സാഹസിക ടൂറിസം ലക്ഷ്യമിട്ട് കോട്ടക്കുന്നിൽ 'ഡെയർ–ഇൻ–അഡ്വഞ്ചർ' പാർക്ക്. ആകാശത്തിലൂടെ സൈക്കിൾ ചവിട്ടി മലപ്പുറത്തെ കാഴ്ചകൾ ആസ്വദിക്കാം. മലബാറിന്റെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്. രാജ്യാന്തര നിലവാരമുളള ടൂറിസം പാർക്കാണ് കോട്ടക്കുന്നിൽ ഒരുങ്ങിയിരിക്കുന്നത്. കൂടുതലും വിദേശത്തു കണ്ടുവരുന്ന അതിശയിപ്പിക്കുന്ന റൈഡുകളാണ് ഈ പാർക്കിന്റെ പ്രത്യേകത.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ ബ്ലോക്ക് സൊസൈറ്റിയുടെ സഹായത്തോടെയാണ് പാർക്കിന്റെ നിർമാണം പൂർത്തികരിച്ചത്. കണ്ണെത്താത്തോളം പരന്നു കിടക്കുന്ന കോട്ടക്കുന്നിലെ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിൽ 52 അടി ഉയരത്തിൽ പണി കഴിപ്പിച്ച കണ്ണാടി പാലം കാഴ്ചയ്ക്കു മിഴിവേകുന്നു. കയറുകളിലൂടെ തൂങ്ങിയും മരക്കഷ്ണങ്ങൾ കൊണ്ട് കെട്ടിയുണ്ടാക്കിയ പാലത്തിലൂടെ നടന്നു വേണം താഴെ എത്താൻ. ദൃശ്യവിസ്മയങ്ങളുടെ മായാലോകം. 50 അടി ഉയരത്തിലുളള റോപ്പുകളിലൂടെ സൈക്കിൾ സവാരിയും നടത്താം.
സൈക്കിളിന് ചില പ്രത്യേകതകളുണ്ട്. ടയറുകൾ മാറ്റി റിമ്മിൽ റബ്ബർ വെച്ച് മിനുസപ്പെടുത്തി കമ്പിയിൽ ഘടിപ്പിക്കുന്നതിനോടൊപ്പം സേഫ്റ്റി ബെൽറ്റും ഘടിപ്പിച്ചിട്ടുണ്ട്. സൈക്കിളിന് മാത്രമല്ല അത് ചവിട്ടുന്ന ആൾക്കും സേഫ്റ്റി ബെൽറ്റും പൂർണ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു. വിദേശ നിർമിത സൈക്കിളും മറ്റു സജ്ജീകരണങ്ങൾ അപകട സാധ്യത ഇല്ലാതാക്കുന്നു.
ഹൈടെക് നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും കണ്ടുവരുന്ന പെയിന്റ് ബുളളറ്റുകളടങ്ങിയ തോക്കുകളുളള പെയിന്റ് ബോളാണ് മറ്റൊരു ഇനം ഒരേ സമയം പത്തുപേർക്ക് പങ്കെടുക്കാം.
രാജ്യാന്തര നിലവാരമുളള വാൾ ക്ലൈംബിംഗും ആകർഷകമായ മറ്റൊരു ഇനമാണ്. സാധാരണ ഫുട്ബോളിനു പുറമെ ബലൂണിലുളള ഫുട്ബോൾ കളിയും പാർക്കിലെ മുഖ്യ ആകർഷണമാണ്. സോർബിംഗ്, അമ്പെയ്ത്ത്, പോയിന്റ് ഷൂട്ടിങ് അങ്ങനെ നീളുന്നു ഇനങ്ങൾ. എട്ടു വയസ്സിനു മുകളിലുളള കുട്ടികൾ പാർക്കിലെ റൈഡുകൾ പ്രയോജനപ്പെടുത്താം. ശനി, ഞായർ ദിവസങ്ങളിൽ ഒരുക്കിയിട്ടുള്ള വാട്ടർ ഡാൻസ് കം ലേസർ ഷോ, 16ഡി സിനിമ കുട്ടികൾക്കായി 2 പാർക്കുകൾ, ഭക്ഷണം കഴിക്കാൻ DTPC യുടെ കാന്റീൻ, ചോക്ലറ്റ് ആൻഡ് ഐസ്ക്രീം പാർലറുകൾ അങ്ങനെ നിരവധി സൗകര്യങ്ങൾ വേറെയുമുണ്ട്.
രാവിലെ പത്തുമണി മുതൽ രാത്രി ഒൻപതു മണി വരെയാണ് പാർക്കിന്റെ പ്രവർത്തനം. കുടുംബവുമൊത്ത് ഒഴിവുസമയം ചിലവഴിക്കാൻ കോട്ടക്കുന്നിലേക്ക് വരുന്നവർക്ക് അടിച്ചുപൊളിച്ച് തിരികെ പോകാം.