാദത്തിൽ പ്രതിധ്വനിക്കുന്ന ക്ഷേത്രം. ദാരികനെ വധിച്ച ഉഗ്രമൂർത്തി ഭാവമാണ് ഇവിടുത്തെ ദേവത. ഭക്തർക്ക് മാതൃ സ്ഥാനത്താണ് അമ്മ. ചൈതന്യം തുളുമ്പുന്ന ദേവീ വിഗ്രഹം. ആദിപരാശക്തിയുടെ സമസ്തഭാവങ്ങളും ഒത്തുചേർന്ന് സർവ്വചരാചരങ്ങൾക്കും നാഥയായി അനുഗ്രഹവർഷം ചൊരിഞ്ഞ് സർവ്വാഭീഷ്ടവരദയിനിയും സർവ്വവദുരിത നിവാരിണിയും സർവ്വൈശ്വര്യപ്രദായിനിയുമായി കുടികൊള്ളുന്ന ദേവീ. പ്രധാന വിഗ്രഹം കൂടാതെ ഗണപതി, ദുർഗ്ഗാദേവി, മൂർത്തി, യോഗീശ്വരൻ, മാടൻ തമ്പുരാൻ, യക്ഷിയമ്മ, നാഗദൈവങ്ങള്‍, തുടങ്ങി ഉപദൈവങ്ങളും വെള്ളിയാഴ്ചതോറും ശത്രുദോഷത്തിനായി ശത്രുസംഹാരപുഷ്പാഞ്‌ലിയും നടത്തുന്നു. കൂടാതെ അമ്മയുടെ ഇഷ്ടവഴിവാടായി ഇരട്ടിമധുര പായസവും അറുനാഴി മഹാനിവേദ്യവും സമർപ്പിക്കുന്നു.
പൊന്മണി നാദമായി പേരാൽ
ക്ഷേത്രത്തിന് തെക്കുവശത്തള്ള പേരാലിൽ ഉദ്ദീഷ്ടകാര്യ സാദ്യത്തിനായി മരത്തിനു ചുറ്റും ഏഴുതവണ പ്രദക്ഷിണം വച്ച് മണികെട്ടുന്നു. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധിയോടെ ഇവിടെയെത്തി ആഗ്രഹ പൂർത്തീകരണത്തിനായി ആണ് ഈ ചടങ്ങ്.
ക്ഷേത്രത്തിലെ വഴിവാട് കൗണ്ടറിൽനിന്നും മുപ്പതു രൂപ നൽകി മണിയും രസീതും കൈപറ്റാം. ഇരുട്ടിലൂടെ സഞ്ചിരിച്ച് വെളിച്ചത്തിന്റെ പ്രഭാപുരത്തിലെത്തുന്നവരുടെ മനസ്സിൽ നിറയുന്ന സന്തോഷം പോലെ, ദുഖങ്ങളും ദുരിതങ്ങളു ഒഴിഞ്ഞ് സുഖത്തിന്റെ തീരഭൂമിയിൽ എത്തിച്ചേർന്ന ഒരനുഭവമാണ് ഇവിടുത്തെ ഭഗവതിയെ ദർശിച്ച് മണി പൂജിച്ച് പേരാലിൽ കെട്ടുമ്പോൾ ഏതൊരു വിശ്വാസിക്കുമുണ്ടാവുക.
വൃശ്ചിക മഹോല്‍സവം
1001 കുടിലുകളില്‍ സന്ധ്യാസമയത്ത് തെളിയുന്ന ദീപങ്ങളും നാമോച്ചാരണങ്ങളും പൊന്മനയെ ഭക്തിസാന്ദ്രമാക്കുന്നു. ഒപ്പം അതിമനോഹര കാഴ്ചയും ഒരുങ്ങുന്നു. ആദിചേര രാജാവ് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണിത്. ഒാച്ചിറ പരബ്രഹ്മക്ഷേത്രം കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തമഠങ്ങൾ ഉയരുന്ന അത്യപൂർവ്വമായ ദേവസ്ഥാനമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. വര്‍ഷം കൂടുന്തോറും ക്ഷേത്രത്തിലെ വൃശ്ചിക മഹോല്‍സവമാണ് ജനപ്രിയം. വൃശ്ചിക ഒന്നു മുതൽ പന്ത്രണ്ട് വരെ നീളുന്ന മഹോല്‍സവത്തിൽ കുടിൽകെട്ടി ഭജനമയിരിപ്പിനു നാനാഭാഗത്തു നിന്നും നൂറുകണക്കിന് ആളുകൾ എത്തുന്നത്. ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവയും നടത്താറുണ്ട്. ജങ്കാർ സർവീസുകളടക്കമുള്ള സകല സംവിധാനങ്ങളും ക്ഷേത്രഭരണസമിതി ഒരുക്കിയിരിക്കുന്നു.
കടൽ കാറ്റേറ്റ്
പ്രാർത്ഥനയും വഴിവാടുകളും കഴിഞ്ഞാല്‍പിന്നെ കടൽകാറ്റേറ്റുള്ള വിശ്രമമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കാഴ്ചകൾ. തീരം തിര കവര്‍ന്നിട്ടും തിരക്കൊഴിയാതെ നിൽക്കുന്നു. സൗകര്യങ്ങൾ പരിമിതമെങ്കിലും കാഴ്ചകാർക്ക് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കാറ്റിന്റെ ശക്തിയിൽ ഹൃദയമിടിപ്പിന്റ വേഗതകൂട്ടുന്ന മറക്കാനാവാത്ത കടല്‍ഭംഗി.
ക്ഷേത്രത്തിന്റെ വിലാസം: കാട്ടിൽ മേക്കതിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, പൊന്മന, ചവറ, കൊല്ലം - 691583
പൊന്മന കൊട്ടാരകടവിലെത്തിയാൽ ജങ്കാർ സർവീസുകൾ ലഭ്യമാണ്.