'വെള്ളപ്പങ്ങാടി... ഇങ്ങനെ ഒരു സ്ഥലപ്പേരോ? നെറ്റി ചുളിക്കുന്നവരോട് മുഖവുരയില്ലാതെ കാര്യം പറയാം. സ്വാദിഷ്ടമായ വെള്ളപ്പം കഴിക്കണമെങ്കിൽ വരാം, തൃശൂരിലെ വെള്ളപ്പങ്ങാടിയിലേക്ക്. സ്വരാജ് ഗ്രൗണ്ടിന് സമീപം ഒരു പോക്കറ്റ് റോഡുണ്ട്. ഇതുവഴി നേരെ പോയാൽ വെള്ളപ്പങ്ങാടിയിലെത്താം. അങ്ങാടിയിലെ വീടുകൾക്ക് മുന്നിൽ എല്ലാം നിരരയായി വെള്ളപ്പച്ചട്ടികൾ കാണാം. ചട്ടിയിൽ നിന്നും ചുട്ടെടുത്ത സ്വാദേറിയ വെള്ളപ്പം സമീപത്തായി കുമിഞ്ഞുകൂടുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ പാചക രീതി. മണ്ണടുപ്പിൽ കനലിലാണ് ഇവിടെ വെള്ളപ്പം ചുട്ടെടുക്കുന്നത്.
മൃദുലവും വ്യത്യസ്ത രുചിയുള്ളതുമാണ് ഇവിടത്തെ വെള്ളപ്പം. അതുകൊണ്ടുതന്നെ നിരവധി ഭക്ഷണപ്രേമികളാണ് വെള്ളപ്പം കഴിക്കാൻ മാത്രമായി തൃശൂരിലെ വെള്ളപ്പങ്ങാടിയിലെത്തുന്നത്.

അതിരാവിലെയും വൈകുന്നേരവുമാണ് വെള്ളപ്പങ്ങാടിയില്‍ കച്ചവടം പൊടിപൊടിക്കുന്നത്. ഒരു ദിവസം ഒരു കച്ചവടക്കാരൻ 500 വെള്ളപ്പമെങ്കിലും വിറ്റഴിക്കും. ഒരു വെള്ളപ്പത്തിന് മൂന്ന് രൂപയാണ് ഈടാക്കുന്നത്. കൂടാതെ വെള്ളപ്പം വിവിധയിടങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്. പഴമ നിലനിർത്തിയുള്ള പാചക രീതി തന്നെയാണ് വെള്ളപ്പങ്ങാടിയിലെ വെള്ളപ്പത്തെ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ആഹാരമാക്കുന്നത്. 100 അപ്പത്തിൽ കൂടുതൽ ഉണ്ടെങ്കിൽ കാറ്ററിംഗ് സർവീസും ഇവിടെ നിന്ന് ലഭ്യമാണ്.
ഞാൻ ജനിച്ച കാലം മുതൽ ഈ വെള്ളപ്പ കച്ചവടവും അങ്ങാടിയും ഇങ്ങനെയാണ്. ഒരു മാറ്റവും ഇല്ല. ഇപ്പോൾ എന്റെ മകൾക്ക് 12 വയസായി. ഇത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും കച്ചവടം നടത്തുന്ന ജെസ്സി പറയുന്നു.

ഇപ്പോൾ പലരും വെള്ളപ്പ കച്ചവടത്തിൽ നിന്ന് പിൻമാറി. ഉത്തരേന്ത്യയിൽ നിന്ന് വന്ന ചിലരും ഇപ്പോള്‍ ഇവിടെ വെള്ളപ്പ സ്റ്റാളുകൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ., വെള്ളപ്പങ്ങാടിയിലെ പരമ്പരാഗത കച്ചവടക്കാരുടെ വെള്ളപ്പത്തിന്റെ രുചിക്കൂട്ട് അവർക്ക് അറിയില്ല. വെള്ളപ്പത്തിന് പുറമെ അച്ചപ്പവും കുഴലപ്പവും എല്ലാം ഭക്ഷണ പ്രിയരെ കാത്തിരിപ്പുണ്ട് വെള്ളപ്പങ്ങാടിയിൽ.