പച്ചവിരിച്ച പാടത്തിന്റ നടുക്കു തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടം. വെറുമൊരു കെട്ടിമല്ല മറിച്ച് കള്ളു ഷാപ്പാണ്, രുചിയൂറും ഭക്ഷണം വിളമ്പുന്ന അടിപൊളി ഷാപ്പ്. പാടത്തിനരികിലെ നനുത്ത കാറ്റേറ്റ് പച്ചപ്പിന്റ ഭംഗി ആവോളം ആസ്വദിച്ച് കുടുംബവുമൊത്ത് ഒഴിവുസമയം ചിലവഴിക്കാൻ പറ്റിയ ഇടം. തൃശ്ശൂർ മാപ്രാണം നന്ദിക്കരറോഡിൽ കോന്തിപുലം പാലത്തിനരികില്‍ നെടുമ്പാട് വയലോരത്താണ് ഇൗ രുചിപ്പുര.
മറ്റു ഷാപ്പുകളിൽ നിന്നും വേറിട്ട നിർമാണശൈലിയാണ് ഇൗ കെട്ടിടത്തിന്. നെൽകതിരുകളെ തഴുകിയെത്തുന്ന ഇളം കാറ്റ് ഷാപ്പിനുള്ളിലേയ്ക്ക് കടന്നെത്തുന്ന രീതിയിൽ കെട്ടിടത്തെ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പാടത്തിനരികിൽ പില്ലറുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടവും. പച്ചപട്ടുടുത്ത പാടത്തിന്റ സൗന്ദര്യവും ആസ്വദിക്കാം.
കെട്ടിടത്തിന്റ പുറംമോടി കണ്ടാൽ ആരും പറയും പ്രാവിൻ കൂട് പോലെയെന്ന്. അങ്ങനെ ഭക്ഷണപ്രിയർ തന്നെയിട്ട പേരാണ് പ്രാവിൻകൂട്. അതോടൊപ്പം ഷാപ്പിന്റ രുചിപെരുമയും നാടാകെ ഉയർന്നു.
ഒരേ സമയം മുപ്പതുപേർക്ക് ഇരിക്കാവുന്ന സംവിധാനവും ഷാപ്പിൽ ഒരുക്കിയിട്ടുണ്ട്. അച്ഛന്‍ കൊച്ചുരാമന്റ കാലശേഷമാണ് ജയൻ ഷാപ്പ് ഏറ്റെടുക്കുന്നത്. കള്ളു ഷാപ്പിൽ വിഭവങ്ങൾ ഒരുക്കുന്നത് ജയനും ഭാര്യ ഉഷയുമാണ്.
അച്ഛന്റ കൈപുണ്യം പകര്‍ന്നുകിട്ടിയ ജയൻ വിഭവങ്ങളുടെ രുചികൂട്ടിന് ഒരു കോട്ടവും വരുത്തിയിട്ടില്ല. അന്നും ഇന്നും ഒരേ രുചിയെന്ന് ഷാപ്പിലെ തിരക്ക് സാക്ഷ്യപ്പെടുത്തും. ജയന്റ ഉടമസ്ഥതയിൽ പ്രാവിൻകൂട് കള്ളു ഷാപ്പിന് ഇരുപതുവയസ്സ് തികഞ്ഞിരിക്കുന്നു. അച്ഛന്റ കാലം തൊട്ട് നോക്കുന്നുവെങ്കിൽ നാൽപതുവർഷം പിന്നിട്ട രുചിപ്പുരയാണ് പ്രാവിൻകൂട് കള്ളു ഷാപ്പ്.
വായിൽ വെള്ളമൂറിക്കുന്ന ആവിപറക്കുന്ന വിഭവങ്ങള്‍ നിരക്കുന്ന തീൻമേശ. താറാവു റോസ്റ്റ്, കല്ലുമേക്കായ റോസ്റ്റ്, കാട റോസ്റ്റ്, ഞണ്ട് കറി മുയൽ എന്നീ വിഭവങ്ങൾക്കെല്ലാം വൻ ഡിമാന്റാണ്. കൂടാതെ കപ്പ വേവിച്ചത്, അപ്പം കൂന്തൽറോസ്റ്റ്, തേങ്ങാ അരച്ചുചേർത്ത മീൻകറി, മുളകരച്ച മീൻകറി, ബീഫ് റോസ്റ്റ് എന്നീങ്ങനെ നീളുന്നു.
മറ്റൊരു ആകർഷണം കറികൂട്ടുകൾ എല്ലാം തന്നെ അമ്മിയിൽ അരച്ചെടുത്താണ് പാകം ചെയ്യുന്നതെന്ന് ഷാപ്പുടമ ജയൻ പറയുന്നു. സ്വാദേറുമെന്നു പറയാതെ വയ്യ. വിഭവങ്ങളെല്ലാം വിറകടുപ്പിലാണ് പാകം ചെയ്യുന്നത് അതാണ് മറ്റൊരു സവിശേഷത.
ബഞ്ചും ഡസ്കുകളുമായി നാടൻരീതിയിലുള്ള നാടൻ രുചിപ്പുര.
പ്രാവിൻകൂട് കള്ളു ഷാപ്പിൽ ഫാനിന്റ ആവശ്യമില്ല. സദാ സമയവും നല്ല കാറ്റാണ്. ചൂടിന്റ കാഠിന്യം ലവലേശമില്ല. എപ്പോഴും തണുത്തിരിക്കുന്ന അന്തരീക്ഷം. ആരെയും മോഹിപ്പിക്കുന്നിടമാണ് പ്രാവിൻകൂട് കള്ളു ഷാപ്പ്. വാഹനങ്ങൾ പാർക്കു ചെയ്യുവാനുള്ള സൗകര്യവും പ്രാവിൻകൂട് കള്ളു ഷാപ്പിൽ ഒരുക്കിയിട്ടുണ്ട്.