കടലുണ്ടി വിളിക്കുന്നു, കാഴ്ചത്തുരുത്തിലേക്ക്!

11kozhikode-kadalundi.jpg.image.784.410
SHARE

കടലുണ്ടി ∙ പക്ഷിസങ്കേതവും കണ്ടൽക്കാടുകളുമടങ്ങുന്ന കടലുണ്ടിയുടെ വശ്യചാരുത നുകരാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം ബോട്ട് സർവീസ്. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയിൽ രണ്ടു യാനങ്ങളുമായി ആരംഭിച്ച മാൻഗ്രൂവ്സ് ഇക്കോ ടൂറിസം യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു.സഞ്ചാരികൾക്ക് കടലുണ്ടിപ്പുഴയുടെ ഓളത്തിനൊപ്പം സഞ്ചരിച്ചു

പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകളുടെ ദൃശ്യമനോഹാരിത ആസ്വാദിക്കാനാകും. 10 പേർക്കു സഞ്ചരിക്കാവുന്ന രണ്ടു മണിക്കൂർ ട്രിപ്പിനു 1500 രൂപയാണ് നിരക്ക്. കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ തുരുത്തുകൾ ചുറ്റിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കടലുണ്ടിക്കടവ് അഴിമുഖവും പക്ഷിസങ്കേതവുമടക്കം യാത്രയ്ക്കിടെ കാണാൻ കാഴ്ചയുടെ വിശാലമായ ലോകം തന്നെയുണ്ട്. കടലും പുഴയും ഒന്നിക്കുന്ന ഇവിടത്തെ അഴിമുഖം നയന മനോഹരമാണ്. അപൂർവ പ്രകൃതി സൗന്ദര്യത്തിന്റെ സംഗമ വേദിയായ കടലുണ്ടിയിലെ ഒൻപത് ഇനം കണ്ടലുകളും യാത്രയ്ക്കിടെ കാണാനാകും.

വിരുന്നെത്തുന്നവർക്കു യാത്രയ്ക്കൊപ്പം പുഴ വിഭവങ്ങളുടെ രുചികരമായ നാടൻ ഭക്ഷണമടക്കമുള്ള പായ്ക്കേജുകളും ഇക്കോ ടൂറിസം യൂണിറ്റ് ഒരുക്കിയിട്ടുണ്ട്. കടലുണ്ടിപ്പുഴയിലെ കരിമീൻ, ഞണ്ട്, മുരു ഇറച്ചി, ചെമ്മീൻ വിഭവങ്ങൾക്കൊപ്പം കപ്പ, പത്തിരി, ചപ്പാത്തി എന്നിവയാണ് മാൻഗ്രൂവ്സ് യൂണിറ്റിന്റെ പായ്ക്കേജിലുള്ളത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. നിഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് മുഖ്യാതിഥിയായി. ഡിടിപിസി അംഗം ഒ. ഭക്തവത്സലൻ മുഖ്യപ്രഭാഷണം നടത്തി. 

ഡിഎഫ്ഒ കെ.കെ. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി. രമേശൻ, പിലാക്കാട്ട് ഷൺമുഖൻ, സിന്ധു പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ഷാഹിദ് കടലുണ്ടി, ഹക്കീമ മാളിയേക്കൽ, കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ, പി. ശശീന്ദ്രൻ, സി.വി. ബാവ, സി.പി. അളകേശൻ, കുന്നത്ത് വേണുഗോപാൽ, എ. ഡൽജിത്ത്, എ.പി. വിനോദ്, അബ്ദുൽ മുഗാദിർ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA