പത്മനാഭസ്വാമി ‌ക്ഷേത്രത്തിലെ നിധി പൊതുജനത്തിന് കാണാൻ അവസരമൊരുങ്ങുമോ?

അദ്ഭുതങ്ങളുടെ കലവറയാണ് അനന്തപുരിയിലെ പത്മനാഭസ്വാമി ക്ഷേത്രം. വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രവും ടൂറിസ്റ്റുകൾ ധാരാളമായെത്തുന്ന ആരാധനാലയവുമാണ്. ലോകപ്രസിദ്ധമായ പത്മനാഭസ്വാമി ‌ക്ഷേത്രത്തിലെ അമൂല്യ നിധി കലവറ പൊതുജനത്തിന് പ്രദർശനത്തിനൊരുങ്ങുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം.

ബി.കെ മോദി

ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനം സാധ്യമാക്കുന്നതിന് സിങ്കപ്പൂര്‍ ആസ്ഥാനമായ ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം (ജെ.സി.എഫ്) മേധാവി ബി.കെ മോദി പിന്തുണയറിയിച്ചു. ഇതോടെ നിധി കാണുന്നതിനുള്ള ആകാംക്ഷ ജനങ്ങളിൽ വർധിച്ചിരിക്കുകയാണ്. ക്ഷേത്രത്തിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ടി നടത്തുന്ന ആഗോള ക്യാംപെയ്ന്‍ പ്രഖ്യാപിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബി.കെ മോദി.

ക്ഷേത്രത്തിനകത്തു തന്നെ അമൂല്യ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ക്ഷേത്രത്തിനു പുറത്തായി പത്മനാഭസ്വാമിയുടെ മഹത്തായ ആശയങ്ങളുടെ പ്രചരണാര്‍ത്ഥം ഒരു അദ്വൈത സെന്റര്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീ പത്മനാഭസ്വാമിയുടേത് മാത്രമാണ് ക്ഷേത്ര സമ്പത്തെന്നും അവ സ്വാമിയുടെ സേവനങ്ങള്‍ക്കായി ഉപകരിക്കുന്നതിന് ക്ഷേത്രത്തിനകത്തു തന്നെ പ്രദര്‍ശിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിരുവാഭരണധാരിയായ പത്മനാഭസ്വാമിയെ കാണാനെത്തുന്ന ഭക്തരില്‍ നിന്നും പ്രതിവര്‍ഷം ഒരു ബില്യണ്‍ യുഎസ് ഡോളറിലധികം വരുമാനം ലഭിക്കും. ഈ തുക ക്ഷേത്ര പുനരുധാരണത്തിനും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപയോഗിക്കാം. ഭാരതസംസ്‌കാരത്തിന്റെ ഭാഗമായ വസുദൈവ കുടുംബകം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് സ്വാമിയുടെ ശിഷ്യര്‍ തന്നെ നേതൃത്വം നല്‍കുന്ന അദ്വൈത സെന്ററില്‍ സൗകര്യമൊരുക്കും. ജാതി, മത, ദേശ, ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും അദ്വൈത മൂല്യങ്ങള്‍ പഠിക്കുന്നതിനാവശ്യമായ ആഗോള സെന്ററായിരിക്കും അദ്വൈത സെന്റര്‍.

ഈ പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായവും ആവശ്യമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉന്നമനം ആഗ്രഹിക്കുന്ന ആഗോള ഹിന്ദു സമൂഹത്തിന്റെ വക്താക്കളാണ് ജെ.സി.എഫ് എന്നും ഹിന്ദുത്വത്തിന്റെയും സനാതന ധര്‍മത്തിന്റെയും ആഗോള കേന്ദ്രമാക്കി ക്ഷേത്രത്തിനെ മാറ്റുകയാണ് ലക്ഷ്യമെന്നും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും സുപ്രീം കോടതിയുടെയും അനുമതിയോടെ ഇതിനുള്ള തുടര്‍ശ്രമങ്ങളുണ്ടാകുമെന്നും  അദ്ദേഹം പറഞ്ഞു.

അമൂല്യ നിധിയുടെ അദ്ഭുത കലവറ

അനന്തശായിയായി  മഹാവിഷ്ണുവാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. തമിഴ്നാട്ടിലുള്ള പല ക്ഷേത്രങ്ങളോടും കിടപിടിയ്ക്കുന്ന ശിൽപചാരുതയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖ്യാകർഷണം. തമിഴ് ശൈലിയിൽ നിർമ്മിച്ച ഏഴുനിലകളോടുകൂടിയ കിഴക്കേഗോപുരം ക്ഷേത്രത്തിന്റെ മാത്രമല്ല തിരുവനന്തപുരം നഗരത്തിന്റെതന്നെ ഒരു മുഖമുദ്രയാണ്.

ക്ഷേത്രഗോപുരത്തിൽ കരിങ്കല്ലിൽ തീർത്ത ശില്പങ്ങളും ക്ഷേത്രത്തിന്റെ മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ ഇവിടുത്തെ ശീവേലിപ്പുരയും ഒറ്റക്കൽമണ്ഡപവുമാണ്. ശീവേലിപ്പുരയിൽ 365 കരിങ്കൽത്തൂണുകളുണ്ട്. ഓരോ തൂണും ഒറ്റക്കൽകൊണ്ടുണ്ടാക്കിയതാണ്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയതെന്നത് വിസ്മയിപ്പിക്കുന്ന ചരിത്രമാണ്.

ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളായ പിരമിഡുകളിലും മാന്ത്രിക കഥകളിലുമൊക്കെ കുന്നുകൂടിക്കിടക്കുന്ന സ്വര്‍ണ നാണയങ്ങളുടേയും രത്‌നശേഖരത്തിന്റെയും കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. കേട്ട പഴംങ്കഥകളുടെ യാഥാർത്ഥ്യമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം.

ക്ഷേത്രത്തിനുള്ളിലെ ആറ് നിലവറകളിലായി ആയിരക്കണക്കിന് കോടി വിലവരുന്ന അമൂല്യനിധിശേഖരമുണ്ട്. രാജാക്കന്മാരുടെ കാലത്ത് കാണിക്കയായും മറ്റും സമര്‍പ്പിക്കപ്പെട്ട സ്വര്‍ണവും രത്‌നവുമൊക്കെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

2011ൽ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഒന്നൊഴികെയുള്ള അറ തുറക്കുകയുണ്ടായി. 750 കിലോ സ്വര്‍ണനാണയങ്ങള്‍, ആയിരക്കണക്കിന് സ്വര്‍ണമാലകള്‍, ആയിരക്കണക്കിന് അമൂല്യ രത്‌നങ്ങള്‍, രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം, രത്‌നം പൊതിഞ്ഞ ചതുര്‍ബാഹു അങ്കി, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വര്‍ണ കലശക്കുടങ്ങള്‍, സ്വര്‍ണ മണികള്‍, ഇവ കൂടാതെ 42,000 വിശുദ്ധ വസ്തുക്കള്‍  കോടികൾ വിലമതിക്കുന്ന സ്വർണ്ണവും രത്‍‍നങ്ങളും അടങ്ങുന്ന നിധിശേഖരമാണ് കണ്ടെത്തിയത്. ഏറ്റവും പ്രധാനപ്പെട്ട അറയാണ് ബി നിലവറ. മറ്റ് അറകളില്‍ ഉള്ളതിനേക്കാള്‍ അമൂല്യമായ നിധിയാണ് ബി നിലവറയിൽ ഒളിഞ്ഞിരിക്കുന്നു എന്നാണ് സൂചന. ബി നിലവറയുടെ അമൂല്യനിധിക്ക് കാവൽക്കാരായി  നാഗങ്ങളുടെ ചൈതന്യമുണ്ടെന്നും ഈ നിലവറ തുറക്കാൻ പാടില്ലയെന്നുമാണ് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നത്.

ബി നിലവറ തുറക്കാൻ പാടില്ലെന്നാണ് വിശ്വാസമെങ്കിലും അതിനു മുന്നിൽ അതിലേയ്ക്ക് നയിക്കുന്ന ഒരറയുണ്ട്. ഈ അറയിൽ വെള്ളിക്കട്ടികൾ, വെള്ളികുടങ്ങൾ ഉൾപ്പെടെ പല അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. 1931 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കൽപ്പന അനുസരിച്ച് ഇൗ അറ തുറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.