ജഗന്റെ ജസ്റ്റ് റിമെംബെർ ദാറ്റ്

samosa-point-snacks.jpg.image.784.410 (1)
SHARE

മഴയുടെ തണുപ്പിലമർന്നിരുന്നു  ചൂട് ചായയും കടിയും കഴിക്കാൻ കൊതിക്കാത്തവർ ആരുമുണ്ടാകാനിടയില്ല. കേരളത്തിൽ നിന്നും മാറി നിൽക്കുന്ന മലയാളികളുടെയെല്ലാം ഗൃഹാതുരത്വ ഓർമകളിൽ അങ്ങനെയൊരു ചിത്രമുണ്ടാകും. നീളൻ വരാന്തയിലിരുന്ന്  മഴയും തണുപ്പും ആസ്വദിച്ചു, ആവിപറക്കുന്ന ചൂടുചായ ഊതിയൂതി കുടിക്കുന്നതിനൊപ്പം നല്ല ചൂടുള്ള പരിപ്പുവടയോ ഉഴുന്നുവടയോ സമോസയോ കഴിക്കാൻ കൂടി കിട്ടിയാൽ ജോറായി. ആ അനുഭൂതിയെ വർണിക്കുന്നത് പ്രയാസകരമാണ്.

samosa-tea.jpg.image.784.410

ഹിറ്റ് ഡയലോഗുകളും കോമഡി ഡയലോഗുകളും ചുവര് നിറക്കുന്ന നിരവധി ഹോട്ടലുകൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.  എന്നാൽ ഹോട്ടലിലെ വിഭവങ്ങൾക്കുപോലും ഭരത്ചന്ദ്രൻ ഐ പി എസ്സിന്റെ ''ജസ്റ്റ് റിമെംബെർ ദാറ്റ്'' എന്നൊക്കെയുള്ള പേരിടണമെങ്കിൽ ഹോട്ടലുടമ ഒരിക്കലും ചില്ലറക്കാരനല്ല എന്ന് വേണം കരുതാൻ. അതെ...ഷാജി കൈലാസിന്റെ മകന് തന്റെ സൂപ്പർഹിറ്റ് വിഭവത്തിനു ഇതിലപ്പുറം മറ്റെന്തു പേരാണ് നല്‍കാൻ കഴിയുക? താരങ്ങളുടെയെല്ലാം മക്കൾ സിനിമയിൽ ഒരു കൈപയറ്റാൻ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ഈ സമയത്തു അതിൽ നിന്നെല്ലാം വ്യത്യസ്തമായി അച്ഛന്റെ പാത വിട്ട്, അമ്മയുടെ പാചകക്കൂട്ടുകളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ജഗൻ ഷാജി കൈലാസ്. 

jagan-kailas.jpg.image.784.410
Jagan Shaji Kailas with director B. Unnikrishnan at Samosa Point

ഷാജി കൈലാസിന്റെയും ആനിയുടെയും പ്രിയപുത്രന്റെ സമോസ പോയിന്റ് എന്ന 'ചെറുകടി' കട സ്ഥിതി ചെയ്യുന്നത് തിരുവന്തപുരത്തെ വഴുതക്കാടാണ്. പേരിൽ സമോസ മാത്രമാണെങ്കിലും ഒട്ടുമിക്ക ചെറുകടികളും വിളമ്പുന്നുണ്ട് ജഗന്റെ ഈ സമോസ പോയിന്റ്. അതിൽ അമ്മയുടെ സ്പെഷ്യൽ വിഭവങ്ങളുമുണ്ട്. സ്ഥിരം സമോസ ചേരുവകളിൽ നിന്നുമാറി പലതരത്തിലുള്ള ചേരുവകൾ ചേർത്ത സമോസകളാണ് ഈ കടയുടെ പ്രത്യേകത. മുട്ട സമോസ, ചിക്കൻ സമോസ, ക്രാബ്ബ്ഡ് ലോലിപോപ് സമോസ, കോഴിക്കോടിന്റെ സ്വന്തം കിളിക്കൂട്, പലതരം സാൻഡ് വിച്ചുകൾ   എന്നിവയെല്ലാം മിതമായ വിലയിൽ ഇവിടെ ലഭ്യമാണ്.

സമോസ പോയിന്റിലെ 'മെഗാസ്റ്റാർ' കോഴിക്കോടിന്റെ തനതുനാലുമണി പലഹാരമായ കിളിക്കൂടാണ്. അച്ഛന്റെ സിനിമയിലെ ഹിറ്റ് ഡയലോഗ് ആണ് ഈ വിഭവത്തിനു ജഗൻ നൽകിയിരിക്കുന്ന പേര് '' ജസ്റ്റ് റിമെംബെർ ദാറ്റ്''. കഴിച്ചവർ കഴിച്ചവർ വീണ്ടും വീണ്ടും ഈ വിഭവമന്വേഷിച്ചു വരുമ്പോൾ അതിന്റെ രുചി ഓര്‍മിക്കപെടുന്നുണ്ട് എന്നതിന് വേറെ തെളിവുകളെന്തിനാണ്? കിളിക്കൂട് മാത്രമല്ല, സമോസ പോയിന്റിലെ ഒട്ടുമിക്ക വിഭവങ്ങളും സൂപ്പർ ഹിറ്റുകൾ തന്നെയാണ്. പതിനഞ്ചോളം വ്യത്യസ്തതരം ചെറുകടികൾ, കട്ടന്‍ചായക്കൊപ്പമാണ് ഇവിടെ ലഭിക്കുന്നത്. ഇരുപതു രൂപയിൽ താഴയേയുള്ളു ഇവിടുത്തെ ഓരോ വിഭവത്തിനും. അതുകൊണ്ടു തന്നെ ആവശ്യക്കാരുമേറെയാണ്, തിരക്കും കൂടുതലാണ്. 

മകന്റെ താല്‍പര്യം സിനിമയല്ല, ബിസിനസ് ആണെന്ന് മനസിലാക്കിയ ഷാജി കൈലാസും ആനിയും അവന്റെ അഭിരുചികൾക്കനുസരിച്ചു മുന്നോട്ടുപോകാൻ സർവപിന്തുണയും നൽകുകയായിരുന്നു. സമോസ പോയിന്റ് എന്ന ബിസിനസ് സംരംഭത്തിന്റെ നിക്ഷേപത്തുകയും ജഗന്റെ സ്വന്തം സമ്പാദ്യം തന്നെയാണ്. “ചലിക്കുന്ന ഒരു റസ്റ്റോറൻറ് ആയിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്. അതിന്റെ പ്രയോഗികതയെ കുറിച്ച് ചിന്തിച്ചപ്പോൾ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

kozhivada.jpg.image.784.410

ഇങ്ങനെയൊരു പലഹാര കടയെക്കുറിച്ചു ആലോചിക്കുമ്പോൾ എപ്പോഴും മനസ്സിലുണ്ടായിരുന്ന ഏക വിഭവം സമോസ മാത്രമായിരുന്നു. വിവിധ രുചികളിൽ എങ്ങനെ സമോസ തയ്യാറാക്കാം എന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അതിൽ ഓരോ ചേരുവകളുടെ കൂട്ടിലും അമ്മയുടെ പാചക അറിവുകളും കൈപ്പുണ്യവും ചേർന്നു, കൂടെ അച്ഛന്റെ വലിയ പിന്തുണയും”, ജഗൻ പറയുന്നു. 

സമോസ പോയിന്റിന്റെ ഒൗട്‍‍‍െലറ്റുകൾ തിരുവന്തപുരത്തിനകത്തും മറ്റുജില്ലകളിലുമെല്ലാം തുറക്കാനുള്ള ശ്രമങ്ങളിലാണ് ജഗനിപ്പോൾ . കേരളം മുഴുവൻ അച്ഛന്റെ സിനിമകളെ സ്വീകരിച്ചതുപോലെ തന്റെ സമോസ പോയിന്റിനും സ്വീകാര്യത ലഭിക്കുമെന്നാണ് ജഗന്റെ പ്രത്യാശ. ആനിയുടെ കൈപ്പുണ്യം നിറച്ച്, അച്ഛന്റെ സിനിമകളെ പോലെ ത്രില്ലടിപ്പിക്കുന്ന വിഭവങ്ങളുമായി ജഗൻ എത്തുമ്പോൾ സമോസ പോയിന്റ് ഒരു ബ്ലോക്ക് ബസ്റ്റർ തന്നെയാവുമെന്നതിനു സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA