സൂപ്പറാണ് ഗരുഡാകരി കള്ളുഷാപ്പ്

കുട്ടനാടിന്റെ രുചിയറിഞ്ഞവനെ ആ രുചിത്താളമെന്നും മോഹിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം അങ്ങു തിരുവനന്തപുരത്തു നിന്നും കാസർഗോഡ് നിന്നുമെല്ലാം വണ്ടിയുമെടുത്തു ആളുകൾ ആ രുചി തേടിയെത്തുന്നത്. നാടൻ രുചികളുടെ കലവറ തുറന്നാണ് കുട്ടനാട്ടിലെ രുചിയിടങ്ങൾ അതിഥികളെ സ്വീകരിക്കുന്നത്. അതിൽ കള്ളുഷാപ്പുകൾ വിളമ്പുന്ന രുചി അറിഞ്ഞ നാവ്, ആ രുചിക്കൂട്ടിന്റെ സുഖം നല്‍കിയവനെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കുമെന്നാണ് ഗരുഡാകരി കള്ളുഷാപ്പിലെ സ്ഥിരം സന്ദർശകർ പറയുന്നത്.

ഗരുഡാകരി കള്ളുഷാപ്പ്, കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ പാടങ്ങളുടെ കരയിലാണ് ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. കുട്ടനാട്ടിലെ നാടൻ വിഭവങ്ങളെല്ലാം ലഭ്യമായ ഈ ഷാപ്പിനോട് ചേർന്ന് ഒരു ഫാമിലി റെസ്റ്റോറന്റും ഉണ്ട്. ഭക്ഷണത്തിന്റെ രുചിയറിയാൻ എത്തുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളത്. പതിനെട്ടോളം കുടിലുകൾ ഈ ഷാപ്പിനു ചുറ്റിലുമുണ്ട്. ഇവിടെ വരുന്ന കുടുംബങ്ങൾക്ക് സൗകര്യപൂർവമിരുന്നു  ഭക്ഷണം കഴിക്കുന്നതിനായി ഒരുക്കിയിരിക്കുന്നതാണിത്.

സ്പെഷൽ ബീഫ്

കൊതിപിടിപ്പിക്കുന്ന വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ രുചിപ്പുരയിൽ അതിഥികളെ കാത്തിരിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനി കരിമീൻ  പൊള്ളിച്ചതാണ്. നല്ല നാടൻ കരിമീൻ, മസാലക്കൂട്ടുകളുടെയും ചെറിയുള്ളിയുടെയും സ്വാദിൽ അലിഞ്ഞു ചേർന്ന്, അടുപ്പിലെ ചെറുചൂടിലമർന്ന്  വാഴയിലയിൽ പൊള്ളിവരുമ്പോൾ വായുവിലുയർന്നു പൊങ്ങുന്ന മണത്തിനും രുചിക്കുമ്പോഴത്തെ സുഖത്തിനും ഇനിയും വിവരിക്കാൻ വാക്കുകളില്ലാത്തതരം അനുഭൂതി പകരാൻ കഴിയും. പിന്നെയുമുണ്ട് നിരവധി കറിക്കൂട്ടുകൾ, ഒപ്പം നല്ല ഊണും കപ്പ വേവിച്ചതും കാച്ചില്‍ പുഴുങ്ങിയതും ചേമ്പു പുഴുങ്ങിയതും.

കരിമീൻ ഫ്രൈ

കാച്ചിലും ചേമ്പും കായും പയറുമെല്ലാം കൂട്ടി വേവിച്ച 'കൊഴ'യെന്ന തനിനാടൻ വിഭവവും അപ്പവും ചപ്പാത്തിയുമെല്ലാമുണ്ട്. ഞണ്ടും ചെമ്മീനും വാളയും വറ്റയും കേരയുമെല്ലാം കറികളായി നിറയുമ്പോൾ പൊടിമീൻ വറുത്തതും പള്ളത്തിയുമെല്ലാം സ്വാദിന്റെ അടയാളങ്ങളായി രുചിയറിയാൻ എത്തുന്നവന് മുമ്പിൽ അണിനിരക്കുന്നു. നല്ല പിടയ്ക്കുന്ന മീൻവിഭവങ്ങൾക്ക് പുറമേ കോഴിയും പന്നിയും പോത്തും ആടും താറാവും കക്കയും കല്ലുമ്മേക്കായുമെല്ലാം രുചിരാജാക്കന്മാരായി ഗരുഡാകരിയിലെത്തുന്നവനെ ആകർഷിക്കുന്നു.

പുട്ടും ബീഫും

മനോഹരമായ പ്രകൃതിയും പാടങ്ങളും തണുത്ത കാറ്റും മധുരകള്ളിന്റെ സുഖവുമെല്ലാം കുട്ടനാട്ടിലെത്തുന്നവനെ പിന്നെയും അവിടെ ചെല്ലാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ സുന്ദരമായ പ്രകൃതിയിൽ ഇരുന്നു ഒരിക്കലൊന്നു രുചിയാസ്വദിച്ചവൻ കേരളത്തിന്റെ നെതർലൻഡ്സ് എന്നറിയപ്പെടുന്ന ഈ നാട്ടിലേക്ക്  വീണ്ടുമെത്താറുണ്ട്. നാടൻ വിഭവങ്ങളും തനിനാടൻ മനുഷ്യരുമുള്ള ഈ കായൽക്കര, ചെന്നെത്തുന്ന അതിഥികളെ ഏറ്റവും നല്ല വിഭവങ്ങൾ നൽകി തന്നെയാണ് സ്വീകരിക്കാറ്. അതിൽ കുട്ടനാടൻ കായലിലെ പിടക്കുന്ന മത്സ്യങ്ങളും കായൽ കയ്യേറി അവിടെ വളരുന്ന താറാവുകളുമെല്ലാം കാണും.

ഗരുഡാകരി കള്ളുഷാപ്പ്

വിഭവങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ഗരുഡാകരിയിൽ. അതുകൊണ്ടുതന്നെ  രുചിയറിയാൻ എത്തുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. നല്ല രുചി വിളമ്പിയാൽ എത്ര ദൂരെ നിന്നായാലും ആ സ്വാദറിയാൻ രുചിപ്രേമികൾ എത്തുമെന്നതിന്റെ തെളിവാണ് ഗരുഡാകരിയിലെ ഈ കള്ളുഷാപ്പ്. നാടൻ രുചിക്കൂട്ടിൽ ഇവിടെ വെന്തുവരുന്ന ഓരോ വിഭവത്തിനും ഒരായിരം അമ്മമാരുടെ കൈപുണ്യമുണ്ടെന്നു തന്നെയാണ് രുചിപ്രേമികൾ സാക്ഷ്യപ്പെടുത്തുന്നത്.

എങ്ങനെ എത്താം : കിടങ്ങറ പാലം (മുട്ടാർ ജംഗ്ഷൻ),ആലപ്പുഴ