കൊച്ചി ∙ വില്ലിങ്ഡൻ ഐലൻഡിലെ കൊച്ചിൻ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ വീണ്ടും പച്ച വെളിച്ചം തെളിയുമ്പോൾ കാലം ചരമക്കുറിപ്പ് എഴുതിയ ഒരു റെയിൽവേ സ്റ്റേഷന്റെ ഉയിർത്തെഴുനേൽപ്പിനു കൂടിയാണു കൊച്ചി നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 1943 ൽ ആണു ഹാർബർ ടെർമിനസ് പ്രവർത്തനം ആരംഭിച്ചത്. സ്റ്റേഷന്റെ പ്രതാപകാലത്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നു 17 ട്രെയിനുകളുണ്ടായിരുന്നു.
മദ്രാസ് മെയിൽ, ഐലൻഡ് എക്സ്പ്രസ്, ടീ ഗാർഡൻ... ഇന്നത്തെ പേരു കേട്ട ട്രെയിനുകളെല്ലാം തുടങ്ങിയത് ഇവിടെനിന്നാണ്. മേട്ടുപ്പാളയത്തുനിന്നു കൊച്ചി തുറമുഖത്തേക്കു തേയില കൊണ്ടുവന്നിരുന്ന ടീ ഗാർഡൻ എക്സ്പ്രസാണ് ഇന്നു കാണുന്ന എറണാകുളം- കാരൈക്കാൽ എക്സ്പ്രസ്. കന്യാകുമാരി– ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്റെ പേരിലെ ഐലൻഡ്, വില്ലിങ്ഡൻ ഐലൻഡാണെന്ന് എത്രപേർ ഓർക്കുന്നുണ്ടാകും.
ട്രെയിനുകളിൽ പ്രധാനികളായ ജയന്തി ജനത, നേത്രാവതി, മംഗള, രപ്തി സാഗർ, പരശുറാം എന്നിവയെല്ലാം ഈ സ്റ്റേഷന്റെ പാളങ്ങളിൽ പിച്ച വച്ചവയാണ്. ഗായകൻ യേശുദാസ് ആദ്യ അവസരത്തിനു മദ്രാസിലേക്കു യാത്ര ചെയ്ത കൊച്ചിൻ എക്സ്പ്രസാണ് ഇപ്പോഴുള്ള ചെന്നൈ– ആലപ്പി എക്സ്പ്രസ്. കോട്ടയം, ആലപ്പുഴ പാതകളുടെ വരവോടെ എറണാകുളം ജംക്‌ഷനു പ്രാധാന്യം വന്നതോടെയാണു ടെർമിനസ് ക്ഷയിച്ചു തുടങ്ങിയത്. പാത വൈദ്യുതീകരണത്തിനു നാവിക സേനയുടെ അനുമതി ലഭിക്കാതെ വന്നതോടെ സ്റ്റേഷൻ പതിയെ ചരിത്രമായി.
മരണക്കിടക്കയിലുള്ള ഒരാൾക്ക് ഓക്സിജൻ എന്നപോലെ ആദ്യ സർവീസായ ഷൊർണൂർ– കൊച്ചിൻ പാസഞ്ചർ വീണ്ടും ഏറെക്കാലം ഇവിടെ വന്നുപോയി. എന്നാൽ 2004 ൽ വെണ്ടുരുത്തി പാലത്തിൽ ബാർജ് ഇടിച്ചതോടെ അതു നിലച്ചു. കോടികൾ മുടക്കി പാലം പുതുക്കി നിർമിച്ചെങ്കിലും കൽക്കരിയും അരിയുമായി വല്ലപ്പോഴും ചരക്കു വണ്ടികൾ മാത്രമാണ് ഈ പാതയിലൂടെ പോയത്. ഏറെ മുറവിളികൾക്കു ശേഷമാണു 2015 ജൂൺ 21നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു ടെർമിനസ് നവീകരിക്കുമെന്നു പ്രഖ്യാപിച്ചത്.
എസി ഡെമു സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റെയിൽവേയുടെ മെല്ലെപ്പോക്കു കാരണം 2017 ഏപ്രിലിലാണ് ഏഴരക്കോടി രൂപ ചെലവിൽ നവീകരണം തീർന്നത്. വീണ്ടും ഒരു വർഷം കൂടി വേണ്ടിവന്നു സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാൻ നടപടിയുണ്ടാകാൻ.
വെണ്ടുരുത്തിപ്പാലം
1938 ൽ നിർമിച്ച പാലത്തിൽ 2004ലും 2007ലും കമൽ 28 എന്ന മണ്ണുമാന്തി കപ്പലാണ് ഇടിച്ചത്. ആദ്യ ഇടിക്കുശേഷം പാലത്തിലുടെ വേഗം കുറച്ചു ചരക്കു തീവണ്ടികൾ ഓടിയെങ്കിലും 2007 ഫെബ്രുവരി 24നു കമൽ വീണ്ടും പണിപറ്റിച്ചതോടെ റെയിൽ ഗതാഗതം പൂർണമായി നിർത്തി. 2015ൽ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ പഴയ പാലം അനാഥമായി. ഇതു റെയിൽവേ പൊളിച്ചു വിറ്റു. പാലത്തിനു തൊട്ടു മുൻപു തേവരയിൽ പെരുമാനൂർ ഹാൾട്ട് സ്റ്റേഷനും പണ്ടുണ്ടായിരുന്നു. സ്റ്റേഷൻ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്.
ടൂറിസ്റ്റ് ട്രെയിൻ
ഹാർബർ ടെർമിനസിനു തൊട്ടടുത്താണു കപ്പലിൽ വിദേശ വിനോദസഞ്ചാരികളെത്തുന്ന രാജ്യാന്തര ക്രൂസ് ടെർമിനൽ. ഡെമു ട്രെയിൻ ടെർമിനസിൽ നിന്നാരംഭിച്ചു വെണ്ടുരുത്തി പാലത്തിലൂടെ സൗത്ത് വഴി ഇടപ്പള്ളിയിലെത്തി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള വേമ്പനാട് പാലത്തിലൂടെ ഓടിച്ചാൽ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. 100 രൂപ ടിക്കറ്റ് വച്ചാൽ പോലും സർവീസ് ലാഭകരമാകും. വെണ്ടുരുത്തി പാലത്തിലൂടെയും ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമായ വേമ്പനാട് പാലത്തിലൂടെയുമുള്ള (4.6 കിലോമീറ്റർ) യാത്ര വിനോദസഞ്ചാരികൾക്കു മികച്ച അനുഭവമാകും.
മുന്നിലും പിറകിലും ഡ്രൈവർ കാബിനുള്ളതിനാൽ ഡെമു വ്യത്യസ്ത ദിശകളിലോടിക്കാൻ മറ്റു തടസ്സങ്ങളില്ല. കണ്ടെയ്നർ ടെർമിനലിനുള്ളിലേക്കു ഡെമു പ്രവേശിക്കാതെ വല്ലാർപാടം ഗെയ്റ്റിൽനിന്നു തന്നെ തിരികെ ഓടിക്കാൻ കഴിയും. 450 കോടി രൂപ ചെലവിൽ നിർമിച്ച വേമ്പനാട് റെയിൽപാലം ചരക്കു നീക്കം കുറവായതിനാൽ വലിയ നഷ്ടമാണു വരുത്തിയത്. രാവിലെയും വൈകിട്ടും ടൂറിസ്്റ്റ് ട്രെയിൻ ഓടിക്കുന്നതിലുടെ സ്ഥിരം വരുമാനത്തിനു വഴി തുറക്കും. കായൽ കാഴ്ചകളും കാറ്റുമേറ്റുള്ള യാത്ര വിനോദസഞ്ചാരികൾക്കു വിരുന്നൊരുക്കും.
വേണ്ടതു വിസ്റ്റാഡോം കോച്ചുകൾ
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടു കൊങ്കണിലും വിശാഖപട്ടണത്തിനടുത്തു അറക്കുവാലിയിലും ഗ്ലാസ് റൂഫോടുകൂടിയ വിസ്റ്റാഡോം കോച്ചുകൾ റെയിൽവേ ഉപയോഗിക്കുന്നുണ്ട്. വീതിയേറിയ ചില്ലു ജാലകങ്ങളും ഏതു ദിശയിലേക്കു തിരിക്കാവുന്ന സീറ്റുകളുമുള്ള എസി കോച്ചുകളാണു ഇവ. 40 സീറ്റുകളുളള കോച്ച് 360 ഡിഗ്രി കാഴ്ചകളാണു യാത്രക്കാർക്കു സമ്മാനിക്കുക. ഇത്തരമൊരു കോച്ച് ലഭ്യമാക്കാൻ കഴിഞ്ഞാൽ കൊച്ചിൻ ഹാർബർ ടെർമിനസ്– വല്ലാർപാടം റൂട്ടിൽ ടൂറിസ്റ്റ് ട്രെയിനായി ഓടിക്കാൻ കഴിയും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ടൂറിസം വകുപ്പു കൈകാര്യം ചെയ്യുന്നതിനാൽ കോച്ച് ലഭ്യമാക്കാൻ ടൂറിസം വകുപ്പിന്റെ സഹായവും ലഭിക്കും.
ഡെമു വില്ലനാകുമോ?
ഡീസൽ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു) ഉപയോഗിച്ചു വൈകാതെ സർവീസ് ആരംഭിക്കുമെന്നതു യാത്രക്കാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആർക്കു വേണ്ടിയാണെന്ന ചോദ്യം ബാക്കി നിൽക്കുന്നു, ടെർമിനസിൽനിന്നു എറണാകുളം സൗത്ത് വരെ ആറു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ യാത്രക്കാരെ കിട്ടാൻ പ്രയാസമാകുമെന്നു റെയിൽവേക്ക് അറിയാഞ്ഞിട്ടല്ല. ടെർമിനസ് നവീകരിച്ചു സൗത്തിലെ തിരക്കു കുറയ്ക്കാമെന്ന നിർദേശം റെയിൽവേ തന്നെയാണു മുന്നോട്ടു വച്ചത്. രാവിലെ സൗത്തിൽ നിർത്തുന്ന രണ്ടു പാസഞ്ചർ ട്രെയിനുകളെങ്കിലും ടെർമിനസിലേക്കു നീട്ടാൻ കഴിയും.
മൂന്നു കാർ മെമു ഉപയോഗിച്ചു തൃശൂർ വരെ രാവിലെയും വൈകിട്ടും രണ്ടു സർവീസ് വേണമെന്നും ആവശ്യമുയരുന്നുണ്ട്. ആറു കിലോമീറ്ററിൽ ട്രെയിനോടിച്ച ശേഷം ആളില്ലെന്നു പറഞ്ഞു നിർത്താനുള്ള നീക്കം റെയിൽവേക്കുണ്ടെന്നു സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല. ഹാർബർ ടെർമിനസിൽ എത്തുന്ന യാത്രക്കാർക്കു വില്ലിങ്ഡൺ ഐലൻഡിൽ മട്ടാഞ്ചേരി വാർഫ് പരിസരത്തെ ജട്ടിയിൽനിന്നു മട്ടാഞ്ചേരിയിലേക്കും ഫോർട്ട്കൊച്ചിയിലെ കമാലക്കടവും ജട്ടിയിലേക്കും ഷട്ടിൽ ബോട്ട് സർവീസ് ഏർപ്പെടുത്തുന്നതു ട്രെയിൻ യാത്രക്കാർക്ക് ഏറെ സഹായകമാകും.
ടെർമിനസിൽനിന്നു വേളാങ്കണി, രാമേശ്വരം ട്രെയിനുകൾ ഓടിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. തോപ്പുംപടി ഭാഗത്തുള്ളവർക്കും വാത്തുരുത്തിയിൽനിന്നുള്ളവർക്കും മട്ടാഞ്ചേരി ഹാൾട്ടിൽനിന്നു യാത്ര തുടങ്ങാം. ആറു കിലോമീറ്റർ ട്രെയിൻ ഓടിയാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ സർവീസായിരിക്കുമത്. മഹരാഷ്ട്രയിൽ നാഗ്പൂരിനും അജിനിയിക്കുമിടയിലെ മൂന്നു കിലോമീറ്റർ പാതയിലാണ് ഏറ്റവും ദൂരം കുറഞ്ഞ സർവീസ് നിലവിലുള്ളത്.