ഒരു ഗ്ലാസ് നാരങ്ങാവെള്ളം, അല്ല കള്ള്....

kollam-lemon-juice-toddy
SHARE

വാ...ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടു പോവാം എന്നു പറഞ്ഞാൽ നിന്നു പരുങ്ങേണ്ട. ആശ്രാമം ആയുർവേദ ആശുപത്രിക്കരികിലെ ഈ കടയിൽ വലിയൊരു ഗ്ലാസ് കള്ളു കിട്ടും. അന്തം വിടണ്ട. നല്ല നാരങ്ങാപ്പുളിയും പഞ്ചസാരമധുരവും സോഡയുടെ തരുതരുപ്പും ഐസിന്റെ തണുപ്പുമൊക്കെ ചേർന്നു പതപതയെന്നു ഗ്ലാസ് തുളുമ്പുന്ന രസികൻ നാരങ്ങാവെള്ളമാണിത്. 

15 കൊല്ലം മുൻപ് ആശ്രാമം സ്വദേശി ആർ. ഗിരീഷ് തുടങ്ങിയ ജി. ആർ. സ്റ്റോർ ഇന്നും പ്രത്യേക രുചിക്കൂട്ടോടെ തയാറാക്കുന്ന നാരങ്ങാവെള്ളത്തിനു പ്രസിദ്ധമാണ്. വലിയൊരു ഗ്ലാസിൽ തുള്ളിത്തുളുമ്പുന്ന കള്ളുകുടിച്ചു മേൽച്ചുണ്ടിൽ പറ്റിപ്പിടിച്ച വെളുത്ത മീശ തുടച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിലാണ് എപ്പോഴും ഈ ചെറിയ കട. 

നിറം കണ്ടു കള്ളെന്നു വിളിച്ചുതുടങ്ങിയതും നാരങ്ങാവെള്ളം കുടിക്കാനെത്തിയവർ തന്നെയെന്നു ഗിരീഷ് പറയുന്നു. നാരങ്ങായും സോഡയുമല്ലാതെ കള്ളിലുള്ളതു പ്രത്യേക കൂട്ടാണ്. അതു ട്രേഡ് സീക്രട്ട്. നാരങ്ങാവെള്ളത്തിൽ ഇടാനുള്ള ഐസ് കടയിൽ തന്നെ തയാറാക്കുകയാണ്. സോഡ ബന്ധുവിന്റെ പ്ലാന്റിൽ സ്വന്തമായി ഉൽപാദിപ്പിക്കുന്നു. കടുംവെട്ട് രുചിയിലുമില്ല, ഗുണമേന്മയിലുമില്ല. 

വേനൽ കടുത്തതോടെ കടയിലും തിരക്കായി. രാവിലെ ഒൻപതിനു കള്ളുമായി തുറക്കുന്ന കട രാത്രി ഒൻപതു വരെ ദാഹം തീർക്കും. അച്ഛൻ രാജനും സഹോദരൻ ഹരീഷുമുണ്ട് ഗിരീഷിനൊപ്പം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA