നീലക്കാളയോടൊപ്പം ഇനി ശലഭങ്ങളെയും കാണാം

തിരുവനന്തപുരം∙ മൃഗശാലയിൽ ചിത്രശലഭങ്ങൾക്കായി പുത്തൻ ഇടം ഒരുങ്ങുന്നു. ജില്ലയിൽ തന്നെയുള്ള വ്യത്യസ്തയിനം ചിത്രശലഭങ്ങളെ ഉൾപ്പെടുത്തിയുള്ള പാർക്കിന്റെ നിർമാണം ഉടൻ ആരംഭിക്കും. അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാകും. മൃഗശാലയിൽ നീലക്കാളയുടെ കൂടിന് അടുത്തായാണു ശലഭ പാർക്ക് ഒരുങ്ങുന്നത്. ശലഭങ്ങളെ കാണാനും കാഴ്ചക്കാർക്കു സഞ്ചരിക്കാനുമായി ഓവർബ്രിജ് നിർമിക്കും.  ചിത്രശലഭങ്ങൾ മുട്ടയിടുകയും തേൻകുടിക്കുകയും ചെയ്യുന്ന ചെടികൾ പാർക്കിൽ നട്ടുപിടിപ്പിക്കും. അഞ്ചുമാസത്തിനുള്ളിൽ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കാൻ സാധിക്കുന്ന തരത്തിൽ നിർമാണം നടത്താനാണു മൃഗശാലാ അധികൃതരുടെ ശ്രമം.

 ബീഫില്ല, പകരം ചിക്കൻ 

കുളമ്പരോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ മൃഗശാലയിലെ മാംസഭോജികൾക്കു ബീഫ് കൊടുക്കുന്നതു നിർത്തി. ഒരു മാസം മുൻപു മൃഗസംരക്ഷണ വകുപ്പ് കുളമ്പുരോഗം പടരാൻ സാധ്യതയുള്ളതായി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി. ഇപ്പോൾ കെപ്കോയിൽനിന്നുള്ള ചിക്കനാണു നൽകുന്നത്. ദിവസവും മൃഗശാലയിലേക്ക് എൺപതു കിലോയിലധികം ചിക്കനാണ് ഇങ്ങനെ കെപ്കോ നൽകുന്നത്. ചിക്കൻ വിരോധിയായ കഴുകനാണു ബീഫ് നിർത്തിയതോടെ ലോട്ടറി അടിച്ചത്. കഴുകനു മാത്രം മട്ടൺ ആണു നൽകുന്നത്. കടുവ, പുലി, സിംഹം, കുറുക്കൻ, കഴുതപ്പുലി, ചീങ്കണ്ണി, പരുന്ത് തുടങ്ങിയവയാണ് മൃഗശാലയിലെ മാംസാഹാരികൾ. നേരത്തേതന്നെ ചിക്കൻ നൽകിവന്ന അനാക്കോണ്ട പാമ്പുകളുടെ ആഹാരരീതിയിൽ മാറ്റം വരുത്തിയിട്ടില്ല. 

ഈ മാസം അവസാനം പുത്തൻ മൃഗങ്ങൾ എത്തും 

ദക്ഷിണാഫ്രിക്കയിൽനിന്നു പുതിയ മൃഗങ്ങളെ കൊണ്ടുവരാനുള്ള ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ അനുമതി ലഭിച്ചതായി സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു. ഈ അനുമതി ലഭിക്കാത്തതിനാലാണു മൃഗങ്ങളെ എത്തിക്കാൻ വൈകിയത്. ഇനി സംസ്ഥാന ധനകാര്യവകുപ്പിന്റെ അനുമതികൂടി നേടി ഈ മാസം അവസാനത്തോടെ മൃഗങ്ങളെ എത്തിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ. വെള്ളസിംഹം, ജിറാഫ്, സീബ്ര തുടങ്ങിയവയെയാണു ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിക്കുന്നത്. ഇവയ്ക്കു പുറമെ ഇന്ത്യൻ സിംഹങ്ങൾ, ഹനുമാൻകുരങ്ങ്, പുതിയ പക്ഷികൾ എന്നിവയെയും കൊണ്ടുവരുന്നുണ്ട്. നിർമാണം അവസാനഘട്ടത്തിലായ നവീകരിച്ച അക്വേറിയത്തിന്റെയും  കാട്ടുപോത്തിന്റെ കൂടിന്റെയും ഉദ്ഘാടനം ഉടൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.