എബിൻ എഫ്രേം എലവത്തിങ്കൽ എന്ന അങ്കമാലിക്കാരനെ എവിടെയെങ്കിലും ഒന്ന് കെട്ടിയിടാൻ വേണ്ടിയാണ് വീട്ടുകാർ പിടിച്ചു കെട്ടിച്ചത്. ഏതുനേരവും ഊരുചുറ്റലായിരുന്നു എബിന്റെ പ്രിയപ്പെട്ട വിനോദം. കോയമ്പത്തൂരിലുള്ള സ്വകാര്യ കൊളജിൽ പ്രഫസറാണെങ്കിലും യാത്ര ഒഴിഞ്ഞൊരു നേരമില്ലായിരുന്നു. ഇങ്ങനെ അലഞ്ഞുതിരിഞ്ഞാൽ ശരിയാകില്ലെന്ന് തോന്നിയതുകൊണ്ടാണ് കല്യാണം കഴിപ്പിച്ച് ചെറുക്കനെ എവിടെയെങ്കിലും കുരുക്കാൻ തീരുമാനിച്ചത്.
മാട്രിമോണി സൈറ്റിൽ നിന്നും തൊടുപുഴക്കാരി ജോൺസി ജോണിനെ എബിനുവേണ്ടി വീട്ടുകാർ തന്നെ കണ്ടെത്തി. കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന ജോൻസി ജീവിതത്തിലേക്ക് വരുന്നതോടെ രീതികൾ ഉപേക്ഷിച്ച് അച്ചടക്കം വരുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. പക്ഷെ ശേഷം സംഭവിച്ചത് മറ്റൊന്നായിരുന്നു. ഉലകം ചുറ്റാൻ പ്രിയതമയും കൂടെ കൂടിയതോടെ ട്രിപ്പ് ജോഡി എന്ന ചാനൽ തന്നെ രൂപം കൊണ്ടു. ട്രിപ്പ് ജോലി തുടങ്ങിയതെങ്ങനെയെന്ന് എബിനും ജോൺസിയും വിശദീകരിക്കുന്നു:
എബിൻ എഫ്രേം എലവത്തിങ്കലിന്റെ വാക്കുകൾ
പത്തുമാസം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം, തികച്ചും അപരിചിതരായ വ്യക്തികളായിരുന്നു ഞങ്ങൾ. വീട്ടുകാർ വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് ഒരിക്കൽ എനിക്കൊരു ഫെയ്സ്ബുക്ക് മെസേജ് വന്നു, ഹായ് ഗബ്ബാർ, ഫ്രം എ സ്ട്രെയ്ഞ്ചർ എന്ന്. എന്റെ കൊളജിലെ ഇരട്ടപേരായിരുന്നു അത്. ആരെങ്കിലും പഴയ പരിചയക്കാരാകുമെന്നാണ് കരുതിയത്. പിന്നീടാണ് മനസിലാകുന്നത് വീട്ടുകാർ എനിക്കായി കണ്ടെത്തിയ പെൺകുട്ടിയാണ് അജ്ഞാതസന്ദേശം അയച്ചതെന്ന്.
അതായിരുന്നു തുടക്കം. ആൾക്ക് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് തോന്നി. യാത്രയോടുള്ള കമ്പം പറഞ്ഞപ്പോൾ എതിരൊന്നു പറഞ്ഞില്ലെന്നു മാത്രമല്ല, ഒപ്പം കൂടുകയും ചെയ്തു. ശനിയും ഞായറും ഞങ്ങൾക്ക് അവധിയാണ്. ആ ദിവസങ്ങളിൽ ഒരു പോക്ക് അങ്ങ് പോകും. ആദ്യമൊക്കെ ഫെയ്സ്ബുക്കിൽ യാത്രകളെക്കുറിച്ച് കുറിപ്പുകളായിരുന്നു. ആളുകൾ സംശയങ്ങളും യാത്രയെക്കുറിച്ചുള്ള കൂടുതൽ ചോദിക്കാൻ തുടങ്ങിയതോടെ വിഡിയോയായി ചെയ്യാൻ തുടങ്ങി. കോവളത്ത് സ്കൂബഡൈവിങ്ങ്, ജല്ലിക്കെട്ട്, വട്ടക്കനാൽ, പൊള്ളാച്ചിയിലെ ബലൂൺ ഫെസ്റ്റ് അതെല്ലാം വിഡിയോയായി കാണിച്ചുതുടങ്ങിയതോടെ കാഴ്ചക്കാരും കൂടി. പതിയെ യാത്ര ചെയ്യാനുള്ള താൽപര്യം ഇതുവരെ യാത്ര ചെയ്യാത്തവരും കാണിക്കാൻ തുടങ്ങി.
ജോൺസിക്ക് യാത്രയോട് പണ്ടുതൊട്ടേ കമ്പമുണ്ടായിരുന്നോ എന്നു ചോദിച്ചപ്പോൾ, ഉത്തരം ജോൺസി തന്നെ പറയട്ടെ എന്നായി എബിൻ
ജോൺസിയുടെ വാക്കുകൾ;
എന്റെ ചെറുപ്പത്തിൽ ഞാൻ ഒറീസയിൽ ആയിരുന്നു. പിന്നീട് തൊടുപുഴയിലേക്ക് പോരുന്നു. തൊടുപുഴയിൽ എത്തിയതിൽ പിന്നെ യാത്രകൾ ഒന്നും ചെയ്തിട്ടേയില്ല. വീടും സ്കൂളും പഠിത്തവും മാത്രമായിരുന്നു. എങ്കിലും യാത്ര ചെയ്യാനുള്ള താൽപര്യം മനസിൽ ഒരു മനോഹരസ്വപ്നമായി അവശേഷിച്ചിരുന്നു. സ്ഥലങ്ങൾ കാണണം, അറിയണം, ആസ്വദിക്കണം എന്നുള്ള ആഗ്രഹമുണ്ടായിരുന്നു. എഫ്രിന്റെ മാട്രിമോണി പേജ് കണ്ടപ്പോൾ തന്നെ മനസിലായി യാത്രകളോട് താൽപര്യമുള്ള ആളാണെന്ന്. യെസ് പറയാനുള്ള ഒരു പ്രധാനകാരണവും അതുതന്നെയാണ്.
ഓരോ യാത്രയും എബിനും ജോൺസിക്കും പ്രണയത്തിലേക്കുള്ള യാത്രകൂടിയാണ്. യാത്രകളാണ് ഇരുവരെയും കൂടുതൽ അടുപ്പിച്ചത്. ഓരോ യാത്ര കഴിയുമ്പോഴും കുറവുകൾ മനസിലാക്കി തിരുത്തി കൂടുതൽ അടുക്കാൻ സാധിക്കാറുണ്ടെന്ന് ഇരുവരും ഒരേസ്വരത്തിൽ പറയണം. പാതിരാത്രിയിൽ ഒരു ചായകുടിക്കാൻ തോന്നിയാൽ വരൂ പോകാം എന്ന് എബിൻ പറഞ്ഞാൽ ജോൺസിക്ക് മനസിലാകും ഊട്ടിയിലേക്കാവും യാത്രയെന്ന്. ഊട്ടിയുടെ തണുപ്പിലും പ്രണയത്തിന്റെ കുളിരിലുമലിഞ്ഞ് കോയമ്പത്തൂരിൽ നിന്നും ഊട്ടിവരെ പോയി ചായകുടിച്ചിട്ടുവന്ന സുന്ദരസന്ദർഭങ്ങളുണ്ടെന്ന് ഇരുവരും പറയുന്നു.
കുറഞ്ഞ ചെലവിലുള്ള യാത്രകൾക്കാണ് ഇരുവരും പ്രാധാന്യം നൽകുന്നത്. കീശചോരാതെ എങ്ങനെ യാത്ര ചെയ്യാം സ്ഥലങ്ങൾ കാണാം, അതിനായി എന്തെല്ലാം ഒഴിവാക്കാം എന്നെല്ലാം ഓരോ യാത്ര കഴിയുമ്പോഴും ഇവർ കൂടുതൽ പഠിക്കുകയാണ്. സ്വപ്നം പോലെ മനോഹരമാണ് ഈ ട്രിപ്പ് ജോഡികളുടെ ഓരോ യാത്രയും.