നാടൻ വിഭവങ്ങളുടെയും മധുരകള്ളിന്റെയും സ്വർഗം 'പുഞ്ചക്കരി ഷാപ്പ് '

കണ്ണീർ പൂവിന്റെ കവിളിൽ തലോടി...എന്ന പാട്ടിന്റെ ഈണത്തിൽ കിരീടത്തിലെ സേതുമാധവൻ ഹൃദയം തകർന്നു നടന്നകന്നിട്ട് 29 വര്‍ഷങ്ങളായി. ഇന്നും ഒരു മലയാളിയും മറക്കാത്ത ആ പാട്ട് ചിത്രീകരിച്ചിരിക്കുന്ന പുഞ്ചക്കരി പാടത്തിനു വർഷങ്ങൾക്കിപ്പുറത്തും വലിയ മാറ്റങ്ങളൊന്നുമില്ല. വെള്ളായണി കായലിന്റെ തീരം പറ്റി കിടക്കുന്ന ഈ മനോഹരമായ പാടവരമ്പിലൂടെ അല്പം നടന്നാൽ പുഞ്ചക്കരി ഷാപ്പിലെത്തും. നല്ല നാടൻ വിഭവങ്ങളുടെ സ്വർഗമാണ് പുഞ്ചക്കരി കള്ളുഷാപ്പ്. തിരുവനന്തപുരമെന്ന തലസ്ഥാനനഗരിയുടെ ഹൃദയമാണ്  വെള്ളായണി കായലും പുഞ്ചക്കരിയുമൊക്കെ എങ്കിലും ആ നഗരതിരക്കുകളൊന്നും ഈ ഗ്രാമവിശുദ്ധിക്ക് ഒട്ടുമേ കളങ്കം ചാർത്തിയിട്ടില്ല.

വിഴിഞ്ഞത്തു നിന്നുമെത്തുന്ന കടൽമൽസ്യങ്ങളും  വെള്ളായണി കായലിലെ മൽസ്യങ്ങളും ചേർന്ന് മൽസ്യവിഭവങ്ങളുടെ രുചിമേളം തീർക്കുന്ന ഷാപ്പാണ് പുഞ്ചക്കരി. മീൻകറി വിളമ്പിയാണ് പുഞ്ചക്കരിയിലെ ഈ ഭക്ഷണശാല രുചിപ്രേമികളുടെ ഇഷ്ടതാവളമായി മാറിയത്. തലക്കറി മുതൽ നെത്തോലി ഫ്രൈ വരെ വൈവിധ്യമാർന്ന നിരവധി വിഭവങ്ങൾ... മുളകിട്ട മീൻകറിയും തേങ്ങ അരച്ചുവെച്ച മീൻകറിയുമൊക്ക സ്വാദിന്റെ പെരുമ്പറ മുഴക്കി രുചിയാസ്വാദകരെ കാത്ത് ഇവിടെ തയ്യാറാണ്. 

ഊണിനും അപ്പത്തിനും പുട്ടിനും കപ്പയ്ക്കുമൊപ്പം മീൻക്കറിയും തലക്കറിയും ഞണ്ടും കണവയും വരാലും  സിലോപ്പിയും നവരയും അയലയും മാലാവും പാരയും പരവയും ആവോലിയും തുടങ്ങി നിരവധി  മീനുകൾ. വറുത്തും കറിയായും  ചുട്ടുമൊക്കെ ഇവിടെയെത്തുന്ന രുചിപ്രേമികൾക്കായി അവ ഒരുങ്ങിയിരിക്കുന്നു. കൂടാതെ..താറാവും കോഴിയും പന്നിയും പോത്തുമെല്ലാം ആവശ്യക്കാർക്ക് യഥേഷ്ടം ലഭ്യമാണ്. പുഞ്ചക്കരിയിലെ ഏറ്റവും സ്പെഷ്യൽ വിഭവം തലക്കറിയാണ്. വേളാവിന്റേയും നെയ്‌മീനിന്റെയും തലകളാണ് ഇവിടെ പ്രധാനമായും തലക്കറിയ്ക്ക് ഉപയോഗിക്കുന്നത്. തലക്കറിയിൽ  തലയ്ക്കു കൂട്ടിനു മുരിങ്ങക്കായും തക്കാളിയുമുണ്ട്. കൂട്ടത്തിൽ രുചിയേറെയുള്ളത് നെയ്‌മീനിന്റെ തലക്കറിക്കാണെന്നാണ് ഇവിടെയെത്തുന്ന രുചിയാസ്വാദകരുടെ അഭിപ്രായം. എന്തൊക്കെയായാലും എരിവേറെയുള്ള ഈ വിഭവത്തിനാണ് ഇവിടെ ഏറ്റവുമധികം ആരാധകരുള്ളത്. 

വരാല്‍ പൊരിച്ചതും കൊഞ്ച് ചുട്ടതുമൊക്കെ പുഞ്ചക്കരി ഷാപ്പിലെ പ്രധാനികളാണ്. വെള്ളായണി കായലിൽ നിന്ന് നേരിട്ട് പിടിക്കുന്ന മൽസ്യങ്ങളായതു കൊണ്ട് തന്നെ ഇവിടുത്തെ എല്ലാ മൽസ്യവിഭവങ്ങൾക്കും രുചിയേറെയാണ്. നാടൻ കറികൂട്ടുകളുടെ ഉപയോഗവും രുചി വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ചുട്ടെടുക്കുന്ന കൊഞ്ചിന്റെ സ്വാദ് പറഞ്ഞറിയിക്കുക തന്നെ പ്രയാസകരമാണ്. 

നാടൻ രുചി വിളമ്പുന്ന നിരവധി വിഭവങ്ങളുണ്ട് പുഞ്ചക്കരി ഷാപ്പിൽ.  എത്രകഴിച്ചാലും മതിവരാത്ത ഈ  വിഭവങ്ങളുടെ രുചി ഒരുകാലത്തു ഇവിടെ വന്നവരാരും മറക്കാനിടയില്ല. പ്രകൃതി സുന്ദരമായ പശ്ചാത്തലവും സ്വാദിന്റെ വൈവിധ്യവും രുചിപ്രേമികൾക്കിടയിൽ പുഞ്ചക്കരി ഷാപ്പിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ആ രുചിപുരയിൽ നിന്നുമിറങ്ങുമ്പോൾ വീണ്ടും  സേതുമാധവനെ ഓർത്തു..

വിട ചൊല്ലവേ..മനസിനുള്ളിൽ ജലരേഖകൾ വീണലിഞ്ഞു എന്ന വരികളും.