ഇഡ്‌ഡലിക്ക് മട്ടൻ റോസ്റ്റ്; ഇത് നായർ കട സ്റ്റൈൽ

ഒരു സെറ്റ്  ഇഡ്‌ഡലി ഒാർഡര്‍ കൊടുക്കുമ്പോൾ തീൻമേശയിൽ നിറയുന്നത്  ഇഡ്‌ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെയാണ്. ചിലയിടത്ത് കടലക്കറിയും ചുട്ടരച്ച ചമ്മന്തിയുമൊക്കെ എത്തും.  ഇഡ്‌ഡലിയും സാമ്പാറും ഒരുമിക്കുന്ന കൂട്ടിന് പുത്തൻ പരിവേഷവുമായി എത്തുകയാണ് പാലക്കാട് സുൽത്താൻപേട്ട്  ജങ്ഷനിലെ ലക്ഷ്മി വിലാസം ഹോട്ടൽ.  ഇഡ്‌ഡലിയും മട്ടൻ റോസ്റ്റും വിളമ്പുന്ന ഹോട്ടൽ.  ഇഡ്‌ഡലിക്കും നെയ് റോസ്റ്റിനും കോമ്പിനേഷനായിയെത്തുന്നത് നല്ല അടിപൊളി മട്ടൻ റോസ്റ്റാണ്. പാലക്കാടിന്റെ തനിമയിൽ നാടൻ രുചിയൊരുക്കുന്ന  ലക്ഷ്മി വിലാസം ഹോട്ടലിൽ മസാലദോശ, ചപ്പാത്തി, പൊറോട്ട, ഉൗത്തപ്പം, സേവ, ഉള്ളിദോശ തുടങ്ങി വിഭവങ്ങൾ രാവിലെ മുതൽ റെഡിയാണ്.

ലക്ഷ്മി വിലാസം ഹോട്ടല്‍ എന്നു പറയുന്നതിനെക്കാൾ പാലക്കാട്ടുകാർക്ക് പരിചിതം 'നായരുടെ കട' എന്നാണ്. 1948 ൽ തുടങ്ങിയ ഹോട്ടലിന് എഴുപതു വയസ്സു തികയുന്നു. അന്നും ഇന്നും ഒരേ രുചി വിളമ്പുന്ന ലക്ഷ്മി വിലാസം ഹോട്ടലിൽ വിഭവങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. എന്നാൽ രുചിയറിയാൻ എത്തിച്ചേരുന്ന ഭക്ഷണപ്രിയരുടെ എണ്ണത്തില്‍ വർധനവേ ഉണ്ടായിട്ടുള്ളൂ. ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഹോട്ടൽ എന്ന ഖ്യാതിയും നായരുടെ കടയ്ക്കുണ്ട്.

സദാ പുകഞ്ഞുകൊണ്ടിരിക്കുന്ന അടുക്കള. ഏതു സമയത്തു എത്തിയാലും നല്ല ചൂടു ഭക്ഷണം വിളമ്പുന്ന ലക്ഷ്മി വിലാസം ഹോട്ടലിന് വിശ്രമം ‌ഇല്ല.  പഴിയും പരാതിയുമില്ലാതെ ജേഷ്ഠാനുജൻമാർ‌ ഒത്തൊരുമിച്ചു ഹോട്ടൽ നല്ല രീതിയിൽ  നടത്തിവരുന്നു. ഒരേ സമയം ഹോട്ടൽ ഉടമയായും പാചകപ്പുരയിൽ സഹായിയായും ജോലികൾ ഏറ്റെടുത്തു ചെയ്യുന്നവരാണ് ഇക്കൂട്ടർ. ഹോട്ടലിന്റ രീതിയും പാചകവുമൊക്കെ കുട്ടിക്കാലം മുതൽ കണ്ടു വളർന്നവർ. ഹോട്ടലിലെ എന്തു ജോലി ചെയ്യുവാനും യാതൊരു മടിയുമില്ല.  നല്ല ഭക്ഷണം വിളമ്പുക എന്ന ഒറ്റ ചിന്ത മാത്രമേ  ഇവർക്കുളളൂ.

സ്വാദേറും വിഭവങ്ങൾ : സേവയും ഉള്ളിദോശയും

അരിമാവുകൊണ്ട് നൂൽപുട്ടു പുഴുങ്ങിയെടുക്കും ശേഷം നല്ല വെളിച്ചെണ്ണയിൽ താളിച്ച് കോരിയെടുക്കുന്നതാണ് സേവ. കോമ്പിനേഷനായി ചട്നിയോ വറുത്തരച്ച ചിക്കൻക്കറിയോ എന്തുമാകാം. സേവക്ക് നല്ല ചിലവാണെന്ന് ഉടമ പറയുന്നു. സേവപോലെ രുചിയൂറും മറ്റൊരു ഇനമാണ് ഉള്ളിദോശ. സവാള പൊടി പൊടിയായി അരിഞ്ഞ് ചേർത്ത് ചുട്ടെടുക്കുന്ന ദോശ.

മസാലദോശയും നെയ് റോസ്റ്റും.

ഒന്നാന്തരം കട്ടചമ്മന്തിയും മുളകുചമ്മന്തിയും ഒരുമിക്കുന്ന മസാലദോശയും നെയ് ഒഴിച്ച് തയാറാക്കുന്ന റോസ്റ്റും മട്ടൻക്കറിയും കോമ്പിനേഷൻ കിടിലം. ന്യായമായ വിലയാണ് വിഭവങ്ങൾക്ക് ഇൗടാക്കുന്നത്.