വറുത്തും പൊരിച്ചും ചുട്ടുമെല്ലാം ഊണുമേശയിൽ നിറയുന്ന വിഭവങ്ങൾക്ക് മണവും രുചിയുമെല്ലാം നിറയുന്നത് കൈപ്പുണ്യത്തിനൊപ്പം സ്നേഹത്തിന്റെ ചേരുവകൂടി ചേര്‍ക്കുന്നതുകൊണ്ടാണ്. മലബാറിന്റെ തീന്മേശയിലെ രുചിക്കൂട്ടുകളിൽ ഏറിയപങ്കും അറബിനാട്ടിൽ നിന്നാണ്. അറബിനാടിന്റെ സൊയമ്പൻ ബിരിയാണി വാസന മൂക്കിലടിച്ചു കയറുമ്പോഴാണ് ഇങ്ങു കൊച്ചീന്നും തിരോന്തോരത്തുനിന്നുമൊക്കെ ഫ്രീക്ക് പിള്ളേർ ബൈക്കും കൊണ്ട് മലപ്പുറത്തിനും കോഴിക്കോടിനുമൊക്കെ വെച്ചുപിടിക്കുന്നത്. ഫുട്ബോളിന്റെ താളം മാത്രമല്ല നല്ല അറേബ്യൻ വിഭവങ്ങൾ വെച്ചുവിളമ്പാനുമറിയാം മലപ്പുറത്തിന്. അങ്ങനെ രുചിയുടെ ആവേശം ഭക്ഷണപ്രേമികളിൽ നിറക്കുന്ന ഒരു ഭക്ഷണശാലയുണ്ട് വള്ളുവനാടിന്റെ സൗന്ദര്യമായ മലപ്പുറത്തിന്റെ സ്വന്തം പെരിന്തൽമണ്ണക്ക്...മസാലി റസ്‌റ്റോറന്റ്.
വിഭവങ്ങളുടെ ആധിക്യത്താൽ കഴിക്കാൻ എന്ത് തിരഞ്ഞെടുക്കുമെന്നു രുചിയറിയാനെത്തുന്നവരെ ആശയകുഴപ്പത്തിലാക്കുന്ന രുചിയിടമാണ് മസാലി. സൂപ്പുകളിൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ നമ്മുടെ നാടിന്റെ സ്വന്തമെന്നു പറയാവുന്ന, ഔഷധഗുണങ്ങൾ ഏറെയുള്ള ആട്ടിന്‍കാല് സൂപ്പ് തീക്കനലിന്റെ ചൂടിൽ ആവി പറത്തി മേശപ്പുറത്തെത്തും. നല്ല കുരുമുളകിന്റെയും മല്ലിയുടെയും മണത്തിനും ഗുണത്തിനുമൊപ്പം മൺചട്ടിയുടെ ഗൃഹാതുരത്വവും സ്വാദും കൂടിയാകുമ്പോൾ ബാല്യത്തിലെ രുചിയോർമ്മകൾക്കു ആ തീന്മേശയിൽ ഒരു പുനർജനി ഉണ്ടാകുകയായി.
തുടക്കത്തിലേ ആ രുചി നൽകിയ മതിപ്പു പിന്നെ വരുന്ന ഓരോ വിഭവങ്ങളും ആവർത്തിക്കും. നമുക്ക് ചുറ്റും ഇപ്പോൾ രുചിയുടെ ഒരു മായികലോകമാണ്. വന്നുപോകുന്ന വിഭവങ്ങളുടെ പേരുകൾ വിസ്മരിക്കുമെങ്കിലും ആ സ്വാദിന്റെ കൂട്ടുകൾ നാവിലെ രസമുകുളങ്ങളെ എല്ലാക്കാലത്തും ത്രസിപ്പിക്കും.
മസാല പുരട്ടി,വാഴയിലയിൽ പൊതിഞ്ഞു ചുട്ടെടുത്ത കോഴിയും പച്ചകാന്താരിയുടെ എരിവിൽ ഗ്രിൽ ചെയ്തെടുത്ത ആവോലിയും ഐക്കൂറയും മൂപ്പെത്താത്ത ഇളംകോഴി മൺചട്ടിയിലെ തേങ്ങാപ്പാലിൽ തീർത്ത കറിയായും പച്ചകുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചുപുരട്ടി ചുട്ടെടുക്കുന്ന ആവോലിയുമൊക്കെ രുചിയറിയാനെത്തുന്നവരെ മോഹിപ്പിക്കുന്ന മസാലിയിലെ തനതുവിഭവങ്ങളാണ്.
മൽസ്യവിഭവങ്ങളുടെ വിപുലമായ ലോകമാണ് മസാലി. പിടക്കുന്ന മൽസ്യങ്ങൾ പല രുചികളിൽ, പല നിറങ്ങളിൽ ആവശ്യക്കാരുടെ താൽപര്യമറിഞ്ഞു ഭക്ഷണപ്രിയരുടെ മുമ്പിൽ തന്നെ പാകം ചെയ്തു വിളമ്പുകയാണിവിടുത്തെ പതിവ്. രുചിയുടെയും ചേരുവകളുടെയും കൂട്ടിൽ ഒരു വിട്ടുവീഴ്ചക്കും ഈ രുചിപ്പുര ഒരുക്കമല്ല. മൽസ്യവിഭവങ്ങൾക്കു പുറമെ ചിക്കൻ, ബീഫ്, മട്ടൺ വിഭവങ്ങളും നമ്മുടെ നാടൻ സ്വാദുകളിലും അറേബ്യൻ, തായ്, കോണ്ടിനെന്റൽ രുചിവൈവിധ്യത്തിലും മസാലി വിളമ്പുന്നുണ്ട്.
ബ്രോസ്‌റ്റഡ് ചെമ്മീൻ, പൊരിച്ച ചെമ്മീൻ, ലെബനീസ് ഗ്രിൽഡ് ചിക്കൻ, ചിക്കൻ മദോസ്, കുഞ്ഞി കോഴി ചട്ടി കറി തുടങ്ങി നിരവധി നിരവധി വിഭവങ്ങളുടെ ഒരു പറുദീസയാണ് മസാലി. വിവിധതരം ജ്യൂസുകൾ, മധുര പലഹാരങ്ങൾ, ചെറുകടികൾ, കേക്കുകൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. മസാലിയിലെ വിഭവങ്ങൾ രുചിച്ചറിയാൻ മറ്റു പ്രമുഖരും എത്താറുണ്ട്. രുചിയുടെ കാര്യത്തിൽ സൂപ്പർ സ്റ്റാറാണ് മസാലി.
മസാലി എന്ന ഉസ്ബക് വാക്കിന്റെ അർഥം സ്വാദിഷ്ടം, രുചികരം എന്നൊക്കെയാണ് . ആ അർത്ഥത്തെ സംശയലേശമെന്യേ സത്യമാക്കുകയാണ് മസാലി എന്ന രുചിയിടം. കാലത്തു എട്ടുമണിക്കാണ് ഈ രുചിലോകം തുറന്നുപ്രവർത്തിക്കാൻ തുടങ്ങുന്നത്. രാത്രി 11.30 വരെ ഭക്ഷണം കഴിക്കാനെത്തുന്നവരെ കാത്ത് മസാലി തുറന്നിരിക്കും.