ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിന്റെ കവാടം പ്രഭാത, സായാഹ്ന സവാരിക്കാർക്കു മുൻപിൽ അടഞ്ഞെങ്കിലും വിഷമിക്കേണ്ട. വിളിപ്പാടകലെ പുഴയോരത്തു മഹാഗണി തോട്ടത്തിന്റെ തണലും ഔഷധ സസ്യങ്ങളുടെ സൗരഭ്യവുമുള്ള ഒന്നാന്തരം നടപ്പാത നിങ്ങളെ കാത്തിരിക്കുന്നു. നടപ്പിന്റെ താളം തെറ്റിക്കാൻ ഇവിടെ രണ്ടു സംഗതികളേയുള്ളൂ: കുളിർകാറ്റും പക്ഷികളുടെ കലപിലയും.
നട്ടുച്ചയ്ക്കു പോലും നടക്കാൻ നല്ല സുഖമുണ്ട്, തണൽ വിരിച്ച ഈ പാതയിലൂടെ. പക്ഷേ, നഗരവാസികളിൽ അധികംപേരും ഇതു തിരിച്ചറിഞ്ഞിട്ടില്ല. അതിന് അവരെ കുറ്റപ്പെടുത്താനും പറ്റില്ല. മണപ്പുറത്തു സാമൂഹിക വിരുദ്ധ ശല്യം കൂടുകയും രാത്രി മഹാഗണി മരങ്ങൾ മുറിച്ചു കടത്തുകയും ചെയ്തതിനെ തുടർന്നു പൊലീസ് ഇവിടേക്കുള്ള വഴി കുറച്ചുകാലം അടച്ചുകെട്ടിയിരുന്നു.
ശിവരാത്രി ബലിതർപ്പണം നടക്കുന്ന ദേവസ്വം ഭൂമിയുടെ വടക്കുഭാഗത്തു കുട്ടിവനത്തിനു സമീപം പരിസ്ഥിതി സംരക്ഷണ സംഘവും വനംവകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗവും ചേർന്നു നട്ടുവളർത്തിയതാണ് ഈ ഹരിതവനവും ഔഷധത്തോട്ടവും. അറുനൂറിലേറെ വ്യത്യസ്ത ഇനം വൃക്ഷങ്ങളുള്ള ഹരിതവനം നഗരത്തിനുള്ളിലെ പക്ഷിസങ്കേതം കൂടിയാണ്.
ആലുവയുടെ ഓക്സിജൻ പാർക്കെന്നാണു പരിസ്ഥിതി പ്രവർത്തകർ ഹരിതവനത്തെ വിശേഷിപ്പിക്കുന്നത്. നടപ്പു കഴിഞ്ഞാൽ വിശ്രമിക്കാൻ ഇവിടെ കൽപ്പടവുകളും കുളിക്കടവുമുണ്ട്. ഗവ. ആയുർവേദ ആശുപത്രിയുടെ അരികിലൂടെ വടക്കെ മണപ്പുറം വരെ എത്തിനിൽക്കുന്ന ടാർ റോഡ് ഹരിതവനത്തിലേക്കു നീട്ടിയാൽ നഗരവാസികൾക്ക് എത്തിച്ചേരാൻ കൂടുതൽ എളുപ്പമാകും. കൊട്ടാരക്കടവിൽ നിന്നു പെരിയാറിനു കുറുകെ മണപ്പുറത്തേക്കുള്ള നടപ്പാലം കടന്നും ഹരിതവനത്തിൽ എത്താം.
പെരിയാർ റിവർ റൺ
പെരിയാർ സംരക്ഷണ സന്ദേശമുയർത്തി പെരിയാർ റണ്ണേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 5.30നു മണപ്പുറത്തു 10 കിലോമീറ്റർ ഓട്ടം സംഘടിപ്പിക്കും.
ജീവിതശൈലി ബോധവൽക്കരണവും സംഘാടകർ ലക്ഷ്യമിടുന്നു. പങ്കെടുക്കുന്നവർക്കെല്ലാം ടീഷർട്ട്, ഫിനിഷർ മെഡൽ എന്നിവ നൽകും. റജിസ്ട്രേഷൻ ഫീസുണ്ട്.
കുളിർകാറ്റ്, കിളിപ്പാട്ട്; ഹരിതവനത്തിലൂടെ നല്ലനടപ്പ്
SHOW MORE